Tuesday, March 19, 2013

ഇന്‍സ്റ്റലേഷനുകള്‍ കടല്‍ കടക്കുന്നു; ബിനാലെയുടെ ഖ്യാതിയും


കൊച്ചി-മുസിരിസ് ബിനാലേക്കുവേണ്ടി ഒരുക്കിയ ഇന്‍സ്റ്റലേഷനുകള്‍ പലതും ലോകത്തെ വിസ്മയിപ്പിക്കാന്‍ വിവിധ പ്രദര്‍ശന വേദികളിലേക്ക് യാത്രതുടങ്ങി. ഇവയെല്ലാം കൊച്ചി ബിനാലേക്കുവേണ്ടി സൃഷ്ടിച്ച രചനകളായതിനാല്‍ ഇവ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ലോകോത്തര വേദികളിലെല്ലാം കൊച്ചിയുടെ ഖ്യാതി നിറയും.

ഒറീസയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി അടിസ്ഥാനമാക്കി ഇന്ത്യന്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ അമര്‍ കന്‍വര്‍ തയ്യാറാക്കിയ "സോവറിന്‍ ഫോറസ്റ്റ്", സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് ഏണസ്റ്റോ നെറ്റോ തയ്യാറാക്കിയ "ലൈഫ് ഈസ് എ റിവര്‍", ആന്‍ജലിക്ക മെസിറ്റിയുടെ ഏറെ ശ്രദ്ധനേടിയ വീഡിയോ ഇന്‍സ്റ്റലേഷന്‍  "സിറ്റിസണ്‍ ബാന്‍ഡ്", അഹമ്മദ് മാത്തര്‍ പ്രദര്‍ശിപ്പിച്ച ഹജ്ജ്കര്‍മത്തെ അടിസ്ഥാനമാക്കിയുള്ള  "ഡെസേര്‍ട്ട് ഓഫ് ഫെറാന്‍/ആദം" എന്നിവ ഇനി 11-ാമത് ഷാര്‍ജ ബിനാലെയിലെ കാഴ്ചകളാകും. സുബോധ് ഗുപ്തയുടെ പേരിടാത്ത ഇന്‍സ്റ്റലേഷന്‍ പൂര്‍ണമായും അഴിച്ചുമാറ്റി ലണ്ടനിലെ പ്രദര്‍ശനത്തിനായി കഴിഞ്ഞദിവസം കപ്പലില്‍ യാത്രയായി. വലിയ കെട്ടുവള്ളത്തില്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ ലണ്ടനില്‍ തയ്യാറാക്കാന്‍ കൊച്ചിയില്‍നിന്നുള്ള വള്ളം പണിക്കാരെയും കൊണ്ടുപോകുന്നുണ്ട്.

വിവാന്‍ സുന്ദരം മുസിരിസ് പൈതൃകപദ്ധതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ബ്ലാക്ക് ഗോള്‍ഡ്  ന്യൂഡല്‍ഹിയിലെ ഒരു ഗ്യാലറിയില്‍ പ്രദര്‍ശനത്തിനായി കൊണ്ടുപോകും. പട്ടണം ഉല്‍ഖനനത്തിലെ കളിമണ്‍ ശേഷിപ്പുകള്‍ ഉപയോഗിച്ചാണ് വിവാന്‍ സുന്ദരം ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ടി വെങ്കണ്ണയുടെ "പഞ്ചമഹാഭൂത"മുംബൈയിലെ ഗ്യാലറി മസ്കാരയിലാണ് ഇനി കാണാനാകുക. ഇബ്രാഹിം ഖുറേഷിയുടെ ഇസ്ലാമിക് വയലിന്‍സ് ദുബായിലെ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

ലോകത്തെ പല ഭാഗത്തുമുള്ള ഗ്യാലറികളുടെയും ബിനാലെകളുടെയും മറ്റ് കലാപ്രദര്‍ശനങ്ങളുടെയും ക്യൂറേറ്റര്‍മാരും മറ്റും കൊച്ചി ബിനാലെയിലെത്തി പുതിയ കലാകാരന്മാരെയും പുതിയ കലാസൃഷ്ടികളും കണ്ടെത്തിയിട്ടുണ്ടെന്നും അവ പലതും സമീപനാളുകളില്‍ മറ്റ് ബിനാലെകളിലേക്കും പ്രദര്‍ശനങ്ങളിലേക്കും ക്ഷണിക്കപ്പെടുമെന്നും ബിനാലെ ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു. മലയാളി കലാകാരന്മാരായ വല്‍സന്‍ കൂര്‍മ കൊല്ലേരി, ജ്യോതിബസു, കെ പ്രഭാകരന്‍, പി എസ് ജലജ, ഉപേന്ദ്രനാഥ്, വിവേക് വിലാസിനി തുടങ്ങിയവര്‍ അവരുടെ ഓരോ സൃഷ്ടികള്‍ ബിനാലെ ഫൗണ്ടേഷന് സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്ന് കോ-ക്യൂറേറ്റര്‍ റിയാസ് കോമു പറഞ്ഞു. ഇത്തരത്തില്‍ ലഭിക്കുന്ന കലാസൃഷ്ടികളുടെ ശേഖരം ഭാവിയില്‍ മ്യൂസിയമാക്കി മാറ്റാനാണ് പദ്ധതി.

deshabhimani 190313

No comments:

Post a Comment