Wednesday, January 22, 2014

പൂച്ചയ്ക്കാര് മണികെട്ടും?

പാലക്കാട്: പരിഷ്കരണം, നടത്തിപ്പിലെ സുതാര്യത...എല്ലാ കലോത്സവകാലത്തും ഉയര്‍ന്നുകേള്‍ക്കാറുള്ള ചര്‍ച്ച. ചര്‍ച്ചകളും സംവാദങ്ങളും മുറയ്ക്കുനടക്കും, ഒരുവ്യക്തതയുമില്ലാതെ ഓരോ കലോത്സവങ്ങളും കൊടിയിറങ്ങും. മത്സരങ്ങളുടെയും നടത്തിപ്പിന്റെയും അലകും പിടിയും മാറ്റാനും വിവാദങ്ങള്‍ ഇല്ലാതാക്കാനുമായി പത്തംഗ പരിഷ്കരണ കമ്മിറ്റി ബുധനാഴ്ച ചേരാനിരിക്കെ ഈ വിഷയം വീണ്ടും പ്രസക്തമാകുന്നു.

ഒരുകാലത്ത് കലോത്സവവേദികള്‍ രക്ഷിതാക്കളുടെ യുദ്ധഭൂമിയായിരുന്നു. പ്രതിഭ-തിലക പട്ടത്തിനായി അണിയറയിലരങ്ങേറിയ മത്സരങ്ങളുടെ കഥകള്‍ക്ക് കൈയും കണക്കുമില്ല. ഓരോ കലോത്സവത്തിന്റെയും ചിന്തയും ആരുടെ പേരിനൊപ്പം പ്രതിഭ- തിലക പട്ടം ചേര്‍ക്കും എന്നതിലേക്കൊതുങ്ങി. പിന്നീട് മാന്വല്‍ പരിഷ്കരണങ്ങളുടെ ഭാഗമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ എടുത്തുകളയുകയും പട്ടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തുവെങ്കിലും "മത്സര"ത്തിന് ഒരു കുറവുമില്ല. എഗ്രേഡില്‍ കുറഞ്ഞതൊന്നും ആവശ്യമില്ല.

കലോത്സവവേദികളില്‍ വിവാദങ്ങള്‍ക്ക് മുഖ്യകാരണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതിലെ അപാകമാണ്. വിധിനിര്‍ണയത്തിലെ പാളിച്ചകള്‍ പലപ്പോഴും അപ്പീലുകളുടെ പ്രളയത്തിലേക്ക് ചെന്നെത്തുന്നു. ഇത് മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. ഇതില്‍ ഏറ്റവും പുതിയതാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പരിചമുട്ടുകളിയില്‍ വിധികര്‍ത്താവിനെതിരെ ഉയര്‍ന്ന ആരോപണം. ഹൈസ്കൂള്‍ വിഭാഗം ചാക്യാര്‍കൂത്തിന്റെ വിധിയിലും ആരോപണമുയര്‍ന്നു. വിധികര്‍ത്താക്കളെ രഹസ്യമായി തെരഞ്ഞെടുക്കുന്നുവെന്നാണ് വെപ്പെങ്കിലും എല്ലാം "സുതാര്യ"മാണ്. ഇത് വിവാദങ്ങളിലേക്ക് വഴിവയ്ക്കുന്നു. വിധികര്‍ത്താക്കളാക്കാവുന്നവരുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചാല്‍ ഒരുപരിധി വരെ വിവാദങ്ങളില്‍നിന്ന് രക്ഷനേടാം.പട്ടികയില്‍ ആക്ഷേപവും പരാതികളും ഉള്ളവര്‍ക്ക് അത് നല്‍കാന്‍ അവസരം നല്‍കണം. ഈ പട്ടികയില്‍ നിന്നാകണം വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കേണ്ടത്.

കലോത്സവത്തിന് വ്യക്തമായ മാര്‍ഗനിര്‍ദേശം അത്യാവശ്യമാണ്. സിബിഎസ്സി വിദ്യാര്‍ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയും ഇടക്കാലത്ത് ചര്‍ച്ചയായി. കലോത്സവം അവധിക്കാലത്ത് നടത്തണമെന്ന കാര്യവും വന്‍ചര്‍ച്ചയ്ക്ക് വഴിവച്ചു. കുട്ടികളുടെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്തിയുളള കലോത്സവത്തോട് പലര്‍ക്കും യോജിപ്പില്ല. പ്രത്യേകിച്ച് പരീക്ഷാച്ചൂടേറിയ ജനുവരി മാസത്തില്‍ കലോത്സവം നടത്തുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. എങ്കിലും പ്രതിഭാ- തിലക പട്ടം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. മത്സരത്തിന്റെ ചൂട് നഷ്ടപ്പെട്ടെന്നാണ് അവരുടെ വാദം. അപ്പീലുകള്‍ക്ക് പിറകെ പോകാതെ, ഗ്രേഡിന് പിറകെ പോകാതെ കലയെ സ്നേഹിക്കുന്നവരുടെ ഉത്സവമായി കലോത്സവങ്ങള്‍ മാറണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.

deshabhimani

No comments:

Post a Comment