Tuesday, June 4, 2013

ബിനാലെ: 12.58 കോടി ചെലവായതായി സര്‍ക്കാര്‍

കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പിനായി ഇതുവരെ 12.58 കോടി രൂപ ചെലവായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ബിനാലെ ഫൗണ്ടേഷന് വരുമാനമായി ലഭിച്ചത് 8.19 കോടി രൂപ മാത്രമാണെന്നും അടിയന്തര ആവശ്യങ്ങള്‍ക്കായി 2.30 കോടി രൂപ കൂടി അനുവദിക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിനാലെയിലൂടെ കേരളത്തിന്റെ വിനോദസഞ്ചാരമേഖല ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും ഇത് കണക്കിലെടുത്താണ് ബിനാലെ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും സാംസ്കാരിവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ജി ഉണ്ണികൃഷ്ണന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ബിനാലെ കേരളത്തിന്റെ ടൂറിസംമേഖലയ്ക്ക് നല്‍കിയ ഉണര്‍വ് പരിഗണിച്ചാണ് നാലുകോടി രൂപയുടെ അധിക സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ സാമ്പത്തികസഹായം അനുവദിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ലാന്റെന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

ബിനാലെയിലെ കെട്ടുവള്ളത്തിന് ലണ്ടനില്‍ നാലരക്കോടി

കൊച്ചി: മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ കലാകാരന്‍ സുബോധ് ഗുപ്തയുടെ കെട്ടുവള്ളംകൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍ ലണ്ടനിലെ പ്രദര്‍ശനത്തില്‍ എട്ടുലക്ഷം ഡോളര്‍ (ഏകദേശം നാലുകോടി 40 ലക്ഷം രൂപ) വിലയ്ക്ക് വിറ്റഴിഞ്ഞു. ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

 അബുദാബി ഗുഗന്‍ഹെയിം മ്യൂസിയമാണ് കലാസൃഷ്ടി വാങ്ങിയത്. കൊച്ചി ബിനാലെയില്‍ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ കെട്ടിടത്തിലെ പ്രദര്‍ശനത്തിനുശേഷമാണ് കലാസൃഷ്ടി ലണ്ടനിലേക്ക് കയറ്റി അയച്ചത്. "വാട്ട് ഡസ് ദി വെസ്സല്‍ കണ്ടെയിന്‍, ദാറ്റ് ദി റിവര്‍ ഡസ് നോട്ട്" എന്ന് പേരിട്ട കലാസൃഷ്ടി സൂഫിസത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്നതാണ്. ബിനാലെയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ സുബോധ് ഗുപ്ത കോട്ടപ്പുറംവരെയുള്ള കായല്‍യാത്രയിലാണ് കെട്ടുവള്ളംകൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍ എന്ന ആശയം ഉള്‍ക്കൊണ്ടത്. കൊച്ചിക്കായലിലെ പോഞ്ഞിക്കര ദ്വീപിലെ പരമ്പരാഗത ബോട്ട്-വഞ്ചി നിര്‍മാതാക്കളുടെ സഹായത്തോടെയാണ് സുബോധ് ഗുപ്ത കലാശില്‍പ്പം രൂപപ്പെടുത്തിയത്. 21.35 മീറ്റര്‍ നീളവും 3.15 മീറ്റര്‍ വീതിയും 1.1 മീറ്റര്‍ ആഴവുമുള്ള കെട്ടുവള്ളം നിര്‍മിച്ച് അതില്‍ കലാശില്‍പ്പരചന നടത്തുകയായിരുന്നു. പോഞ്ഞിക്കരയിലെ പൊന്നാരിമംഗലത്തെ ജോണ്‍സന്റെ യാര്‍ഡില്‍ നിര്‍മിച്ച കെട്ടുവള്ളം പിന്നീട് ബോട്ട്നിര്‍മാണ പണിക്കാരായ സൈമണ്‍ ഡിസില്‍വയും കൂട്ടരും ചേര്‍ന്ന് ബിനാലെ വേദിയായ ആസ്പിന്‍വാളിലെത്തിച്ചു. പരമ്പരാഗതരീതിയില്‍ കയറുകൊണ്ട് പലകകള്‍ ചേര്‍ത്ത് കെട്ടിയുണ്ടാക്കുന്ന കെട്ടുവള്ളം നിര്‍മാണരീതിയാണ് കലാശില്‍പ്പത്തിന്റെ നിര്‍മാണത്തിലും സ്വീകരിച്ചത്.

deshabhimani

No comments:

Post a Comment