Saturday, March 16, 2013
നാളെ കൊടിയിറക്കം; ബിനാലെ ആസ്വദിച്ചത് 4 ലക്ഷം പേര്‍
ബിനാലെ എന്ന പദത്തെ ജനകീയമാക്കി, ചിത്ര-ശില്‍പ്പ കലാസ്വാദനത്തെ സാധാരണക്കാരിലേക്കെത്തിച്ച കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് ഞായറാഴ്ച കൊടിയിറങ്ങും. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ തൊണ്ണൂറോളം കലാകാരന്മാര്‍ പങ്കെടുത്ത മൂന്നു മാസത്തെ പ്രദര്‍ശനം കാണാന്‍ നാലുലക്ഷത്തിലേറെ സന്ദര്‍ശകരാണ് ബിനാലെവേദികളിലെത്തിയത്. രാജ്യത്തെ ആദ്യ ബിനാലെയ്ക്ക് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ലോകോത്തര കലാസൃഷ്ടികള്‍ കാണാനുള്ള അവസാന അവസരത്തിനായി വേദികളില്‍ സന്ദര്‍ശകത്തിരക്ക് ഏറി.
കഴിഞ്ഞ ഡിസംബര്‍ 12നാണ് ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ പ്രധാന കേന്ദ്രമായി പത്തോളം വേദികളില്‍ ബിനാലെയ്ക്ക് തുടക്കമായത്. പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി ക്യുറേറ്ററും റിയാസ് കോമു ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബിനാലെയുടെ തുടക്കം എതിര്‍പ്പുകളുടെയും പ്രതിഷേധത്തിന്റെയും നടുവിലായിരുന്നു. കലാകാരന്മാരില്‍ ഒരുവിഭാഗവും അക്കാദമികളും എതിര്‍പ്പുമായി രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാരില്‍നിന്ന് പരസ്യമായ എതിര്‍പ്പ് നേരിട്ട ബിനാലെ ഫൗണ്ടേഷനെതിരെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെല്ലാം ഇടയില്‍ ബിനാലെയുടെ ഉള്ളടക്കത്തിന്റെ നിലവാരം ചോരാതെ മികച്ച കലാകാരന്മാരെ പ്രദര്‍ശനത്തില്‍ അണിനിരത്താന്‍ സംഘാടകര്‍ക്കു കഴിഞ്ഞു.
ആദ്യ ആഴ്ചയില്‍തന്നെ പതിനായിരത്തോളം പേര്‍ ബിനാലെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഓരോ ദിവസവും സന്ദര്‍ശകരുടെ എണ്ണം പതിന്മടങ്ങായി. ചവിട്ടുനാടകോത്സവം, ചലച്ചിത്രമേള, ചിത്രരചനാ മത്സരം, റഫി നൈറ്റ്, സിമ്പോസിയങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. സര്‍ക്കാര്‍ സഹായം നിലച്ചതോടെ സംഘാടകര്‍ സാമ്പത്തിക പ്രയാസത്തിലായെങ്കിലും സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയും പ്രവേശന ടിക്കറ്റും ഏര്‍പ്പെടുത്തിയത് അല്‍പ്പം ആശ്വാസമായി. 13ന് സമാപിക്കേണ്ടിയിരുന്ന പ്രദര്‍ശനം ആസ്വാദകരുടെ ആവശ്യപ്രകാരമാണ് ഞായറാഴ്ചവരെ നീട്ടിയത്. രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖരുള്‍പ്പെടെ പലപ്പോഴായി ബിനാലെ സന്ദര്‍ശിച്ചു.
deshabhimani 160313
Subscribe to:
Post Comments (Atom)
No comments:
Post a Comment