Monday, March 18, 2013

പാരമ്പര്യത്തെ അനുസ്മരിച്ച് ബിനാലെയ്ക്ക് കൊടിയിറങ്ങി


കലയുടെ വിസ്മയകാഴ്ചകളൊരുക്കിയ ആദ്യ ഇന്ത്യന്‍ ബിനാലെയ്ക്ക് കൊടിയിറങ്ങി. കഴിഞ്ഞകാലത്തിന്റെ അനാവശ്യഓര്‍മകളെയും ചിന്തകളെയും കുമ്പസാരങ്ങളെയും അഗ്നിക്കിരയാക്കി നല്ലൊരു ഭാവിയിലേക്ക് ആഹ്വാനംചെയ്തുകൊണ്ടാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ഒന്നാം പതിപ്പ് അവസാനിച്ചത്. ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ഹൗസില്‍ ശ്രീനിവാസ പ്രസാദ് തയ്യാറാക്കി പ്രദര്‍ശിപ്പിച്ച "ഇറേസ്" എന്ന ഇന്‍സ്റ്റലേഷന്‍ അഗ്നിക്കിരയാക്കിയപ്പോള്‍ അത് ഫോര്‍ട്ട്കൊച്ചിയുടെ വലിയൊരു പാരമ്പര്യത്തിന്റെ അനുസ്മരണംകൂടിയായി.

ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ഹൗസില്‍ 96 ദിവസമായി ലോക കലയുടെ ആകാശനീലിമയിലേക്ക് ഉയര്‍ന്നുപാറിയ ബിനാലെയുടെ കൊടി ഞായറാഴ്ച വൈകിട്ട് ആറിനാണ് കേന്ദ്ര സഹമന്ത്രി കെ വി തോമസ് താഴ്ത്തിയത്. ഇനി 2014 ഡിസംബറില്‍ ഈ കൊടി ഉയരുംവരെ കലയുടെ രണ്ടാമത്തെ സമകാലികോല്‍സവത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ വ്യാപൃതരാകുകയാണ്. ഫോര്‍ട്ട്കൊച്ചി ഓരോ പുതുവല്‍സരത്തേയും വരവേല്‍ക്കുന്നത് ഇത്തരമൊരു അഗ്നിശുദ്ധിയിലൂടെയാണ്. പാപ്പാഞ്ഞി എന്ന വലിയ രൂപത്തെ ഓരോ പുതുവര്‍ഷരാത്രിയും പതിനായിരക്കണക്കിനാളുകളെ സാക്ഷിയാക്കി അഗ്നിക്കിരയാക്കും. കടന്നുപോകുന്ന വര്‍ഷത്തിന്റെ മോശം കാര്യങ്ങളെയാണ് അഗ്നിക്കിരയാക്കുന്നതെന്നാണ് സങ്കല്‍പ്പം. ബിനാലെയിലും തികച്ചും യാദൃശ്ചികമായി അത് ആവര്‍ത്തിക്കുകയായിരുന്നു

ഞായറാഴ്ച. എംഎല്‍എമാരായ എം എ ബേബി, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, കൊച്ചി മേയര്‍ ടോണി ചമ്മണി, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍, ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ബോണി തോമസ്, ഹോര്‍മിസ് തരകന്‍, ജോസ് ഡൊമിനിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിനാലെയുടെ കൊടിയിറക്കം. തുടര്‍ന്ന് ആസ്പിന്‍വാള്‍ഹൗസില്‍നിന്ന് കാല്‍നടയായി പുറത്തിറങ്ങിയ സംഘാടകരും വിശിഷ്ടാതിഥികളും വളന്റിയര്‍മാരുമെല്ലാം അടങ്ങുന്ന പരേഡ്ഗ്രൗണ്ടിലെത്തി ഇറേസ്  അഗ്നിക്കിരയാക്കി. അവിടെനിന്ന് വാസ്കോ ഡ ഗാമ സ്ക്വയറിലേക്കാണ് പിന്നീട് കാല്‍നടയാത്ര നീങ്ങിയത്. ബിനാലെ വിജയമാക്കാന്‍ സഹായിച്ചവര്‍ക്കെല്ലാം നന്ദിപറഞ്ഞും വരും ബിനാലെയുടെ സന്ദേശമറിയിച്ചുമായിരുന്നു ഈ യാത്ര. തുടര്‍ന്ന് കൊച്ചിയിലെ നാല് ബാന്‍ഡുകളിലെ ഗായകര്‍ അവതരിപ്പിച്ച സംഗീതപരിപാടിയും വാസ്കോ ഡ ഗാമ സ്ക്വയറില്‍ അരങ്ങേറി. ബിനാലെയുടെ സമാപനദിവസമായ ഞായറാഴ്ച മന്ത്രി കെ പി മോഹനന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍, ഹൈക്കോടതി ജഡ്ജ് വി കെ മോഹനന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ബിനാലെ കാണാനെത്തി.

deshabhimani 180313

No comments:

Post a Comment