കോഴിക്കോട്: ബന്ധനങ്ങളിലകപ്പെട്ട പെണ്‍ജീവിതങ്ങളുടെയും നഗരവത്കരണത്തില്‍ ചിതറിപ്പോയ ബന്ധങ്ങളുടെയും നേര്‍ക്കാഴ്ചയായി പി വി ബിന്ദുവിന്റെ ചിത്രപ്രദര്‍ശനം. ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച "ഇന്‍സൈറ്റ്സ്" പ്രദര്‍ശനം വിഷയ വൈവിധ്യംകൊണ്ട് വേറിട്ടതായി.
സമകാലിക സമൂഹത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളാണ് 18 പെയിന്റിങ്ങുകളുടെയും പ്രമേയം. വ്യാപകമാകുന്ന പെണ്‍ഭ്രൂണഹത്യയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളും ഉള്‍പ്പെടുത്തിയുള്ള എണ്ണച്ഛായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇതോടൊപ്പം നഗരവത്കരണത്തിലൂടെ നഷ്ടമാകുന്ന പ്രകൃതിയും ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചയും കാണാം. പ്രതിരോധത്തിന്റെ സ്വര്‍ണപ്പക്ഷി, മകള്‍, ഹിരണ്യഗര്‍ഭ തുടങ്ങിയ പേരുകളിലാണ് പെയിന്റിങ്ങുകള്‍. സ്വര്‍ണം ഉപയോഗിച്ച് എണ്ണച്ഛായത്തില്‍ തീര്‍ത്ത പ്രതിരോധത്തിന്റെ സ്വര്‍ണപ്പക്ഷി ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ നേര്‍ചിത്രമാണ്. സ്വര്‍ണം പൊടിച്ച് എണ്ണച്ഛായത്തില്‍ ചാലിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നതെന്ന് ചിത്രകാരി പറഞ്ഞു. പെണ്‍ഭ്രൂണഹത്യയെ പുരാണവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചതാണ് ഹിരണ്യ ഗര്‍ഭ. സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയോടുള്ള പ്രതിഷേധമാണ് പെയിന്റിങ്ങുകളെന്ന് പി വി ബിന്ദു പറഞ്ഞു.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ ഇവരുടെ രണ്ടാമത്തെ പ്രദര്‍ശനമാണിത്. ശനിയാഴ്ച രാവിലെ മേയര്‍ എ കെ പ്രേമജം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പത്തിന് സമാപിക്കും.
കേരളവും പെണ്‍ഭ്രൂണഹത്യയുടെ നാടായി: ജോസഫൈന്‍
പരവൂര്‍: പെണ്‍കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നെന്ന സെന്‍സസ് റിപ്പോര്‍ട്ട് കേരളത്തിലും പെണ്‍ഭ്രൂണഹത്യ അപകടകരമായ വിധം വര്‍ധിക്കുന്നതിന്റെ സൂചനയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം സി ജോസഫൈന്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളന പ്രതിനിധി സമ്മേളനം വി കെ ആനന്ദം നഗറില്‍ (പരവൂര്‍ എസ്എന്‍വി ആര്‍സി ബാങ്ക് ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആറുവയസ്സിനു താഴെയുള്ള കുട്ടികളില്‍ ആണ്‍കുട്ടികളേക്കാള്‍ 63533 പെണ്‍കുട്ടികള്‍ കുറവാണെന്ന് 2011ലെ പുതുക്കിയ സെന്‍സസ് കണക്ക് വ്യക്തമാക്കുന്നു. കേരള വികസന സൂചിക പരാമര്‍ശിക്കുമ്പോള്‍ സ്ത്രീപുരുഷ അനുപാതത്തിലെ സ്ത്രീ മുന്നേറ്റം ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. വികസിത രാജ്യങ്ങളുടെ നിലവാരമാണ് കേരളം നിലനിര്‍ത്തിവന്നത്. സ്വകാര്യ ക്ലിനിക്കുകളില്‍ രഹസ്യമായി ഭ്രൂണഹത്യ നടക്കുന്നെന്ന സംശയങ്ങള്‍ ഇതോടെ ബലപ്പെടുകയാണ്. പെണ്‍ഭ്രൂണഹത്യക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചു.
ലോക മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സ്ത്രീകളുടെ മേല്‍ വലിയ ഭാരമാണ് ചുമത്തുന്നത്. ആഗോളതലത്തില്‍ തൊഴിലില്ലാത്ത 24.4 ശതമാനം യുവജനം തൊഴില്‍രഹിതരാണ്. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ ലോകത്താകെ ശക്തിപ്രാപിക്കുന്നു. ലൈംഗികതയെ വില്‍പ്പനച്ചരക്കാക്കുന്നു. ലൈംഗികാതിക്രമങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു. സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കേണ്ടിവരുന്നത് കേരളത്തിലെ സ്ത്രീസമൂഹമാണ്. സ്ത്രീവിരുദ്ധ യാഥാസ്ഥിതിക ചിന്തകളെ മതങ്ങളും സാമുദായിക സംഘടനകളും പ്രോത്സാഹിപ്പിക്കുന്നു. ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്ത് ഇറങ്ങണം- എം സി ജോസഫൈന്‍ പറഞ്ഞു.
deshabhimani 050513
No comments:
Post a Comment