ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും വെള്ളപൂശി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇടപാടില്‍ അഴിമതിയുണ്ടായെന്ന് വിജിലന്‍സ് തന്നെ സമ്മതിക്കുന്നു. അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രി അടക്കമുള്ള യുഡിഎഫ് നേതൃത്വത്തിനും പങ്കുണ്ടെന്ന ആരോപണം അന്വേഷണസംഘം പരിശോധിച്ചില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ ഈ അഴിമതിക്കേസില്‍ ഇവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, കെ കെ രാമചന്ദ്രനെ കാണാന്‍ പോലും അന്വേഷണസംഘം തയ്യാറായില്ല. മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ ടൈറ്റാനിയത്തിനകത്തുള്ള പ്രധാന രേഖകളും ഫയലുകളും പരിശോധിച്ചിട്ടുമില്ല. ഇവ പരിശോധിച്ചാലേ അഴിമതിയെക്കുറിച്ച് കൂടുതല്‍ അറിയാനാകൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതും അന്വേഷണത്തിലെ വൈരുധ്യം വ്യക്തമാക്കുന്നു. കൂടാതെ കേസില്‍ നിര്‍ണായകമാകുന്ന പല സാക്ഷിമൊഴികളും രേഖകളും പരിശോധിച്ചിട്ടില്ല.
202 പേജുള്ള റിപ്പോര്‍ട്ടാണ് ഫയല്‍ ചെയ്തിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി വി അജയകുമാര്‍ ചൊവ്വാഴ്ച രാവിലെയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാത്തതിന് കോടതി പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ ശകാരിക്കുകയും ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതിനുംശേഷമാണ് റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ജഡ്ജി ഇല്ലാത്തതിനാല്‍ ചുമതലയുള്ള കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് റിപ്പോര്‍ട്ട് കൊണ്ടുപോയി. ടൈറ്റാനിയം ജീവനക്കാരനായിരുന്ന എസ് ജയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഭരണക്കാര്‍ക്ക് അഴിമതിയില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് അഴിമതിക്ക് ഇടയാക്കിയതെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെയും കൂട്ടരെയും രക്ഷിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം. കേസില്‍ പങ്കുള്ള രാഷ്ട്രീയപ്രവര്‍ത്തകരെ രക്ഷിക്കുന്ന വിധത്തില്‍ ഇവരുടെ പങ്ക് മറച്ചുവച്ച് എല്ലാം ഉദ്യോഗസ്ഥരുടെ അലംഭാവത്താല്‍ സംഭവിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുന്നതാണ് റിപ്പോര്‍ട്ട്.
deshabhimani 200313
No comments:
Post a Comment