Saturday, September 26, 2020

68 കോടിയുടെ ടൈറ്റാനിയം വേണ്ട ; ലൈഫ്‌ മിഷനിൽ മിന്നൽ വേഗം

 ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കം പ്രതികളായ 68 കോടിയുടെ ടൈറ്റാനിയം അഴിമതി കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാതിരിക്കുമ്പോഴാണ്‌ ലൈഫ്‌ മിഷൻ അന്വേഷണത്തിൽ സിബിഐയുടെ തിരക്കിട്ട നീക്കം. 2019 സെപ്‌തംബർ മൂന്നിനാണ്‌ ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ശുപാർശ ചെയ്‌തത്‌.

ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസ്‌ അന്വേഷിച്ച കേസ്‌ രാജ്യാന്തരതല അന്വേഷണം വേണമെന്ന്‌ വന്നപ്പോഴാണ്‌ സിബിഐയ്‌ക്ക്‌ വിടാൻ തീരുമാനിച്ചത്‌. കേസ്‌ ഡയറി അടക്കം എല്ലാ രേഖകളും ഉടനടി സിബിഐ ആസ്ഥാനത്ത്‌ വിജിലൻസ്‌ നേരിട്ട്‌ എത്തിക്കുകയും ചെയ്‌തു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഇത്‌ സംബന്ധിച്ച്‌ സിബിഐയിൽനിന്നോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നോ സംസ്ഥാന സർക്കാരിന്‌ ഒരു മറുപടിയും നൽകിയിട്ടില്ല.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്ക്‌ പുറമെ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ടൈറ്റാനിയം കേസിൽ വിജിലൻസിന്റെ പ്രതിപട്ടികയിലുണ്ട്‌. ടൈറ്റാനിയം ഫാക്‌ടറിയിൽ മാലിന്യനിർമാർജന പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ തയ്യാറാക്കിയ 108 കോടിയുടെ പദ്ധതി 256 കോടിയുടേതാക്കി മാറ്റിയാണ്‌ അഴിമതി നടത്തിയത്‌.

പദ്ധതിക്ക്‌ തറക്കല്ലിടുംമുമ്പ്‌ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്‌തിരുന്നു. 68 കോടിയുടെ അഴിമതിയിൽ സിബിഐ അന്വേഷണ തീരുമാനം മരവിപ്പിച്ചശേഷം ലൈഫ്‌ മിഷനിൽ ധൃതിപിടിച്ച്‌ നടപടി ആരംഭിച്ചത്‌ ദുരൂഹമാണ്‌.

No comments:

Post a Comment