Sunday, September 6, 2020

ഒരു വർഷം കഴിഞ്ഞിട്ടും ടൈറ്റാനിയം തൊടാതെ സിബിഐ; കോൺഗ്രസ്‌ – ബിജെപി ഒത്തുകളി

 തിരുവനന്തപുരം > കോടികളുടെ അഴിമതി നടത്തിയ ടൈറ്റാനിയം കേസ്‌ ഏറ്റെടുക്കണമെന്ന സംസ്ഥാനസർക്കാർ ശുപാർശയിൽ ഒരു വർഷം കഴിഞ്ഞിട്ടും സിബിഐ തീരുമാനം എടുക്കുന്നില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻവ്യവസായമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ എന്നിവർ പ്രതികളായ കേസിലാണ്‌ സിബിഐ തീരുമാനം ദുരൂഹമായി നീളുന്നത്‌.

വിദേശ കമ്പനികൾക്കുകൂടി പങ്കുള്ള ഇടപാടിൽ രാജ്യാന്തരതലത്തിൽ അന്വേഷണം വേണമെന്ന ശുപാർശയെ തുടർന്നാണ്‌ 2019 സെപ്‌തംബർ മൂന്നിന്‌ സംസ്ഥാന സർക്കാർ കേസ്‌ സിബിഐയ്‌ക്ക്‌ വിട്ടത്‌. 13 വർഷം വിജിലൻസ്‌ നടത്തിയ അന്വേഷണ റിപ്പോർട്ടും സാക്ഷി മൊഴിയും അനുബന്ധ ഫയലുകളും വിജിലൻസ്‌ ഉദ്യോഗസ്ഥർ സിബിഐ ആസ്ഥാനത്ത്‌ എത്തി കൈമാറിയിരുന്നു. എന്നിട്ടും ഇതുവരെ നടപടി വിവരം സിബിഐ സംസ്ഥാനസർക്കാരിനെ അറിയിച്ചിട്ടില്ല. കേരളത്തിലെ ചില ഒറ്റപ്പെട്ട കൊലപാതക കേസുകളിൽവരെ തിടുക്കത്തിൽ നടപടി എടുക്കുമ്പോഴാണ്‌ ഏറെ പ്രാധാന്യമുള്ള ഈ കേസിൽ സിബിഐയുടെ സംശയകരമായ മൗനം.

ഇടപെട്ടത്‌ ബിജെപി നേതാവ്‌

ഈ അഴിമതിക്കേസിൽ സിബിഐ തീരുമാനം അനിശ്ചിതത്വത്തിലായതിനു പിന്നിൽ കോൺഗ്രസ്‌, ബിജെപി രഹസ്യധാരണയാണ്.  കേരളത്തിൽ നിന്നുള്ള ഉന്നത ബിജെപി നേതാവ്‌  ആഭ്യന്തരമന്ത്രാലയത്തിൽ നേരിട്ട്‌ ഇടപെട്ട്‌ നടപടി മരവിപ്പിച്ചതായാണ്‌ സൂചന.ഇദ്ദേഹവും കേസിൽ പ്രതിസ്ഥാനത്തുള്ള യുഡിഎഫ്‌ നേതാവും തമ്മിലാണ്‌ ധാരണ. കേസ്‌ സിബിഐയെക്കൊണ്ട്‌ ഏറ്റെടുപ്പിക്കാതിരിക്കാനാണ്‌ നീക്കം. സിബിഐ മറിച്ചൊരു നിലപാടിലേക്ക്‌ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ വരെ നീട്ടിക്കൊണ്ടുപോവുകയാണ്‌ ലക്ഷ്യം. സംസ്ഥാന ബിജെപി നേതൃത്വവും ഇതിന്‌ സഹായം നൽകുന്നു‌.

നിയമസഭാ തെരഞ്ഞെടുപ്പിലടക്കം രഹസ്യകൂട്ടുക്കെട്ട്‌ ഉണ്ടാക്കാനും ടൈറ്റാനിയം കേസ്‌ ഉപയോഗിക്കുകയാണ്‌. സ്വർണക്കടത്ത്‌ അടക്കം പലതിലും നിരന്തരം സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡ്ന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ഒരു വർഷമായി മടക്കിക്കെട്ടി വച്ചിരിക്കുന്ന ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച്‌ മിണ്ടാത്തതും ശ്രദ്ധേയമാണ്‌.

68 കോടിയുടെ അഴിമതി

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയത്തിൽ 256 കോടി രൂപ ചെലവിൽ മാലിന്യനിർമാർജന പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തതിൽ 68 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ വിജിലൻസ്‌ കേസ്‌. 2005–-06 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ്‌‌ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തത്‌.

കെ ശ്രീകണ‌്ഠൻ

No comments:

Post a Comment