Wednesday, October 26, 2011

ടൈറ്റാനിയത്തിന് "തീപിടിച്ചു"; ഭരണപക്ഷം എരിഞ്ഞടങ്ങി

നീറിപ്പുകഞ്ഞിരുന്ന ടൈറ്റാനിയം അഴിമതി ഒടുവില്‍ ആളിക്കത്തി. പലകുറി സഭയില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും അടിയന്തരപ്രമേയ രൂപത്തില്‍ വീണ്ടും വിഷയം എത്തിയതോടെ മട്ടും ഭാവവും മാറി. സുപ്രീംകോടതി ഉന്നതാധികാരസമിതി അധ്യക്ഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയ കത്താണ് അടിയന്തരപ്രമേയത്തിന് വഴിയൊരുക്കിയത്. നില്‍ക്കക്കള്ളിയില്ലെന്ന് ബോധ്യമായപ്പോള്‍ സഭ നിര്‍ത്തി ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങി. കേരള നിയമസഭ ചര്‍ച്ചയ്ക്കെടുത്ത ഇരുപതാമത്തെ അടിയന്തരപ്രമേയമായി ടൈറ്റാനിയം അഴിമതി ഇടംപിടിച്ചു.

മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തിരക്കിട്ട് നടപ്പാക്കാന്‍ തീരുമാനിച്ച മലിനീകരണനിയന്ത്രണ സംവിധാനം നൂറുകോടിയുടെ അഴിമതിക്ക് വഴിതെളിച്ചുവെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പ്പര്യമെടുത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതാണ് ആരോപണത്തിന് വഴിതുറന്നത്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോയെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. തോമസ് ഐസക്, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും മുഖ്യമന്ത്രി തെന്നിമാറി. സിബിഐ അന്വേഷണം നടത്താതിരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിവുകേടാണെന്നും അത് താനെന്തിന് തലയില്‍പേറണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുതവണ കത്ത് എഴുതിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുകൂലതീരുമാനം എടുത്തില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അത് കഴിവുകേടായി വ്യാഖ്യാനിച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണ ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടെങ്കിലും ടൈറ്റാനിയം വീണ്ടും പുകഞ്ഞു; വരുംനാളുകളില്‍ ആളിപ്പടരാനായി.

ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഇ പി ജയരാജനും ഭരണപക്ഷത്തെ നേരിട്ടു. വി എസിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഒളിഞ്ഞുംതെളിഞ്ഞും ആക്ഷേപം പറയുന്നത് പതിവാക്കിയവര്‍ക്ക് കുറിക്കുകൊള്ളുകയും ചെയ്തു. വി എസ് കോടതിയില്‍ പോകുന്നതിനെ ആക്ഷേപിക്കുന്ന ഭരണപക്ഷം, എന്തിന് കോടതിയെ ഭയക്കുന്നുവെന്ന് ഇ പി ജയരാജന്‍ ചോദിച്ചു. വി എസിന്റെ മകന്‍ അരുണ്‍കുമാറിന് പ്രൊമോഷന്‍ നല്‍കിയത് 2004ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2005ല്‍ ഉമ്മന്‍ചാണ്ടി അത് അംഗീകരിച്ചു. സത്യം ഇതായിരിക്കെ നിയമസഭയില്‍ വന്ന് വായില്‍ തോന്നുന്നത് പറയുന്നത് നിര്‍ത്തണമെന്ന് ഇ പി ആവശ്യപ്പെട്ടു. ടൈറ്റാനിയം, പാമൊലിന്‍ എന്നിവയോടൊപ്പം അരുണ്‍കുമാറിനെതിരെയുള്ള ആരോപണവും സിബിഐക്ക് വിടാന്‍ തയ്യാറുണ്ടോയെന്ന വി എസിന്റെ വെല്ലുവിളിക്കുമുന്നില്‍ ഭരണപക്ഷം തലകുനിച്ചു. "ഇനി വല്ലതും കണ്ടുപിടിക്കാനുണ്ടെങ്കില്‍ അതും സിബിഐക്ക് വിട്ടോ; എന്നെക്കൂടി ചേര്‍ത്തോ" വി എസ് ആഞ്ഞടിച്ചു. തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ എന്തെങ്കിലും പറഞ്ഞാലൊന്നും പിന്മാറില്ല.
"എനിക്ക് ആരോടും പകയില്ല. ഞാന്‍ നടത്തുന്നത് വസ്തുകേസല്ല. അഴിമതി നടത്തുന്നവരോടും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരോടും വെറുപ്പാണ്. കരുണാകരനെതിരെ കേസ് നടത്തിയെങ്കിലും അദ്ദേഹം തന്റെ പ്രിയസ്നേഹിതനായിരുന്നു. നിങ്ങളോടും സ്നേഹത്തിന് ഒട്ടും കുറവില്ല"- വി എസ് വ്യക്തമാക്കി.
കവിത എഴുതിയാല്‍ പിരിച്ചുവിടുകയും ലേഖനം എഴുതിയാല്‍ പുറത്താക്കുകയും ചെയ്യുന്ന ഭരണമാണെന്ന് ഇ പി ജയരാജന്‍ . അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ള ഇപ്പോള്‍ കോണ്‍ഗ്രസിന് മഹാത്മാഗാന്ധിയേക്കാളും പുണ്യാളനായിരിക്കുകയാണെന്ന് ഇ പി അഭിപ്രായപ്പെട്ടു. കേരളം ലോകത്തിന്റെ ഭാഗമാണെന്ന് കാണാത്തതാണ് ധനവിനിയോഗബില്ലെന്ന് എം ചന്ദ്രന്‍ . കെ എം മാണിയെപ്പോലെ ലിബറലായ ധനമന്ത്രിയെ ഇതിനുമുമ്പ് കെ ശിവദാസന്‍നായര്‍ കണ്ടിട്ടില്ലത്രേ. മലബാറിന്റെ പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായി കാണണമെന്ന് സി കെ നാണു ആവശ്യപ്പെട്ടു. പിന്‍വാതില്‍ നിയമനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കെ കുഞ്ഞിരാമന്‍ . കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ കോണ്‍ഗ്രസില്‍നിന്ന് പടിയടച്ച് പിണ്ഡംവച്ചെന്ന് ജോസഫ് വാഴക്കന്‍ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയോട് രാജിവയ്ക്കരുതെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടിയെ കാണുമ്പോള്‍ "ചിന്താവിഷ്ടയായ ശ്യാമള"യിലെ "അയ്യോ അച്ഛാ പോകല്ലേ..." എന്ന ഡയലോഗാണ് വി എസ് സുനില്‍കുമാറിന്റെ ഓര്‍മയിലെത്തിയത്.

deshabhimani 261011

2 comments:

  1. വി എസിന്റെ മകന്‍ അരുണ്‍കുമാറിന് പ്രൊമോഷന്‍ നല്‍കിയത് 2004ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2005ല്‍ ഉമ്മന്‍ചാണ്ടി അത് അംഗീകരിച്ചു. സത്യം ഇതായിരിക്കെ നിയമസഭയില്‍ വന്ന് വായില്‍ തോന്നുന്നത് പറയുന്നത് നിര്‍ത്തണമെന്ന് ഇ പി ആവശ്യപ്പെട്ടു.

    ReplyDelete
  2. come on guys.. everyone knows that Arun Kumar was not eligible for his post. he is in that post just because his dad...

    I was making strike in late 80s against self financing college and his son studied in that college.. then he become the chairman of coir board, we were searching jobs in other countries... yea, in kerala jobs are only for leader's beneficiaries...

    ReplyDelete