Monday, November 7, 2011

കെഎംഎംഎല്‍ , ടൈറ്റാനിയം അഴിമതിക്കു പിന്നില്‍ കുഞ്ഞാലിക്കുട്ടി

മുന്‍ യുഡിഎഫ് ഭരണകാലത്ത് കെഎംഎംഎല്‍ , ടൈറ്റാനിയം വ്യവസായശാലകളില്‍ നടന്ന അഴിമതി മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും വി കെ ഇബ്രാഹിംകുഞ്ഞിന്റെയും അറിവോടെയാണെന്ന് കെ എ റൗഫ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇത്തവണ മന്ത്രിയായ നേതാവിനും ഇടപാടില്‍ പങ്കുണ്ടെന്നും അഴിമതിയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രാജീവ് എന്നയാളാണ് കുഞ്ഞാലിക്കുട്ടിക്കായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. വിദേശത്തുവച്ചാണ് ഇതിന്റെ പണം കൈമാറ്റം നടന്നത്. കുഞ്ഞാലിക്കുട്ടിയുടെ മരുമകന്‍ ഇടപാടില്‍ പണംപറ്റിയതായി രാജീവ് പറഞ്ഞിരുന്നു. കോടികളുടെ വെട്ടിപ്പാണുണ്ടായത്. തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കുമുമ്പാകെ നല്‍കാന്‍ തയ്യാറാണെന്നും റൗഫ് വ്യക്തമാക്കി. രണ്ട് ഫാക്ടറികളിലെയും ക്രമക്കേടിനെപ്പറ്റി മുന്‍മന്ത്രിമാരായ തോമസ്ഐസക്കും എളമരം കരീമും കഴിഞ്ഞദിവസം പറഞ്ഞത് പൂര്‍ണമായി ശരിയാണ്. എന്നാല്‍ താനിതില്‍ പങ്കാളിയല്ല. എല്ലാ ഇടപാടുകളും മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നതിലും ഭീമമായ കോടികളാണ് നഷ്ടമായിട്ടുള്ളത്. ഇടപാടില്‍ കിട്ടിയ പണത്തില്‍ ഭൂരിഭാഗവും വിദേശത്താണ് നിക്ഷേപിച്ചതെന്നും അറിയാം.

കുഞ്ഞാലിക്കുട്ടിയാണ് ഇടപാടിന് വിദേശമലയാളിയായ രാജീവിനെ ചുമതലപ്പെടുത്തിയത്. കെഎംഎംഎല്ലില്‍ രാജേന്ദ്രനെയും ടൈറ്റാനിയത്തില്‍ ഈപ്പന്‍വര്‍ഗീസിനെയും എംഡിമാരാക്കിയത് രാജീവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. രാജേന്ദ്രന്റെ കൂടെ രാജീവ് വിദേശയാത്ര നടത്തിയിട്ടുണ്ട്. കടലാസ് കമ്പനികള്‍ക്കാണ് ടിടിപി, കെഎംഎംഎല്‍ നവീകരണ കരാറുകളെല്ലാം കൈമാറിയിരുന്നത്. കരാറുകള്‍ക്ക് തുക വര്‍ധിപ്പിച്ച് നല്‍കുക, അവ കടലാസ് കമ്പനികളിലേക്ക് ഒഴുക്കുക എന്നതായിരുന്നു ക്രമക്കേടിന്റെ രീതി. ഇടപാടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പലതവണ രാജീവിനെ കണ്ടിരുന്നു. മുന്‍ യുഡിഎഫ് ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിക്കായി കെഎംഎംഎല്ലും ടിടിപിയും രാജീവിനും മലബാര്‍ സിമന്റ്സ് ചാക്ക് രാധാകൃഷ്ണനുമായി വീതിച്ചുനല്‍കിയിരുന്നു. കെഎംഎംഎല്ലിലും മറ്റും ആരോപണവിധേയമായ പദ്ധതിക്ക് അഡ്വാന്‍സ് നല്‍കിയത് അന്വേഷിച്ചാല്‍ രാജീവിലാണെത്തുക. ഇടതുപക്ഷ സര്‍ക്കാരാണ് രണ്ട് ഫാക്ടറികളിലെയും ക്രമംവിട്ട കരാര്‍ റദ്ദാക്കിയത്. എല്‍ഡിഎഫില്‍ രാജീവടക്കമുള്ളവര്‍ക്ക് സ്വാധീനം ചെലുത്താനായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും റൗഫ് പറഞ്ഞു.

deshabhimani 071111

1 comment:

  1. മുന്‍ യുഡിഎഫ് ഭരണകാലത്ത് കെഎംഎംഎല്‍ , ടൈറ്റാനിയം വ്യവസായശാലകളില്‍ നടന്ന അഴിമതി മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും വി കെ ഇബ്രാഹിംകുഞ്ഞിന്റെയും അറിവോടെയാണെന്ന് കെ എ റൗഫ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇത്തവണ മന്ത്രിയായ നേതാവിനും ഇടപാടില്‍ പങ്കുണ്ടെന്നും അഴിമതിയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete