Friday, May 8, 2009

ബുദ്ധിജീവി കൂട്ടായ്മയിലെ കപട വിപ്ലവകാരികള്‍

വോട്ടെടുപ്പിനുശേഷം ഫലപ്രഖ്യാപനത്തിനു ഇത്രനീണ്ട ഒരു ഇടവേള കേരളത്തില്‍ ഇത് ആദ്യമാണെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പു കാലയളവില്‍ മുഖ്യധാരാമാധ്യമങ്ങള്‍ മനഃപൂര്‍വം തമസ്കരിച്ച പല പ്രധാന രാഷ്ട്രീയ വിഷയങ്ങളും വീണ്ടും സജീവമായി ചര്‍ച്ച ചെയ്യാനുളള അവസരം കൂടിയാണ് ഈ ഇടവേള. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ കൊഞ്ഞനംകുത്തുന്ന തരത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പല അരാഷ്ട്രീയ അടവുകളെയും വിചാരണ ചെയ്യുന്നതിനും പ്രയോജനപ്പെടുത്താവുന്നതാണ് ഈ സന്ദര്‍ഭം. ആഗോളവല്‍ക്കരണം എന്ന അശ്വമേധവുമായി ദ്വിഗ്വിജയം ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചിരിക്കുന്ന അമേരിക്കന്‍ ഏജന്റന്‍മാരെയും, ഹിന്ദുത്വം എന്ന കപടമുദ്രാവാക്യം ഉയര്‍ത്തി - ഈ മഹാരാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവും ആയ വൈവിധ്യത്തെ ഉന്മൂലനം ചെയ്ത് ഏകശിലാനിര്‍മിതമായ സവര്‍ണമേല്‍ക്കോയ്മ സുസ്ഥിരമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഫാസിസ്റുകളെയും ഒഴിവാക്കിക്കൊണ്ടുളള ഒരു ബദല്‍ രാഷ്ട്രീയ കൂട്ടുകെട്ടിനെ ശക്തിപ്പെടുത്തുക എന്ന ഇടതുപക്ഷ മുദ്രാവാക്യത്തിന്റെ മുഴക്കം നഷ്ടപ്പെടുത്താനുളള അടവുകളാണ് വലതുപക്ഷവും അതിന്റെ സഖ്യകക്ഷികളും മുഖ്യമായും തെരഞ്ഞെടുപ്പുകാലത്ത് നിരന്തരമായി ഉയര്‍ത്തിക്കൊണ്ടിരുന്നത്.

ഇതിനായി അടിസ്ഥാനരഹിതമായ അഴിമതിക്കഥകള്‍ മുതല്‍ അബ്ദുള്‍നാസര്‍ മഅ്ദനിയെ കേന്ദ്രീകരിച്ചുള്ള ഭാവനാസൃഷ്ടികള്‍വരെ നിരന്തരമായി മുഴക്കിക്കൊണ്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ രണ്ടുനാള്‍മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് എന്റെ രാഷ്ട്രീയം എന്റെ വോട്ട് എന്ന ശീര്‍ഷകത്തില്‍ കെ വേണു മുതല്‍ എം ഗീതാനന്ദന്‍ വരെയുളള പ്രച്ഛന്ന ഇടതുപക്ഷക്കാരെയും ഏതാനും ശുദ്ധമതമൌലികതാവാദികളെയും, അണിനിരത്തിക്കൊണ്ടു 13 ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. വാരികയുടെ കവര്‍ സ്റ്റോറി എന്ന നിലയില്‍ തയ്യാറാക്കപ്പെട്ട ഈ ലേഖനങ്ങളിലെ വാചകമടികള്‍ക്കു തെരഞ്ഞെടുപ്പിനു മുമ്പു ആരും മറുപടി എഴുതാന്‍ പോകുന്നില്ലെന്ന ധൈര്യം പത്രാധിപ സമിതിക്കുണ്ടായിരിക്കണം.

തിളക്കം നഷ്ടപ്പെടാത്ത ചിന്തകള്‍

'എന്റെ വോട്ട് എന്റെ സ്വപ്നങ്ങള്‍ക്ക് ' എന്ന വി കെ ശ്രീരാമന്റെയും, എന്റെ വോട്ട് എന്റെ രാഷ്ട്രീയ കക്ഷിക്ക് ' എന്ന ഒ പി സുരേഷിന്റെയും 'ഓരോ മനുഷ്യന്റെയും തീരുമാനം'എന്ന ഭാസുരേന്ദ്രബാബുവിന്റെയും ലേഖനങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി 10 ലേഖനങ്ങളും മാതൃഭൂമി മനോരമാദി പത്രമുത്തശ്ശികളുടെ പഴകിപ്പുളിച്ച വേദാന്തങ്ങള്‍ മാത്രമായിരുന്നു എന്നു കാണാം. നിന്റെ അടിമത്തത്തിനായി ഞാനെന്റെ നിര്‍ഭാഗ്യത്തെ കൈമാറുകയില്ലെന്നു നന്നായറിഞ്ഞുകൊള്‍ക. പിതാവ് സീയൂസിന്റെ ദൂതനാവുന്നതിലും ഭേദം ആജീവനാന്തം ഈ പാറക്കെട്ടുകളില്‍ ചങ്ങലക്കിട്ടു കിടക്കുകതന്നെയാണെന്നു ഞാന്‍ കരുതുന്നു.' ഈസ്കിലിസിന്റെ പ്രോമിത്യൂസിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടുളള വി കെ ശ്രീരാമന്റെ പ്രൌഢോജ്വലമായ ലേഖനം മൂന്നാം മുന്നണി സ്വപ്നം എന്ന പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പരിഹാസത്തിനുളള ചുട്ട മറുപടിയാകുന്നു.

സിപിഐ എമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ പുകയുന്നു എന്ന കിംവദന്തിക്കും, നിരാശാബാധിതരായ വിമത മാര്‍ക്സിസ്റ്റുകളുടെ വിതണ്ഡവാദങ്ങള്‍ക്കും, പി ഡി പി എന്ന ആഗോള ഭീകരന്മാര്‍ക്ക് മാര്‍ക്സിസ്റ്റു പാര്‍ടി കീഴടങ്ങിയെന്ന വ്യാജമുറവിളികള്‍ക്കും വമ്പന്‍പ്രാധാന്യം നല്‍കിയ മാധ്യമങ്ങള്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യത്തെ ഏതുവിധം തമസ്കരിച്ചുകളഞ്ഞു എന്ന വസ്തുത സമര്‍ഥമായി വിശകലനം ചെയ്യുന്നതായി ഒ പി സുരേഷ് എന്ന യുവകവിയുടെ മാതൃഭൂമി ലേഖനം (പേജ്. 52). കോണ്‍ഗ്രസ്-ബിജെപി എന്നീ രണ്ടു ധ്രുവങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ ബഹുസ്വരസമന്വിതമായ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് കെട്ടഴിച്ചുവിടാന്‍ പര്യാപ്തമായ ഒരു തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന ഭാസുരേന്ദ്രബാബുവിന്റെ നിഗമനത്തോട് സാമാന്യബുദ്ധിയുള്ള ആര്‍ക്കും വിയോജിക്കാനാവില്ല. കൈമോശംവന്ന ഗാന്ധിയന്‍ സ്വാതന്ത്ര്യസമരമൂല്യങ്ങളെയും നെഹ്റുവിയന്‍ സ്വതന്ത്രമൂല്യങ്ങളെയും സ്വാശ്രയ മൂല്യങ്ങളേയും സ്വാംശീകരിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ നവീനമായ ഒരു അന്തര്‍ദേശീയ പരിസരത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം വളരുന്ന ഘട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പു നടക്കുന്നതെന്നുള്ള യാഥാര്‍ഥ്യത്തെയും ജനശ്രദ്ധയില്‍നിന്ന് മറച്ചുപിടിച്ചുകൊണ്ടുള്ള ഒരു പ്രചാരണ പരിപാടിക്കാണ് ഇവിടുത്തെ പള്ളിരാഷ്ട്രീയവും മാധ്യമപ്പടയും ഒത്തുചേര്‍ന്ന് ചുക്കാന്‍പിടിച്ചത്. അവര്‍ അഭിനയ മികവുകാണിച്ച ഈ നാടകം അവരെ സംബന്ധിച്ചിടത്തോളം ശുഭാന്ത്യമായിരിക്കുകയില്ലെന്നു യാഥാര്‍ഥ്യത്തിലേക്കു വിരല്‍ചൂണ്ടിക്കൊണ്ടാണ് ഭാസുരേന്ദ്രബാബു തന്റെ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.

പിതാക്കന്മാരുടെ കാലടികളെ പിന്തുടരുന്ന മക്കള്‍

പാടെ വിവസ്ത്രമാക്കപ്പെട്ട ആഴ്ചപ്പതിപ്പിന്റെ നാണം മറയ്ക്കാന്‍ പേരിനുമാത്രം നല്‍കപ്പെട്ട ഈ മൂന്നു ഇടതുപക്ഷാനുകൂല ലേഖനങ്ങള്‍ കൊണ്ടുമാത്രം കഴിയാതെ പോയി. മറ്റു 10 ലേഖനങ്ങളിലൂടെ ചാക്കില്‍ ഒളിപ്പിച്ചുവെച്ച പൂച്ച പുറത്തുചാടി, മ്യാവൂ, മ്യാവൂ എന്നു കരയുന്നു. ആ കരച്ചിലില്‍ മറഞ്ഞിരിക്കുന്ന ഇടതുപക്ഷ വിരോധം ജുഗുപ്സാവഹമാംവിധം പ്രകടമാകുന്നു. സ്ഥാനാര്‍ഥിക്കുപ്പായവുമായി ഡല്‍ഹിയില്‍ തമ്പടിച്ചുകൊണ്ട് കോണ്‍ഗ്രസ് കളിച്ചു പഠിക്കുന്ന ചാണ്ടി ഉമ്മന്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന ആപ്തവാക്യം ഇങ്ങനെ-മതേതരത്വം ഊട്ടിയുറപ്പിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റുക മാത്രമാണ് ഇന്ത്യന്‍ ജനതയ്ക്ക് മുമ്പിലുളള ഏകമാര്‍ഗം.

പ്രായത്തിന്റെ പക്വതാരാഹിത്യവും, ഉമ്മന്‍ചാണ്ടിയുടെ മകനെന്ന പ്രത്യേക പരിഗണനയും ഒക്കെ മുന്‍നിറുത്തി ഇത്തരം ചെറുകിട ജല്പനങ്ങളെ കണ്ടില്ലെന്ന് വയ്ക്കാം. എന്നാല്‍ മാര്‍ക്സിസം ലെനിനിസം അരച്ചു കലക്കിക്കുടിച്ച മുന്‍ വിപ്ലവകാരി സാക്ഷാല്‍ കെ വേണു ചാണ്ടി ഉമ്മന്റെ അതേ ഭാഷയില്‍ എഴുതുമ്പോള്‍ ചിരിക്കണോ കരയണോ സഹതപിക്കണമോ എന്തു വേണമെന്നറിയാതെ വായനക്കാര്‍ സന്നിഗ്ധാവസ്ഥയിലെത്തുന്നു. കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്പങ്ങളെക്കുറിച്ച് ഗവേഷണ പ്രബന്ധം രചിച്ചു യുവ വിപ്ലവകാരികളെ പുളകം കൊള്ളിച്ച വേണു സഖാവ് ഇപ്പോള്‍ സോണിയ -രാഹുല്‍ ദ്വന്ദ്വത്തിന്റെ വീട്ടുമുറ്റത്തു നട്ടുവളര്‍ത്തിയിരിക്കുന്ന ജനാധിപത്യ പൂമരം പൂത്തുലഞ്ഞു കായ്ഫലം നല്‍കുന്നതും പ്രതീക്ഷിച്ചു കണ്ണില്‍ എണ്ണയൊഴിച്ചു കാവല്‍ നില്‍ക്കുന്നത് കാണാന്‍ ബഹുരസം.

മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന നേതാവായ കെ എം ഷാജി, പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പസ് വിഭാഗ സെക്രട്ടറി സി അബ്ദുറൌഫ് തുടങ്ങിയവരും അവരുടെ വോട്ട് യുഡിഎഫ് ചിഹ്നങ്ങളില്‍ പതിപ്പിക്കുന്നതിനു പറയുന്ന ന്യായം ഒന്നുമാത്രം. സിപിഐ എം എന്ന ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യുക. എന്തുകൊണ്ടെന്നല്ലെ സിപിഐ എം മഅ്ദനിയുടെ മാനസാന്തരത്തെ മാനിക്കുന്നു. മതേതരത്വത്തെ അംഗീകരിക്കാത്ത ജമാ അത്ത് ഇസ്ളാമി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു. മലപ്പുറത്തെയും മഞ്ചേരിയെയും ചുവപ്പിക്കാനിറങ്ങിയിരിക്കുന്നു. ആരാണ് അസ്സല്‍ മതേതരവാദികളെന്നല്ലെ. പേരിലും കൊടിയിലും എല്ലാം മതചിഹ്നം പ്രതിഷ്ഠിച്ചിരിക്കുന്നെങ്കിലും പ്രസംഗത്തില്‍ മതേതരത്വം എന്നു സദാ ഉരുവിടുന്ന മുസ്ളിം ലീഗുകാര്‍. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ പാണക്കാട് തങ്ങളോടൊ ഇ അഹമ്മദിനോടൊ ചോദിച്ചു ബോധ്യപ്പെടുക.

ഉത്തരം താങ്ങുന്ന പല്ലികള്‍

പ്രത്യക്ഷ വലതുപക്ഷ ലിഖിതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അവശേഷിക്കുന്ന ലേഖനങ്ങളില്‍ പ്രാധാന്യം പരോക്ഷ വലതുപക്ഷാഭിമുഖ്യത്തോടു കൂറുകാണിക്കുന്ന സോഷ്യല്‍ ആക്റ്റിവിസ്റുകളുടെ ലേഖനങ്ങള്‍ക്കാണ്. കെ കെ കൊച്ച്, ജ്യോതിനാരായണന്‍, ഗീതാനന്ദന്‍-ഇവരെ ഈ വിഭാഗത്തില്‍പ്പെടുത്തി വിശകലനം ചെയ്യുന്നതായിരിക്കും സൌകര്യം. തീവ്രവിപ്ലവത്തിന്റെ ഹാങ്ഓവര്‍ വിട്ടുമാറാത്ത ഈ വിഭാഗം ലേഖകന്മാര്‍ ഉത്തരംതാങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയിലാണെന്നും തോന്നുന്നു. ഈ സമൂഹവും അതിന്റെ പ്രശ്നങ്ങളും ആകെ താങ്ങുന്നത് തങ്ങളുടെ ചുമലുകളാണ് എന്നു ഭാവിക്കുന്ന ശുദ്ധാത്മാക്കള്‍! പലരും ഇവരിലേക്കു അപൂര്‍വമായി ആകര്‍ഷിക്കപ്പെടാറുണ്ട്. ലോകത്തെ പഠിപ്പിക്കുക എന്നത് തങ്ങളുടെ ബാധ്യതയാണെന്നു കരുതുന്ന ഇവര്‍ ലോകത്തില്‍നിന്ന് യാതൊരു പാഠങ്ങളും പഠിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ മുന്‍ വിപ്ലവകാരികളില്‍ ഏറെപ്പേരും സ്വന്തം ഈഗോയുടെ തടവറയില്‍ ബന്ധിതരായി കഴിഞ്ഞുകൊണ്ട് വമ്പിച്ച ബഹുജന അടിത്തറയുള്ള സിപിഐ എമ്മിനെ ധൈഷണികമായി ആക്രമിക്കാന്‍ പാടുപെടുന്നു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ പാടെ നിരസിക്കുന്ന ഇവര്‍ വലതുപക്ഷ സ്ഥാനാര്‍ഥികളില്‍ നിന്ന് വന്‍ തോതില്‍ ധനസഹായം പറ്റിതെരഞ്ഞെടുപ്പു ഗോദായില്‍ സ്വതന്ത്രവേഷം കെട്ടിയ സ്ഥാനാര്‍ഥികളായി പ്രത്യക്ഷപ്പെടുന്നു. ഇത്തരം നപുംസക സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്തുവേണം ജനകീയ സമരങ്ങള്‍ വിജയിപ്പിക്കാന്‍ എന്ന വിചിത്രമായ കണ്ടെത്തലാണ് കെ കെ കൊച്ചും എം ഗീതാനന്ദനും ജ്യോതിനാരായണനും അവതരിപ്പിക്കുന്നത്.

ഗീതാനന്ദന്റെ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ കാണുക. മറ്റു മതസാമുദായിക വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ അരമനകളും പള്ളികളും സന്ദര്‍ശിക്കുന്നവര്‍ ദളിത് ആദിവാസി സമുദായ പ്രശ്നങ്ങളുടെ പിന്തുണ തേടി അവരുടെ സമുദായ നേതാക്കളെ കാണാന്‍ ചെല്ലാറില്ല. ദളിത് ആദിവാസികളും മറ്റു സമുദായങ്ങളെപ്പോലെ തന്നെ ഒരു വോട്ടുബാങ്കാണെന്നും ഇപ്പോള്‍ അവര്‍ക്കും സമുദായ നേതാക്കന്മാരായി തങ്ങളുണ്ടെന്നും, മുഖ്യധാരാരാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാര്‍ വിലപേശല്‍ തന്ത്രങ്ങളുമായി എന്തുകൊണ്ട് തങ്ങളെ സമീപിക്കുന്നില്ലെന്നുമുള്ള സംശയമാണ് ഗീതാനന്ദന്റെ ചോദ്യത്തിലൂടെ പുറത്തു വരുന്നത്. സാമുദായിക വിഭാഗീയതകളെ മറികടക്കാനുള്ള മതേതര ജനാധിപത്യകൂട്ടായ്മ എന്ന കമ്യൂണിസ്റ്റ് ദര്‍ശനത്തോട് ഈ അഭിനവ ദളിത് മിശിഹാകള്‍ യോജിക്കുന്നതല്ല.

ഇവരുടെ നേതൃത്വത്തിനു പിന്നാലെ തല കുനിച്ചു നടക്കുന്ന പാവം ദളിത്, ആദിവാസികളെ ഏതറവുശാലയിലേക്കായിരിക്കും ഇവര്‍ നയിക്കുക എന്ന സംശയം നമുക്കു മുമ്പില്‍ ബാക്കിനില്‍ക്കുന്നു. ഹിന്ദുമൌലികാതാവാദത്തിനു ബദലായി മുസ്ളിം മതമൌലികാതാവാദം ഉയര്‍ത്തുന്നതുപോലെയോ അതിലും അപകടകരമോ ആണ് ഇവരുയര്‍ത്തുന്ന ദളിത് മൌലികതാവാദം. ദളിതരും ആദിവാസികളും ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗംതന്നെയാണെന്നും കമ്യൂണിസ്റ്റു പാര്‍ടി വിഭാവനം ചെയ്യുന്ന തൊഴിലാളി വര്‍ഗസംസ്കാരത്തിന്റെ മുന്‍നിരയില്‍ സ്ഥാനം നേടേണ്ടവര്‍ ഇവര്‍ തന്നെയാണെന്നുമുള്ള പ്രാഥമിക പാഠംപോലും അംഗീകരിക്കാന്‍ ഈ തീവ്രവാദികള്‍ തയ്യാറല്ല. ദളിതരും ആദിവാസികളും ഇന്നനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും കൂടുതല്‍ രൂക്ഷമാക്കാനെ ഈ നിലപാട് സഹായിക്കൂ. എരിതീയില്‍ നിന്നു വറചട്ടിയിലേക്കു തള്ളിയിടുന്ന ഏര്‍പ്പാടാകരുത് ഇവര്‍ നടത്തുന്ന ദളിത് വിമോചന പ്രവര്‍ത്തനങ്ങള്‍. ആരാണിവരോട് ഇതൊക്കെപ്പറഞ്ഞു കൊടുക്കുക? വോട്ടു ബാങ്കുരാഷ്ട്രീയത്തില്‍ തങ്ങളുടേതായ ഫിക്സഡ് ഡെപ്പോസിറ്റ് വര്‍ധിപ്പിക്കുന്നതിലൂടെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടുകൊള്ളും എന്ന വ്യാമോഹമാണ് ഇവര്‍ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കു സമ്മാനിക്കുന്നത്.

സെക്കുലറിസത്തിന്റെ വ്യാഖ്യാനഭേദങ്ങള്‍

രണ്ടു വിപരീതദിശകളില്‍നിന്നു സഞ്ചാരംതുടങ്ങി പരസ്പരം അറിയാതെ ഒരേ ദിശയില്‍ സന്ധിച്ച്, ലക്ഷ്യമാക്കിയതിന്റെ എതിര്‍ദിശയിലേക്കൊരുമിച്ചു സഞ്ചരിക്കുന്ന ലേഖകന്മാരാണ് ഒ അബ്ദുറഹ്മാനും ഹമീദ് ചേന്നമംഗലൂരും. നിലവിലുള്ള മതേതരത്വസങ്കല്പങ്ങള്‍ വ്യാജമാണെന്നും രണ്ടുപേരും സമ്മതിക്കുന്നു. ഒരാള്‍ക്ക് ഇസ്ളാം ഒഴികെ സര്‍വരും മതമൌലികതാവാദികളും മതേതരത്വത്തിന്റെ ശത്രുക്കളുമാണ്. മറ്റേയാള്‍ക്കാകട്ടെ സര്‍വമതങ്ങളും മതേതരത്വത്തിനെതിരാണ്. അല്പമെങ്കിലും അനുഭാവം സവര്‍ണഹിന്ദുത്വത്തിന്റെ ദേശീയതാസങ്കല്പത്തോടാണ്. അതുകൊണ്ടാണിപ്പോള്‍ സ്ഥിരമായ എഴുത്തു ദേശാഭിമാനിയില്‍നിന്നും മാതൃഭൂമിയില്‍ നിന്നും ജന്മഭൂമിയിലേക്കു മാറ്റിയിരിക്കുന്നത്. ജന്മഭൂമിക്കിപ്പോള്‍ ഏറ്റം പ്രിയപ്പെട്ട മതേതരവാദി ഹമീദ് ചേന്നമംഗലൂരായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ഒ അബ്ദുറഹ്മാന്റെയും ഹമീദ് ചേന്നമംഗലൂരിന്റെയും പരസ്പരവിരുദ്ധ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ വിയോജിപ്പിന്റെ എന്നപോലെ യോജിപ്പിന്റെയും തലങ്ങള്‍ കണ്ടെത്താനാകുന്നത്.

ഏറെക്കാലമായി തീവ്രമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മതേതരത്വം. കോണ്‍ഗ്രസു മുതല്‍ ബിജെപി വരെയുള്ള സര്‍വരാഷ്ട്രീയ കക്ഷികളും നാഴികയ്ക്ക് നാല്പതുവട്ടം മതേതരത്വത്തെ പിടിച്ച് ആണയിടുന്നു. തങ്ങളിലാരാണ് കൂടുതല്‍ മതേതരവാദികളെന്നതിനെക്കുറിച്ച് മതാധിഷ്ഠിത രാഷ്ട്രീയകക്ഷികള്‍പോലും വീറോടും വാശിയോടും തര്‍ക്കിക്കുന്നു. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ അടിസ്ഥാന ഭരണഘടനാതത്വങ്ങളോടുളള ഈ കക്ഷികളുടെ പ്രതിബദ്ധത കപടമാണെന്ന് ബഹുജനങ്ങള്‍ക്ക് പലവട്ടം ബോധ്യപ്പെട്ടുകഴിഞ്ഞിട്ടും എന്തിനാണിവര്‍ ഈ തര്‍ക്കം തുടരുന്നത്?

ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ അടിസ്ഥാനതത്വങ്ങളില്‍ ഇന്ന് ഏറെ ആശയക്കുഴപ്പം നിലനില്‍ക്കുന്നത് മതേതരത്വം (Secularism) എന്ന ആശയത്തിനാണെന്ന് തോന്നുന്നു. ശിവസേന മുതല്‍ മുസ്ളിംലീഗ് വരെ സര്‍വരും മതേതരത്വത്തിന്റെ മുഖംമൂടിയണിയുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണീ സാധനം എന്നറിയാനുളള ആഗ്രഹം സാമാന്യജനങ്ങളില്‍ വര്‍ധിക്കുന്നു. ഭാഷാപരമായി വളരെ കുഴപ്പംപിടിച്ച ഒരു പദപ്രയോഗമാണ് മതേതരത്വം-അഥവാ സെക്യുലറിസം. ഇതിന്റെ കൃത്യമായ അര്‍ഥം ഗ്രഹിക്കുവാന്‍ ഈ വാക്ക് ആവിര്‍ഭവിച്ച ചരിത്രപശ്ചാത്തലം കൂടെ മനസ്സിലാക്കേണ്ടതുണ്ട്. ആധുനിക പാശ്ചാത്യപ്രബുദ്ധതയുടെ അതിപ്രധാനമായ ഒരു തിരിച്ചറിവ് എന്ന നിലയിലാണ് ഈ വാക്ക് പ്രാബല്യത്തില്‍ വരുന്നത്. യൂറോപ്പില്‍ കത്തോലിക്കരും പ്രൊട്ടസ്റന്റുകാരും തമ്മില്‍ ദീര്‍ഘകാലം യുദ്ധം ചെയ്തു. ജയ-പരാജയങ്ങള്‍ ഇരുകക്ഷികളെയും നിര്‍ദിഷ്ടമായ ഇടവേളകള്‍ക്ക് ശേഷം മാറിമാറി പുണര്‍ന്നുകൊണ്ടിരുന്നു. 1648-ല്‍ വെസ്റ്റ് ഫേലിയാ ഉടമ്പടി മുഖേന യുദ്ധവിരാമം കുറിച്ചു സമാധാനം സ്ഥാപിതമായപ്പോള്‍ ഉഭയകക്ഷിധാരണപ്രകാരം മതത്തെ സംബന്ധിച്ച് ഒരു ധാരണ നിലവില്‍ വന്നു. ഇതുപ്രകാരം രാജാവിന്റെ മതം ജനങ്ങളും സ്വീകരിക്കണമെന്നതു നിര്‍ബന്ധമാക്കി. ഈ തത്വത്തിന്റെ പരസ്യമായ നിഷേധമായിരുന്നു ഫ്രഞ്ചു വിപ്ലവത്തെ തുടര്‍ന്നു യൂറോപ്പില്‍ പ്രബലമായ സെക്യുലര്‍ അഥവാ മതനിരപേക്ഷതത്വങ്ങള്‍. ഇതനുസരിച്ച് മതവും രാഷ്ട്രീയവും തമ്മില്‍ ക്രമവിരുദ്ധമായ ബന്ധമൊന്നും പാടില്ല. ഒരു രാജ്യത്തെ പൌരനെന്നനിലയില്‍ ആ രാജ്യത്തു പ്രാബല്യത്തിലുളള മതവിശ്വാസം സ്വീകരിച്ചുകൊളളണമെന്ന ബാധ്യതയൊന്നും പൌരന്മാര്‍ക്കില്ല. മതം ഒരു വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനത്തിന്റെയും തെരഞ്ഞെടുപ്പിന്റേയും ഫലമായിരിക്കണം. ഇതായിരുന്നു സെക്യുലറിസ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച ആശയം. ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ ഇതു രണ്ടിലും പെടാത്തതോ ആയ മതവിശ്വാസങ്ങള്‍ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി സ്വീകരിക്കാനോ തിരസ്കരിക്കാനോ ഉളള സ്വാതന്ത്യം സെക്യുലറിസം പൌരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

നമ്മുടെ രാജ്യത്ത് ഈ ആശയത്തിനു പ്രചാരം നല്‍കിയത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ആയിരുന്നു. നെഹ്റുവിന്റെ സമകാലികനായിരുന്ന വീരസവര്‍ക്കറിന്റെയും അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന ഹിന്ദുമഹാസഭയുടെയും സങ്കല്പത്തിലുള്ള ഹൈന്ദവരാഷ്ട്രം എന്ന ആശയത്തെ നെഹ്റു അത്യന്തം ഭയപ്പെട്ടിരുന്നു. അടുത്തകാലത്തുമാത്രം ഇന്ത്യയിലുടനീളം സജീവമായിത്തുടങ്ങിയ ഹിന്ദുത്വരാഷ്ട്രം എന്ന ആശയം 1947ല്‍ തന്നെ പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാകുമായിരുന്നു. ഇതു പരിഗണിക്കുമ്പോള്‍ നമ്മുടെ ഭരണഘടനയില്‍ ‘സെക്കുലറിസം’ എന്ന തത്വത്തിനു പ്രാമുഖ്യം നല്‍കിയതിന് നെഹ്റുവിന്റെ ക്രാന്തദര്‍ശിത്വത്തെ നമുക്കഭിനന്ദിക്കാതിരിക്കാനാവില്ല.

നെഹ്റു വിഭാവനം ചെയ്ത സെക്യൂലര്‍ സ്റേറ്റ് എന്ന പദപ്രയോഗം ഒരു ഭാരതീയഭാഷയിലേക്കും കൃത്യമായ അര്‍ഥവിവക്ഷയോടെ വിവര്‍ത്തനം ചെയ്യുക അസാധ്യമാണ്. സെക്കുലര്‍ എന്ന ഇംഗ്ളീഷ് പദത്തിനു പ്രാപഞ്ചികം. ഐച്ഛികം, ഐഹികം, ലോകായതം എന്നൊക്കെയാണ് അര്‍ഥം. മതരാഷ്ട്രമെന്നോ മതേതരരാഷ്ട്രമെന്നോ ഒക്കെയുള്ള സത്തകള്‍ക്കും സെക്കുലര്‍ സ്റ്റേറ്റിന്റെ കൃത്യമായ അര്‍ഥത്തെ വിനിമയം ചെയ്യാന്‍ ആവുകയില്ല. വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും മതം എന്ന് പദത്തേക്കാള്‍ 'ധര്‍മം' എന്ന പദമാണ് റിലിജിയന്‍ എന്ന ഇംഗ്ളീഷ് വാക്കിന്റെ തത്സമമായി ഉപയോഗിക്കപ്പെട്ടുപോരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ മതനിരപേക്ഷതയ്ക്കു പകരം ധര്‍മനിരപേക്ഷം എന്ന പ്രയോഗിച്ചാല്‍ കാര്യങ്ങളാകെ കുഴഞ്ഞുമറിയും. പദപ്രയോഗത്തിലെ ഈ അപകടത്തെക്കുറിച്ചു നെഹ്റു ബോധവാനായിരുന്നു. വിഭജനത്തെതുടര്‍ന്ന് പാകിസ്ഥാന്‍ ഒരു ഇസ്ളാമിക രാഷ്ട്രമെന്നു സ്വയം പ്രഖ്യാപിക്കുമ്പോള്‍ ഭാരതം ഒരു ഹൈന്ദവരാഷ്ട്രമായി കരുതപ്പെടാതിരിക്കാനുള്ള ഒരു മുന്‍കരുതലായിരുന്നു നെഹ്റുവിന്റേത്. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയാന്‍ പര്യാപ്തമായ തത്തുല്യമായ മറ്റൊരു പദത്തിന്റെ അഭാവത്തിലാണ് നെഹ്റു സെക്കുലറിസം എന്ന ലേബല്‍ രാജ്യത്തിന്റെ തിരുനെറ്റിയില്‍ ഒട്ടിച്ചുവച്ചത്. മഹാത്മജിയുടെ പോലും എതിര്‍വാദങ്ങളെ അവഗണിച്ചുകൊണ്ടാണ് നെഹ്റു 1931ല്‍ സെക്കുലര്‍ സ്റ്റേറ്റ് പ്രമേയം കോണ്‍ഗ്രസ് സമ്മേളനത്തെക്കൊണ്ട് അംഗീകരിപ്പിച്ചത്.

സര്‍വമതത്തിനും വിശ്വാസത്തിനും പൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു സ്വതന്ത്ര സെക്കുലര്‍ സ്റ്റേറ്റാണ് നാം പണിതുയര്‍ത്തിയത് എന്ന് നെഹ്റു രാഷ്ട്രത്തോട് പരസ്യമായി പറഞ്ഞു. നെഹ്റുവിന്റെ സെക്കുലറിസം ശുദ്ധമതവിരുദ്ധതയാണെന്നും ഇന്ത്യയുടെ അടിസ്ഥാനവികാരം മതപരമാണെന്നുമുള്ള വാദഗതിക്ക് ഒട്ടേറെ അനുയായികളെ ലഭിച്ചു. അന്നത്തെ ജനസംഘവും അവരുടെ പിന്‍തുടര്‍ച്ചക്കാരായ ആര്‍ എസ് എസ് -ബി ജെ പി കക്ഷികളും നെഹ്റു മതവിരുദ്ധനാണെന്നും പറഞ്ഞു. ഇന്ത്യയുടെ ആദ്ധ്യാത്മപാരമ്പര്യത്തെ മാനിക്കാത്ത ശുദ്ധമതനിഷേധിയുമാണെന്ന് ഹിന്ദുത്വാനുകൂലികള്‍ പറഞ്ഞുകൊണ്ടേയിരുന്നു. പാകിസ്ഥാന്റെ ജനയിതാവായ ജിന്നയും സ്വകാര്യ ജീവിതത്തില്‍ ശുദ്ധമതവിരുദ്ധനായിട്ടുകൂടി അധികാരം നിലനിര്‍ത്താന്‍ ഇസ്ളാമിക് മുഖംമൂടി അണിയുകയായിരുന്നു. പ്രയോഗത്തില്‍ മൃദുഹിന്ദുത്വം പിന്തുടര്‍ന്നിരുന്ന നെഹ്റു തത്വത്തില്‍ സെക്കുലറിസ്റായിരുന്നു. ജിന്നയാകട്ടെ തത്വത്തില്‍ മതനിഷേധിയായിരിക്കുമ്പോള്‍ തന്നെ പ്രയോഗത്തില്‍ ഇസ്ളാമിക മുഖംമൂടി അണിഞ്ഞു. അധികാരം നിലനിര്‍ത്താനുള്ള അടവുകള്‍ പയറ്റി. പില്‍ക്കാലത്ത് ഇരുരാഷ്ട്രങ്ങളെയും കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്ക് തള്ളിയിടുകയായിരുന്നു ഈ നിലപാട്.

ഈ പശ്ചാത്തലത്തില്‍ വേണം ഒ അബ്ദുറഹ്മാന്റെയും ഹമീദ് ചേന്ദമംഗലൂരിന്റെയും വാദഗതികളെ പരിശോധിക്കാന്‍. ഇടതു വലതുമുന്നണികളെ ഒരുപോലെ എതിര്‍ക്കുന്ന ഇവരിരുവര്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബദല്‍ ചിന്തകളോട് ഒരു തരത്തിലും പൊരുത്തപ്പെടാനാവുന്നില്ല. തങ്ങളകപ്പെട്ട വിഷമവൃത്തത്തെക്കുറിച്ചിരുവര്‍ക്കും മതിയായ ബോധ്യമില്ല. സാമ്രാജ്യത്വവിരോധം പോലുള്ള വിഷയങ്ങളില്‍ ഇരുവര്‍ക്കുമുള്ള എതിര്‍പ്പിന്റെ കാഠിന്യത്തെ കുറച്ചുകാണുന്നില്ല. ഇടതും വലതുമല്ലാത്ത - കോണ്‍ഗ്രസും ബി ജെ പിയുമല്ലാത്ത മറ്റേതോ കേന്ദ്രങ്ങളില്‍ നിന്ന് യഥാര്‍ഥ ജനാധിപത്യവും മതേതരത്വവും ഒക്കെ കുതിച്ചുയരുമെന്നു പ്രതീക്ഷിക്കുന്ന ഇത്തരം കാല്പനിക വിപ്ലവകാരികളുടെ കാഴ്ചപ്പാടുകള്‍ സാധാരണ വായനക്കാരന്റെ മുമ്പില്‍ ചതിക്കുഴികള്‍ തീര്‍ക്കുകയാണ്.

ഹമീദ് ചേന്ദമംഗലൂരിന്റെ നിലപാടുകള്‍ ഈയിടെയായി ഏറെ വിചാരണചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ പ്രസിദ്ധമായ ശരിഅത്ത് വിരുദ്ധസമരത്തിന്റെ മുന്‍നിരയിലേക്ക് വേഗം ഉയര്‍ന്നുവന്ന ഒരു പരിഷ്കരണവാദിയായിരുന്നു അദ്ദേഹം. ഇസ്ളാം ഉള്‍പ്പെട്ട ഒരു മതത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്നും എങ്കില്‍ത്തന്നെ ഇസ്ളാംമതത്തിലെ ഇരകളാക്കപ്പെട്ട പാവങ്ങള്‍ക്കുവേണ്ടി വേട്ടക്കാര്‍ക്കെതിരെ വിരല്‍ ചൂണ്ടാനും വിമര്‍ശനശരങ്ങള്‍ വര്‍ഷിക്കാനും തനിക്ക് മാനുഷികമായ കടപ്പാടുണ്ടെന്നും പ്രഖ്യാപിക്കുന്ന കെ ഇ എന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ കാലത്തെ സാമൂഹ്യപരിഷ്കരണ സംരംഭങ്ങളില്‍ ഹമീദ്മാഷിന്റെ പങ്ക് തുലോം തുച്ഛമാണെന്നു ആരും പറഞ്ഞുപോകും.

പിഡിപി-സിപിഐഎം ബന്ധത്തിന്റെ പേരില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് ആഴം കൂട്ടുന്നതരത്തില്‍ നിരന്തരമായി വായ്ത്താരി മുഴക്കുന്ന ഹമീദ് ചേന്ദമംഗലൂരും എം എന്‍ കാരശ്ശേരിയും ഉള്‍പ്പെടെയുളള മതേതര മുസ്ളിം മുദ്രയണിഞ്ഞ പരിഷ്കരണവാദികളുടെ വാദഗതികള്‍ക്ക് പിന്നിലെ കാപട്യത്തെ താഹ മാടായി ഏപ്രില്‍ലക്കം പച്ചക്കുതിര മാസികയില്‍ സസൂഷ്മം വിചാരണചെയ്യുന്നുണ്ട്. അതു കൂടെ ഇവിടെ ചേര്‍ത്തുവച്ചു വായിക്കാവുന്നതാണ്.

മതേതര മുസ്ളിം ഒരു വ്യാജപരികല്‍പ്പന ആണെന്നു താഹ മാടായി മാര്‍ക്സിസ്റ് പാര്‍ടി- മഅ്ദനി ബന്ധത്തെ വിമര്‍ശിക്കുന്നവര്‍ക്കുളള മറുപടിയെന്നനിലയില്‍ സ്ഥാപിക്കുന്നു. താഹയുടെ നിരീക്ഷണം.'മതേതര മുസ്ളിം എന്ന കെട്ടുകഥയ്ക്ക് പകരം സി പി എം രൂപപ്പെടുത്തുന്ന പുതിയ കഥാമൌലൂദുകള്‍ വലിയ കാലൂഷ്യങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഒരു മുസ്ളിമിന് ബദല്‍ മറ്റൊരു മുസ്ളിം അല്ല അങ്ങനെ ആയിരിക്കുകയും അരുത്. മുസ്ളിം സംഘടനകള്‍പോലും പരസ്പരം ബദലുകളല്ല. പൊതു സമ്മതനായ ഒരു ഹിന്ദുവിനുപോലും ഒരു മുസ്ളിം വോട്ടു ചെയ്യുമെന്നതാണ് സത്യം. കാരണം ഒരു മതേതര മുസ്ളിമിനേക്കാള്‍ ശുദ്ധരും നിഷ്കളങ്കരുമാണ് ഒരു യാഥാസ്ഥിതിക മുസ്ളിം.''' ഒരു മുസ്ളിം എന്ന നിലയില്‍ മുസ്ളിം സമുദായത്തിന്റെ സുരക്ഷയെക്കുറിച്ചും സംസാരിക്കാതെ മുസ്ളിം സമുദായത്തെ അഭിസംബോധന ചെയ്യാനോ ഹമീദ് ചേന്ദമംഗല്ലൂരിനോ എം എന്‍ കാരശ്ശേരിക്കോ ഉള്ളതിലും ഏറെ അവകാശം തീര്‍ച്ചയായും അബദുല്‍ നാസര്‍ മഅ്ദനിക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും ഉണ്ട്. ഇവരില്‍ ആരുടെ പക്ഷമാണ് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കു കൂടുതല്‍ ജനസ്വീകാര്യത ലഭ്യമാക്കാന്‍ സഹായകമാവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം പോലൊരു പാര്‍ടി അതിന്റെ പരസ്പരസഹകരണത്തിനുള്ള കൈകള്‍ നീട്ടിക്കൊടുക്കുന്നത്.

വിപുലമാകുന്ന കമ്യൂണിസ്റ് ബഹുജന അടിത്തറയും സെക്കുലര്‍ മുസ്ളിം എന്ന വ്യാജപരികല്‍പ്പനയും

കമ്യൂണിസ്റ് ഇടതുപക്ഷരാഷ്ട്രീയത്തിന് വിപുലമായ ബഹുജന അടിത്തറയാണുള്ളത്. ഇതു മനസ്സിലാക്കാതെയുള്ള വിമര്‍ശനമാണ് മാര്‍ക്സിസ്റുപാര്‍ടി-പിഡിപി സഹകരണത്തെ മുന്‍നിറുത്തി സ്വയം സെക്കുലറിസ്സുകള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള ഇവരുടെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ജനശ്രദ്ധയില്‍പ്പെടുത്തുന്നത്. ഒരു ദശാബ്ദം ജയിലില്‍ പീഡിപ്പിക്കപ്പെട്ടിട്ടും ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കപ്പെടാനാകാത്ത സാഹചര്യത്തില്‍ ജയില്‍ വിമോചിതനായ അബ്ദുല്‍ നാസര്‍ മഅ്ദനിയെന്ന മതാധ്യാപകനും, അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ പാര്‍ടിയും നിരുപാധിക പിന്തുണയുമായി ഇടതുപക്ഷകക്ഷികളെ സമീപിക്കുമ്പോള്‍ ഹോയ് ഹോയ് വിളിച്ച്, സ്വന്തം വഴിത്താരയില്‍ നിന്നു പാവം ദളിതനെ ആട്ടിയകറ്റിയിരുന്ന പഴയ നമ്പൂതിരിയുടെ മട്ടില്‍, അയിത്തം പാലിച്ചു ശുദ്ധത കാക്കണമെന്നു സിപിഐ എമ്മിനെ ഉപദേശിക്കുന്നവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്. പാര്‍ടിയെയും അതിന്റെ ജനകീയാടിത്തറയെയും ശിഥിലമാക്കുക. ഹമീദ് ചേന്ദമംഗലൂര്‍ മാതൃഭൂമി ലേഖനത്തില്‍ താന്‍ കണ്ട തെരഞ്ഞെടുപ്പു ചിത്രങ്ങളെന്ന മട്ടില്‍ ചരടുപൊട്ടിച്ചു പറപ്പിക്കുന്ന പട്ടം യുഡിഎഫിന്റെ മരക്കൊമ്പിലാണ് ഉടക്കിയിരിക്കുന്നത്. മുമ്പേതന്നെ താന്‍ സ്വന്തമാക്കിക്കഴിഞ്ഞ ഇടതുപക്ഷസഹയാത്രികന്‍, പുരോഗമന പക്ഷവാദി, മതേതരമുസ്ളിം തുടങ്ങിയ വിശേഷണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാദങ്ങളെ അവഗണിച്ചു തള്ളുന്നത് ശരിയാവില്ല എന്നതിനാലാണ് അദ്ദേഹത്തിന്റെ വാദഗതികളെ ഇവിടെ കൂടുതല്‍ ചര്‍ച്ചയ്ക്കു വിഷയമാക്കുന്നത്.

തന്റെ ലേഖനത്തില്‍ ഹമീദ് ഊന്നല്‍ കൊടുക്കുന്നത് കേവലമായ മതനിരപേക്ഷത എന്ന ആശയത്തിനാണ്. ഒട്ടും സുഗ്രാഹ്യമല്ല ഇത്. ഇന്ത്യയുടെ ഭൂതകാലചരിത്രത്തില്‍ സംഭവിച്ച രാജ്യവിഭജനം എന്ന കൈത്തെറ്റ് കേവലം മതപരം മാത്രമായിരുന്നു എന്ന ധാരണ ശരിയല്ല. ഹിന്ദു-മുസ്ളിം വേര്‍തിരിവ് തന്നെ നമ്മുടെ ഈ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറുന്നത് സവര്‍ണ ഹിന്ദുമതത്തിന്റെ പീഡനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് എന്ന നിലയിലായിരുന്നു എന്ന കാര്യം ഇസ്ളാമിന്റെ ചരിത്രപരമായ പങ്ക് എന്ന ഗ്രന്ഥത്തില്‍ എം എന്‍ റോയ് നിരീക്ഷിച്ചിട്ടുണ്ട്. മതപ്രവാചകന്മാര്‍ കേവലം മതതത്വങ്ങളുമായി മാത്രമല്ല ജനങ്ങളെ സമീപിച്ചിരുന്നത്. തങ്ങളുടെ കാലത്തെ സമൂഹത്തെ ഗുണപരമായി മുന്നോട്ടു നയിക്കുന്ന മാറ്റത്തിന്റെ ശില്പികള്‍ കൂടെ ആയിരുന്നു അവര്‍. ഇതു മനസ്സിലാക്കാതെയുള്ള മതവിമര്‍ശനമാണ് മതേതരവാദികളെന്ന സ്വയം വിശേഷണത്തില്‍ അഭിരമിക്കുന്ന പല സാമൂഹ്യ ചിന്തകരും നടത്തുന്നത്. ഇതിന്റെ ഫലമായിട്ടാണ് സമീപകാലത്തുയര്‍ന്നുവന്ന പാഠപുസ്തക വിവാദത്തെ മുന്‍നിറുത്തി ചേന്ദമംഗലൂര്‍ ഇങ്ങനെ നീരീക്ഷിക്കുന്നത്. ' "മതനിരപേക്ഷമൂല്യങ്ങളെക്കാള്‍ വലത് മതാന്ധരുടെ പിന്തുണയാണെന്ന തത്വം അംഗീകരിക്കുകയായിരുന്നു സര്‍ക്കാര്‍.''' സത്യമെന്തായിരുന്നു എന്നു നമുക്കേവര്‍ക്കും അറിയാം. ഇത്തരം ചില പാഠപുസ്തക പരാമര്‍ശങ്ങളുടെ പേരില്‍ കേരളം അറബിക്കടലില്‍ താണുപോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടുള്ള പ്രചാരണകോലാഹലങ്ങളാണ് മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ബഹുജനങ്ങള്‍ക്കാരാധ്യരായ മതാധ്യക്ഷരും നടത്തിയത്. ജനങ്ങളുടെ മേല്‍ ഒരു ജനകീയ സര്‍ക്കാരിന് കെട്ടിവയ്ക്കാനാവുന്നതല്ലല്ലോ മതനിരപേക്ഷ മൂല്യങ്ങള്‍. ഇപ്പോള്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മിക്ക മതനിരപേക്ഷ മൂല്യങ്ങളും ഓരോ നിര്‍ദിഷ്ട കാലയളവിനുള്ളില്‍ മതത്തില്‍ നിന്നുതന്നെ പിറവിയെടുത്തവയാണെന്ന കാര്യം മത ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

മതമൌലികവാദികളുടെ അടഞ്ഞ സമൂഹത്തിനു സമാന്തരമായി മറ്റൊരു അടഞ്ഞ സമൂഹം സൃഷ്ടിക്കലല്ല ഇന്നു കമ്യൂണിസ്റ്റു പാര്‍ടികള്‍ ലക്ഷ്യമാക്കുന്നത്.

സമ്പന്ന നാഗരികതയുടെ അളവുകോലുകളും അയഥാര്‍ഥമായ നിഗമനങ്ങളും

താന്‍ ഏതുചേരിയില്‍, തന്റെ വോട്ട് ആര്‍ക്ക് എന്നീ ചോദ്യങ്ങള്‍ക്കൊന്നും ഒരുത്തരവും നല്‍കാത്ത, ആരെയും പിണക്കാത്ത, ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന തരത്തില്‍ അസംഘടിതരുടെ സംഘപ്പൊരുള്‍ എന്ന പേരില്‍ കഥാകൃത്ത് സേതു ഈ ചര്‍ച്ചയില്‍ പങ്കു ചേരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഒട്ടുമുക്കാലും, സര്‍ഗാത്മകസാഹിത്യകാരന്റെ ധിഷണാവൈഭവത്തിന് നിരക്കുന്നവ തന്നെ. സംഘടിത സമൂഹങ്ങള്‍ അസംഘടിതരായി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നവരുടെ അവകാശങ്ങളെ അപഹരിക്കുന്നു എന്നത് നമ്മള്‍ കേട്ടുപഴകിയ പല്ലവിയാണ്. ഇദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ പലതും ഉപരിപ്ലവപരവും ഏറെക്കുറെ വികസിത പാശ്ചാത്യനാടുകളെ അവലംബിച്ചു നടത്തിയിട്ടുള്ള പഠനങ്ങളുടെ ഉല്പന്നങ്ങളുമാണ്. നമ്മുടെ നാട്ടിലെ യുവജനങ്ങളില്‍ രാഷ്ട്രീയ നിസ്സംഗത വളര്‍ന്നുവരുന്നു, അവര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുന്നു എന്നൊക്കെ ഉളള നിഗമനങ്ങള്‍ ലഭ്യമായ കണക്കുകള്‍ ശരിവയ്ക്കുന്നില്ല. മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഏറെക്കുറേ 80% ആളുകള്‍ വോട്ടു രേഖപ്പെടുത്തുന്നതായിട്ടാണ് ഔദ്യോഗിക - അനൌദ്യോഗിക കണക്കുകള്‍. സേതു ആക്ഷേപിക്കുന്നതുപോലെ യുവജനങ്ങള്‍ പ്രത്യേകമായ ഒരു രാഷ്ട്രീയവിമുഖതയും കാണിക്കുന്നതായും നമുക്കനുഭവപ്പെടുന്നില്ല. അദ്ദേഹം പറയുന്ന അസംഘടിതരായ അസംതൃപ്തര്‍ എന്ന നിലയില്‍ നമ്മള്‍ കാണുന്നത് ബഹുരാഷ്ട്രകുത്തകകള്‍ക്കുവേണ്ടി സേവനം ചെയ്യുന്നവരും, മോശമല്ലാത്ത പ്രതിഫലം കൈപ്പറ്റുന്നവരും, തോട്ടം ഉടമകളും, ബിസിനസ്സ് കോര്‍പറേറ്റുകളോടു ബന്ധപ്പെട്ട എക്സിക്യൂട്ടീവുകളും മറ്റുമാണ്. അവര്‍ സദാ അരാഷ്ട്രീയതയുടെ സുവിശേഷം ഉരുവിട്ടുകൊണ്ടിരിക്കും. പഞ്ചനക്ഷത്രസൌകര്യങ്ങളില്‍ അന്തിയുറങ്ങുന്നവരും സ്വന്തം നാട്ടില്‍ വേരുകളില്ലാത്തവരുമായ ഇത്തരക്കാരുടെ പരിദേവനങ്ങള്‍ക്ക് കാതോര്‍ക്കാനുളള സമയമല്ല ഇത് എന്നതിനാല്‍ ഇതിലെ പല നിഗമനങ്ങളെയും അവഗണിക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്പാര്‍ടിയായ സിപിഐ എം ഇന്ന് ലോകത്തിന്റെ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ് പാര്‍ടിയാണ്. ഈ പാര്‍ടിയുടെ വര്‍ധിച്ചുവരുന്ന ജനകീയാടിത്തറയില്‍ വെകളിപൂണ്ട പ്രതിലോമശക്തികളോടൊപ്പം ചില മതനിരപേക്ഷ മൌലികതാവാദികളും രംഗത്ത് വന്നിരിക്കുന്നതിന്റെ പ്രതിഫലനമാണ് ഇവിടെ ചര്‍ച്ചാവിഷയമായ ' 'എന്റെ വോട്ട് - എന്റെ രാഷ്ട്രീയം' ' എന്ന മാതൃഭൂമി വാരികയിലെ ലേഖന സമാഹാരം.

കെ സി വര്‍ഗീസ് ദേശാഭിമാനി

4 comments:

  1. ഏറെക്കാലമായി തീവ്രമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മതേതരത്വം. കോണ്‍ഗ്രസു മുതല്‍ ബിജെപി വരെയുള്ള സര്‍വരാഷ്ട്രീയ കക്ഷികളും നാഴികയ്ക്ക് നാല്പതുവട്ടം മതേതരത്വത്തെ പിടിച്ച് ആണയിടുന്നു. തങ്ങളിലാരാണ് കൂടുതല്‍ മതേതരവാദികളെന്നതിനെക്കുറിച്ച് മതാധിഷ്ഠിത രാഷ്ട്രീയകക്ഷികള്‍പോലും വീറോടും വാശിയോടും തര്‍ക്കിക്കുന്നു. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ അടിസ്ഥാന ഭരണഘടനാതത്വങ്ങളോടുളള ഈ കക്ഷികളുടെ പ്രതിബദ്ധത കപടമാണെന്ന് ബഹുജനങ്ങള്‍ക്ക് പലവട്ടം ബോധ്യപ്പെട്ടുകഴിഞ്ഞിട്ടും എന്തിനാണിവര്‍ ഈ തര്‍ക്കം തുടരുന്നത്?

    ReplyDelete
  2. രസകരമായിരിക്കുന്നു..

    മതേതരത്വത്തെ കുറിച്ച് ഒരു ഫാസ്സിറ്റ്‌ ന്റെ വേവലാതികള്‍..

    http://bhaarathaamba.blogspot.com/

    ReplyDelete
  3. പക്ഷേ വി കെ ശ്രീരാമന്‍ ഇത്തവണ വോട്ട് ചെയ്തില്ലെന്നും മാതൃഭൂമി പറഞ്ഞു. അപ്പോള്‍ ആഴ്ചപ്പതിപ്പിലെ സ്വപ്നവാദം മുഴുവന്‍ പൊളിഞ്ഞു. അതിനെപ്പറ്റി ഒരാള്‍ എഴുതിയ ഒരു കത്തുണ്ട് പുതിയ ലക്കത്തില്‍

    ReplyDelete
  4. എന്ത് കൊണ്ട് വോട്ട് ചെയ്തില്ല എന്ന് അറിയാമോ? വാര്‍ത്ത കണ്ടില്ല. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ശ്രീരാമന്‍ ഒഴിവാക്കാനാവാത്ത എന്തെങ്കിലും അസൌകര്യം മൂലമായിരിക്കണം വോട്ട് ചെയ്യാതിരുന്നത്. സ്വപ്നവാദം അക്കാ‍രണം കൊണ്ട് തകരുകയില്ല.

    ReplyDelete