(ഞങ്ങള്‍ക്കു വന്ന ഒരു കത്തും അതിനുള്ള മറുപടിയും ഇതോടൊപ്പം - എന്‍. പി. ചന്ദ്രശേഖരന്‍, പീപ്പിള്‍ ടി.വി)
കത്ത്:
ഞാന്‍ പതിവായി വൈകുന്നേരം 6.30നുള്ള വാര്‍ത്ത കേള്‍ക്കാറുണ്ട്. 4.5.09ലെ വാര്‍ത്തയിലെ ഒരു പ്രസ്താവനയാണ് എന്നെ ഈ ലറ്റര്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്ന അര്‍ത്ഥത്തിലായിരുന്നു വാര്‍ത്ത.
3.5.09-ല്‍ ദിഗ്വിജയ്സിംഗുമായി കരണ്‍താപ്പറിന്റെ അഭിമുഖവും (NDTV)ഞാന്‍ കണ്ടിരുന്നു. (അതിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത) കോണ്‍ഗ്രസ് വിജയിക്കുമെന്നും തീര്‍ച്ചയായും അധികാരത്തില്‍ വരുമെന്നും ദിഗ്വിജയ്സിംഗ് ആവര്‍ത്തിച്ചു വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന കരണ്‍താപ്പറിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ്, ഭരണത്തില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുകയില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും ദിഗ്വിജയ്സിംഗ് മറുപടി പറഞ്ഞത്.
വാസ്തവത്തില്‍ ആ ചോദ്യവും മറുപടിയും ആവശ്യമില്ലാത്തതായിരുന്നു. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന (ഭൂരിപക്ഷം കിട്ടുന്ന) രാഷ്ട്രീയപാര്‍ട്ടി ഗവണ്‍മെന്റ് രൂപീകരിക്കുമെന്നും അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നുമുള്ള വിവരം വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാര്‍ക്കുപോലും അറിയാവുന്ന ഒരു പരമാര്‍ത്ഥമല്ലേ? ആ വിവരം ദിഗ്വിജയ്സിംഗ് ചോദ്യത്തിനു മറുപടിയായി പറഞ്ഞെന്നുമാത്രം. ആത്മവിശ്വാസത്തിന്റെ പേരില്‍, തോറ്റാലും ഞങ്ങള്‍ ഗവണ്‍മെന്റുണ്ടാക്കു മെന്നാണോ മറുപടി പറയേണ്ടിയിരുന്നത്?
ഞാന്‍ കോണ്‍ഗ്രസ്സ് അല്ല, ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പ്രത്യക കൂറുള്ളവനല്ല. എങ്കിലും വാര്‍ത്തയിലെ ഈ വളച്ചൊടിപ്പ് (അതിലുണ്ടായ ഗുരുതരമായ ആശയമാറ്റത്തെപ്പറ്റി അറിവില്ലാതിരുന്നതുകൊണ്ടാണോ എന്നറിയില്ല) എന്നില്‍ അവജ്ഝയാണുണ്ടാക്കിയത്.
ഇക്കാര്യം ഒന്ന് പരിശാധിച്ച് നാക്കിയാല്‍ കൊള്ളാം.
എം. രാമചന്ദ്രന്‍ നായര്‍
മറുപടി:
കരണ്‍ താപ്പര്‍ ദിഗ്വിജയ്സിംഗുമായി നടത്തിയ അഭിമുഖത്തിന്റെ വാര്‍ത്ത കൈരളി ടി വി വളച്ചൊടിച്ചു കൊടുത്തു എന്ന താങ്കളുടെ അഭിപ്രായം അറിയിക്കുന്ന കത്തുകിട്ടി. താഴെപ്പറയുന്ന കാര്യങ്ങള്‍ അറിയിക്കട്ടെ.
1.ആ വാര്‍ത്ത രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം പൊതുവ കൈരളി ടി വി റിപ്പാര്‍ട്ടു ചെയ്ത നിലയില്‍ തന്നെയാണ് റിപ്പാര്‍ട്ട് ചെയ്തത്. ഉദാഹരണം - congress ready to play role of opposition: Dig Vijay (CNN-IBN)
2. താങ്കള്‍ നിരീക്ഷിക്കുന്നതുപോലെ "തോറ്റാല്‍ എന്തു ചെയ്യും" എന്ന 'അനാവശ്യ' ചോദ്യമല്ല താപ്പര്‍ ചോദിച്ചത്. "UPAയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പുതിയ സഖ്യകക്ഷികളെ കണ്ടെത്തുമോ" എന്ന പ്രസക്തമായ ചോദ്യമാണ്.
3. താങ്കള്‍ നിരീക്ഷിക്കുന്നതുപോലെ "തോറ്റാല്‍ പ്രതിപക്ഷത്തിരിക്കും" എന്ന ലളിതമായ ഉത്തരമല്ല ദിഗ്വിജയ് സിംഗ് പറഞ്ഞത്. "ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ മാനം ഇടിഞ്ഞുവീഴി"ല്ലെന്ന പരാമര്‍ശത്തിലൂടെ യു പിഎയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പുതിയ സഖ്യകക്ഷികളെ കണ്ടെത്തി കൂട്ടുമന്ത്രിസഭയോ പിന്തുണയ്ക്കുന്ന മന്ത്രിസഭയാ ഉണ്ടാക്കില്ലെന്ന തീര്‍ത്തും പ്രധാനപ്പെട്ട ഉത്തരമാണ്.
4. താപ്പറിന്റെ ചോദ്യത്തിന്റെ രാഷ്ട്രീയമായ അര്‍ത്ഥം, യു പി എയ്ക്കു തനിച്ചു ഭരിക്കാനായില്ലെങ്കില്‍ BJPയ്ക്കു പങ്കാളിത്തമോ BJP പിന്തുണ നല്‍കുന്നതോ ആയ സര്‍ക്കാര്‍ വരാതിരിക്കാന്‍ എന്തു ചെയ്യും എന്നാണ്. കോണ്‍ഗ്രസ്, BJP ഇതര മതേതരകക്ഷികളോടു ചേര്‍ന്നു സര്‍ക്കാരുണ്ടാക്കുകയോ അല്ലെങ്കില്‍ അങ്ങനെയൊരു സര്‍ക്കാരിനു പുറത്തു നിന്നു പിന്തുണ നല്‍കുകയോ ചെയ്യുമോ എന്നാണ്.
5. ദിഗ്വിജയിന്റെ ഉത്തരത്തിന്റെ രാഷ്ട്രീയമായ അര്‍ത്ഥം, ആ രണ്ടു സാധ്യതയും തള്ളിക്കളയുന്നു എന്നതാണ്; തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള സാഹചര്യത്തിലെ മതതര കടമകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കടമ നിറവറ്റുന്നതിനെപ്പറ്റി തല്‍കാലത്തേക്കെങ്കിലും കോണ്‍ഗ്രസ് ആലോചിക്കുന്നില്ല എന്നതാണ്.
മാത്രവുമല്ല, കൈരളി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതുപോലെ കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസക്കുറവും ദിഗ്വിജയിന്റെ മറുപടിയില്‍ പ്രതിഫലിക്കുന്നുണ്ട്. "തോറ്റാലോ" എന്ന് എത്ര തവണ ചോദിച്ചാലും ജയിക്കും എന്ന് ആത്മവിശ്വാസമുള്ള നേതൃത്വം "തോല്‍ക്കില്ല" എന്ന ഉത്തരമേ പറയൂ. ജയിക്കുമെന്ന് കോണ്‍ഗ്രസ്സിന് ഉറപ്പുണ്ടായിരുന്നെങ്കില്‍ 64 വയസ്സും 38 കൊല്ലത്തെ രാഷ്ട്രീയ പ്രവര്‍ത്തനപരിചയവുമുള്ള, വാര്‍ത്താലേഖകരുടെ ഒരുപാടു ചോദ്യം കേട്ടു മുതിര്‍ന്ന, ദിഗ്വിജയ്സിംഗ് തോറ്റാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് പറയില്ല. BJP-കാണ്‍ഗ്രസ്സിതര മതതര സര്‍ക്കാര്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഉണ്ടാകും എന്ന സാധ്യത നിലനില്‍ക്കുന്നില്ലെന്ന സന്ദശം, കോണ്‍ഗ്രസ് ചേരിയിലില്ലാത്ത മതേതര കക്ഷികള്‍ക്കു നല്‍കുക എന്ന രാഷ്ട്രീയ ദൌത്യമാണ് ആ മുതിര്‍ന്ന നേതാവ് നിറവറ്റിയത്.
അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത സൃഷ്ടിക്കുന്ന അനുഭവങ്ങളില്‍ നിന്നാവാം രാമചന്ദ്രന്‍ നായര്‍ തന്റെ നിഗമനത്തില്‍ എത്തിയത്. അദ്ദേഹത്തിന്റെ ആ ധാരണ തെറ്റല്ല. മാധ്യമപ്രവര്‍ത്തനത്തില്‍ അങ്ങനെയും ചെയ്യുന്നവരുണ്ട്. മൂന്നു പതിറ്റാണ്ടിന്റെ തൊഴില്‍ പരിചയമുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കരണ്‍ താപ്പറിന്റെ ഈ ചോദ്യത്തെയും അതിനെപ്പററി കൈരളിയടക്കമുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളയും അത്തരം മാധ്യമ പ്രവര്‍ത്തനാഭാസത്തില്‍ പെടുത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടട്ടെ. താപ്പറിന്റെ ഈ ചോദ്യം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കി നടത്തിയ മികച്ച ഇടപെടലാണ്. കൈരളി അടക്കമുള്ള മാധ്യമങ്ങള്‍ ചെയ്തത്, ആ അഭിമുഖത്തിന് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ നല്‍കാവുന്ന ഏറ്റവും മികച്ച റിപ്പാര്‍ട്ടിംഗുമാണ്.
രാഷ്ട്രീയത്തിന്റെയും വാര്‍ത്താ പ്രവര്‍ത്തനത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്താന്‍ പ്രേക്ഷകര്‍ മുതിരുന്നത് തീര്‍ത്തും ആഹ്ളാദകരമാണ്. ആ പ്രക്രിയയെ സഹായിക്കാനാണ് ശ്രീ രാമചന്ദ്രന്‍ നായരുടെ കത്തും മറുപടിയും പ്രസിദ്ധീകരിക്കുന്നത്. കത്തിന് രാമചന്ദ്രന്‍ നായര്‍ക്കു നന്ദി.
രാഷ്ട്രീയത്തിന്റെയും വാര്‍ത്താ പ്രവര്‍ത്തനത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്താന്‍ പ്രേക്ഷകര്‍ മുതിരുന്നത് തീര്‍ത്തും ആഹ്ളാദകരമാണ്.
ReplyDelete