ദൈനംദിന ജീവിതത്തിന്റെയും സമൂഹത്തിന്റെ സര്‍വതോമുഖമായ വികസനത്തിന്റെയും ചാലകശക്തിയാണ് വൈദ്യുതി. അതുകൊണ്ടുതന്നെ ജനപക്ഷത്തുള്ള ഏതൊരു സര്‍ക്കാരും വൈദ്യുതി മേഖലയെ കരുതലോടും ദീര്‍ഘവീക്ഷണത്തോടും മാത്രമേ സമീപിക്കൂ. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഈ രംഗത്തും നിരന്തരം സങ്കുചിതരാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. സിബിഐ, ജുഡീഷ്യറി, ഗവര്‍ണര്‍മാര്‍ തുടങ്ങി എന്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് കരുവാക്കുന്നതുപോലെ വൈദ്യുതിയെയും ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും ഒടുവിലിതാ, കേരളത്തിനുള്ള വൈദ്യുതിവിഹിതത്തില്‍നിന്ന് 75 മെഗാവാട്ട്കൂടി കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നു. അഭൂതപൂര്‍വമായ വേനല്‍ച്ചൂടില്‍ സംസ്ഥാനം വെന്തുരുകുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ 'സമ്മാനം'. ഇത് കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഇരുട്ടടിയാണ്. ഒന്നാമത്, രാജ്യം പൊതുവെ വൈദ്യുതിപ്രതിസന്ധിയില്‍ ഉഴലുമ്പോഴും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ പിടിച്ചുനില്‍ക്കുന്നതിനുള്ള 'ശിക്ഷ'. രണ്ടാമത്, പച്ചയായ രാഷ്ട്രീയ പകപോക്കല്‍.
ലോക്സഭാതെരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണത്തിന് തമിഴ്നാടിന് കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്നതിനാല്‍ അങ്ങോട്ടുനല്‍കുന്നതിനാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിനോടൊപ്പം കര്‍ണാടകത്തിനുള്ള വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈ രണ്ട് സംസ്ഥാനത്തോടും സ്വീകരിച്ച സമീപനം നോക്കിയാല്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ ദുഷ്ടലാക്ക് വ്യക്തമാകും. ശരാശരി 7000 മെഗാവാട്ടാണ് കര്‍ണാടകത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം. കേരളത്തിന്റേത് ശരാശരി 2800 മെഗാവാട്ടും. എന്നാല്‍, കര്‍ണാടകത്തിനുള്ള കേന്ദ്രവിഹിതം 25 മെഗാവാട്ട് വെട്ടിക്കുറച്ചപ്പോള്‍, കേരളത്തിന്റേത് 75 മെഗാവാട്ട് കുറച്ചു.
വൈദ്യുതിവിഹിതത്തിന്റെ കാര്യത്തില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം ഇതാദ്യമല്ല. 1041 മെഗാവാട്ടാണ് കേരളത്തിന് അനുവദിക്കപ്പെട്ട കേന്ദ്രവൈദ്യുതി വിഹിതം. കായംകുളം താപനിലയത്തില്‍നിന്നുള്ള വിലകൂടിയ വൈദ്യുതി ഉപയോഗിക്കുന്നത് കണക്കിലെടുത്ത് താല്‍ച്ചാര്‍ താപ വൈദ്യുതിനിലയത്തില്‍നിന്നുള്ള വിലകുറഞ്ഞ വൈദ്യുതി 180 മെഗാവാട്ടും കേരളത്തിന് അനുവദിച്ചു. കൂടാതെ അ അലോക്കേറ്റഡ് വിഹിതമായി 144 മെഗാവാട്ടും. ഇത് പിന്നീട് കേവലം 13 മെഗാവാട്ടായി കുറച്ചു. ഇതിനുപുറമെയാണ് കായംകുളത്തിന് പകരമുള്ള 180 മെഗാവാട്ടില്‍നിന്ന് ഇപ്പോള്‍ 75 മെഗാവാട്ട് കുറച്ചത്.
ശാസ്ത്രീയവും കാര്യക്ഷമവുമായ ഊര്‍ജമാനേജ്മെന്റിലൂടെയാണ് കേരളം വൈദ്യുതിരംഗത്ത് നിയന്ത്രണങ്ങളൊന്നുമില്ലാതെ പിടിച്ചുനില്‍ക്കുന്നത്. ഏറ്റവും ഒടുവില്‍, താരതമ്യേന തണുപ്പുള്ള നവംബര്‍-ജനുവരി കാലയളവില്‍ ഇന്ത്യന്‍ ആഭ്യന്തരവിപണിയില്‍നിന്ന് വിലകുറഞ്ഞ പരമാവധി വൈദ്യുതി കേരളം വിലകൊടുത്തുവാങ്ങി. ഈ സമയത്ത് കേരളത്തിലെ ജലപദ്ധതികളില്‍ ഉല്‍പ്പാദനം കുറച്ച് പരമാവധി വെള്ളം സംഭരിച്ചു. കഴിഞ്ഞവര്‍ഷം (2007-08) 930 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്ര വെള്ളമാണ് സംഭരണികളില്‍ ലഭിച്ചത്. ഇക്കൊല്ലമാകട്ടെ 540 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം മാത്രവും. എന്നിട്ടും ജൂണ്‍ പകുതിവരെ ആവശ്യമുള്ള വെള്ളം കരുതിവയ്ക്കാന്‍ കഴിഞ്ഞത് ഊര്‍ജമാനേജ്മെന്റിന്റെ മികവ് മൂലമാണ്. പവര്‍കട്ടും ലോഡ് ഷെഡിങ്ങുമില്ലാതെതന്നെ പിടിച്ചുനില്‍ക്കുന്നതും അതുകൊണ്ടുതന്നെ. ഇക്കാര്യത്തില്‍ ഇന്ത്യക്കാകെ മാതൃകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാരാകട്ടെ മറ്റുപല മേഖലകളിലുമെന്നപോലെ വൈദ്യുതിഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും മൂര്‍ത്തമായി ഒന്നുംചെയ്യാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്. വൈദ്യുതി പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിനുള്ളതാണ് ആണവകരാര്‍ എന്ന പ്രചാരണവും ഇതിന്റെ ഭാഗമായിരുന്നു. 2010 ല്‍ 20,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ആണവകരാര്‍ ലക്ഷ്യമിടുന്നത്. അക്കാലത്ത് ആവശ്യമുള്ളതാകട്ടെ നാലരലക്ഷം മെഗാവാട്ടും. അതായത് ആവശ്യകതയുടെ ഏതാണ്ട് നാല് ശതമാനം മാത്രം. സ്വന്തം കഴിവില്ലായ്മയുടെ ദുരന്തഫലമാകട്ടെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുമേല്‍ കെട്ടിവയ്ക്കുന്നു. അതാണിപ്പോള്‍ വൈദ്യുതി വിഹിതത്തിന്റെ കാര്യത്തിലും സംഭവിച്ചത്. നിരന്തരമായ ബോധവല്‍ക്കരണം, വ്യവസായശാലകളുടെ അവധി-പ്രവൃത്തിസമയ ക്രമീകരണം തുടങ്ങിയവയിലൂടെ കേരളത്തില്‍ വൈദ്യുതഉപഭോഗം നന്നായി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, വേനല്‍ കടുത്തതോടെ വൈദ്യുതഉപഭോഗം വന്‍തോതില്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഇത് സര്‍വകാല റെക്കോഡിലെത്തി. അതായത് കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സമയമാണിത്. അപ്പോഴാണ് നിലവിലുള്ള വിഹിതംതന്നെ കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി.
ദേശാഭിമാനി മുഖപ്രസംഗം 110509
ദൈനംദിന ജീവിതത്തിന്റെയും സമൂഹത്തിന്റെ സര്‍വതോമുഖമായ വികസനത്തിന്റെയും ചാലകശക്തിയാണ് വൈദ്യുതി. അതുകൊണ്ടുതന്നെ ജനപക്ഷത്തുള്ള ഏതൊരു സര്‍ക്കാരും വൈദ്യുതി മേഖലയെ കരുതലോടും ദീര്‍ഘവീക്ഷണത്തോടും മാത്രമേ സമീപിക്കൂ. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഈ രംഗത്തും നിരന്തരം സങ്കുചിതരാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. സിബിഐ, ജുഡീഷ്യറി, ഗവര്‍ണര്‍മാര്‍ തുടങ്ങി എന്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് കരുവാക്കുന്നതുപോലെ വൈദ്യുതിയെയും ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും ഒടുവിലിതാ, കേരളത്തിനുള്ള വൈദ്യുതിവിഹിതത്തില്‍നിന്ന് 75 മെഗാവാട്ട്കൂടി കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നു. അഭൂതപൂര്‍വമായ വേനല്‍ച്ചൂടില്‍ സംസ്ഥാനം വെന്തുരുകുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ 'സമ്മാനം'. ഇത് കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഇരുട്ടടിയാണ്. ഒന്നാമത്, രാജ്യം പൊതുവെ വൈദ്യുതിപ്രതിസന്ധിയില്‍ ഉഴലുമ്പോഴും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ പിടിച്ചുനില്‍ക്കുന്നതിനുള്ള 'ശിക്ഷ'. രണ്ടാമത്, പച്ചയായ രാഷ്ട്രീയ പകപോക്കല്‍.
ReplyDeleteഇവിടെ ഇടതനും വലതനും ഒരുമിച്ചു കാറിയാലേ കേന്ദ്രത്തില്‍ നിന്നു വല്ലതും കിട്ടൂ. ഇനീപ്പോ ഉള്ളതും കൂടി പോയാലും ആര്‍ക്കാണു ചേതം ? തമ്മില്‍ത്തമ്മിലുള്ള തൊഴുത്തില്‍ക്കുത്ത് നിര്‍ത്തി ഒന്നാഞ്ഞു പിടിച്ചുനോക്കിയാല്‍ അപ്പൊ ഫലമറിയും. അതിനാര്‍ക്കാണു നേരം.. ?
ReplyDeleteകേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഒരു അടിമ ഉടമ ബന്ധമല്ലല്ലോ കൊട്ടോടിക്കാരാ. കാറാതെ തന്നെ നല്‍കേണ്ടത് നല്‍കുവാനും പക്ഷപാതിത്വമില്ലാതെ ഭരണം കൊണ്ടു നടക്കുവാനും കേന്ദ്രസര്‍ക്കാരിനു ബാധ്യത ഉണ്ട്.
ReplyDelete