Thursday, May 28, 2009

ലോകസഭാ തെരഞ്ഞെടുപ്പും 'വിശ്വാസികളുടെ വിജയ'വും

കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികള്‍ പൊതുവെയും, കത്തോലിക്കര്‍ പ്രത്യേകിച്ചും, ഇടതുപക്ഷ വിരുദ്ധചേരിയില്‍ അണിചേര്‍ന്ന്, വലതുപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സഭാധികാരികള്‍ കളമൊരുക്കി. പല രൂപതകളിലും ഇടവക-ഫൊറോന-രൂപതാ തലത്തില്‍ സമിതികള്‍ക്കു രൂപംകൊടുത്തു. പ്രകടനങ്ങളും പൊതുയോഗങ്ങളും കുടുംബകൂട്ടായ്മകളും സംഘടിപ്പിച്ചു. പലയിടങ്ങളിലും വൈദികര്‍ അവരുടെ പള്ളിയള്‍ത്താരകള്‍ തെരഞ്ഞെടുപ്പുവേദികളാക്കി. വീടുവീടാന്തരമുള്ള സ്ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി കന്യാസ്ത്രീകളടക്കം ഇടപെട്ടു. കത്തോലിക്കാ മെത്രാന്‍ സമിതികള്‍ അവരുടെ ഇടയലേഖനങ്ങളില്‍ നിക്ഷ്പക്ഷതയുടെ മുഖം കാട്ടിയെങ്കിലും, അവയുടെ അന്തര്‍ധാര ഇടതുപക്ഷവിരുദ്ധമായിരുന്നുവെന്ന് ഒറ്റവായനയില്‍ പ്രകടമായിരുന്നു. ആ ധാരയുടെ പിന്‍ബലത്തിലാണ് വൈദികര്‍ അവരുടെ ഇടവകകളില്‍ വിശദീകരിച്ചു പ്രസംഗിച്ചതും പരസ്യമായി ഇടപെട്ടു പ്രവര്‍ത്തിച്ചതും. കേരളചരിത്രത്തില്‍ കത്തോലിക്കാ വൈദികരും കന്യാസ്ത്രീകളും ഇത്ര പരസ്യമായി രാഷ്ട്രീയത്തില്‍ ഇടപെട്ട സംഭവമില്ല - 1959 ലെ 'വിമോചന'സമരമൊഴിച്ചാല്‍. ഇത്ര വോട്ടിനു വലതുപക്ഷസ്ഥാനാര്‍ഥി ജയിച്ചില്ലെങ്കില്‍ ഞാന്‍ അങ്ങേയറ്റം മാനിക്കുന്ന എന്റെ ളോഹപോലും ഊരിക്കളയും എന്നുവരെ വാശിയോടെ പന്തയം വച്ച വൈദികരുണ്ടായിരുന്നു.

യുഡിഎഫ് അഭൂതപൂര്‍വമായ തെരഞ്ഞെടുപ്പുനേട്ടം കൈവരിച്ചു. ചില മാധ്യമങ്ങളുടെ വിലയിരുത്തലില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ചാലക്കുടി, മാവേലിക്കര എന്നീ എട്ടു മണ്ഡലത്തില്‍ ക്രൈസ്തവരുടെ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന്റെ വിജയത്തിനു കാരണമായെന്നാണ്. ചങ്ങനാശേരി മുന്‍ രൂപതാധിപന്‍ മാര്‍ ജോസഫ് പവ്വത്തിലും എറണാകുളം അങ്കമാലി അതിരൂപതാ തലവന്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും എല്ലാ മെത്രാന്മാര്‍ക്കുവേണ്ടി ഈ വിജയം ക്രൈസ്തവരുടെ വിജയമായി, ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള ജനവിധിയായി എടുത്തു കാട്ടിക്കഴിഞ്ഞു. മതമൌലികത രൂഢമൂലമായാല്‍ അന്ധത അതിന്റെ അനിവാര്യഘടകമെന്നു കേട്ടിട്ടുണ്ടെങ്കിലും അനുഭവസ്ഥമായത് ഇപ്പോഴാണ്.

കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരാണ് സഭയുടെ എന്നത്തെയും കണ്ണിലെ കരട്. ഇടതുപക്ഷം എത്ര ജനക്ഷേമകരമായ നടപടികളെടുത്താലും സഭ അതൊന്നും കാണാതെപോകുന്നു. 'നിരീശ്വരത്വം' എന്ന ഏറുപടക്കം ഇടതുപക്ഷത്തിനെതിരെ പൊട്ടിച്ച് ഇവര്‍ സാഘോഷം മുന്നേറുന്നു. ഇടതുപക്ഷസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പദ്ധതികളൊക്കെത്തന്നെ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ്, അവര്‍ ദൈവവിശ്വാസിയാണോ ദൈവനിഷേധിയാണോ എന്ന പരിഗണനയൊന്നുമില്ലാതെ. പദ്ധതികളുടെ സെക്കുലര്‍ സ്വഭാവം ശ്രദ്ധേയമായ ഒന്നാണ്. ഈ സര്‍ക്കാര്‍ ആസൂത്രണംചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുമുഖ പരിപാടികള്‍ക്കുള്ള മറ്റൊരു സവിശേഷത ഇവയുടെ ഊന്നല്‍ സമൂഹത്തിലെ തഴയപ്പെട്ട, ഓരങ്ങളിലേക്കു തള്ളിനീക്കപ്പെട്ട, സാമൂഹ്യമായും സാമ്പത്തികമായും അവശത അനുഭവിക്കുന്ന ജനങ്ങളുടെ ഉന്നമനമാണ്. അതേസമയം യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കൊണ്ടുവന്നിട്ടുള്ള മിക്ക പദ്ധതികളുടെയും ക്ഷേമലക്ഷ്യം എന്തായിരുന്നു? വ്യക്തമായും മുതലാളിത്തപരം തന്നെ. സഭാനേതൃത്വം, യേശുദര്‍ശനത്തിന്റെയും ക്രിസ്തീയ/ധാര്‍മിക തത്വങ്ങളുടെയും വെളിച്ചത്തില്‍ വസ്തുനിഷ്ഠമായി ഇന്നു കേരളം ഭരിക്കുന്ന സര്‍ക്കാരിനെ വിലയിരുത്തിയാല്‍, ഒരു രീതിയിലും അവരെ എതിര്‍ക്കാന്‍ പറ്റുകയില്ല. യേശു തന്റെ ജീവിതത്തിലൂടെയും പഠനത്തിലൂടെയും എടുത്തുകാട്ടിത്തന്ന ദരിദ്രപക്ഷ ഇടപെടല്‍, കൂടുതല്‍ ശാസ്ത്രീയമായും സംഘടിതമായും ഈ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്തുവരുന്നത്. എങ്ങനെയാണ് യേശുവിനെയും തന്റെ ദര്‍ശനത്തെയും മാതൃകയായി എടുത്ത സഭാധികാരികള്‍ക്ക് ഇവരെ എതിര്‍ക്കാന്‍ പറ്റുക? ഒരിക്കലും പറ്റുകയില്ല. യേശുവിന്റെ പക്ഷം വെടിഞ്ഞിട്ട്, കോസ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമികളാണവരെങ്കില്‍ ഈ സര്‍ക്കാരിന്റെ ചെയ്തികളെ എതിര്‍ക്കേണ്ടിവരും. അപ്പോള്‍ അടിസ്ഥാന ചോദ്യമിതാണ്; ഇന്നത്തെ സഭാമേലധ്യക്ഷന്മാര്‍ യേശുവിനൊപ്പമോ കോസ്റന്റൈയിനൊപ്പമോ?

പ്രകടമായി സഭ സംഘടിതമായി എതിര്‍ത്തതു സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസനിയമത്തെയാണ് - അതിനോടനുബന്ധിച്ച് ഒത്തിരി കോടതിയുദ്ധങ്ങളും. മിക്ക കേസുകളുടെ വിധികളും സര്‍ക്കാര്‍ നിലപാടിനു എതിരുമായിരുന്നു. എന്താണിത് കാണിക്കുന്നത്? സാമൂഹ്യനീതിയും മെരിറ്റും ഉറപ്പുവരുത്തുന്ന നിയമത്തെ സഭാനേതൃത്വം അട്ടിമറിക്കുന്നു. അതായത് സഭ സമ്പന്നരുടെ പക്ഷത്തു വേരുറപ്പിക്കുന്നു. കോടതിയോ അവര്‍ക്കു കാവല്‍നില്‍ക്കുന്നു. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നതു സര്‍ക്കാരല്ല, പാവപ്പെട്ട ജനമാണ്. അതേ, സഭയുടെ ഏറെ പണവും സമയവും ചെലവഴിച്ചുകൊണ്ടുള്ള ഈ നിയമയുദ്ധം സാമാന്യജനവിരുദ്ധമാണ്. അക്കാരണത്താല്‍തന്നെ യേശുവിരുദ്ധവുമാണ്.

ഏറ്റവും തമാശ ജനിപ്പിക്കുന്നതും തീര്‍ത്തും നിരുത്തരവാദപരവുമായ രണ്ടു പ്രസ്താവനകള്‍, തെരഞ്ഞെടുപ്പുഫലം അറിഞ്ഞ മെയ് 16നു വൈകിട്ടുതന്നെ കെസിബിസിയുടെ വക്താവ് ടിവി ചാനലിലൂടെ നടത്തുകയുണ്ടായി.

1. വിശ്വാസികളെ പീഡിപ്പിച്ചതിനുള്ള ഫലമാണീ തോല്‍വി; വിശ്വാസികളുടെ വിജയമാണിത്.
2. നിശബ്ദമായ ഒരു വിമോചനസമരം വിജയിച്ചു.

എന്താണിതിന്റെ അര്‍ഥം? ഓരോന്നിനെപ്പറ്റിയും അല്‍പ്പം വിശദീകരണം.

ആരാണു വിശ്വാസികളെ പീഡിപ്പിച്ചത്? ആരാണ് വിശ്വാസികളുടെ സഹായത്തിന് എത്തിയതെന്ന് സത്യസന്ധമായി വിലയിരുത്തണം. ഒറീസയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചപ്പോള്‍, അവരുടെ വീടുകളും പള്ളികളും തീയിട്ടു നശിപ്പിച്ചപ്പോള്‍, കന്യാസ്ത്രീകളെയടക്കം നീചമായി ബലാത്സംഗം ചെയ്തപ്പോള്‍, പള്ളിയുടെ മുകളില്‍ കാവിക്കൊടി കെട്ടിയുയര്‍ത്തിയപ്പോള്‍, ആരാണു വിശ്വാസികളുടെ രക്ഷയ്ക്ക് എത്തിയത്? ഇടതുപക്ഷമാണെന്നു ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ് റാഫേല്‍ ചീനത്ത് ആവര്‍ത്തിച്ചുപറയുന്നു. ന്യൂനപക്ഷത്തിനു എപ്പോഴും തുണ ഇടതുപക്ഷമായിരുന്നു. അവിടെ നല്ല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് മിണ്ടിയില്ലല്ലോ. മിണ്ടിയാല്‍ വോട്ടു പോകും. ഇനി കേരളത്തില്‍ എവിടെയാണു ഇടതുപക്ഷം വിശ്വാസികളെ പീഡിപ്പിച്ചത്? കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി കത്തോലിക്കാസഭാനേതൃത്വം ഏതെല്ലാം കുത്സിതരീതിയിലാണ് രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ട് സാമാന്യ കത്തോലിക്കരെ, അവരുടെ സഭാധികാരവും സ്വാധീനവും ഉപയോഗിച്ചുകൊണ്ടുതന്നെ, ഈ സര്‍ക്കാരിന് എതിരെ അണിനിരത്തിയത്? അതും സാമൂഹ്യനീതി ലക്ഷ്യമാക്കി നടപ്പാക്കാന്‍ ശ്രമിച്ച ചില ഭരണനടപടികള്‍ക്കും നയങ്ങള്‍ക്കുമെതിരെയും.

ഇനി സഭയുടെ നിശബ്ദവും അല്ലാത്തതുമായ വിമോചനസമരങ്ങളിലേക്കു വരാം. 1959ല്‍ സഭ ഇളക്കിവിട്ട വിമോചനസമരം എന്തിനുവേണ്ടിയായിരുന്നു? ആ വിമോചനസമരം എന്തിനെയാണോ എതിര്‍ത്തത്, ആ നിയമം കേരള ഭരണകൂടം പാസാക്കി. അതിന്റെ ഗുണം കേരളത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ക്രിസ്ത്യാനികളാണ്. 80 ശതമാനത്തോളം വിദ്യാലയങ്ങളും സഭയുടേതാണ്. അവിടത്തെ അധ്യാപകരൊക്കെ ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയിട്ടാണ് ഇതു പറയുന്നതെന്നോര്‍ക്കണം. ഒരു ഉദാഹരണം. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ അധീനതയിലുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ വിസ്തീര്‍ണം വെറും 1500 ച.കി.മീറ്റര്‍. ആകെ കത്തോലിക്കാ കുടുംബങ്ങള്‍ 94,807. വിശ്വാസികള്‍ 4,69,287. കേരളജനസംഖ്യ 3,18,41,374. അതായത് അറുപത്തിയെട്ടില്‍ ഒന്നായി വരും. ഇവര്‍ക്കുള്ള കത്തോലിക്കാ സ്കൂളുകളോ 248. അവിടെ 2685 അധ്യാപകര്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കുന്നു. അതായത് കുറഞ്ഞത് അഞ്ചു കോടി രൂപയെങ്കിലും ഒരു മാസത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ കത്തോലിക്കാ സ്കൂളിലെ അധ്യാപകര്‍ക്കായിമാത്രം സര്‍ക്കാര്‍ ചെലവഴിക്കുന്നു. മറ്റ് ആനുകൂല്യങ്ങള്‍ വേറെയും. ഇങ്ങനെ 29 രൂപതയുണ്ട്. എത്രായിരം കോടി രൂപയാണ് കത്തോലിക്കാ സഭ ഓരോ മാസവും സര്‍ക്കാരില്‍നിന്ന് എണ്ണിവാങ്ങുന്നത് എന്നു കാണുമ്പോള്‍, അവരുടെ നിശബ്ദ വിമോചനസമരത്തിന്റെ കള്ളി പുറത്തുവരുകയാണ്. ഈ പറയുന്നതിനോടു അവര്‍ക്ക് അല്‍പ്പം ആത്മാര്‍ഥതയുണ്ടെങ്കില്‍, സര്‍ക്കാരിന്റെ പണം വാങ്ങാതിരിക്കണം.

ഇങ്ങനെ പറഞ്ഞുപോകാന്‍ ഒരുപാടു വകയുണ്ട്. അതിനു തുനിയാതെ ഇവയുടെയൊക്കെ ആത്യന്തികഫലം എന്തായിരിക്കുമെന്നുമാത്രം സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

കേരള കത്തോലിക്കാസഭ എല്ലാംകൊണ്ടും യേശുവിരുദ്ധ നടപടികളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭാനേതൃത്വം തങ്ങളുടെ 'കുഞ്ഞാടു'കളില്‍ മതമൌലികതാവാദത്തിന്റെ വിഷവിത്തു പാകിക്കൊണ്ടിരിക്കുന്നു. മതമൌലികതയുടെ സ്വാഭാവിക പരിണതഫലമാണ് വര്‍ഗീയത. അതിന്റെ തീവ്രഭാവമാണ് മതതീവ്രവാദം. കേരളത്തിന്റെ ഏറ്റവും മോഹനഭാവമായി പലരും നേരത്തെ എടുത്തുകാട്ടിയിട്ടുള്ള മതസൌഹാര്‍ദത്തെയും മതനിരപേക്ഷതയെയും കാറ്റില്‍ പറത്തിക്കൊണ്ട്, മതമൌലികതയുടെ വിത്തുവിതയ്ക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഈ നീക്കം വിശ്വാസികളുടെ വിജയ'മായിരിക്കും; പക്ഷേ കേരളജനതയുടെ പരാജയവും. അതിനു ചുക്കാന്‍ പിടിക്കുന്ന കത്തോലിക്കാ സഭാധികാരികള്‍ക്ക് ചരിത്രം മാപ്പുതരില്ല.

ഫാ. അലോഷ്യസ് ഡി ഫെര്‍ണാന്റസ്

3 comments:

  1. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികള്‍ പൊതുവെയും, കത്തോലിക്കര്‍ പ്രത്യേകിച്ചും, ഇടതുപക്ഷ വിരുദ്ധചേരിയില്‍ അണിചേര്‍ന്ന്, വലതുപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സഭാധികാരികള്‍ കളമൊരുക്കി. പല രൂപതകളിലും ഇടവക-ഫൊറോന-രൂപതാ തലത്തില്‍ സമിതികള്‍ക്കു രൂപംകൊടുത്തു. പ്രകടനങ്ങളും പൊതുയോഗങ്ങളും കുടുംബകൂട്ടായ്മകളും സംഘടിപ്പിച്ചു. പലയിടങ്ങളിലും വൈദികര്‍ അവരുടെ പള്ളിയള്‍ത്താരകള്‍ തെരഞ്ഞെടുപ്പുവേദികളാക്കി. വീടുവീടാന്തരമുള്ള സ്ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി കന്യാസ്ത്രീകളടക്കം ഇടപെട്ടു. കത്തോലിക്കാ മെത്രാന്‍ സമിതികള്‍ അവരുടെ ഇടയലേഖനങ്ങളില്‍ നിക്ഷ്പക്ഷതയുടെ മുഖം കാട്ടിയെങ്കിലും, അവയുടെ അന്തര്‍ധാര ഇടതുപക്ഷവിരുദ്ധമായിരുന്നുവെന്ന് ഒറ്റവായനയില്‍ പ്രകടമായിരുന്നു. ആ ധാരയുടെ പിന്‍ബലത്തിലാണ് വൈദികര്‍ അവരുടെ ഇടവകകളില്‍ വിശദീകരിച്ചു പ്രസംഗിച്ചതും പരസ്യമായി ഇടപെട്ടു പ്രവര്‍ത്തിച്ചതും. കേരളചരിത്രത്തില്‍ കത്തോലിക്കാ വൈദികരും കന്യാസ്ത്രീകളും ഇത്ര പരസ്യമായി രാഷ്ട്രീയത്തില്‍ ഇടപെട്ട സംഭവമില്ല - 1959 ലെ 'വിമോചന'സമരമൊഴിച്ചാല്‍. ഇത്ര വോട്ടിനു വലതുപക്ഷസ്ഥാനാര്‍ഥി ജയിച്ചില്ലെങ്കില്‍ ഞാന്‍ അങ്ങേയറ്റം മാനിക്കുന്ന എന്റെ ളോഹപോലും ഊരിക്കളയും എന്നുവരെ വാശിയോടെ പന്തയം വച്ച വൈദികരുണ്ടായിരുന്നു

    ReplyDelete
  2. പറ്റുമോ ഈ സര്‍ക്കാരിന് പറഞ്ഞത് ചെയ്യാന്‍ ?
    1. ഏക ജാലകം എല്ലാ എയിഡട് സ്കൂളിലും കോളജുകളിലും നിര്‍ബന്ധമാക്കണം .
    2. എയിഡട് സ്ഥാപനങ്ങളിലെ നിയമനം മുഴുവനും പി.എസ്.സി വഴിയാക്കണം.
    3. സഭാ സ്വത്തുക്കള്‍ ഭരിക്കാന്‍ കൃഷ്ണയ്യര്‍ സമിതി നിര്‍ദേശിച്ച പ്രകാരം തിരഞ്ഞെടുക്കപെട്ട സമിതിയുണ്ടാക്കണം.

    ഇത്രയും ചെയ്‌താല്‍ ഈ അടിച്ചമര്‍ത്തലിനൊരു പരിഹാരം വരും.

    ഇതൊക്കെ ചെയ്യാതെ സുഖിപ്പിച്ച്ചോണ്ടിരുന്നാല്‍ ഇങ്ങനെയിരിക്കും!

    ReplyDelete
  3. കക്ഷത്തില്‍ ഇരിക്കുന്നത് കളയുന്നത് ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാനാകുമ്പോള്‍...

    ReplyDelete