കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലേക്കു കുതിക്കുന്നു എന്ന വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ അറിയുകയും ഗൌരവപൂര്‍വം പഠിക്കുകയും ചെയ്യുന്നു എന്നു കരുതുന്ന പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും വിശ്വസിക്കാനാകാത്ത മാറ്റമാണ് ഈ രംഗത്ത് ഉണ്ടാകുന്നത്. ഈ സാഹചര്യം എന്നെ സംബന്ധിച്ചു തികച്ചും അഭിമാനകരമാണ്. എങ്കിലും ഇത്തരമൊരു മാറ്റം നമ്മുടെ സംസ്ഥാനത്തു സംഭവിക്കുമ്പോള്‍ അതു മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടിരിക്കണം എന്ന നിര്‍ബന്ധംകൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതുന്നത്.
വ്യവസായവകുപ്പിനു കീഴിലുള്ള 45 കമ്പനികളുടെ മൊത്തം പ്രവര്‍ത്തനലാഭത്തിന്റെ കണക്കില്‍നിന്നു തുടങ്ങാം.
സുശീലാഗോപാലന്‍ വ്യവസായമന്ത്രിയായിരുന്ന കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭ സ്ഥാനമൊഴിഞ്ഞപ്പോള്‍ സംസ്ഥാന പൊതുമേഖല മെച്ചപ്പെട്ടുവരുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഈ മേഖലയിലെ മുഴുവന്‍ കമ്പനികളുംകൂടി ഉണ്ടാക്കിയ നഷ്ടം 2001-02 ല്‍ 15.04 കോടി രൂപയായിരുന്നു. ആ നില തുടര്‍ന്നിരുന്നെങ്കില്‍ നഷ്ടം വീണ്ടും കുറഞ്ഞുവരുമായിരുന്നു. എന്നാല്‍, ഭരണമാറ്റത്തെത്തുടര്‍ന്ന് ആ വര്‍ഷം യുഡിഎഫ് അധികാരത്തിലെത്തി. അതോടെ ആകെ നഷ്ടം 2002-03 ല്‍ 51.67 കോടി രൂപയായി! തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 62.84 കോടിയും 73.15 കോടിയും രൂപയായി നഷ്ടം വളര്‍ന്നു. 2005-06 ലും വെറും രണ്ടര കോടിയുടെ വ്യത്യാസത്തില്‍ അത് 69.65 കോടിയായി നിലനിന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഇതായിരുന്നു സ്ഥിതി.
2006-07 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം മാസമാണ് ഈ മന്ത്രിസഭ വരുന്നത്. പിന്നീടുള്ള 10 മാസം ഞങ്ങള്‍ ശ്രദ്ധ ഊന്നിയത് സംസ്ഥാന പൊതുമേഖലയിലാണ്. അതിന്റെ മാറ്റം ആ സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തില്‍ വിസ്മയകരമാംവണ്ണം പ്രകടമായി. പത്തുമാസംകൊണ്ട് 69.65 കോടിയുടെ നഷ്ടത്തില്‍നിന്ന് ഈ 45 സ്ഥാപനങ്ങള്‍ 92.4 കോടി രൂപയുടെ ലാഭത്തിലേക്കു മാറി! വ്യത്യാസം 161.69 കോടി രൂപയുടേതാണ്! ആ ഒറ്റവര്‍ഷംകൊണ്ടാണ് ലാഭത്തിലുള്ള കമ്പനികളുടെ എണ്ണം 12 ല്‍ നിന്ന് 23 ലേക്ക് ഉയര്‍ന്നത്. അടുത്തവര്‍ഷം ലാഭമുള്ള കമ്പനികള്‍ 27 ആയും കഴിഞ്ഞവര്‍ഷം 28 ആയും ഉയര്‍ന്നു. ഈ രണ്ടു വര്‍ഷങ്ങളില്‍ ലാഭത്തിലുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയേക്കാള്‍ ഉയര്‍ന്നതാണ് ലാഭത്തിന്റെ തോത്. 2007-08 ല്‍ 80.31 കോടിയും 2008-09 ല്‍ 166.77 കോടി രൂപയുമാണ് ഈ കമ്പനികള്‍ ഉണ്ടാക്കിയ ലാഭം.
ഈ മാറ്റം അവിശ്വസനീയമാണ് എന്നതുകൊണ്ടുതന്നെ അത് അംഗീകരിക്കാന്‍ പലരും തയ്യാറാകുന്നില്ല. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പരിഷ്കരണശ്രമങ്ങളുടെ ഫലമാണ് ഈ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ എന്നു പറയാന്‍പോലും പലരും ചങ്കൂറ്റം കാട്ടി. എന്നാല്‍, അത്തരക്കാര്‍ക്കായി ചില വിവരങ്ങള്‍കൂടി ഇവിടെ ചേര്‍ക്കട്ടെ.
ഈ മന്ത്രിസഭ നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന സാഹചര്യം ഏവര്‍ക്കും അറിയാം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ചൌധരി കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം അന്നു നഷ്ടത്തിലുള്ള കമ്പനികള്‍ക്കു നിശ്ചയിച്ചിരുന്ന അന്തിമവിധികള്‍ അടച്ചുപൂട്ടുക, ആസ്തികള്‍ വില്‍ക്കുക, സ്വകാര്യമേഖലയ്ക്കു കൈമാറുക, ജീവനക്കാര്‍ക്കു സ്വയം പിരിയല്‍ സൌകര്യം നല്‍കുക എന്നിങ്ങനെയായിരുന്നു. ഇപ്രകാരം 17 കമ്പനിയെയാണ് ബലി നല്‍കാന്‍ വിധിച്ചിരുന്നത്. എന്നാല്‍, ഇവയെ ഒന്നും ഈ സര്‍ക്കാര്‍ കൈവിട്ടില്ല. വധശിക്ഷ നടപ്പാക്കാനായി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ച ഈ കമ്പനികളുടെ കാര്യത്തില്‍ ഇന്നു വന്നിരിക്കുന്ന മാറ്റം മാത്രം പരിശോധിച്ചാല്‍ മതി കാര്യം വ്യക്തമാകാന്‍. അവയുടെ കഥ ഇങ്ങനെ: കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ കാര്യം നോക്കുക. സ്വയംപിരിയല്‍ നടപ്പാക്കാനും പുനഃസംഘടന വിജയിച്ചില്ലെങ്കില്‍ വില്‍ക്കാനുമായിരുന്നു തീരുമാനം. ജി.ഒ.(എംഎസ്)56/03/ വ്യവസായവകുപ്പ് - നമ്പര്‍ ഉത്തരവ്. എന്നാല്‍, 2001 മുതല്‍ 2006 വരെ അഞ്ചു കൊല്ലവും 1.51 കോടി, 3.22 കോടി, 2.85 കോടി, 3.12 കോടി എന്ന ക്രമത്തില്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയിരുന്ന കമ്പനി 2006-07 ല്‍ 2.37 കോടി ലാഭമുണ്ടാക്കി. ഇതെങ്ങനെ എന്നുകൂടി അറിയുക. അതുവരെ കെഎസ്ഇബി പുറംകമ്പനികളില്‍നിന്നു വൈദ്യുതി മീറ്ററുകള്‍ വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ വന്ന ഉടന്‍ എടുത്ത തീരുമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ പരസ്പരം സഹകരിക്കുക എന്നതാണ്. അതുപ്രകാരം വൈദ്യുതി ബോര്‍ഡ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സില്‍നിന്നു മീറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. അതാണ് ആ കമ്പനിയെ രക്ഷിച്ചത്. ഇതേത്തുടര്‍ന്ന് 25 കോടി രൂപയുടെ പുനഃസംഘാടന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ മുന്‍ സര്‍ക്കാരിന്റെ പരിപാടിയാകും? ഇതേ പരസ്പര സഹകരണ നിര്‍ദേശമാണ് ആലപ്പുഴ കെഎസ്ഡിപിയെയും രക്ഷിച്ചത്. ഇനി അങ്കമാലി ടെല്‍ക്കിന്റെ കാര്യം എടുക്കാം. ഈ കമ്പനിയുടെ 26 മുതല്‍ 49 വരെ ശതമാനം ഓഹരി വില്‍ക്കാനും 50 ശതമാനം ഭൂമി വില്‍ക്കാനും സ്വയംപിരിയല്‍ ഏര്‍പ്പെടുത്താനുമാണ് ജി.ഒ (എംഎസ്) 55/03/ വ്യവസായവകുപ്പ് -നമ്പര്‍ ഉത്തരവു വഴി യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍, ഇതൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തില്ല. ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വ്യവസായനയത്തിലെ കേന്ദ്രപൊതുമേഖലയുമായുള്ള സഹകരണം എന്ന തത്വം അനുസരിച്ച് എന്‍ടിപിസിയുമായി സംയുക്തസംരംഭം തുടങ്ങാന്‍ അവസരം ഒരുക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഫലമോ? 2007-08 ല്‍ 9.16 കോടി രൂപ ഈ കമ്പനി ലാഭമുണ്ടാക്കി. 2008-09 വര്‍ഷത്തെ ലാഭം 32.50 കോടിയാണ്!
ഇപ്പോള്‍ വിപുലമായ വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ചൌധരി കമ്മറ്റി ശുപാര്‍ശപ്രകാരം ഇലക്ട്രോണിക് വികസന കോര്‍പറേഷനില്‍നിന്നു വേര്‍പ്പെടുത്താനും കോര്‍പറേഷന്റെ ഓഹരികള്‍ സ്വകാര്യസംരംഭകര്‍ക്കു വില്‍ക്കാനും ഭൂമി വില്‍ക്കാനും ഒക്കെ നിര്‍ദേശിക്കപ്പെട്ട കമ്പനിയാണ് കെല്‍ട്രോ കമ്പോണന്റ്സ് കോംപ്ളക്സ്. ഈ കമ്പനിയുടെ നഷ്ടം 2001-02 ല്‍ 2.99 കോടിയായിരുന്നത് യുഡിഎഫ് ഭരണം തീരുമ്പോഴേക്ക് 3.09 കോടി രൂപയായി വളര്‍ന്നിരുന്നു. എന്നാല്‍, ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഈ നഷ്ടം രണ്ടരക്കോടിയായി കുറയുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നാല് ലക്ഷവും 56 ലക്ഷവും രൂപ വീതം ലാഭമായി മാറുകയുംചെയ്തു. ആദ്യം 50 ശതമാനംവരെ ഓഹരി വില്‍ക്കാനും നാലു കൊല്ലത്തിനുശേഷം പൂര്‍ണമായും വില്‍ക്കാനും ഭൂമിയും മറ്റ് ആസ്തികളും വില്‍ക്കാനും വിആര്‍എസ് നല്‍കാനും 2003ല്‍ ഉത്തരവിടപ്പെട്ട കെല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി യഥാക്രമം 1.22 ഉം 4.5 ഉം 2.5 ഉം കോടി രൂപവീതം ലാഭമുണ്ടാക്കി നിലനില്‍ക്കുന്നു. പൂട്ടിക്കെട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ വിധിച്ച കോഴിക്കോട് സ്റീല്‍ കോംപ്ളക്സ് 2007-08 ല്‍ 65 ലക്ഷം രൂപ ലാഭമുണ്ടാക്കുക മാത്രമല്ല, കേന്ദ്ര നവരത്ന കമ്പനിയുമായി ഉണ്ടാക്കിയ സംയുക്തസംരംഭത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്നുവികസിക്കുകയാണ്. സ്റീല്‍ റോളിങ് മില്‍ അടക്കമുള്ള വികസനങ്ങള്‍ അവിടെ നടന്നുവരുന്നു. കേരളത്തിന്റെ ഉരുക്കാവശ്യത്തിനുതന്നെ അടിത്തറയാകുകയാണീ സ്ഥാപനം. ട്രാവന്‍കൂര്‍ വനവ്യവസായം (എഫ്ഐടി) സ്വകാര്യവല്‍ക്കരണ വിധിയില്‍നിന്നാണ് 48 ലക്ഷം രൂപയുടെ ലാഭത്തിലേക്ക് ഈ മന്ത്രിസഭയുടെ ആദ്യവര്‍ഷം ഉയര്‍ന്നത്. ബജറ്റ് വിഹിതം നല്‍കരുതെന്ന് 2002ല്‍ ഉത്തരവിലൂടെ തീരുമാനിച്ച ചേര്‍ത്തല ഓട്ടോകാസ്റിന് ഈ സര്‍ക്കാര്‍ മൂന്നു കോടി രൂപ ബജറ്റ് വിഹിതം നല്‍കി. ബാങ്കുമായുള്ള ബാധ്യതകള്‍ ഒറ്റത്തവണകൊണ്ടു തീര്‍പ്പാക്കി. 2006-07 ല്‍ കമ്പനി 20 ലക്ഷം ലാഭവും ഉണ്ടാക്കി. ഇരുപത്താറില്‍ തുടങ്ങി 74 വരെ ശതമാനം ഓഹരി വില്‍ക്കാനും പോഴ്സലൈന്‍ ഡിവിഷന്‍ അടച്ചുപൂട്ടാനും വിധിക്കപ്പെട്ട കേരള സിറാമിക്സും 2006-07 ല്‍ ലാഭത്തിലായി. പോഴ്സലൈന്‍ ഡിവിഷന്‍ ഇപ്പോള്‍ വീണ്ടും തുറക്കുകയാണ്. കെല്‍ട്രോ കൌണ്ടേഴ്സിന് ആസ്തികള്‍ വില്‍ക്കാനും വിആര്‍എസ് നല്‍കി ജീവനക്കാരെ ഒഴിവാക്കാനും ആയിരുന്നു വിധി. ഈ സര്‍ക്കാര്‍ വന്നതോടെ ഈ നടപടികള്‍ നിര്‍ത്തുകയും ശേഷിച്ച ജീവനക്കാരെ ഇലക്ട്രോണിക് വികസന കോര്‍പറേഷനു കൈമാറുകയുംചെയ്തു. വില്‍ക്കാന്‍ പറഞ്ഞ ആസ്തികള്‍ നികുതി വകുപ്പിനു കൈമാറി. തൊഴിലാളികളെ വിശ്വാസത്തിലെടുത്തു വേണം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്ന് മാനേജുമെന്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഭിമാനപൂര്‍വം പറയട്ടെ, ഈ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാന പൊതുമേഖലാ വ്യവസായത്തില്‍ ഒറ്റ തൊഴില്‍ത്തര്‍ക്കമോ സമരമോ ഉണ്ടായിട്ടില്ല. സ്വകാര്യ വ്യവസായ മേഖലയിലും പ്രശ്നങ്ങള്‍ ഇല്ലതന്നെ. പ്രശാന്തമായ സഹകരണാത്മകമായ തൊഴിലന്തരീക്ഷം! കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു പൊതുമേഖലാ സ്ഥാപനവും തുടങ്ങിയിട്ടില്ല എന്നു സങ്കടപ്പെടുന്ന ഒരു റിപ്പോര്‍ട്ട് അടുത്തിടെ വായിക്കാനിടയായി. അതെഴുതിയ ലേഖകന്‍, കഴിഞ്ഞ ഏതെല്ലാം യുഡിഎഫ് മന്ത്രിസഭകള്‍ പൊതുമേഖലാ യൂണിറ്റുകള്‍ സ്ഥാപിച്ചു എന്നു പറഞ്ഞു കണ്ടില്ല. എന്നാല്‍, അവിടെയും അഭിമാനിക്കാന്‍ ഈ സര്‍ക്കാരിനു വകയുണ്ട്. തുറക്കാന്‍ തടസ്സങ്ങളുള്ള കേരള സോപ്സ് ആന്‍ഡ് ഓയില്‍സ് ലിമിറ്റഡിന് പകരം കേരള സോപ്സ് എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിച്ചു. ഈ വര്‍ഷം അവസാനിക്കുംമുമ്പ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുകയുംചെയ്യും. വയനാട്ടില്‍ ബാംബൂ കോര്‍പറേഷന്‍ ബാംബൂ പ്രോസസിങ് യൂണിറ്റും, ചെറുവണ്ണൂരില്‍ ബാംബൂടൈല്‍ ഫാക്ടറിയും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്.
പശ്ചാത്തലസൌകര്യ വികസനത്തിന്റെ കാര്യത്തിലും മറ്റേതു സര്‍ക്കാരിനേക്കാളും മുന്നേറ്റം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഉണ്ടായി എന്നതും തിമിരംമൂലം കാണാന്‍ കഴിയാത്ത ചിലരുണ്ട്. വ്യവസായ പാര്‍ക്കുകള്‍ക്കായി ഏറ്റവുമധികം ഭൂമി ഏറ്റെടുത്തത് ഈ മന്ത്രിസഭയുടെ കാലത്താണ്. 1993 ല്‍ കിന്‍ഫ്ര സ്ഥാപിതമായതുമുതല്‍ ഏറ്റെടുത്ത ആകെ സ്ഥലം രണ്ടായിരത്തിനാനൂറോളം ഏക്കറാണ്. എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം ഏറ്റെടുക്കാന്‍ തീരുമാനമായത് 3300 ല്‍ അധികം ഏക്കറാണ്. ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിരവധി പാര്‍ക്കുകള്‍ കിന്‍ഫ്രയും ജില്ലാ വ്യവസായകേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. വികസിപ്പിച്ചെടുത്ത പ്ളോട്ടുകള്‍ക്കു പുറമെ ഇടതടവില്ലാതെയുള്ള വൈദ്യുതി പ്രസരണ സംവിധാനം, ജലശുദ്ധീകരണത്തിനും വിതരണത്തിനുമുള്ള സംവിധാനം, വാര്‍ത്താവിനിമയ സൌകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ്, സംഭരണ സംവിധാനം തുടങ്ങി വ്യവസായസംരംഭകര്‍ക്കു വേണ്ട എല്ലാ സംവിധാനവും പാര്‍ക്കില്‍ സജ്ജീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കിന്‍ഫ്രയുടെ വിവിധ വ്യവസായപാര്‍ക്കുകളില്‍ സംരംഭകര്‍ക്ക് ഭൂമി അലോട്ട് ചെയ്തിട്ടുണ്ട്. വിവിധ വ്യവസായ സംരംഭങ്ങള്‍ വഴി ഏകദേശം ഏഴായിരത്തഞ്ഞൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എളമരം കരീം
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലേക്കു കുതിക്കുന്നു എന്ന വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ അറിയുകയും ഗൌരവപൂര്‍വം പഠിക്കുകയും ചെയ്യുന്നു എന്നു കരുതുന്ന പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും വിശ്വസിക്കാനാകാത്ത മാറ്റമാണ് ഈ രംഗത്ത് ഉണ്ടാകുന്നത്. ഈ സാഹചര്യം എന്നെ സംബന്ധിച്ചു തികച്ചും അഭിമാനകരമാണ്. എങ്കിലും ഇത്തരമൊരു മാറ്റം നമ്മുടെ സംസ്ഥാനത്തു സംഭവിക്കുമ്പോള്‍ അതു മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടിരിക്കണം എന്ന നിര്‍ബന്ധംകൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതുന്നത്.
ReplyDelete