Thursday, May 14, 2009

ജാതിയുടെ പേരില്‍ കുടിവെള്ളനിഷേധം

തമിഴ്‌നാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തിഗ്രാമങ്ങളില്‍ ജാതിയുടെ പേരില്‍ കുടിവെള്ളം നിഷേധിക്കുന്നു. പാലക്കാട് വടകരപ്പതി പഞ്ചായത്തിലെ ഒഴലപ്പതിയിലും കുപ്പാണ്ടക്കൌണ്ടന്നൂരിലും പട്ടികജാതികോളനിയിലെ 'ചക്കിലിയ' സമുദായത്തില്‍പ്പെട്ട 30കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം നിഷേധിക്കുന്നത്. മൂന്നു ദിവസത്തിലൊരിക്കല്‍ രണ്ട് മണിക്കൂര്‍ മാത്രം വെള്ളം ലഭിക്കുന്ന പൊതുടാപ്പില്‍നിന്ന് കൌണ്ടര്‍വിഭാഗം ഉള്‍പ്പെടെ ഉന്നതജാതിയിലുള്ളവര്‍ വെള്ളമെടുത്ത ശേഷമേ ചക്കിലിയര്‍ക്ക് വെള്ളമെടുക്കാന്‍ അനുവാദമുള്ളൂ. ഉയര്‍ന്ന ജാതിക്കാരുടെ കുടത്തിനടുത്ത് ഇവരുടെ കുടങ്ങള്‍ വായ്ക്കുവാനോ കുടങ്ങള്‍ കൂട്ടിമുട്ടാനോ പാടില്ല. അറിയാതെ മുട്ടിയാല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കുടം വലിച്ചെറിയുകയും ചെയ്യുമെന്ന് കോളനി നിവാസികളായ പാപ്പാത്തിയും പഴണിയാളും പറയുന്നു. ഉയര്‍ന്ന ജാതിക്കാരുടെ ആവശ്യം കഴിഞ്ഞ് ഒന്നോ രണ്ടോ കുടം വെള്ളംമാത്രമാണ് ഇവര്‍ക്ക് കിട്ടുക. പണി ഉപേക്ഷിച്ചാണ് വെള്ളത്തിനായി ഇവര്‍ കാത്തിരിക്കുന്നത്.

500മീറ്റര്‍ അകലെയുള്ള പൈപ്പില്‍നിന്ന് മണിക്കൂറുകള്‍ കാത്തുനിന്നാല്‍ കിട്ടുന്ന ഒരു കുടം വെള്ളം ഉപയോഗിച്ചാണ് ജീവിതം കഴിച്ചുകൂട്ടുന്നതെന്ന് കോളനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മ (80) പറഞ്ഞു. റോഡിന് അപ്പുറമുള്ള തമിഴ്‌നാട്ടിലെ തങ്കയന്‍കൌണ്ടപുതൂരിലുള്ള പൊതുടാപ്പില്‍നിന്ന് ഒന്നോ രണ്ടോ കുടംവെള്ളം എടുക്കാന്‍ തമിഴ് ജനത കനിയണം. അവര്‍ ആവശ്യത്തിന് വെള്ളം എടുത്തശേഷമേ ഇവര്‍ക്ക് നല്‍കൂ. ആഴ്ചയില്‍ ലഭിക്കുന്ന അഞ്ചോ, ആറോ കുടം വെള്ളത്തിലാണ് ഓരോ കുടുംബത്തിന്റെയും ജീവിതം. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നൂറോളംപേര്‍ ഇവിടെയുണ്ട്. കുളിക്കാനും അലക്കാനും കിലോമീറ്ററുകള്‍ വെള്ളം അന്വേഷിച്ചുപോകണം. ഈ ദുരിതംകാരണം ചില കുടുംബങ്ങള്‍ കോളനി ഉപേക്ഷിച്ച് പോയി. ഉയര്‍ന്ന ജാതിക്കാരുടെ ധിക്കാരത്തിനെതിരെ പരാതിപറഞ്ഞാല്‍ കോളനിയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മര്‍ദിക്കുമെന്നും തോട്ടങ്ങളില്‍ കൂലിവേല ചെയ്യാന്‍ അനുവദിക്കില്ലെന്നും കോളനിവാസികള്‍ പരാതിപ്പെട്ടു. നിരവധിതവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വര്‍ഷങ്ങളായി ആവശ്യപ്പെട്ട ശേഷം കോളനിയില്‍ പൈപ്പ്ലൈനും അഞ്ച് പൊതുടാപ്പും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ടാപ്പിലൂടെ ഒരുതുള്ളി വെള്ളംപോലും ഇതുവരെ എത്തിയിട്ടില്ല. 50 മീറ്റര്‍ അകലെ ഉയര്‍ന്ന ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്തുകൂടി കുടിവെള്ളംപൈപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്. 500മീറ്റര്‍ അകലെയായി പമ്പ്ഹൌസും കുഴല്‍ക്കിണറും ഉണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമാണ്

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തിഗ്രാമങ്ങളില്‍ ജാതിയുടെ പേരില്‍ കുടിവെള്ളം നിഷേധിക്കുന്നു. പാലക്കാട് വടകരപ്പതി പഞ്ചായത്തിലെ ഒഴലപ്പതിയിലും കുപ്പാണ്ടക്കൌണ്ടന്നൂരിലും പട്ടികജാതികോളനിയിലെ 'ചക്കിലിയ' സമുദായത്തില്‍പ്പെട്ട 30കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം നിഷേധിക്കുന്നത്. മൂന്നു ദിവസത്തിലൊരിക്കല്‍ രണ്ട് മണിക്കൂര്‍ മാത്രം വെള്ളം ലഭിക്കുന്ന പൊതുടാപ്പില്‍നിന്ന് കൌണ്ടര്‍വിഭാഗം ഉള്‍പ്പെടെ ഉന്നതജാതിയിലുള്ളവര്‍ വെള്ളമെടുത്ത ശേഷമേ ചക്കിലിയര്‍ക്ക് വെള്ളമെടുക്കാന്‍ അനുവാദമുള്ളൂ. ഉയര്‍ന്ന ജാതിക്കാരുടെ കുടത്തിനടുത്ത് ഇവരുടെ കുടങ്ങള്‍ വായ്ക്കുവാനോ കുടങ്ങള്‍ കൂട്ടിമുട്ടാനോ പാടില്ല. അറിയാതെ മുട്ടിയാല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കുടം വലിച്ചെറിയുകയും ചെയ്യുമെന്ന് കോളനി നിവാസികളായ പാപ്പാത്തിയും പഴണിയാളും പറയുന്നു.

    ReplyDelete