Wednesday, May 20, 2009

തെരഞ്ഞെടുപ്പ് - സി.പി.എം പി.ബി പ്രസ്താവന

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര കക്ഷികളുമായി ഇടതുപക്ഷം ഉണ്ടാക്കിയ കൂട്ടുകെട്ടിനെ വിശ്വാസ്യതയുള്ള ദേശീയബദലായി ജനങ്ങള്‍ കണ്ടില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. ബിജെപി അധികാരത്തില്‍ തിരിച്ചുവരരുതെന്ന് ആഗ്രഹിച്ച ന്യൂനപക്ഷ ജനതയും മതനിരപേക്ഷ വിശ്വാസികളും കോണ്‍ഗ്രസിനെ വര്‍ധിച്ച തോതില്‍ പിന്തുണച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിലയിരുത്തല്‍.

ദേശീയവും സംസ്ഥാന അടിസ്ഥാനത്തിലുള്ളതുമായ ഘടകങ്ങള്‍ ഇടതുപക്ഷത്തിന്റെ മോശമായ പ്രകടനത്തിന് വഴിവച്ചു. ഇക്കാര്യത്തില്‍ സ്വയംവിമര്‍ശനപരമായ പരിശോധന ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റികളും കേന്ദ്രകമ്മിറ്റിയും നടത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. പാര്‍ടിയില്‍നിന്ന് അകന്ന ജനവിഭാഗങ്ങളുടെ പിന്തുണയും വിശ്വാസവും വീണ്ടെടുക്കാന്‍ എല്ലാ ശ്രമവും നടത്തും. ബിജെപിക്കെതിരായ ജനവിധികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. വര്‍ഗീയ അജന്‍ഡയും വലതുപക്ഷ സാമ്പത്തിക നയങ്ങളും മാത്രമാണ് ബിജെപി വാഗ്ദാനം ചെയ്തത്. 2004 ല്‍ത്തന്നെ ജനങ്ങള്‍ ഇത് തള്ളിക്കളഞ്ഞു. വരുഗാന്ധിയും നരേന്ദ്രമോഡിയും മറ്റും വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങളാണ് തെരഞ്ഞെടുപ്പുകാലത്ത് നടത്തിയത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദഫലമായി നടപ്പാക്കിയ തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം, മറ്റ് സാമൂഹ്യക്ഷേമ നടപടികള്‍ എന്നിവ യുപിഎ സര്‍ക്കാരിന് നല്ല പ്രതിച്ഛായ നേടിക്കൊടുത്തു.

2004 ലെ തെരഞ്ഞെടുപ്പിനേക്കാളും 61 സീറ്റും രണ്ട് ശതമാനത്തോളം വോട്ടും കോണ്‍ഗ്രസിന് അധികമായി ലഭിച്ചു. ബിജെപിക്കാകട്ടെ സഖ്യകക്ഷികളുമായി അധികാരത്തിലെത്താനുള്ള ശ്രമത്തിന് തുടര്‍ച്ചയായി രണ്ടാംതവണയും തിരിച്ചടിയേറ്റു. 22 സീറ്റ് കുറഞ്ഞ ബിജെപിക്ക് മൂന്ന് ശതമാനത്തിലധികം വോട്ടും നഷ്ടമായി.

കേരളത്തിലും ബംഗാളിലും സിപിഐ എമ്മിനും ഇടതുപക്ഷപാര്‍ടികള്‍ക്കും കനത്ത തിരിച്ചടി ലഭിച്ചത് ഉല്‍ക്കണ്ഠ ഉളവാക്കുന്നു. ഈ രണ്ട് സംസ്ഥാനത്തായി 25 സീറ്റ് പാര്‍ടിക്ക് നഷ്ടമായി. 16 സീറ്റാണ് ആകെ ലഭിച്ചത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 5.66 ശതമാനം വോട്ടില്‍നിന്ന് നേരിയ ശതമാനം വോട്ട് സിപിഐ എമ്മിന് കുറഞ്ഞു. ഇത്തവണ 5.33 ശതമാനം വോട്ട് ലഭിച്ചു.

രണ്ട് സീറ്റിലും സിപിഐ എം സ്ഥാനാര്‍ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ത്രിപുരയിലെ ജനങ്ങളെ പൊളിറ്റ്ബ്യൂറോ അഭിനന്ദിച്ചു. സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലത്തിലും ഇടതുമുന്നണിക്ക് മുന്നിലെത്താനായത് വന്‍നേട്ടമാണ്.

ജനവിധി അംഗീകരിച്ച് സിപിഐ എമ്മും ഇടതുപക്ഷപാര്‍ടികളും പാര്‍ലമെന്റില്‍ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഇത് സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കും. പുതിയ സര്‍ക്കാര്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിപിഐ എം മുന്‍പന്തിയിലുണ്ടാവും. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തമാക്കുന്നതോടൊപ്പം പ്രതിപക്ഷത്തുള്ള മറ്റ് മതനിരപേക്ഷ പാര്‍ടികളുമായും സഹകരിച്ചു പ്രവര്‍ത്തിക്കും-പിബി പറഞ്ഞു.

ഇംഗ്ലീഷിലുള്ള പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇവിടെ

1 comment:

  1. ദേശീയവും സംസ്ഥാന അടിസ്ഥാനത്തിലുള്ളതുമായ ഘടകങ്ങള്‍ ഇടതുപക്ഷത്തിന്റെ മോശമായ പ്രകടനത്തിന് വഴിവച്ചു. ഇക്കാര്യത്തില്‍ സ്വയംവിമര്‍ശനപരമായ പരിശോധന ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റികളും കേന്ദ്രകമ്മിറ്റിയും നടത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. പാര്‍ടിയില്‍നിന്ന് അകന്ന ജനവിഭാഗങ്ങളുടെ പിന്തുണയും വിശ്വാസവും വീണ്ടെടുക്കാന്‍ എല്ലാ ശ്രമവും നടത്തും. ബിജെപിക്കെതിരായ ജനവിധികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. വര്‍ഗീയ അജന്‍ഡയും വലതുപക്ഷ സാമ്പത്തിക നയങ്ങളും മാത്രമാണ് ബിജെപി വാഗ്ദാനം ചെയ്തത്. 2004 ല്‍ത്തന്നെ ജനങ്ങള്‍ ഇത് തള്ളിക്കളഞ്ഞു. വരുഗാന്ധിയും നരേന്ദ്രമോഡിയും മറ്റും വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങളാണ് തെരഞ്ഞെടുപ്പുകാലത്ത് നടത്തിയത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദഫലമായി നടപ്പാക്കിയ തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം, മറ്റ് സാമൂഹ്യക്ഷേമ നടപടികള്‍ എന്നിവ യുപിഎ സര്‍ക്കാരിന് നല്ല പ്രതിച്ഛായ നേടിക്കൊടുത്തു.

    ReplyDelete