ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കന്മാരും ബിസിനസ്സുകാരും കൈക്കൂലി വാങ്ങിയും കള്ളക്കച്ചവടം ചെയ്തും നികുതിവെട്ടിച്ചും കുന്നുകൂട്ടുന്ന കള്ളപ്പണം സൂക്ഷിച്ചുവെയ്ക്കുന്നത് സ്വിറ്റ്സര്‍ലണ്ടിലേതുപോലുള്ള ബാങ്കുകളിലാണ്. അവിടെ ബാങ്കുകളില്‍ രഹസ്യമായ പേരുകളിലും വെറും നമ്പര്‍ മാത്രമുള്ള അക്കൌണ്ടുകളിലും സ്വകാര്യമായി സൂക്ഷിക്കുന്ന പണത്തിന്റെ കണക്കൊന്നും ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിക്കാന്‍ സ്വിറ്റ്സര്‍ലന്റ് ഇപ്പോള്‍ ബാധ്യസ്ഥമല്ല. ആരുടെ പേരിലുള്ള അക്കൌണ്ടാണെന്നോ എത്ര തുകയുണ്ടെന്നോ ഇന്ത്യാ ഗവണ്‍മെന്റിന് ഔദ്യോഗികമായി അറിയില്ല; ആദായനികുതി വകുപ്പിനും അറിയില്ല. ഇന്ത്യയിലെ ബാങ്കുകളില്‍ സാധാരണക്കാരായ നമ്മള്‍ പതിനായിരമോ ഇരുപതിനായിരമോ രൂപ നിക്ഷേപിച്ചാല്‍, അഥവാ ബാങ്കില്‍നിന്ന് അത്രയും തുക പിന്‍വലിച്ചാല്‍, ഉടനെ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അവര്‍ക്ക് വേണമെങ്കില്‍ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച്, അഥവാ അത് ചെലവാക്കിയ രീതിയെക്കുറിച്ച് അന്വേഷണം നടത്താം. അക്കൌണ്ട് ഉടമയുടെ ആദായനികുതിയുടെ കണക്കില്‍ അത് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, തുടര്‍ നടപടികള്‍ കൈക്കൊള്ളാം.
എന്നാല്‍ സ്വിറ്റ്സര്‍ലണ്ടിലെ ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്ന പണത്തിന് ഈ വക നിയമങ്ങളൊന്നും ബാധകമല്ല. പണ്ട് ബോഫോഴ്സ് തോക്ക് ഇടപാടില്‍ ലഭിച്ച 64 കോടി രൂപയുടെ കൈക്കൂലിപ്പണം രാജീവ് ഗാന്ധിയുടെ സ്വന്തക്കാര്‍ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചത് 'ലോട്ടസ്' എന്ന കള്ളപ്പേരിലുള്ള അക്കൌണ്ടിലായിരുന്നു. ലോട്ടസ് - താമര - രാജീവം എന്ന് അര്‍ഥം വഴി അത് രാജീവ്ഗാന്ധിയുടെ പേരിലുള്ള അക്കൌണ്ടാണെന്ന് ഊഹിക്കാം. അതെന്തായാലും കാല്‍ നൂറ്റാണ്ടോളം കാലം അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച സിബിഐയ്ക്ക് ഒന്നും കണ്ടെത്താനോ തെളിയിക്കാനോ കഴിയാതെ പോയത്, അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ രാഷ്ട്രീയതന്ത്രം കൊണ്ടു തന്നെയായിരുന്നു.
ഇങ്ങനെ ഇന്ത്യയില്‍നിന്ന് സ്വിസ് ബാങ്കുകളിലേക്ക് ഒഴുകുന്ന പണം കള്ളപ്പണമാണ്; അന്യായമായ മാര്‍ഗങ്ങളിലൂടെ സംഭരിച്ച പണമാണ്. രാജ്യത്തുനിന്ന് സമ്പത്ത് അങ്ങനെ ഒലിച്ചുപോവുകയാണ്. ശതകോടിക്കണക്കിന് കോടി രൂപ വരും അത്. ഇത്രയും വലിയ തുക ഓരോ കൊല്ലവും രാജ്യത്തിനു പുറത്തേക്ക് ഒലിച്ചുപോകുന്നതിനെക്കുറിച്ച് പലപ്പോഴും രാജ്യത്തിനുള്ളില്‍ ചര്‍ച്ച നടക്കാറുണ്ട്; തര്‍ക്കമുണ്ടാകാറുണ്ട്. ഒടുവില്‍ അത് വിസ്മരിക്കപ്പെടുകയും ചെയ്യും. ഇത്തവണയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അതിനെക്കുറിച്ച് ചര്‍ച്ച നടന്നു. പ്രശ്നം സുപ്രീംകോടതിയുടെ മുന്നിലെത്തി. ഇങ്ങനെ വിദേശത്തേക്കു പോകുന്ന കള്ളപ്പണത്തിന്റെ കണക്കിനെക്കുറിച്ച് അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റ് ആദ്യം സമര്‍പ്പിച്ച അഫിഡവിറ്റ് ഒട്ടും തൃപ്തികരമല്ലാത്തതുകൊണ്ട് വിശദമായ അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ വീണ്ടും കേന്ദ്ര ഗവണ്‍മെന്റിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇനി തിരഞ്ഞെടുപ്പിന്റെ ഫലം വന്ന്, പുതിയ ഗവണ്‍മെന്റ് വന്നിട്ടുവേണം, വീണ്ടും ആ കേസ് തുടര്‍ന്ന് നടത്താന്‍. ഏതായാലും സ്വിസ്സ് ബാങ്ക് അക്കൌണ്ടില്‍ വന്‍ തുകകള്‍ നിക്ഷേപിച്ച ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാരിന് (കോണ്‍ഗ്രസ് സര്‍ക്കാരായാലും, ബിജെപി സര്‍ക്കാരായാലും) ഒരു താല്‍പര്യവുമില്ല എന്ന് വ്യക്തമാണ്. അതുകൊണ്ടാണല്ലോ ആദ്യം സുപ്രിംകോടതിയില്‍ അപൂര്‍ണവും അവ്യക്തവുമായ അഫിഡവിറ്റ് സമര്‍പ്പിച്ച്, സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയത്.
സ്വിസ്സ് ബാങ്കുകളില്‍ കൊണ്ടുപോയിടുന്ന പണത്തിന് ആദായനികുതി ഒടുക്കുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഇങ്ങനെ ആദായനികുതി വെട്ടിപ്പ് നടത്തുന്ന നിക്ഷേപകന്‍ രാജ്യത്ത് നിലവിലുള്ള വിദേശനാണയ വിനിമയ നിയമവും മറ്റ് ബന്ധപ്പെട്ട നിയമങ്ങളും ലംഘിക്കുകയും ചെയ്യുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. അതുകൊണ്ട് അത് നിയമവിരുദ്ധമായ ഇടപാടാണ്; അധാര്‍മികമാണ്. ഇങ്ങനെ കൊള്ളയടിച്ച് സൂക്ഷിക്കുന്ന പണം ചെറിയ തുകയൊന്നുമല്ല താനും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന നമ്മുടെ രാജ്യത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുമായിരുന്ന സമ്പത്താണ് ഇങ്ങനെ വിദേശബാങ്കുകളില്‍ കുന്നുക്കൂടിക്കിടക്കുന്നത് എന്നതാണ് മൂന്നാമത്തെ കാര്യം. സ്വിസ്സ് ബാങ്കുകളില്‍ അത് ചുമ്മാ കെട്ടിക്കിടക്കുമ്പോള്‍, ഇന്ത്യാ ഗവണ്‍മെന്റും ഇന്ത്യന്‍ ജനതയും പണലഭ്യതക്കുറവുമൂലം വിഷമിക്കുന്നു. കടല്‍ക്കൊള്ളക്കാര്‍ കൊള്ള മുതല്‍ ഏതെങ്കിലും വിദൂര ദ്വീപുകളില്‍ കൊണ്ടുപോയി രഹസ്യമായി ഗുഹകളില്‍ സൂക്ഷിച്ചുവെയ്ക്കുന്നതായി പഴയ കഥകളില്‍ വായിച്ചിട്ടില്ലേ? അതിനു തുല്യമാണിത്. സ്വാര്‍ഥചിന്ത മാത്രമുള്ള ചില വരേണ്യവ്യക്തികള്‍, രാജ്യതാല്‍പര്യത്തെ വിസ്മരിച്ച്, ചെയ്യുന്ന രാജ്യദ്രോഹകരമായ പ്രവൃത്തിയാണിത്.
ഇങ്ങനെ അവിഹിതമായി സമ്പാദിച്ച സ്വത്ത് വിദേശത്തു കൊണ്ടുപോയി നിക്ഷേപിച്ച്, നിയമലംഘനം നടത്തുന്നവരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണം; അവരുടെ അവിഹിതമായ സ്വത്ത് കണ്ടുകെട്ടണം; അവരെ പ്രോസിക്യൂട്ട് ചെയ്യണം. അവരില്‍നിന്ന് കണ്ടുകെട്ടുന്ന സ്വത്ത് ഇന്ത്യയിലെ സാധാരണക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. അങ്ങനെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കൈവരിക്കണം. അതാണ് സര്‍ക്കാരിന്റെ ധാര്‍മികമായ ചുമതല. ധാര്‍മികതയ്ക്കപ്പുറം സാമ്പത്തികമായ നീതിയും സമത്വവും കൈവരിക്കുന്നതിനും അത് ആവശ്യമാണ്. നിയമം എല്ലാവര്‍ക്കും ബാധകമാണല്ലോ.
ഇന്ത്യയ്ക്ക് അതിന് മാതൃകയാക്കാവുന്ന ഒരു സംഭവം ഈയിടെയുണ്ടായി. ആദായനികുതി വെട്ടിച്ച് നിരവധി അമേരിക്കക്കാര്‍ സ്വിസ്സ് ബാങ്കുകളില്‍ വലിയ അളവില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. അവരുടെ നികുതി വെട്ടിപ്പ് പരിശോധിച്ച അമേരിക്കയിലെ (യുഎസ്എ) ഇന്റേണല്‍ റവന്യൂ സര്‍വീസ്, അവരില്‍ 250 പേരുടെ സ്വിസ്സ് ബാങ്കിലെ അക്കൌണ്ടുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ സ്വിറ്റ്സര്‍ലാണ്ടിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്സിനോട് ആവശ്യപ്പെട്ടു. മേല്‍പറഞ്ഞ 250 പേര്‍ വിദേശ നിക്ഷേപത്തിലൂടെ 30 കോടി ഡോളറിന്റെ ആദായനികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഇന്റേണല്‍ റവന്യൂ സര്‍വീസ് കണ്ടെത്തിയത്. നികുതി വെട്ടിപ്പിന് കളമൊരുക്കിയ വകയില്‍ 78 കോടി ഡോളര്‍ അമേരിക്കന്‍ സര്‍ക്കാരിന് നല്‍കിക്കൊണ്ടാണ് യുബിഎസ് എന്ന സ്വിസ്സ് ബാങ്ക് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്.
ഇതൊരു ചെറിയ തുകയാണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം 19000ല്‍പരം അമേരിക്കക്കാര്‍ക്ക് വിവിധ സ്വിസ്സ് ബാങ്കുകളില്‍ രഹസ്യ അക്കൌണ്ടുകളുണ്ട്. അവര്‍ 2000 കോടി ഡോളറിലധികം വരുന്ന തുകയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ നികുതിവകുപ്പിന്റെ കണക്ക്. 2002നും 2007നും ഇടയ്ക്ക് മാത്രം നടത്തിയ നികുതിവെട്ടിപ്പാണിത്.
സ്വിസ്സ് ബാങ്കുകളുമായി ഇടപാട് നടത്തുന്ന നിരവധി അക്കൌണ്ട് ഉടമകളില്‍ ഒരു ഭാഗം മാത്രമാണ് അമേരിക്കക്കാര്‍. അവരുടെ അക്കൌണ്ടിലെ കണക്കുകള്‍ പരസ്യമാക്കാന്‍ സ്വിസ്സ് ബാങ്ക് അധികൃതരും സ്വിസ്സ് ഗവണ്‍മെന്റും ഒടുവില്‍ നിര്‍ബന്ധിതരായെങ്കില്‍, ഇന്ത്യാഗവണ്‍മെന്റ് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, സ്വിസ്സ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൌണ്ടുകളിലെ തുകകളുടെ കണക്ക് ഇന്ത്യാ ഗവണ്‍മെന്റിനും ശേഖരിക്കാന്‍ കഴിയും. അവ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. അക്കൌണ്ട് ഉടമകള്‍ നടത്തിയ നികുതി വെട്ടിപ്പ് കണ്ടെത്താനും നികുതിയും പിഴയും ഈടാക്കാനും കഴിയും.
"സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസി'' എന്ന വേദിയുടെ "ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി'' എന്ന പരിപാടിയുടെ കണക്കനുസരിച്ച് വികസ്വര രാഷ്ട്രങ്ങളില്‍നിന്ന് 85,860 കോടി ഡോളറിനും 1.06 ലക്ഷം കോടി ഡോളറിനും ഇടയില്‍ വരുന്ന സംഖ്യ 2006ല്‍ മാത്രം സ്വിസ്സ് ബാങ്കുകളിലേക്ക് നിയമവിരുദ്ധമായി ഒഴുകിപ്പോയിട്ടുണ്ട്. ഈ വികസ്വര രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2200 കോടി ഡോളറിനും 2700 കോടി ഡോളറിനും ഇടയില്‍ വരുന്ന ഒരു സംഖ്യ, ഇന്ത്യയില്‍നിന്ന് 2002നും 2006നും ഇടയില്‍ ഓരോ കൊല്ലവും സ്വിസ്സ് ബാങ്കുകളിലേക്ക് ഒഴുകിയിട്ടുണ്ടെന്നാണ് കണക്ക്. (റഷ്യ, മെക്സിക്കോ, സൌദി അറേബിയ, ചൈന എന്നിവയാണത്രെ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍). എത്ര കുറച്ചു കണക്കാക്കിയാലും ഇന്ത്യയില്‍നിന്ന് കൊല്ലംതോറും 1,10,000 കോടി രൂപയുടെ കള്ളപ്പണം നികുതിവെട്ടിച്ച്, സ്വിസ് ബാങ്കുകളിലേക്ക് ഒഴുകിപ്പോകുന്നുവെന്നര്‍ഥം. ഇതിന്റെ നാലിലൊന്ന് തുക, ഇവരില്‍നിന്ന് ആദായനികുതിയിനത്തില്‍ പിടിച്ചെടുത്താല്‍ത്തന്നെ, ഇന്ത്യാഗവണ്‍മെന്റിന്റെ ജനക്ഷേമ പരിപാടിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. ആ തുക മുഴുവന്‍ പിടിച്ചെടുത്താലോ, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം മൂന്നരശതമാനം കണ്ട് ഉയര്‍ത്താന്‍ കഴിയും. അങ്ങനെ നമ്മുടെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞുവരുന്നത് തടഞ്ഞുനിര്‍ത്താന്‍ കഴിയും.
അതുകൊണ്ട് ആദായനികുതി നിയമങ്ങളും വിദേശ നാണയ വിനിമയ നിയമങ്ങളും കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് വിഭവ സമാഹരണം ഊര്‍ജിതമാക്കണം. അതോടൊപ്പം തന്നെ വിദേശ ബാങ്കുകളില്‍ (സ്വിസ്സ് ബാങ്കുകളടക്കം) സൂക്ഷിച്ചിട്ടുള്ള ഇന്ത്യാക്കാരായ നിക്ഷേപകരുടെ അക്കൌണ്ടിലുള്ള പണത്തിന്റെ വിശദമായ കണക്കുകള്‍ നല്‍കാന്‍ അതതു ഗവണ്‍മെന്റുകളെ നിര്‍ബന്ധിതമാക്കുകയും വേണം. അതിനുള്ള ഒരു വഴി, അമേരിക്കന്‍ ഗവണ്‍മെന്റ് കാണിച്ചുതന്നിട്ടുണ്ട്. ഇങ്ങനെ വിദേശ ബാങ്കുകളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിന് അനുകൂലമായ അന്താരാഷ്ട്ര കാലാവസ്ഥ ഉണ്ടാക്കുന്നതിനായി നാം അന്താരാഷ്ട്ര സാമ്പത്തിക വേദികളെ ഉപയോഗപ്പെടുത്തുകയും വേണം. വ്യക്തികളുടെയും കമ്പനികളുടെയും വില്‍പന, ലാഭം, നികുതി, നിക്ഷേപം തുടങ്ങിയവ സംബന്ധിച്ച കണക്കുകളും വിവരങ്ങളും വിവിധ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൈമാറുന്നതിനുള്ള അന്താരാഷ്ട്ര വ്യവസ്ഥയുണ്ടാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് മുന്‍കയ്യെടുക്കണം. (എന്നാല്‍ ഖേദകരമെന്നു പറയട്ടെ, സുപ്രീംകോടതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് സമര്‍പ്പിച്ച ഒന്നാം സത്യവാങ്മൂലത്തില്‍ ആ വഴിക്കുള്ള എന്തെങ്കിലും നീക്കം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നുള്ളതിന്റെ നേരിയ സൂചനപോലുമില്ല).
എന്നാല്‍ ഇന്ത്യയില്‍ ഉണ്ടാകുന്ന കള്ളപ്പണത്തിന്റെ ഒരുഭാഗം മാത്രമേ ഇങ്ങനെ സ്വിസ്സ് ബാങ്കുകളിലേക്കും മറ്റും ഒഴുകിപ്പോകുന്നുള്ളൂ. വലിയ ഭാഗം ഇവിടെത്തന്നെ കിടന്ന് കറങ്ങുകയാണ്. അത് കണ്ടെത്താനും കണ്ടുകെട്ടാനും അവയ്ക്കുമേല്‍ നികുതി ചുമത്താനും കൂടുതല്‍ എളുപ്പമാണ്. തുടര്‍ന്ന് കള്ളപ്പണം ഉണ്ടാകാതിരിക്കാന്‍, പഴുതുകള്‍ അടയ്ക്കാനും കഴിയും. സര്‍ക്കാരിന് അതിനുള്ള ഇച്ഛാശക്തി ഉണ്ടാവണമെന്നു മാത്രം.
കള്ളപ്പണ സമ്പദ്വ്യവസ്ഥയുടെ വ്യാപ്തി, വെട്ടിച്ചുമാറ്റിയ നികുതിയുടെ അളവ്, നികുതിദായകരും നികുതിവകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമായി നിയമക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന നികുതിത്തുകയുടെ അളവ് - ഇതൊക്കെ അമ്പരപ്പിക്കുംവിധം വലുതാണ്. നികുതിവെട്ടിപ്പിന്റെ പ്രശ്നം മാത്രമല്ല ഇത്. നികുതിവെട്ടിപ്പ് നടത്താന്‍ അനുകൂലമായ വിധത്തില്‍ ആദായനികുതി നിയമത്തില്‍ നിരവധി പഴുതുകള്‍ ഉണ്ട് എന്ന കാര്യവും നാം ഓര്‍ക്കണം. ഇങ്ങനെയുള്ള ആനുകൂല്യങ്ങളും പഴുതുകളും കാരണം ചോര്‍ന്നുപോകുന്ന നികുതിപ്പണം ലക്ഷക്കണക്കിന് കോടി രൂപ വരും. അതൊക്കെ ഫലപ്രദമായി സംഭരിച്ചാല്‍, ജനക്ഷേമ പരിപാടികള്‍ക്ക്, ഫണ്ട് ഇല്ല എന്ന ഗവണ്‍മെന്റിന്റെ ഒഴികഴിവിന് പോംവഴിയാകും.
ഇങ്ങനെ നിയമവിരുദ്ധമായി ഇന്ത്യയില്‍നിന്ന് പണം വിദേശത്തേക്ക് ഒഴുകുന്നതോടൊപ്പം തന്നെ നിയമവിധേയമായ രീതിയിലുള്ള ഒഴുക്കും നടക്കുന്നുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. നിയമവിധേയമായ ഈ ഒഴുക്ക്, ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ കുത്തനെ വര്‍ധിച്ചിട്ടുമുണ്ട്. ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക് വില കൂട്ടിയിടുകയും കയറ്റുമതി ചരക്കുകള്‍ക്ക് വില കുറച്ചിടുകയും ചെയ്തുകൊണ്ട് നികുതി വെട്ടിപ്പ് നടത്തുകയും അങ്ങനെ ലഭിക്കുന്ന പണം വിദേശങ്ങളില്‍ നിക്ഷേപിക്കുകയുമാണ് ഒരു മാര്‍ഗം. പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നതാണ് മറ്റൊരു മാര്‍ഗം. പ്രത്യക്ഷ വിദേശ നിക്ഷേപം വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നപോലെത്തന്നെ, ഇന്ത്യയില്‍നിന്ന് വിദേശത്തേക്കും ഒഴുകുന്നുണ്ട്. 2008-09 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ (ഏപ്രില്‍ തൊട്ട് ഡിസംബര്‍ വരെ) ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ വിദേശ പ്രത്യക്ഷ നിക്ഷേപം 2700 കോടി ഡോളറിന്റേതാണെങ്കില്‍ ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് ഒഴുകിയത് 1200 കോടി ഡോളറിന്റേതാണ് - ഏതാണ്ട് അഞ്ചില്‍ രണ്ടുഭാഗം. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി വിദേശങ്ങളിലേക്ക് വ്യക്തികള്‍ അയച്ച പണത്തിന്റെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. 2004-05 വര്‍ഷത്തില്‍ അത് 0.96 കോടി ഡോളറും 2005-06 വര്‍ഷത്തില്‍ 2.5 കോടി ഡോളറും 2006-07 വര്‍ഷത്തില്‍ 7.28 കോടി ഡോളറും ആയിരുന്നുവെങ്കില്‍ 2007-2008 വര്‍ഷത്തില്‍ അത് 44.05 കോടി ഡോളറായി ഉയര്‍ന്നു. നാം വിദേശനാണയം നേടുന്നതും വിദേശത്തേക്ക് നമ്മുടെ ആസ്തികള്‍ ഒഴുകുന്നതും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നര്‍ഥം.
*
പി വി അഖിലേഷ് ചിന്ത വാരിക
ഈ വിഷയത്തിലെ മറ്റു പോസ്റ്റുകള്‍
94,55,000 കോടി രൂപയുടെ വെട്ടിപ്പ്
കള്ളപ്പണം
ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കന്മാരും ബിസിനസ്സുകാരും കൈക്കൂലി വാങ്ങിയും കള്ളക്കച്ചവടം ചെയ്തും നികുതിവെട്ടിച്ചും കുന്നുകൂട്ടുന്ന കള്ളപ്പണം സൂക്ഷിച്ചുവെയ്ക്കുന്നത് സ്വിറ്റ്സര്‍ലണ്ടിലേതുപോലുള്ള ബാങ്കുകളിലാണ്. അവിടെ ബാങ്കുകളില്‍ രഹസ്യമായ പേരുകളിലും വെറും നമ്പര്‍ മാത്രമുള്ള അക്കൌണ്ടുകളിലും സ്വകാര്യമായി സൂക്ഷിക്കുന്ന പണത്തിന്റെ കണക്കൊന്നും ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിക്കാന്‍ സ്വിറ്റ്സര്‍ലന്റ് ഇപ്പോള്‍ ബാധ്യസ്ഥമല്ല. ആരുടെ പേരിലുള്ള അക്കൌണ്ടാണെന്നോ എത്ര തുകയുണ്ടെന്നോ ഇന്ത്യാ ഗവണ്‍മെന്റിന് ഔദ്യോഗികമായി അറിയില്ല; ആദായനികുതി വകുപ്പിനും അറിയില്ല. ഇന്ത്യയിലെ ബാങ്കുകളില്‍ സാധാരണക്കാരായ നമ്മള്‍ പതിനായിരമോ ഇരുപതിനായിരമോ രൂപ നിക്ഷേപിച്ചാല്‍, അഥവാ ബാങ്കില്‍നിന്ന് അത്രയും തുക പിന്‍വലിച്ചാല്‍, ഉടനെ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അവര്‍ക്ക് വേണമെങ്കില്‍ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച്, അഥവാ അത് ചെലവാക്കിയ രീതിയെക്കുറിച്ച് അന്വേഷണം നടത്താം. അക്കൌണ്ട് ഉടമയുടെ ആദായനികുതിയുടെ കണക്കില്‍ അത് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, തുടര്‍ നടപടികള്‍ കൈക്കൊള്ളാം.
ReplyDeleteഎന്നാല്‍ സ്വിറ്റ്സര്‍ലണ്ടിലെ ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്ന പണത്തിന് ഈ വക നിയമങ്ങളൊന്നും ബാധകമല്ല. പണ്ട് ബോഫോഴ്സ് തോക്ക് ഇടപാടില്‍ ലഭിച്ച 64 കോടി രൂപയുടെ കൈക്കൂലിപ്പണം രാജീവ് ഗാന്ധിയുടെ സ്വന്തക്കാര്‍ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചത് 'ലോട്ടസ്' എന്ന കള്ളപ്പേരിലുള്ള അക്കൌണ്ടിലായിരുന്നു. ലോട്ടസ് - താമര - രാജീവം എന്ന് അര്‍ഥം വഴി അത് രാജീവ്ഗാന്ധിയുടെ പേരിലുള്ള അക്കൌണ്ടാണെന്ന് ഊഹിക്കാം. അതെന്തായാലും കാല്‍ നൂറ്റാണ്ടോളം കാലം അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച സിബിഐയ്ക്ക് ഒന്നും കണ്ടെത്താനോ തെളിയിക്കാനോ കഴിയാതെ പോയത്, അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ രാഷ്ട്രീയതന്ത്രം കൊണ്ടു തന്നെയായിരുന്നു.