Sunday, May 24, 2009

തെരഞ്ഞെടുപ്പുഫലം: കോണ്‍ഗ്രസിന്റെ വിചിത്രമായ വിലയിരുത്തല്‍

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണുണ്ടായത്. കേരളത്തില്‍ എല്‍ഡിഎഫിന്റെ സീറ്റ് 18ല്‍നിന്ന് നാലായി കുറഞ്ഞു. പശ്ചിമബംഗാളിലും ഗണ്യമായി കുറഞ്ഞു. ഈ പരാജയം അപ്രതീക്ഷിതമാണ്. ദേശീയതലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഇടതുപക്ഷം സ്വീകരിച്ച നയം ശ്ളാഘനീയമാണെന്ന് ആരും സമ്മതിക്കും. രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യവും ജനങ്ങളുടെ താല്‍പ്പര്യവും ശരിയായ രീതിയില്‍ പരിഗണിച്ചുകൊണ്ടാണ് പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം പ്രവര്‍ത്തിച്ചത്. വര്‍ഗീയ ഫാസിസ്റ്റുകളെ അധികാരത്തില്‍നിന്നകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭയില്‍ ചേരാന്‍ പലരും നിര്‍ബന്ധിച്ചിട്ടും പുറത്തുനിന്ന് പിന്തുണനല്‍കാന്‍ തീരുമാനിച്ചത്. എങ്ങനെയെങ്കിലും അധികാരത്തിലെത്തുകയെന്ന നയം ഇടതുപക്ഷത്തിനില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. യുപിഎ അംഗീകരിച്ച ദേശീയ പൊതുമിനിമം പരിപാടി പൂര്‍ണമായി നടപ്പാക്കാനാണ് ഇടതുപക്ഷം സമ്മര്‍ദംചെലുത്തിയത്. സ്വതന്ത്രവിദേശ നയത്തില്‍നിന്ന് വ്യതിചലിച്ച് അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ ബന്ധം സ്ഥാപിക്കുകയും ഇന്ത്യ അമേരിക്ക ആണവസഹകരണകരാര്‍ നടപ്പാക്കാന്‍ ശാഠ്യംപിടിക്കുകയും അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയുംചെയ്തതുകൊണ്ടാണ് യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ വേണ്ടത്ര മുന്നറിയിപ്പു നല്‍കിക്കൊണ്ടു പിന്‍വലിച്ചത്. ഇടതുപക്ഷം നല്‍കിയ പിന്തുണയെ സോണിയ ഗാന്ധിതന്നെ നന്ദിപൂര്‍വം സ്മരിക്കുകയും പുകഴ്ത്തുകയും ചെയ്തതാണ്. ബിജെപിക്കും കോഗ്രസിനുമെതിരായ ബദല്‍നയം ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിവുള്ള മൂന്നാംമുന്നണിയെ അധികാരത്തിലെത്തിക്കാനാണ് ഇടതുപക്ഷവും സിപിഐ എമ്മും ശ്രമിച്ചത്. കേരളത്തിലാണെങ്കില്‍ കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ ബദല്‍നയം നടപ്പാക്കാനാണ് എല്‍ഡിഎഫ് ഭരണം ശ്രമിച്ചത്. അക്കാര്യത്തില്‍ വലിയ അളവില്‍ വിജയിക്കാന്‍ കഴിഞ്ഞുവെന്നതാണ് സത്യം.

എന്നിട്ടും എന്തുകൊണ്ട് ദേശീയ നിലവാരത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു, കേരളത്തില്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് പരിശോധിച്ച് യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താനും പോരായ്മകള്‍ അതിവേഗം പരിഹരിച്ച് നഷ്ടപ്പെട്ട ബഹുജനസ്വാധീനവും പിന്തുണയും തിരിച്ചുപിടിക്കാനുമാണ് സിപിഐ എം ശ്രമിക്കുന്നത്. ഈ പരിശോധന മുകള്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെ നടക്കും. തികഞ്ഞ ഗൌരവബുദ്ധിയോടെയാണ് പാര്‍ടി ഈ ശ്രമം ആരംഭിച്ചിട്ടുള്ളത്. ഇത് വളരെ ശ്രമകരമായ ഒരു ജോലിയാണെന്ന ഉത്തമബോധ്യം പാര്‍ടിക്കാകെയുണ്ട്.

മെയ് 16ന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ചില ചാനലുകളിലെ ചര്‍ച്ചയ്ക്കിടയില്‍ ഉണ്ടായ അനുഭവമാണ് ഇതെഴുതാനുള്ള പ്രേരണ. തെരഞ്ഞെടുപ്പില്‍ 20ല്‍ 16ഉം ജയിച്ച യുഡിഎഫിനെ നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോഗ്രസിന്റെ നേതാക്കള്‍ പ്രകടിപ്പിച്ച അഭിപ്രായം അല്‍പ്പത്തം നിറഞ്ഞതും വിചിത്രവുമായാണ് തോന്നിയത്. യുഡിഎഫിന്റെ വിജയകാരണം യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണനേട്ടത്തിന്റെ വിജയമായി തെരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. അവര്‍ പറഞ്ഞ കാര്യങ്ങള്‍ നോക്കുക:

-പൊന്നാനി സീറ്റിന് വാശിപിടിച്ച് സിപിഐയെ പിണക്കി.
-ആര്‍എസ്പിക്ക് സീറ്റ് കൊടുക്കാതെ അവരുടെ വിരോധം സമ്പാദിച്ചു.
-കോഴിക്കോട് സീറ്റ് ജനതാദളില്‍നിന്ന് പിടിച്ചെടുത്ത് അവരെ എല്‍ഡിഎഫില്‍നിന്ന് ചവിട്ടി പുറത്താക്കി.
-പിഡിപി നേതാവ് മഅ്ദനിയുമായി വേദി പങ്കിടുകയും അവരുമായി യോജിച്ച് എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
-ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല.
-പിണറായി വിജയന്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ധിക്കാരവും ധാര്‍ഷ്ട്യവുമാണ് ഇതിനൊക്കെ അടിസ്ഥാനം. അതുകൊണ്ട് എല്‍ഡിഎഫിന്റെ പരാജയത്തില്‍ കാരണക്കാരന്‍ പിണറായി വിജയനാണ്.

അതിവിചിത്രമായ ഈ കണ്ടെത്തലുകളില്‍ തെളിയുന്നത് പ്രതിയോഗിയുടെ പരാജയകാരണം വിലയിരുത്തലാണ് തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുന്നതിന്റെ മര്‍മം എന്ന ധാരണയാണ്. യുഡിഎഫിന്റെ മികവുകൊണ്ടല്ല വിജയിച്ചത്; എല്‍ഡിഎഫിന്റെ പിഴവുകൊണ്ടാണെന്ന്. യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടംകൊണ്ടല്ല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് ആ പാര്‍ടിതന്നെ പറയുന്നു! ഒരു പാര്‍ടി ഇങ്ങനെ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത് ആദ്യമാണെന്നു തോന്നുന്നു. ഇതിന്റെ പിറകിലെ അജന്‍ഡ കണ്ടെത്താന്‍ പ്രയാസമില്ല.

സിപിഐ എമ്മിന്റെ സെക്രട്ടറിയെ ലക്ഷ്യമാക്കിയാണ് കുറച്ചുകാലമായി യുഡിഎഫ് കരുനീക്കം നടത്തിയത്. അതാണ് തുടരുന്നതും. ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നും പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുകയുമാണ് വേണ്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. കോടതിയില്‍ നേരിട്ട് ഹാജരായി നിരപരാധിത്വം തെളിയിക്കണമെന്ന വാദത്തിന്റെ പിറകിലുള്ള നിഗൂഢലക്ഷ്യം ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നുതേയുള്ളൂ. അതുകൊണ്ടുതന്നെ ലാവ്ലിന്‍ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് പാര്‍ടി പിബി പ്രഖ്യാപിച്ചത്. അതാകട്ടെ അക്ഷരംപ്രതി ശരിവച്ചുകൊണ്ടു ഇഞ്ചോടിഞ്ച് പൊരുതുകതന്നെചെയ്യും. സ്ഥാനാര്‍ഥിനിര്‍ണയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ആരും ഒറ്റയ്ക്ക് കൈകാര്യംചെയ്യുന്ന വിഷയമല്ല. ബന്ധപ്പെട്ട പാര്‍ടിഘടകം കൂട്ടായ ചര്‍ച്ചയിലൂടെയാണ് തീരുമാനമെടുക്കുന്നത്. വിജയത്തിനാകട്ടെ, പരാജയത്തിനാകട്ടെ ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രമാണ് ബന്ധമെന്ന് ആരോപിക്കുന്നത് അടിസ്ഥാനമില്ലാത്തതാണ്. അങ്ങനെയാണെങ്കില്‍ പഴയകാലചരിത്രം ഓര്‍മിക്കേണ്ടതുണ്ട്.

അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള വന്‍ തോക്കുകള്‍ തോല്‍ക്കുകയും കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറംതള്ളപ്പെടുകയും ചെയ്തപ്പോള്‍ കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ജയിച്ചത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ലോക്സഭയില്‍ ഒരു സീറ്റുപോലും ലഭിക്കുകയുണ്ടായില്ല. പാര്‍ടിസെക്രട്ടറിയാണ് പരാജയത്തിന് ഉത്തരവാദിയെന്ന് ആരും പറഞ്ഞില്ല. 2001ല്‍ യുഡിഎഫ് 140ല്‍ 100 സീറ്റ് നേടി അധികാരത്തിലെത്തി. യുഡിഎഫ് ഭരണകാലത്ത് എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളാണ് ജയിച്ചത്. ഒരുലക്ഷത്തില്‍പ്പരം വോട്ടിന് യുഡിഎഫ് ജയിച്ച സ്ഥാനത്താണ് ഈ വിജയം എന്നോര്‍ക്കണം. അന്ന് പിണറായി വിജയനായിരുന്നു സംസ്ഥാനസെക്രട്ടറി. പിന്നീട് കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പു നടന്നു. ആയിരക്കണക്കിന് പൊലീസുകാരെ അവിടെ നിയോഗിച്ച് ഭീഷണിപ്പെടുത്തി. എന്നിട്ടും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് കൂത്തുപറമ്പില്‍ പി ജയരാജന്‍ ജയിച്ചത്. അഴീക്കോട്ട് നല്ല ഭൂരിപക്ഷത്തോടെ പ്രകാശന്‍മാസ്റ്ററും ജയിച്ചു. തുടര്‍ന്നാണ് 2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 18 സീറ്റും നേടി എല്‍ഡിഎഫ് ഗംഭീരമായി ജയിച്ചത്. അന്നും പിണറായി വിജയനായിരുന്നു സെക്രട്ടറി. പിന്നീട് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 14ല്‍ 13 ജില്ലാപഞ്ചായത്തിലും എല്‍ഡിഎഫ് ഭൂരിപക്ഷം കരസ്ഥമാക്കി. എല്ലാ കോര്‍പറേഷനും ഭൂരിപക്ഷം മുനിസിപ്പാലിറ്റിയിലും ബ്ളോക്ക്പഞ്ചായത്തിലും പഞ്ചായത്തിലും എല്‍ഡിഎഫ് ജയിച്ചു. അന്നും സെക്രട്ടറി പിണറായിതന്നെയായിരുന്നു. 2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 140ല്‍ 99 സീറ്റും നേടി എല്‍ഡിഎഫ് ചരിത്രവിജയം കൈവരിച്ചു. അന്നും സംസ്ഥാനസെക്രട്ടറി പിണറായിതന്നെയായിരുന്നു. അത് കഴിഞ്ഞാണ് തിരുവമ്പാടി ഉപതെരഞ്ഞെടുപ്പു വന്നുപെട്ടത്. തിരുവമ്പാടി തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി, കെ എം മാണി, കുഞ്ഞാലിക്കുട്ടി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി എല്ലാവരും അവിടെ കേന്ദ്രീകരിച്ചു. തിരുവമ്പാടിയില്‍ മുസ്ളിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗം സമ്മതിദായകര്‍ ഭൂരിപക്ഷമാണ്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ അവിടെ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിന് നേതൃത്വംനല്‍കി. അവിടെയും എല്‍ഡിഎഫ് വിജയിച്ചു.

തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിനും ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനും ഇടയ്ക്ക് പിണറായി വിജയനില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചതായി ഒരാള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു. പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് തെളിയിക്കാന്‍ നിങ്ങളുടെ കൈവശം എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കൂ എന്നുതന്നെ പറഞ്ഞു. അവര്‍ക്കൊന്നും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പില്‍ ജയിച്ച കക്ഷി എല്‍ഡിഎഫിന്റെ പരാജയകാരണം വിശകലനംചെയ്തു കണ്ടെത്താന്‍ ശ്രമിക്കുന്നത് അസാധാരണമായ ഒരു പ്രതിഭാസമാണ്. കോണ്‍ഗ്രസിന്റെ ഈ അജന്‍ഡ തിരിച്ചറിയാന്‍ പ്രയാസമില്ല. പിഡിപി 2001ല്‍ യുഡിഎഫിന് പിന്തുണ നല്‍കിയപ്പോള്‍ ഒരു പ്രശ്നവുമില്ല. അന്ന് അബ്ദുള്‍നാസര്‍ മഅ്ദനി ജയിലിലായിരുന്നു. കുറ്റാരോപിതനായിരുന്നു. 2009ല്‍ മഅ്ദനി കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി നിരുപാധികം വിട്ടയച്ചതാണ്. മഅ്ദനി തന്റെ നയം മാറ്റിയതായി പരസ്യമായി ബഹുജനസമക്ഷം പ്രഖ്യാപിച്ചു. അങ്ങനെയുള്ള പിഡിപി എല്‍ഡിഎഫിനെ സഹായിച്ചതെങ്ങനെയാണ് പിണറായിയുടെ കുറ്റമായി മാറുക. അതുകൊണ്ടുതന്നെ വികലമായ കണ്ടെത്തലും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ജനങ്ങള്‍ തള്ളിക്കളയുകതന്നെ ചെയ്യും.

തെരഞ്ഞെടുപ്പുപരാജയത്തിന്റെ യഥാര്‍ഥകാരണം വിശകലനംചെയ്തു കണ്ടെത്തുകതന്നെ ചെയ്യും. പോരായ്മകളും കുറവുകളും പരിഹരിക്കും. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും അഭ്യുദയകാക്ഷിംകളുടെയും സഹകരണത്തോടെയും സഹായത്തോടെയും നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിലാണ് പാര്‍ടിയാകെ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രതിയോഗികള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാര്‍ടി വിജയിക്കുകതന്നെ ചെയ്യും. മറ്റൊന്ന് അധിനിവേശവിരുദ്ധരുടെയും അതിവിപ്ളകകാരികളായി രംഗത്തുവന്നവരുടെയും കാര്യമാണ്. എഡിബിക്കെതിരായും ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനും എതിരാണെന്നും പറഞ്ഞു പുറത്തുപോയവര്‍ സാമ്രാജ്യത്വ അധിനിവേശത്തിന് കുടപിച്ച കോണ്‍ഗ്രസിന്റെ കൂടാരത്തിലാണ് എത്തിയത്. ഇക്കൂട്ടര്‍ യഥാര്‍ഥ പാര്‍ടി ശത്രുക്കളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന് അവസരം ലഭിച്ചതും നന്നായി.


വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി

7 comments:

  1. ദേശീയതലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഇടതുപക്ഷം സ്വീകരിച്ച നയം ശ്ളാഘനീയമാണെന്ന് ആരും സമ്മതിക്കും. രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യവും ജനങ്ങളുടെ താല്‍പ്പര്യവും ശരിയായ രീതിയില്‍ പരിഗണിച്ചുകൊണ്ടാണ് പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം പ്രവര്‍ത്തിച്ചത്. വര്‍ഗീയ ഫാസിസ്റ്റുകളെ അധികാരത്തില്‍നിന്നകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭയില്‍ ചേരാന്‍ പലരും നിര്‍ബന്ധിച്ചിട്ടും പുറത്തുനിന്ന് പിന്തുണനല്‍കാന്‍ തീരുമാനിച്ചത്. എങ്ങനെയെങ്കിലും അധികാരത്തിലെത്തുകയെന്ന നയം ഇടതുപക്ഷത്തിനില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. യുപിഎ അംഗീകരിച്ച ദേശീയ പൊതുമിനിമം പരിപാടി പൂര്‍ണമായി നടപ്പാക്കാനാണ് ഇടതുപക്ഷം സമ്മര്‍ദംചെലുത്തിയത്. സ്വതന്ത്രവിദേശ നയത്തില്‍നിന്ന് വ്യതിചലിച്ച് അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ ബന്ധം സ്ഥാപിക്കുകയും ഇന്ത്യ അമേരിക്ക ആണവസഹകരണകരാര്‍ നടപ്പാക്കാന്‍ ശാഠ്യംപിടിക്കുകയും അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയുംചെയ്തതുകൊണ്ടാണ് യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ വേണ്ടത്ര മുന്നറിയിപ്പു നല്‍കിക്കൊണ്ടു പിന്‍വലിച്ചത്

    ReplyDelete
  2. "എങ്ങനെയെങ്കിലും അധികാരത്തിലെത്തുകയെന്ന നയം ഇടതുപക്ഷത്തിനില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്"

    കേരളത്തിലും ഇതുതന്നെയാണോ നയം ?

    ReplyDelete
  3. നല്ല തമാശ തന്നെ...

    ReplyDelete
  4. ഓ നമിച്ചു..

    -അതിവിചിത്രമായ ഈ കണ്ടെത്തലുകളില്‍ തെളിയുന്നത് പ്രതിയോഗിയുടെ പരാജയകാരണം വിലയിരുത്തലാണ് തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുന്നതിന്റെ മര്‍മം എന്ന ധാരണയാണ്. യുഡിഎഫിന്റെ മികവുകൊണ്ടല്ല വിജയിച്ചത്; എല്‍ഡിഎഫിന്റെ പിഴവുകൊണ്ടാണെന്ന്.- ...”മറ്റൊന്ന് അധിനിവേശവിരുദ്ധരുടെയും അതിവിപ്ളകകാരികളായി രംഗത്തുവന്നവരുടെയും കാര്യമാണ്. എഡിബിക്കെതിരായും ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനും എതിരാണെന്നും പറഞ്ഞു പുറത്തുപോയവര്‍ സാമ്രാജ്യത്വ അധിനിവേശത്തിന് കുടപിച്ച കോണ്‍ഗ്രസിന്റെ കൂടാരത്തിലാണ് എത്തിയത്.“

    എങ്ങിനെ ചിരിക്കാതിരിക്കും.
    നമിച്ചു..നമിച്ചു...

    ReplyDelete
  5. ഇടതുപക്ഷം തോറ്റുവെന്ന് ലേഘനത്തില്‍ സമ്മതിച്ചിരിക്കുന്നു, പക്ഷെ കുഞ്ഞമ്മദ്ക്ക ഊശാന്‍ താടിയില്‍ തടവിപ്പറഞ്ഞത് അങ്ങനെയല്ലല്ലോ സഖാവേ.. ഇടതുപക്ഷം നടത്തിയ പ്രചരണത്തിന്‍റെ ഊക്കുകൊണ്ട് ദേശവ്യാപകമായി ബി ജെ പിക്കെതിരായി ജനരോക്ഷം ഉണ്ടായെന്നും അത് യു പി എക്ക് അനുക്കുലമായെന്നുമാണ്, അതുകൊണ്ട് തന്നെ വിജയം എല്‍ ഡി എഫിന്‍റെതാണ്‍ എന്നാണ്?
    കേസ് നമ്മള്‍ തോറ്റാലെന്താ സഖാവേ..? നമ്മടെ വക്കീല്‍ കൊത്തഴി കൊത്തഴി പോലെയല്ലെ നിന്നിരുന്നത്...?

    ReplyDelete
  6. അന്ധന് ഇരുട്ട് വേണോ ഓട്ട അടക്കാന്‍?

    ReplyDelete
  7. ഇടതുപക്ഷം സ്വീകരിച്ച നയം ശ്ളാഘനീയമാണെന്ന് ആരും സമ്മതിക്കും...


    yea... yea... നല്ല തമാശ തന്നെ...

    ReplyDelete