Friday, May 29, 2009

തെരഞ്ഞെടുപ്പു ഫലത്തിന്റെ രണ്ടു ചിത്രം

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഏതാനും ദിവസത്തിനുശേഷം നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞത് സിപിഐ എമ്മിന്റെ ശത്രുക്കളെയും പാര്‍ടിവിരുദ്ധ മാധ്യമങ്ങളെയും കുറച്ചൊന്നുമല്ല അങ്കലാപ്പിലാഴ്ത്തിയത്. നിഷ്പക്ഷ പത്രമെന്ന് വിശേഷിപ്പിക്കുന്ന മലയാളമനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വളരെ വിചിത്രമായ രീതിയിലാണെന്നുതന്നെ പറയാം. ദൃശ്യമാധ്യമങ്ങളില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മുഖമുള്ളവരുടെ മുന്‍പന്തിയിലുള്ള ഇന്ത്യാവിഷന്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം എന്നാണ് പറഞ്ഞത്. മനോരമയില്‍ ഈ വാര്‍ത്ത വായിക്കാന്‍ കൊതിച്ചവര്‍ നിരാശരായിക്കാണും. 14 പേജ് മറിച്ചുനോക്കിയിട്ടും എല്‍ഡിഎഫ് വിജയവാര്‍ത്ത കാണാനില്ല. പതിനഞ്ചാമത്തെ പേജില്‍ എട്ടാമത്തെ കോളത്തില്‍ ഏറ്റവും താഴെ അപ്രധാനമായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എല്‍ഡിഎഫ് തകര്‍ന്നുകാണാന്‍ മോഹിച്ചവരില്‍ ഈ തെരഞ്ഞെടുപ്പുഫലം എത്രത്തോളം നിരാശയുണ്ടാക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഇതൊക്കെ ധാരാളം.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായത് എന്നതില്‍ സംശയമില്ല. കേരളത്തിലും ബംഗാളിലുമുണ്ടായ പരാജയം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതുതന്നെയാണ്. സിപിഐ എം തെരഞ്ഞെടുപ്പിനെ കാണുന്നത് വര്‍ഗസമരത്തിന്റെ ഭാഗമായിട്ടാണ്. വര്‍ഗസമരത്തില്‍ താല്‍ക്കാലിക പരാജയവും വിജയവുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍, അന്തിമവിജയം അനിവാര്യമാണെന്നാണ് ശാസ്ത്രീയ വിശകലനത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത്. വിജയത്തിനും പരാജയത്തിനും തക്കതായ കാരണങ്ങള്‍ കാണും. സൂക്ഷ്മമായ പരിശോധനയിലൂടെ പരാജയകാരണം കണ്ടെത്തുകയും വീഴ്ചകള്‍ മനസ്സിലാക്കി പരിഹരിക്കുകയും ജനപിന്തുണ വീണ്ടെടുക്കുകയുമാണ് ചെയ്യേണ്ടത്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷം സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ചേര്‍ന്ന് പ്രാഥമികമായ പരിശോധന നടത്തുകയുണ്ടായി. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുപ്പുഫലം പ്രാഥമികമായ പരിശോധനയ്ക്ക് വിധേയമാക്കി. ഈ വിശകലനത്തിന്റെ സാരാംശമാണ് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

എല്‍ഡിഎഫിന്റെയോ പാര്‍ടിയുടെയോ അടിത്തറയ്ക്ക് തകര്‍ച്ചയോ ഇളക്കമോ പറ്റിയിട്ടില്ലെന്ന് വോട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടതുപക്ഷം യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതുമുതല്‍ കോണ്‍ഗ്രസ് അഴിച്ചുവിട്ട പ്രചാരവേല ഇടതുപക്ഷം ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. ബിജെപി അധികാരത്തില്‍ വരുമെന്ന ആശങ്ക കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ഒരുവിഭാഗം സമ്മതിദായകരെ പ്രേരിപ്പിച്ചുവെന്നത് വ്യക്തമാണ്. തൂക്കുപാര്‍ലമെന്റാണ് വരാന്‍പോകുന്നതെന്ന സര്‍വെ റിപ്പോര്‍ട്ടുകളും സ്വാധീനിച്ചിരിക്കും. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയില്ലെങ്കില്‍ പകരം ബിജെപിയാണ് വരികയെന്നും അവരെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നും അവര്‍ പിന്തുണ നേടുമെന്നും ഭയപ്പാടുണ്ടായിട്ടുണ്ട്. ഈ ആപദ്ഭീതി കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നവരെയും ജയിപ്പിക്കേണ്ടത് ആവശ്യമാണെന്ന് മതനിരപേക്ഷ ചിന്താഗതിക്കാരില്‍ ധാരണയുണ്ടാക്കാന്‍ കാരണമായെന്നുവേണം കരുതാന്‍. ഇത് കോണ്‍ഗ്രസിന്റെ വിജയത്തിന് സഹായിച്ച മുഖ്യ ഘടകമാണെന്നും കാണാം.

കേരളത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. എല്‍ഡിഎഫിന് പിന്തുണ നല്‍കിയ ഒരു ചെറിയ വിഭാഗം മറുഭാഗത്തിന് പിന്തുണ നല്‍കാന്‍ ഇടയായിട്ടുണ്ട്. കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുപിറകെ വന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വന്‍ വിജയം ഈ വിലയിരുത്തല്‍ ശരിയാണെന്നതിന്റെ തെളിവാണ്.

2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ നടന്ന തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളുടെ ഫലവും 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷമുണ്ടായ തെരഞ്ഞെടുപ്പുഫലങ്ങളും താരതമ്യം ചെയ്താല്‍ ഇക്കാര്യം ബോധ്യപ്പെടും. യുഡിഎഫ് ഭരണമുള്ളപ്പോള്‍ നടന്ന എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്, കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍, 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് എന്നിവയിലും 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തുടര്‍ച്ചയായി വിജയിച്ചു. ഈ കാലയളവില്‍ തിരുവല്ല നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍മാത്രമാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ജയിക്കാനായത്. അതില്‍തന്നെ 10,000 വോട്ടിന്റെ ഭൂരിപക്ഷം പകുതിയില്‍ താഴെയായി കുറഞ്ഞു.

എന്നാല്‍, 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്നെയാണ് ജയിച്ചത്. തുടര്‍ന്ന് പല ഘട്ടങ്ങളിലായി നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് പറയത്തക്ക തിരിച്ചടിയൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍, ലോക്സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം 20 വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 13ലും എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുകയാണുണ്ടായത്. യുഡിഎഫിനാകട്ടെ, പകുതി സീറ്റില്‍പോലും ജയിക്കാനായില്ല. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും നിലവിലുള്ള രണ്ടു സീറ്റ് വീതം നഷ്ടമായി. ഒരു വാര്‍ഡിലെ ഫലം പരിശോധിച്ചപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 620 വോട്ട് എല്‍ഡിഎഫിന് കുറവായിരുന്നിടത്ത് എല്‍ഡിഎഫ് പിന്തുണച്ച സ്ഥാനാര്‍ഥി 500ല്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ദിവസങ്ങള്‍ക്കകമാണ് ഈ മാറ്റം സംഭവിച്ചത് എന്നോര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിന്റെ ബഹുജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പുഫലം. പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചതുപോലെ പറ്റിയ വീഴ്ചകള്‍ പരിഹരിച്ച് പൂര്‍വാധികം ശക്തിയായി മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ട ബഹുജനപിന്തുണ വീണ്ടെടുക്കാന്‍മാത്രമല്ല, ബഹുദൂരം മുന്നോട്ടുപോകാനും കഴിയുമെന്ന ആത്മവിശ്വാസം പകരുന്ന അനുഭവവുമാണിത്.

ദേശാഭിമാനി മുഖപ്രസംഗം

2 comments:

  1. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഏതാനും ദിവസത്തിനുശേഷം നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞത് സിപിഐ എമ്മിന്റെ ശത്രുക്കളെയും പാര്‍ടിവിരുദ്ധ മാധ്യമങ്ങളെയും കുറച്ചൊന്നുമല്ല അങ്കലാപ്പിലാഴ്ത്തിയത്. നിഷ്പക്ഷ പത്രമെന്ന് വിശേഷിപ്പിക്കുന്ന മലയാളമനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വളരെ വിചിത്രമായ രീതിയിലാണെന്നുതന്നെ പറയാം. ദൃശ്യമാധ്യമങ്ങളില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മുഖമുള്ളവരുടെ മുന്‍പന്തിയിലുള്ള ഇന്ത്യാവിഷന്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം എന്നാണ് പറഞ്ഞത്. മനോരമയില്‍ ഈ വാര്‍ത്ത വായിക്കാന്‍ കൊതിച്ചവര്‍ നിരാശരായിക്കാണും. 14 പേജ് മറിച്ചുനോക്കിയിട്ടും എല്‍ഡിഎഫ് വിജയവാര്‍ത്ത കാണാനില്ല. പതിനഞ്ചാമത്തെ പേജില്‍ എട്ടാമത്തെ കോളത്തില്‍ ഏറ്റവും താഴെ അപ്രധാനമായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എല്‍ഡിഎഫ് തകര്‍ന്നുകാണാന്‍ മോഹിച്ചവരില്‍ ഈ തെരഞ്ഞെടുപ്പുഫലം എത്രത്തോളം നിരാശയുണ്ടാക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഇതൊക്കെ ധാരാളം.

    ReplyDelete
  2. വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാനും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനും കഴിയട്ടെ.

    ReplyDelete