Tuesday, May 12, 2009

കത്തോലിക്ക തൊഴിലാളിസംഘടനയോ! പരീക്ഷിച്ച് പരാജയപ്പെട്ട സംരംഭം

കത്തോലിക്ക സഭ ട്രേഡ് യൂണിയന്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ പോകുന്നതായി സൂചിപ്പിക്കുന്ന കെസിബിസി സര്‍ക്കുലര്‍ ഏപ്രില്‍ 26ന് പള്ളികളില്‍ പ്രാര്‍ഥനാവേളയില്‍ വായിച്ചതായി മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആയിരത്തി തൊള്ളായിരത്തി നാല്‍പതുകളുടെ ആദ്യപാദത്തില്‍തന്നെ കത്തോലിക്ക സഭ ഈ സംരംഭം പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടതാണെന്ന സത്യം സഭയുടെ ഇന്നത്തെ അധികാരികള്‍ ഓര്‍മിക്കുന്നില്ലായിരിക്കാം.

ആലുവ, കളമശേരി, ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയിലെ ആദ്യത്തെ ആധുനിക വ്യവസായശാല എന്ന് പറയാവുന്നത് 1935-36ല്‍ കളമശേരിയില്‍ സ്ഥാപിക്കപ്പെട്ട ശ്രീചിത്രാ മില്‍സ് ആണ്. അവിടെ ജോലിക്കാരായവരില്‍ ബഹുഭൂരിപക്ഷവും കത്തോലിക്ക സമുദായാംഗങ്ങളും. അവരാണെങ്കിലോ വലിയ ഈശ്വരഭക്തന്മാരും മതവിശ്വാസികളും. തുച്ഛമായ കൂലിയും ക്ളിപ്തമല്ലാത്ത അധികജോലിസമയവും. തങ്ങള്‍ സംഘടിച്ച് കൂട്ടായി വിലപേശേണ്ടതുണ്ടെന്ന് ആ സാധു ഗ്രാമീണര്‍ക്കറിയില്ലായിരുന്നു. എങ്കിലും അവര്‍ക്ക് യുക്തമെന്നുതോന്നിയ രീതിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ മാസങ്ങള്‍ക്കുശേഷം അന്നത്തെ മാതൃഭൂമിയുടെ ആലുവ ലേഖകന്‍ ജോസഫ് ടി കായനാട്ട് പ്രസിഡന്റും ജെ എം പീറ്റര്‍ സെക്രട്ടറിയുമായി ഒരു യൂണിയന്‍ സംഘടിപ്പിക്കപ്പെട്ടു. അടുത്തുള്ള മഞ്ഞുമ്മല്‍ കര്‍മലീത്താ കൊവേന്തയിലെ റവ. ഫാ. ജെറോമിന് ഇത് സഹിച്ചില്ല. തൊഴിലാളികള്‍ വരിയിട്ടു പണം പിരിച്ച പള്ളിയിലെ പെരുനാള്‍ ആഘോഷിക്കയും ധ്യാനം ഇരിക്കയും മറ്റുമാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അതുതന്നെയല്ല, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 'ഉത്തര തിരുവിതാംകൂര്‍ കാത്തലിക് ലേബര്‍ അസോസിയേഷന്‍' എന്നൊരു സംഘടന രൂപീകരിക്കുകയുംചെയ്തു. ഇടപ്പള്ളി സ്വദേശിയായ ശ്രീചിത്രാ മില്‍സിലെ ജീവനക്കാരനും തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ 1114ലെ പതിനാലാം ഡിക്ടേറ്ററുമായിരുന്ന എ വി ജോസഫിന്റെ (എ സി ജോര്‍ജിന്റെയും എ സി ജോസിന്റെയും പിതൃസഹോദരന്‍) അനുയായിയും മരണംവരെ കോണ്‍ഗ്രസുകാരനുമായ ജോ പെട്ട ആയിരുന്നു സംഘടനയുടെ സെക്രട്ടറി. ജാതിയുടെ പേരില്‍ തൊഴിലാളികളെ ഭിന്നിപ്പിച്ച് അവരുടെ സംഘടനയെ ദുര്‍ബലപ്പെടുത്തി അവകാശങ്ങള്‍ നിഷേധിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞയുടന്‍ പെട്ടയും അനുയായികളും സലാംപറഞ്ഞ് പിരിഞ്ഞു. മാത്രമല്ല, ഫാക്ടറി ലേബേഴ്സ് യൂണിയന്റെ ആഹ്വാനത്തില്‍ ഉത്തേജിതനായി ജോ പെട്ട നിയമവിരുദ്ധമാക്കപ്പെട്ട ജാഥയില്‍ പങ്കെടുത്ത് ശിക്ഷിക്കപ്പെട്ട് രണ്ടുകൊല്ലം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. റവ. ഫാ. ജെറോം അന്തരിക്കുന്നതുവരെ കമ്യൂണിസ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നു.

ഇക്കഥകള്‍ കൂടുതല്‍ വിശദമായി ഈ ലേഖകന്‍തന്നെ എഴുതി ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുള്ള 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍' എന്ന പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. വ്യവസായത്തൊഴിലാളികള്‍ മാത്രമല്ല, എല്ലാ തുറകളിലുമുള്ള തൊഴിലാളികള്‍ ഇന്ന് എത്രയോ പ്രബുദ്ധരാണ്. മാത്രമല്ല, രാഷ്ട്രീയഭേദം വിഗണിച്ച വര്‍ഗ ഏകീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരുമാണ്. ഈ പ്രവണത കേരളത്തിലും ഇന്ത്യയിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്നതായും കാണുന്നില്ല. അങ്ങനെ ആഗോളതലത്തില്‍ കുത്തിയൊഴുകിവരുന്ന ശക്തമായ ഈ പ്രവാഹത്തെ ജാതി എന്ന പഴമുറംകൊണ്ട് തടഞ്ഞുനിര്‍ത്തിക്കളയാമെന്ന് കെസിബിസി വ്യാമോഹിക്കുമോ?

പയ്യപ്പിള്ളി ബാലന്‍ ദേശാഭിമാനി 130509

2 comments:

  1. കത്തോലിക്ക സഭ ട്രേഡ് യൂണിയന്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ പോകുന്നതായി സൂചിപ്പിക്കുന്ന കെസിബിസി സര്‍ക്കുലര്‍ ഏപ്രില്‍ 26ന് പള്ളികളില്‍ പ്രാര്‍ഥനാവേളയില്‍ വായിച്ചതായി മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആയിരത്തി തൊള്ളായിരത്തി നാല്‍പതുകളുടെ ആദ്യപാദത്തില്‍തന്നെ കത്തോലിക്ക സഭ ഈ സംരംഭം പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടതാണെന്ന സത്യം സഭയുടെ ഇന്നത്തെ അധികാരികള്‍ ഓര്‍മിക്കുന്നില്ലായിരിക്കാം.

    ReplyDelete
  2. എത്ര സ്ഥലത്തു കമ്യൂണിസം പരീക്ഷിച്ചു വിജയിച്ചു എന്നു കൂടിപറയണം പയ്യപ്പീള്ളി ബാലാ

    ReplyDelete