Friday, May 28, 2021

ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ 31ന് സിപിഐ എം പ്രതിഷേധം; എംപിമാരുടെ പ്രതിനിധി സംഘത്തെ ദ്വീപിലേക്ക് അയക്കും

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മെയ് 31 ന് ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും, എം.പിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും തീരുമാനിച്ചു. 

പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, വി ശിവദാസന്‍, എ എം ആരിഫ്  എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തും.

ലക്ഷദ്വീപ്: ജനാധിപത്യവിരുദ്ധ പരിഷ്കാരം പിൻവലിക്കണം: സിഐടിയു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ പരിഷ്കാര നടപടികൾ പിൻവലിക്കണമെന്ന്‌ സിഐടിയു ജില്ലാ കമ്മിറ്റി യോഗം.   ദ്വീപ് ജനതയ്ക്ക്  അശാന്തിയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ്‌  പരിഷ്കാരങ്ങൾ.  ടൂറിസം വികസനത്തിനെന്ന പേരിൽ എടുക്കുന്ന നടപടികൾ ദ്വീപ് ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കു മേലുള്ള കൈകടത്തലാണ്. 90 ശതമാനത്തിലധികം പട്ടികവർഗക്കാരായി കണക്കാക്കുന്ന മുസ്ലിങ്ങളാണ്‌   ലക്ഷദ്വീപിൽ താമസിക്കുന്നത്‌.  അഡ്മിനിസ്ട്രേറ്ററിലൂടെയുള്ള കേന്ദ്ര സർക്കാർ ഇടപെടൽ ദ്വീപ് നിവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.  

കുറ്റകൃത്യങ്ങൾ കുറഞ്ഞ ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നതും  പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുട്ടികളുടെ എണ്ണം മാനദണ്ഡമാക്കുന്നതുമെല്ലാം ഗൂഢ ലക്ഷ്യത്തോടെയാണെന്നും യോഗം പ്രമേയത്തിൽ പറഞ്ഞു.

ലക്ഷദ്വീപിനെ വർഗീയ പരീക്ഷ0ണശാലയാക്കുന്നു: ഡിവൈഎഫ്‌ഐ ഒരുലക്ഷം ഇ മെയിലുകൾ രാഷ്ട്രപതിക്ക്‌ അയക്കും

ലക്ഷദ്വീപിനെ സംഘപരിവാർ മറ്റൊരു വർഗീയ പരീക്ഷണശാലയാക്കുകയാണെന്ന്‌  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. വർഗീയ ഉന്മൂലനം ലക്ഷ്യമിട്ട്‌ അവിടത്തുകാരെ കുടിയിറക്കാനാണ്‌ ശ്രമം. ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും പരിസ്ഥിതിയെയും തകർത്ത്‌ കോർപറേറ്റ്‌ അധിനിവേശവും ലക്ഷ്യമിടുന്നു. ഈ കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ  വിപുലമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. കോവിഡ്‌ ഘട്ടമായതിനാൽ സാമൂഹ്യമാധ്യമങ്ങളെ ഇതിനായി ഉപയോഗിക്കും. ദ്വീപിലെ വിഷയം ചൂണ്ടിക്കാട്ടി ഒരു ലക്ഷം ഇ മെയിൽ രാഷ്ട്രപതിക്ക്‌ അയക്കും.  അഡ്‌മിനിസ്‌ട്രേറ്ററുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ നിയമപരമായി നീങ്ങുന്നതിന്റെ സാധ്യതകൾ തേടുന്നുണ്ട്‌. നിയമവിദഗ്‌ധരുമായി ഇക്കാര്യം കൂടിയാലോചിക്കും.ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷന്റെ കൊച്ചി, ബേപ്പൂർ ഓഫീസുകൾക്കു മുന്നിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ പ്രതിഷേധം സംഘടിപ്പിക്കും.

നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണം സംഘപരിവാർ കാടത്തത്തിനുദാഹരണമാണ്‌. ഒരു ചാനൽതന്നെ അതിന്‌ നേതൃത്വം നൽകുന്നു എന്നത്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ്‌. പൃഥ്വിരാജിന്‌ ഡിവൈഎഫ്‌ഐയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അഞ്ച്‌, ആറ്‌ തീയതികളിൽ  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശുചീകരണ യജ്ഞത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ സജീവമായി പങ്കെടുക്കും. സംസ്ഥാനത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ രണ്ടരലക്ഷം വൃക്ഷത്തൈ നടുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ പ്രതിഷേധാര്‍ഹം: എസ്എഫ്ഐ

ലക്ഷദ്വീപ് ജനതയുടെ ഭീഷണിയായി മാറിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് എസ്എഫ്‌ഐ. വര്‍ഗ്ഗീയ അജണ്ടകളാണ് അദ്ദേഹം ചുമതല ഏറ്റടുത്തതിന് ശേഷം അവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ കെ പട്ടേല്‍ സംഘപരിവാര്‍ അനുകൂലിയും പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയുമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റ് മാരായി ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ചാണ് തുടര്‍ച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്‍ദേവ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം: കല കുവൈറ്റ്

കുവൈറ്റ് സിറ്റി>  ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന്  കേരള ആര്‍ട്ട് ലവേഴ്സ അസോസിയേഷന്‍, കല കുവൈറ്റ്. ജനാധിപത്യ വിരുദ്ധ നടപടികളാണ് വികസനത്തിന്റെ പേരിൽ നിലവിലെ അഡ്‌മിനിസ്ട്രേറ്റര്‍ ആയ പ്രഫുല്‍ പട്ടേല്‍ കൈകൊള്ളുന്നത്.

ദ്വീപ് നിവാസികളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗമായ കാലിവളര്‍ത്തലിനെ നിരോധിച്ചുകൊണ്ട് പാലുല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെടുക്കുക, മത്സ്യ തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെഡുകള്‍ പൊളിച്ചു മാറ്റുക, ക്രൈം റേറ്റില്‍ ഏറ്റവും താഴെയുള്ള ഒരു പ്രദേശത്ത് ഗുണ്ടാ നിയമം കൊണ്ടു വരിക, കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസാഹാരം ഒഴിവാക്കുക, ജനസമ്മതരായ പൊതുപ്രവര്‍ത്തകരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിവാക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടു വരിക തുടങ്ങി നിരവധി ജനാധിപത്യ വിരുദ്ധ നടപടികളാണ്‌  വികസനത്തിന്റെ പേരില്‍ അഡ്മിനിസ്ട്രേറ്റര്‍ അവിടെ കൊണ്ടുവന്നിട്ടുള്ളത്.

ഇതിന്റെ മറവില്‍ വന്‍‌കിട കോര്‍പ്പറേറ്റുകള്‍ക്ക് ടൂറിസം വ്യവസായത്തിനായി കളമൊരുക്കുന്ന ഏജന്റിന്റെ പ്രവര്‍ത്തനമാണ്‌ അഡ്‌മിനിസ്ട്രേറ്റര്‍ അവിടെ  നടത്തുന്നത്. സംഘപരിവാര്‍-കോര്‍പ്പറേറ്റ് കൂട്ടുകെട്ടില്‍ ലക്ഷദ്വീപ് നിവാസികളുടെ സ്വൈര്യജീവിതത്തിനുമേല്‍  അടിച്ചേല്‍‌പ്പിക്കുന്ന ഈ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ഇത്തരം അജണ്ടകള്‍ നടപ്പാക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സികെ നൗഷാദ് എന്നിവര്‍ പ്രതിഷേധ കുറിപ്പില്‍ പറഞ്ഞു.

No comments:

Post a Comment