Sunday, December 20, 2009

കാലാവസ്ഥാ ഉച്ചകോടി പരാജയം; ചൂട് കുറയില്ല

ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്രതിരോധിധിക്കാന്‍ സര്‍വസമ്മതമായ ഒരു നിര്‍ദേശവും മുന്നോട്ട് വയ്ക്കാതെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടി പൂര്‍ണ പരാജയം. അവസാനഘട്ടത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു താല്‍ക്കാലിക ധാരണ തട്ടിക്കൂട്ടി 12 ദിവസത്തെ ഉച്ചകോടി അവസാനിച്ചു. നൂറിലേറെ രാജ്യങ്ങളെ മാറ്റിനിര്‍ത്തി, മുഖം രക്ഷിക്കാന്‍ തട്ടിക്കൂട്ടിയ 'കോപ്പന്‍ഹേഗന്‍ ധാരണ' ഉച്ചകോടി വേദിയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. വികസ്വര-ദരിദ്ര രാജ്യങ്ങള്‍ ഇതിനെ ഏകപക്ഷീയവും ആത്മഹത്യാപരവുമെന്നാണ് വിശേഷിപ്പിച്ചത്. നിയമപരമായി നടടപ്പാക്കണമെന്നു ബാധ്യതയില്ലാത്ത വിഷയങ്ങളാണ് ധാരണയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ വ്യവസ്ഥകളൊന്നും ഉള്‍പ്പെടാത്ത ധാരണ അപ്രായോഗികമാകും. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായുള്ള ക്യോട്ടോ ഉടമ്പടിക്കു പകരമുള്ള കരാര്‍ 2010 മുതല്‍ തയ്യാറാക്കണമെന്ന വ്യവസ്ഥയും ഉപേക്ഷിച്ചു. 193 രാജ്യത്തു നിന്നെത്തിയ പ്രതിനിധികള്‍ നടത്തിയ ആദ്യ പത്തുദിനങ്ങളിലെ ചര്‍ച്ചകള്‍ തന്നെ ഉച്ചകോടിയുടെ ഗതി നിര്‍ണ്ണയിച്ചിരുന്നു.. രാഷ്ട്രത്തലവന്മാരുടെ നേതൃത്വത്തില്‍ നടന്ന അവസാന രണ്ടു ദിവസത്തെ കൂടിക്കാഴ്ചകളിലും ക്രിയാത്മക നിര്‍ദേശളൊന്നും ഉയര്‍ന്നില്ല. വികസിത-വികസ്വര-ദരിദ്ര രാജ്യങ്ങള്‍ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ അഭിപ്രായസമന്വയത്തിനുള്ള സാധ്യതകള്‍ ഇല്ലാതായി. കാര്‍ബണ്‍ പുറന്തള്ളലില്‍ വളരെ മുന്നിലുള്ള വികസിത രാജ്യങ്ങള്‍ ഇതില്‍ കുറവുവരുത്തുമെന്ന് ഉറപ്പുനല്‍കാതിരുന്നതാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതില്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. പകരം ആ ഭാരം വികസ്വരരാജ്യങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമിച്ചത്. നിക്ഷിപ്ത താല്പര്യങ്ങള്‍ക്കും വ്യവസായലോബികള്‍ക്കും വേണ്ടിയാണ് അവര്‍ നിലകൊണ്ടത്. എന്നാല്‍, ദരിദ്രരാജ്യങ്ങള്‍, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ശക്തമായ നടപടികള്‍ക്കു വേണ്ടി വാദിച്ചത്. എന്നാല്‍, അവരുടെ ശബ്ദം ഗൌരവത്തോടെ പരിഗണിക്കാന്‍ വന്‍ശക്തികള്‍ തയ്യാറായില്ല.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതും വികസ്വരരാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മില്‍ അഭിപ്രായ സമന്വയം ഇല്ലാത്തതും ജിഎട്ട് രാജ്യങ്ങളുടെ താല്പര്യങ്ങളും കാലാവസ്ഥാ ഉച്ചകോടിയുടെ പരാജയ കാരണങ്ങളാണ്. ബേസിക് ഗ്രൂഈ രാജ്യങ്ങളായ ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ചൈന എന്നിവരുടെ രാഷ്ട്രത്തലവന്മാരുടെ യോഗത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒബാമയാണ് താല്‍ക്കാലിക ധാരണക്കും മുന്‍‌കൈ എടുത്തത്. ഇതനുസരിച്ച് രണ്ടര പേജ് വരുന്ന 'കോപ്പന്‍ഹേഗന്‍ ധാരണ' മുന്നോട്ടുവന്നു. പ്രമുഖ രാജ്യങ്ങള്‍ തയ്യാറാക്കിയ ധാരണം മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്തണമെന്നാണ് പ്രധാന വ്യവസ്ഥ. 2010 ആകുമ്പോള്‍ വികസിതരാജ്യങ്ങളും വികസ്വരരാജ്യങ്ങളും കാര്‍ബണ്‍ ബഹിര്‍ഗമനം ഒരുപോലെ നിയന്ത്രിക്കണമെന്നും രേഖ പറയുന്നു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നടപടികള്‍ക്കായി ദരിദ്ര രാജ്യങ്ങളെയും കൂടുതല്‍ ഭീഷണിയുള്‍ല ചെറുരാജ്യങ്ങളെയും സഹായിക്കാന്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് അടിയന്തിര സഹായമായി 3000 കോടി ഡോളര്‍ നല്‍കുമെന്നും 2020 ആകുമ്പോള്‍ പതിനായിരംകോടി ഡോളറിന്റെ സഹായനിധി രൂപീകരിക്കുമെന്നും പറയുന്നു. എന്നാല്‍, ഈ തുക എങ്ങിനെ സമാഹരിക്കുമെന്നതില്‍ വ്യക്തതയില്ല.

ഉച്ഛകോടി പരാജയമായെന്ന് ആതിഥേയരായ ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രി ലാന്‍സ് റാസ്മ്യുസന്‍ സമ്മതിച്ചു. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കോപ്പന്‍ഹേഗന്‍ ധാരണയോട് ശക്തമായി വിയോജിച്ചു. കാലവസ്ഥാ വിഷയത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ രേഖ എന്നാണ്, ദരിദ്ര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7നു നേതൃത്വം നല്കുന്ന സുഡാന്‍ വിമര്‍ശിച്ചത്. ക്യൂബ, വെനസ്വേല, ബൊളീവിയ, നിക്കാരാഗ്വ, കോസ്റ്റാറിക്ക തുടങ്ങിയയ രാജ്യങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ധാരണ അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു. ഉച്ചകോടി പരാജയപ്പെട്ടതില്‍ പരിസ്ഥിതിവാദികളും ഗ്രീന്‍പീസ് അടക്കമുള്ള സംഘടനകളും കടുത്ത നിരാശ പ്രകടിപ്പിച്ചു.

ദേശാഭിമാനി 201209

1 comment:

  1. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്രതിരോധിധിക്കാന്‍ സര്‍വസമ്മതമായ ഒരു നിര്‍ദേശവും മുന്നോട്ട് വയ്ക്കാതെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടി പൂര്‍ണ പരാജയം. അവസാനഘട്ടത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു താല്‍ക്കാലിക ധാരണ തട്ടിക്കൂട്ടി 12 ദിവസത്തെ ഉച്ചകോടി അവസാനിച്ചു. നൂറിലേറെ രാജ്യങ്ങളെ മാറ്റിനിര്‍ത്തി, മുഖം രക്ഷിക്കാന്‍ തട്ടിക്കൂട്ടിയ 'കോപ്പന്‍ഹേഗന്‍ ധാരണ' ഉച്ചകോടി വേദിയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. വികസ്വര-ദരിദ്ര രാജ്യങ്ങള്‍ ഇതിനെ ഏകപക്ഷീയവും ആത്മഹത്യാപരവുമെന്നാണ് വിശേഷിപ്പിച്ചത്. നിയമപരമായി നടടപ്പാക്കണമെന്നു ബാധ്യതയില്ലാത്ത വിഷയങ്ങളാണ് ധാരണയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ വ്യവസ്ഥകളൊന്നും ഉള്‍പ്പെടാത്ത ധാരണ അപ്രായോഗികമാകും. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായുള്ള ക്യോട്ടോ ഉടമ്പടിക്കു പകരമുള്ള കരാര്‍ 2010 മുതല്‍ തയ്യാറാക്കണമെന്ന വ്യവസ്ഥയും ഉപേക്ഷിച്ചു.

    ReplyDelete