Sunday, December 13, 2009

ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയസിനിമകള്‍

സാമ്പത്തിക തകര്‍ച്ചയിലും അധികാരത്തിന്റെ ശ്വാസംമുട്ടലിലും പതറാത്ത ശബ്ദത്തില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഓജസ്സാകുന്നു. രാഷ്ട്രീയത്തോട് മുഖംതിരിക്കുന്നവരാണ് പുതിയ സിനിമാ ആസ്വാദകരെന്ന പരിഭവത്തിലൊന്നും കാര്യമില്ല. നിലത്തിരുന്നും ചിത്രങ്ങള്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. വന്‍കരകളില്‍ തിളച്ചുമറിയുന്ന രാഷ്ട്രീയത്തിന്റെ തീവ്രതയുള്ള ചിത്രങ്ങള്‍ മേളയിലെത്തി. പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്കയിലും മധ്യ പൂര്‍വേഷ്യയിലുംനിന്ന്. സാമ്പത്തികപ്രതിസന്ധികള്‍ സമ്മാനിച്ച ദുരിതജീവിതത്തിന്റെ പ്രതിരോധശ്രമങ്ങളാണ് ലാറ്റിന്‍ അമേരിക്കന്‍ സിനിമയില്‍ കണ്ടത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ള്യു ബുഷിന്റെ വിദേശനയത്തില്‍ പ്രതിഷേധിച്ച് അകി കൌരിസ് മാക്കി എന്ന ചലച്ചിത്രകാരന്‍ ഓസ്കാര്‍ നോമിനേഷന്‍ എന്ന വെള്ളിത്താലം തട്ടിമാറ്റി. വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷനെന്ന തലപ്പാവിനേക്കാളും വലുതാണ് സ്വത്വബോധമെന്ന രാഷ്ട്രീയപ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. 'ലൈറ്റ്സ് ഇന്‍ ദ ഡസ്ക്' എന്ന ഈ ഫിന്‍ലാന്‍ഡ് സിനിമ അതുകൊണ്ട് തന്നെ രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഏകാകിയായ ഒരു രാത്രി കാവല്‍ക്കാരന്റെ ചെറിയ ആഗ്രഹങ്ങള്‍ പോലും തട്ടിമാറ്റുന്നതിലൂടെ വെളിപ്പെടുന്നത് നിഷേധിക്കുന്ന ജീവിതമാണ്. ക്യൂബന്‍ ഫോക്കസില്‍ മൌറിസ്മോയുടെ ഡയറിയില്‍നിന്നുള്ള പേജുകള്‍ എന്ന ചിത്രം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ക്യൂബ കടന്നുപോയ അതീവ ദുഷ്കരമായ വഴികളാണ് കാട്ടുന്നത്. അവികസനത്തിന്റെ ഓര്‍മകള്‍ എന്ന സിനിമയില്‍ ഫിദല്‍ കാസ്ട്രോയുടെ ഒരു നാടിനെ ഉണര്‍ത്തിയ പ്രസംഗമുണ്ട്. ടാങ്കോ കവി ഹോമറോ മാന്‍സിയുടെ ജീവിതകഥയുമായെത്തുന്ന അര്‍ജന്റീനിയന്‍ സിനിമയും ശക്തമായ രാഷ്ട്രീയരചനയാണ്. ആഗോളരാഷ്ട്രീയത്തെ ഇന്നും നിര്‍ണയിക്കുന്ന പലസ്തീന്‍ രാഷ്ട്രീയ പശ്ത്താലത്തിലാണ് എലിയ സുലൈമാന്റെ 'ദി ടൈം ദാറ്റ് റിമൈന്‍സ്.' പുഞ്ചിരിയില്‍ പോലും രാഷ്ട്രീയപ്രതിരോധം തീര്‍ക്കുന്ന സിനിമകള്‍ മേളയുടെ പ്രകാശമാകുന്നു.

നടിമാര്‍ക്കായി വേദനിച്ച് ചലച്ചിത്രോത്സവത്തിന്റെ രണ്ടാംദിനം

ലോകസിനിമയില്‍ നായികമാര്‍ കരുത്തോടെ നിറയുമ്പോള്‍ മലയാളത്തിലെ നായികമാര്‍ നിഴലുകളാകുന്നെന്ന് ഓര്‍മപ്പെടുത്തല്‍. നാലു പതിറ്റാണ്ടായി മലയാളസിനിമയിലെ നിറസാന്നിധ്യമായ കെപിഎസി ലളിതയും പുതിയകാലത്തെ നായിക നവ്യാനായരുമാണ് നടിമാര്‍ ശബ്ദമില്ലാത്തവരായിപ്പോകുന്നതിന്റെ സങ്കടങ്ങള്‍ ചലച്ചിത്രോത്സവവേദിയില്‍ പങ്കുവച്ചത്്. ഇതിന്റെ കുറ്റക്കാരെ തേടാനൊന്നും മെനക്കെടാതെ ചലച്ചിത്രോത്സവം സജീവമാകുമ്പോള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നെത്തിയ ചലച്ചിത്രാസ്വാദകര്‍ക്ക് നല്ല സിനിമകള്‍ കണ്ട സംതൃപ്തി. മത്സരവിഭാഗത്തിലെ രണ്ടെണ്ണമടക്കം 40 സിനിമകള്‍ രണ്ടാംദിവസത്തെ ജീവസ്സുറ്റതാക്കി. മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നായികമാരുടെ ഫോട്ടോപ്രദര്‍ശനവേദിയില്‍ പ്രശസ്ത അഭിനേത്രി ശര്‍മിള ടാഗോറിനെ സാക്ഷിയാക്കിയാണ് മലയാളത്തിലെ പ്രിയനടിമാര്‍ പൊട്ടിത്തെറിച്ചത്. മലയാളസിനിമ സ്ത്രീയെ അലങ്കാരവസ്തുവായി ഒതുക്കിനിര്‍ത്തുന്നെന്ന് കുറ്റപ്പെടുത്തിയ കെപിഎസി ലളിത അവളെ അടുക്കളയില്‍ത്തന്നെ തളച്ചിടുകയാണെന്ന് വേദനിച്ചു. സത്യങ്ങള്‍ വിളിച്ചുപറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞ നവ്യയുടെ പേടി അഹങ്കാരിയായി ചിത്രീകരിക്കപ്പെടുമോയെന്നതാണ്. ഒരു സിനിമ കണ്ട് മോശമാണെന്ന് പറയാന്‍പോലും പറ്റാത്ത അവസ്ഥയുണ്ട്. മലയാളസിനിമയില്‍ ധൈര്യമുള്ള നായികമാര്‍ ഇല്ലാതായെന്ന പരിദേവനത്തോടെയാണ് നവ്യ വേദിയൊഴിഞ്ഞത്. വിഖ്യാത കസാഖ് സംഗീതജ്ഞന്‍ ബിര്‍ഷാന്‍ കൊഷാഗുലോവിന്റെ നാടകീയമായ ജീവിതകഥ പകര്‍ത്തിയ 'ബിര്‍സാന്‍ സാല്‍' മത്സരചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ ആദ്യത്തേതായി. കലാകാരന്റെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളും പങ്കുവയ്ക്കുന്ന സിനിമ നഷ്ടപ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ കഥയ്ക്ക് അനുയോജ്യമായ വേഷവിധാനങ്ങള്‍, പെരുമാറ്റരീതികള്‍, സംഗീതം എന്നിവ ശ്രദ്ധ ആകര്‍ഷിക്കുന്നു. കസാഖ് പാരമ്പര്യരീതികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍കൂടി ദോഷന്‍ സോള്‍സാക്സിനോവിന്റെ ചിത്രം വ്യക്തമാക്കുന്നു. വേലികെട്ടി തിരിക്കപ്പെട്ട ഗ്രാമങ്ങളുടെ നൊമ്പരം പ്രമേയമാക്കിയ തജിക്കിസ്ഥാന്‍ ചിത്രം 'ട്രൂ നൂ' മത്സരവിഭാഗത്തില്‍ ശക്തമായ സാന്നിധ്യമായി. നോസിര്‍ സിയാദോവിന്റെ ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. പ്രാദേശിക കഥ പറയുന്ന സിനിമയ്ക്ക് ആഗോളമാനം തന്നെയുണ്ട്. ശനിയാഴ്ച മലയാളത്തിലെ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ' അടക്കം ആറ് മത്സരചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തും.
(ആര്‍ രഞ്ജിത്)

ചലച്ചിത്ര പഠനം: ചര്‍ച്ച വേണം-സെന്‍

ആരോഗ്യകരമായ ചര്‍ച്ചയിലൂടെ മാത്രമേ ചലച്ചിത്രപഠനം നടക്കുകയുള്ളൂവെന്ന് മൃണാള്‍ സെന്‍ പറഞ്ഞു. ന്യൂ തിയറ്ററിലെ ഭരത് മുരളി പവിലിയനിലെ ഓപ്പണ്‍ ഫോറം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദത്തോടെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടാല്‍ സംവാദങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടാകുമെന്നും അതിനായി ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ സിനിമകള്‍ പുതുതലമുറയ്ക്ക് കാണുന്നതിന് സര്‍ക്കാരും സിനിമാ സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ച് അവ സംരക്ഷിക്കണമെന്ന് ആര്‍ക്കൈവ് മുന്‍ ഡയറക്ടര്‍ പി കെ നായര്‍ പറഞ്ഞു. ഫിലിം സൊസൈറ്റിയുടെ 50-ാം വാര്‍ഷികം നടക്കുന്ന വേളയില്‍ ഓപ്പണ്‍ ഫോറത്തിന് പ്രത്യേകവിഭാഗം ഉള്‍പ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് സതേ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഡയറക്ടര്‍ നരഹരി റാവു പറഞ്ഞു. ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചേരന്‍, പ്രദീപ് വിശ്വാസ്, കെ ആര്‍ മോഹന്‍, ഡോ. വി സി ഹാരീസ് എന്നിവര്‍ പങ്കെടുത്തു. എന്‍ ശശിധരന്‍ രചിച്ച 'ഏകാന്തതപോലെ തിരക്കേറിയ പ്രവര്‍ത്തനം വേറെയില്ല' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ചലച്ചിത്രമേളകളില്‍ പ്രാദേശിക സിനിമകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് സംവിധായകനായ എം പി സുകുമാരന്‍നായര്‍ മുഖാമുഖത്തില്‍ പറഞ്ഞു. സംവിധായകരായ അന്ന മരിയ ഗാലോണും പി സുനീല്‍കുമാര്‍ റെഡ്ഡിയും പങ്കെടുത്തു.

ദേശാഭിമാനി 131209

1 comment:

  1. സാമ്പത്തിക തകര്‍ച്ചയിലും അധികാരത്തിന്റെ ശ്വാസംമുട്ടലിലും പതറാത്ത ശബ്ദത്തില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഓജസ്സാകുന്നു. രാഷ്ട്രീയത്തോട് മുഖംതിരിക്കുന്നവരാണ് പുതിയ സിനിമാ ആസ്വാദകരെന്ന പരിഭവത്തിലൊന്നും കാര്യമില്ല. നിലത്തിരുന്നും ചിത്രങ്ങള്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. വന്‍കരകളില്‍ തിളച്ചുമറിയുന്ന രാഷ്ട്രീയത്തിന്റെ തീവ്രതയുള്ള ചിത്രങ്ങള്‍ മേളയിലെത്തി. പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്കയിലും മധ്യ പൂര്‍വേഷ്യയിലുംനിന്ന്. സാമ്പത്തികപ്രതിസന്ധികള്‍ സമ്മാനിച്ച ദുരിതജീവിതത്തിന്റെ പ്രതിരോധശ്രമങ്ങളാണ് ലാറ്റിന്‍ അമേരിക്കന്‍ സിനിമയില്‍ കണ്ടത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ള്യു ബുഷിന്റെ വിദേശനയത്തില്‍ പ്രതിഷേധിച്ച് അകി കൌരിസ് മാക്കി എന്ന ചലച്ചിത്രകാരന്‍ ഓസ്കാര്‍ നോമിനേഷന്‍ എന്ന വെള്ളിത്താലം തട്ടിമാറ്റി. വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷനെന്ന തലപ്പാവിനേക്കാളും വലുതാണ് സ്വത്വബോധമെന്ന രാഷ്ട്രീയപ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്

    ReplyDelete