Friday, December 11, 2009

നായനാര്‍ വധശ്രമക്കേസ് ചില സത്യങ്ങള്‍

കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി അതിവേഗം ഫയല്‍നീക്കി

തടിയന്റവിട നസീര്‍ പ്രതിയായ നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍തിരക്കിട്ട് ഫയലുകള്‍ നീക്കിയതിന് രേഖകള്‍ തെളിവ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയ്ക്കുള്ള ദിവസങ്ങളിലാണ് ഇതിനായി ശരവേഗത്തില്‍ ഫയല്‍നീക്കം നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നു ഇത്. മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം കേസ് പിന്‍വലിക്കുന്നതിന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്രൈംബ്രാഞ്ച് മേധാവിക്ക് ഉത്തരവ് നല്‍കി. ക്രൈംബ്രാഞ്ചില്‍നിന്ന് ഉടനടി അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അപ്പോഴേക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനാല്‍ കേസ് പിന്‍വലിക്കാനായില്ല.

2005 നവംബര്‍ മൂന്നിന് മുഖ്യമന്ത്രിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയത്. അന്നുതന്നെ ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപി 235/സിആര്‍05 എന്ന നമ്പരില്‍ ഡിജിപിക്ക് കത്ത് നല്‍കി. ക്രൈംബ്രാഞ്ചില്‍ നിന്നുകിട്ടിയ ആദ്യ റിപ്പോര്‍ട്ട് 2006 ജനുവരിയില്‍ ഡിജിപി മുഖേന ആഭ്യന്തരവകുപ്പിന് കൈമാറി. കേസ് പിന്‍വലിക്കുന്നതിന് പ്രാഥമികറിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപിക്ക് കത്തിലൂടെ ഉത്തരവ് നല്‍കിയത് 2006 മെയ് നാലിനാണ്. മെയ് മൂന്നിനായിരുന്നു നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ്. തൊട്ടടുത്ത ദിവസമാണ് 17694/എല്‍/06 എന്ന നമ്പരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. 2006 മാര്‍ച്ച് ഒന്നുമുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് ഉത്തരവ് പുറപ്പെടുവിക്കാന്‍ വൈകിയത്. ഏപ്രില്‍ 22, 29, മെയ് മൂന്ന് എന്നീ ദിവസങ്ങളിലായിരുന്നു നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്. മെയ് 11ന് വോട്ടെണ്ണലും 18ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും നടന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ചാര്‍ജ് ചെയ്ത സിആര്‍ 246 എന്ന നമ്പര്‍ കേസില്‍ അടിയന്തരമായി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. ഡിജിപിക്ക് ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ കത്തിനെ കുറിച്ചും ഇതില്‍ സൂചനയുണ്ട്. എന്നാല്‍, ഈ കേസ് നായനാര്‍ വധശ്രമക്കേസ് ആണെന്ന നേരിയ സൂചനപോലും ഉത്തരവിലില്ല. കണ്ണൂര്‍ ടൌണ്‍ പൊലീസ് 478/99 എന്ന നമ്പരിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ 246/99 എന്ന നമ്പരിലേക്ക് മാറി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം അന്വേഷണം തുടരാന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. കേസിന്റെ മേല്‍നോട്ടച്ചുമതല തീവ്രവാദവിരുദ്ധ സ്ക്വാഡ് മേധാവി ഡിഐജി ടി കെ വിനോദ്കുമാറിന് നല്‍കി 2009 ഏപ്രില്‍ 19ന് ഡിജിപി ഉത്തരവിറക്കുകയും ചെയ്തു.
(കെ ശ്രീകണ്ഠന്‍)

കേസ് എഴുതിത്തള്ളാന്‍ ശ്രമിച്ചത് ഉമ്മന്‍ചാണ്ടി

നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ തുടര്‍ നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന വസ്തുത ശരിയല്ല. 1999 നവംബര്‍ 20ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് ക്രൈംബ്രാഞ്ചിന് നല്‍കി ഉത്തരവിട്ടിരുന്നെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളെ സഹായിക്കാന്‍ യുഡിഎഫ് എടുത്ത നടപടികള്‍ മറച്ചുപിടിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഇതിനാണ് നായനാര്‍ വധശ്രമക്കേസ് എല്‍ഡിഎഫ് സര്‍ക്കാരാണ് പൂഴ്ത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രംഗത്തുവന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോപണം ശുദ്ധ അസംബന്ധമാണ്.

1999 സെപ്തംബര്‍ 12ന് വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരുകള്ളനോട്ട് കേസിന്റെ അന്വേഷണത്തിനിടയിലാണ് നായനാരെ വധിക്കാന്‍ ഗൂഢാലോചന നടന്ന വിവരം വെളിവായത്. കണ്ണൂര്‍ ടൌണ്‍ പൊലീസ് കേസെടുത്ത് ആറു പേരെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് കശ്മീര്‍ സംഭവത്തില്‍ പങ്കാളികളായവര്‍ക്ക് നായനാര്‍ വധശ്രമക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. ഈ കേസില്‍ തുടരന്വേഷണം നടക്കുന്നു. കോടതിയില്‍നിന്ന് കേസ് തിരികെ വാങ്ങി എന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കേസിലെ ഒരു പ്രതിക്ക് കശ്മീര്‍ സംഭവവുമായി ബന്ധമുണ്ടെന്ന് വ്യക്തമാകുകയും അയാള്‍ പിടിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് കോടതിയുടെ അനുമതി തേടിയത്. തീവ്രവാദ കേസുകള്‍ അട്ടിമറിക്കാന്‍ നേതൃത്വം കൊടുത്ത യുഡിഎഫ് സര്‍ക്കാരിന്റെ ചെയ്തികള്‍ കള്ളപ്രചാരണത്തിലൂടെ മറച്ചുപിടിക്കാന്‍ കഴിയില്ല. തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചത് 2008 ഒക്ടോബറിലാണ്. ഈ ടീമിന്റെ സഹായത്തോടെ നായനാര്‍ വധശ്രമക്കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

കേസ് പിന്‍വലിക്കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി

മുന്‍മുഖ്യമന്ത്രി ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാമെന്ന് യുഡിഎഫ് നേതാക്കള്‍ ഉറപ്പുനല്‍കിയതായി വെളിപ്പെടുത്തല്‍. തീവ്രവാദപ്രവര്‍ത്തനത്തിന് അറസ്റ്റിലായ തടിയന്റവിട നസീര്‍ മുഖ്യപ്രതിയായ കേസാണ് നായനാര്‍ വധശ്രമക്കേസ്. കേസ് ഇല്ലാതാക്കാന്‍ പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി, മുസ്ളിംലീഗ് നേതാവ് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഇടപെട്ടതായാണ് വെളിപ്പെടുത്തല്‍. തീവ്രവാദപ്രവര്‍ത്തനത്തിന് ഡല്‍ഹിയില്‍ പിടിയിലായ അബ്ദുള്‍ഹമീദ് എന്ന അമീറലി പൊലീസിന് നല്‍കിയ മൊഴിയിലാണ് കോണ്‍ഗ്രസ് -മുസ്ളിംലീഗ് നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള വിവരം. നായനാര്‍ വധശ്രമക്കേസിലും പ്രതിയാണ് അമീറലി. ഭീകരപ്രവര്‍ത്തനത്തിന് കശ്മീരിലേക്ക് അഞ്ച് മലയാളികളെ കടത്തിയ കേസിലാണ് അബ്ദുള്‍ഹമീദെന്ന അമീറലി പിടിയിലായത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ കേരള പൊലീസ് നിയോഗിച്ച പ്രത്യേകസംഘം അമീറലിയെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയിലാണ് ഇരുനേതാക്കളുടെയും പങ്ക് പറഞ്ഞിട്ടുള്ളത്.

ഈ വര്‍ഷം ആദ്യമാണ് അബ്ദുള്‍ഹമീദെന്ന അമീറലി പൊലീസ് പിടിയിലായത്. കണ്ണൂര്‍ക്കാരടക്കം അഞ്ചു മലയാളിയുവാക്കളെ കാശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനത്തിന് കൊണ്ടുപോയകേസിലായിരുന്നു അറസ്റ്റ്. 51 പേജുള്ള മൊഴിപ്പകര്‍പ്പിന്റെ 18, 19 പേജുകളിലായാണ് പ്രസക്തമായ സുചനകള്‍. മട്ടാഞ്ചേരി സ്വദേശിയാണ് അബ്ദുള്‍ഹമീദെന്ന അമീറലി. ന്യൂഡല്‍ഹിയില്‍ യമുനാവിഹാറില്‍ കഴിയവെയാണ് പൊലീസ് പിടിക്കുന്നത്. നായനാര്‍ വധശ്രമക്കേസില്‍ ഒളിവില്‍ക്കഴിയവെ വ്യവസായമന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ സമീപിച്ചതായായി അമീറലി പറയുന്നു. തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞുമൊത്ത് ഉമ്മന്‍ചാണ്ടിയെക്കണ്ടു. കേസ് വിടാന്‍ വേണ്ടത് ചെയ്യാമെന്നുപറഞ്ഞ് ഉമ്മന്‍ചാണ്ടി ആശ്വസിപ്പിച്ചെന്നാണ് മൊഴിയിലുള്ളത്. 51 പേജുള്ള മൊഴിയിലെ പ്രസക്തഭാഗം:

"2004-ന് ശേഷം ഞാന്‍ എറണാകുളത്ത് വരാന്‍ തുടങ്ങിയകാലം വ്യവസായമന്ത്രി ഇബ്രാഹിംകുഞ്ഞായിരുന്നു. നായനാര്‍വധശ്രമക്കേസില്‍ എനിക്ക് ശിക്ഷ കുറച്ചുകിട്ടാന്‍ സാബുഅലി (മദനിയുടെ അംഗരക്ഷകന്‍) ഇബ്രാഹിംകുഞ്ഞുമായി സംസാരിച്ചു. റജീബും (മദനിയുടെ കൂടെ 16 വയസുമുതല്‍ ഇപ്പോള്‍വരെയുള്ള) സാബുഅലിയും ഞാനും തിരുവനന്തപുരത്തുപോയി. ആദ്യം ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസില്‍പോയി. അദ്ദേഹത്തെക്കണ്ട് കേസിന്റെ കാര്യം സംസാരിച്ചു. കേസില്‍ നിന്നും ഏതുവിധേനയും ഒഴിവാക്കാനാണ് സംസാരിച്ചത്. അതിനുശേഷം സാബുഅലിയും ഇബ്രാഹിംകുഞ്ഞും ഉമ്മന്‍ചാണ്ടിയുമായി ഇതിനെപ്പറ്റി സംസാരിച്ചു. കേസ് വിടുവിക്കാന്‍ ശ്രമിക്കാം എന്ന് ആശ്വസിപ്പിച്ചു''.
(പി വി ജീജോ)

പ്രതി ഷെഫീഖ് കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ബന്ധു

കളമശേരിയില്‍ ബസ് കത്തിച്ച കേസില്‍ പിടികിട്ടാനുള്ള ഷെഫീഖ് മുസ്ളിം ലീഗ് അഖിലേന്ത്യ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ ബന്ധു. അഹമ്മദിന്റെ മരുമകളുടെ ഭര്‍ത്താവ് ഖാലിദിന്റെ അനുജനാണ് ഷെഫീഖ്. 2005 സെപ്തംബറിലുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍തന്നെ ഷെഫീഖ് പ്രതിയെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അഹമ്മദിന്റെ ബന്ധുവായതിനാല്‍ ഇയാളെ പിടിക്കാന്‍ യുഡിഎഫ് ഭരണത്തില്‍ ഊര്‍ജിത നീക്കം നടത്തിയില്ല. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ കണ്ണൂര്‍ താവക്കരയിലെ ഇയാളുടെ വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂരിലെ അന്വേഷണം മരവിപ്പിച്ചു. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞയുടന്‍ ഷെഫീഖ് ഗള്‍ഫിലേക്ക് കടന്നു. ഇപ്പോള്‍ സൌദി അറേബ്യയിലാണ്. ഇയാളുടെ മറ്റൊരു സഹോദരന്‍ റഷീദ് സിമിയുടെ പ്രവര്‍ത്തകനായിരുന്നു. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ പഠിക്കുമ്പോള്‍ സിമിയുടെ നേതാവായിരുന്നു. കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപത്തുണ്ടായിരുന്ന സിമിയുടെ ഓഫീസിന്റെ ചുമതലയും റഷീദിനായിരുന്നു. ഇയാളും വിദേശത്താണ്. തടിയന്റവിട നസീറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഷെഫീഖ് നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്നാണ് പൊലീസ് നിഗമനം.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫിനുവേണ്ടി നസീറും കൂട്ടാളികളും രംഗത്തിറങ്ങിയിരുന്നു. കെ സുധാകരനായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് നേതാക്കളുമായുള്ള അടുത്ത ബന്ധത്തിലൂടെയാണ് കണ്ണൂര്‍ സിറ്റിയില്‍ രഹസ്യ കേന്ദ്രം ഉണ്ടാക്കാനും തീവ്രവാദ ക്ളാസുകള്‍ സംഘടിപ്പിക്കാനും ഇവര്‍ക്കായത്. മുസ്ളിംലീഗിന്റെ തണലും ലഭിച്ചു. ആസാദ് വധം, നായനാര്‍ വധശ്രമ ഗൂഢാലോചന കേസുകളില്‍ പ്രതികളായിരുന്ന ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നായനാര്‍ വധശ്രമ ഗൂഢാലോചനകേസും യുഡിഎഫ് പ്രചാരണ ആയുധമാക്കിയിരുന്നു. നിരപരാധികളെ രാജ്യദ്രോഹ കേസുകളില്‍ കുടുക്കുന്നുവെന്നായിരുന്നു പ്രചാരണം.

ദേശാഭിമാനി 111209

1 comment:

  1. തടിയന്റവിട നസീര്‍ പ്രതിയായ നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍തിരക്കിട്ട് ഫയലുകള്‍ നീക്കിയതിന് രേഖകള്‍ തെളിവ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയ്ക്കുള്ള ദിവസങ്ങളിലാണ് ഇതിനായി ശരവേഗത്തില്‍ ഫയല്‍നീക്കം നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നു ഇത്. മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം കേസ് പിന്‍വലിക്കുന്നതിന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്രൈംബ്രാഞ്ച് മേധാവിക്ക് ഉത്തരവ് നല്‍കി. ക്രൈംബ്രാഞ്ചില്‍നിന്ന് ഉടനടി അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അപ്പോഴേക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനാല്‍ കേസ് പിന്‍വലിക്കാനായില്ല.

    ReplyDelete