Friday, December 18, 2009

മനുഷ്യ നന്മയെ വക്രീകരിക്കുന്നവര്‍

ഭൂമിയിലെ ഏറ്റവും മഹത്തരമായത് എന്താണെന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന മികച്ച ഉത്തരങ്ങളിലൊന്ന് മനുഷ്യജീവിതം എന്ന് തന്നെയായിരിക്കും. മനുഷ്യജീവിതത്തിന്റെ ഏറ്റവും തിളക്കമേറിയ മുഖമേതെന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന മികച്ച ഉത്തരങ്ങളിലൊന്ന് പ്രണയം എന്നുമായിരിക്കും.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തഴച്ചുവളരുന്ന ഒരു വ്യവസായമായിരിക്കയാണ് വിവാദ നിര്‍മ്മാണം. ഇല്ലാത്ത ഒരു പ്രശ്നം ഉണ്ടാക്കിയെടുക്കുക, ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളെ ഊതിവീര്‍പ്പിച്ച് ഒരു പ്രശ്നം ഉണ്ടാക്കിയെടുത്ത് വിവാദം കൊഴുപ്പിക്കുക എന്നിവയില്‍ അസാമാന്യമായ ഒരു വൈഭവം തന്നെ ആര്‍ജ്ജിച്ചിരിക്കയാണ് നമ്മുടെ കുറെയേറെ മാധ്യമങ്ങളും ചില പ്രസ്ഥാനങ്ങളും.

കോഴിക്കോട് ജില്ലക്കാരിയായ ഒരു പെണ്‍കുട്ടി അപ്രത്യക്ഷയായി, ഹിന്ദു സമുദായക്കാരിയായ ആ പെണ്‍കുട്ടി ഒരു മുസ്ളീം യുവാവിനെ വിവാഹം കഴിച്ചു ഹൈദരാബാദില്‍ കഴിയുന്നുണ്ടെന്ന വിവരം കിട്ടിയ മാതാപിതാക്കള്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. കോടതിയില്‍ ഭര്‍ത്താവിനൊപ്പം ഹാജരായ പെണ്‍കുട്ടി നല്‍കിയ മൊഴി അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു. തന്നോട് ഒരു മുസ്ളീം യുവാവ് നടത്തിയ പ്രണയാഭ്യര്‍ത്ഥന താന്‍ നിരസിച്ചുവെന്നും അതിനുള്ള പ്രതികാരത്തിന്റെ ഭാഗമായി താന്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതാണെന്നും, ജീവന്‍ അപകടത്തിലാണെന്ന് തോന്നിയതിനാല്‍ മതപരിവര്‍ത്തനത്തിനും വിവാഹത്തിനും സമ്മതിക്കുകയായിരുന്നുവെന്നും അതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവാദം തരണമെന്നുമായിരുന്നു ആ യുവതിയുടെ അപേക്ഷ കോടതി അതനുവദിക്കുകയും കുറ്റക്കാരനായ യുവാവിനെതിരെ കേസ് എടുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. പോലീസ് അന്വേഷണം സജീവമായി തുടര്‍ന്നുകൊണ്ടിരിക്കയാണ്.

പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ തന്നെപ്പോലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും വിധേയമാകേണ്ടിവന്ന അന്യസംസ്ഥാനക്കാരായ വേറെയും യുവതികളെ താന്‍ കണ്ടിട്ടുണ്ടെന്നും പറഞ്ഞതായാണ് അറിവ്. തീര്‍ച്ചയായും എണ്ണത്തില്‍ എത്ര ചെറുതാണെങ്കിലും അത്യന്തം ഗൌരവമുള്ള ഒരു സംഭവമാണിത്. ഒരു കാരണവശാലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അതിശക്തമായ നടപടികളും വിശദമായ അന്വേഷണങ്ങളും ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. ജീവിതം പ്രതിസന്ധിയിലായ യുവതികളെ രക്ഷപ്പെടുത്തുകയും അതുപോലെ തന്നെ പ്രണയം എന്ന വികാരത്തെ ഇത്തരം നീചമായ ലക്ഷ്യത്തോടെ ആരെങ്കിലും കൊണ്ടു നടക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടികളും മാതൃകാപരമായ ശിക്ഷയും ഉറപ്പുവരുത്തണം. ഏതെങ്കിലും ഒരു സംഘടന ഇങ്ങിനെ ഒരജണ്ട നടപ്പിലാക്കുന്നുണ്ടെങ്കില്‍ അവരെ നിയമവിചാരണക്കും ജനകീയ വിചാരണക്കും വിധേയരാക്കുകയും വേണം.

എന്നാല്‍ കേരളത്തിനകത്തും പുറത്തും ഈ വിഷയവുമായി ബന്ധപ്പെട്ടുവരുന്ന പത്രവാര്‍ത്തകള്‍, പ്രസ്താവനകള്‍, നോട്ടീസുകള്‍, വാള്‍പോസ്റ്ററുകള്‍ എന്നിവയിലൂടെ പടരുന്ന ഈ വിവാദത്തില്‍ രണ്ട് പക്ഷക്കാര്‍ നിലകൊള്ളുന്നതായി നിഷ്പക്ഷമതികള്‍ തെറ്റിദ്ധരിച്ചിരിക്കയാണ്. യഥാര്‍ത്ഥത്തില്‍ ഈ വിവാദത്തില്‍ രണ്ട് പക്ഷമില്ല. രണ്ട് കൂട്ടര്‍ക്കും ഒരേ ലക്ഷ്യമാണ്.

കോഴിക്കോട് ജില്ലയിലെ പെണ്‍കുട്ടിയുടെ കാര്യത്തിലോ അതുപോലെ കൃത്യതയുള്ള ഏതെങ്കിലും സംഭവത്തിലോ കുറ്റക്കാരായ ആരെയെങ്കിലും ശിക്ഷിക്കണമെന്ന ആവശ്യം 'ലൌജിഹാദ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിവാദത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി രംഗത്ത് വന്നിരിക്കുന്നവര്‍ എന്ന് നടിക്കുന്നവര്‍ ശക്തമായി ഉന്നയിക്കുന്നില്ല. അവരുടെ നോട്ടീസുകളില്‍ ഈ സംഭവം വ്യാപകമായി നടക്കുന്ന ഒന്നായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് റിപ്പോര്‍ട്ട് കൊടുത്ത പോലീസിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും ഇതിലൊരു പങ്കും ആരോപിക്കാനാവാത്ത ഇടതുപക്ഷ സംഘടനകളെയുമാണ് കാര്യമായി കുറ്റപ്പെടുത്തുന്നത്.

മറുപക്ഷത്തിന്റെ വക്താക്കളായി രംഗത്തുവന്നിരിക്കുന്ന മുസ്ളീം സംഘടനകളൊന്നും ഇസ്ളാംമതത്തിലേക്ക് ആളെ കൂട്ടാന്‍ ഇത്തരം വൃത്തികെട്ട അടവ് ആരെങ്കിലും വ്യക്തിപരമായോ സംഘടനാപരമായോ നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ അപലപിക്കുന്ന ശക്തമായ ഒരു നിലപാട് എടുക്കുന്നതായി തോന്നുന്നില്ല. മുസ്ളീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നുവെന്ന മുറവിളിയില്‍ വിഷയത്തെ വഴിതിരിച്ചുവിടാനാണ് അവരും ശ്രമിക്കുന്നത്. മതപരിവര്‍ത്തനം കുറ്റകൃത്യമല്ല എന്ന കൂറ്റന്‍ പോസ്റ്ററുകള്‍ നാടാകെ പതിക്കുകയും സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവരുടെ നിലപാടിലും കാപട്യമുണ്ട്.

മതപരിവര്‍ത്തനം ഒരു ജനാധിപത്യ അവകാശമാണെന്ന് ഇപ്പോള്‍ വാദിക്കുന്നവര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു അദ്ധ്യാപകന്റെ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ച പാഠപുസ്തക വിവാദത്തില്‍ എടുത്ത നിലപാട് എന്തായിരുന്നു? ഓരോ കുട്ടിയും ജനിച്ചു വളരുന്ന സാഹചര്യം എന്തു തന്നെയായാലും അയാള്‍ വലുതായി തീരുമ്പോള്‍ അയാള്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണ് ഉചിതം എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു പാഠത്തിനെതിരെ ഏറ്റവും കൂടുതല്‍ കോലാഹലം ഉണ്ടാക്കിയിരുന്നവരും ഇവര്‍ തന്നെ ആയിരുന്നില്ലേ. മതപരിവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെടുന്ന സംഘപരിവാറും മതപരിവര്‍ത്തനം കുറ്റകൃത്യമല്ലെന്ന് വാദിക്കുന്ന മുസ്ളീം മതമൌലികതാവാദികളും അന്ന് ഐക്യമുന്നണിയായാണ് പ്രവര്‍ത്തിച്ചത്.

"ലൌ ജിഹാദ്'' വിവാദത്തിനുപിന്നില്‍ സിപിഐ എം ആണെന്ന് കാപട്യരാഷ്ട്രീയത്തിന്റെ ആള്‍രൂപമായ മുസ്ളീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഇവിടെ ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. തികഞ്ഞ ഹിഡന്‍ അജണ്ടകളുമായി ഈ വിവാദം കൊഴുപ്പിക്കുന്ന രണ്ട് കൂട്ടരുടെയും ലക്ഷ്യം സമൂഹത്തിന്റെ പരിപൂര്‍ണ്ണമായ സമുദായവല്‍ക്കരണമാണ്. ഹിന്ദു ഹിന്ദുവിന്റേതായ ലോകത്തും മുസ്ളീം മുസ്ളീമിന്റേതായ ലോകത്തും കഴിയേണ്ടവരാണെന്ന കാര്യത്തില്‍ ഇരുപക്ഷത്തിനും യോജിപ്പാണ്. ഇവിടെ കത്തി വീഴുന്നത് മതനിരപേക്ഷതയുടെ കഴുത്തിലാണ്.

ഇതിനകം തന്നെ പോലീസ്, നീതിപീഠം എന്നിവയില്‍ ഈ വിവാദത്തിന്റെ സ്വാധീനം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കൂത്തുപറമ്പ് സ്വദേശിയായ മുസ്ളീം യുവാവ് അഷ്കറിനെ സ്നേഹിച്ചു വീട്ടില്‍നിന്നും ഇറങ്ങിയ കര്‍ണ്ണാടകയിലെ ചാമരാജ് നഗര്‍ സ്വദേശിനിയും എഞ്ചിനീയറിംഗ് ബിരുദധാരിണിയുമായ ഷെല്‍ജയെന്ന യുവതി ബാംഗ്ളൂരു ഹൈക്കോടതിയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ഹാജരായിട്ടും ആവര്‍ത്തിച്ചു നല്‍കിയ മൊഴി താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അഷ്കറിനൊപ്പം പോയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല എന്നുമായിരുന്നു. എന്നിട്ടും കോടതി നിര്‍ദ്ദേശിച്ചത് മൂന്നാഴ്ച ഷെല്‍ജയോട് മാതാപിതാക്കള്‍ക്കൊപ്പം കഴിയാനും അതിനകം അഷ്കറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസിനോട് അന്വേഷിക്കാനുമാണ്. കേരളത്തില്‍ "ലൌ ജിഹാദ്'' എന്ന പേരില്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി അന്യമതസ്തരായ പെണ്‍കുട്ടികളെ മുസ്ളീമാക്കി മതപരിവര്‍ത്തനം ചെയ്യിക്കുന്ന ഏര്‍പ്പാടുണ്ടെന്നും അതിന് ഇരയായിരിക്കയാണ് തന്റെ മകളെന്നുമായിരുന്നു പിതാവിന്റെ കോടതിയിലെ വാദം.

എന്നാല്‍ തങ്ങള്‍ പ്രണയബദ്ധരാണെന്നും ഇരുപത് ദിവസം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്നും വിവാഹിതരാവാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഷെല്‍ജ കോടതിയില്‍ പറഞ്ഞു. ഇത്രയും കൃത്യമായ നിലപാടുള്ള ഒരു യുവതിയുടെ കാര്യത്തില്‍പോലും കോടതികള്‍ ഇങ്ങനെയൊരു സമീപനം എടുക്കാന്‍ തോന്നുന്ന തരത്തില്‍ ലൌജിഹാദ് വിവാദം സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു.

കര്‍ണാടകത്തിലെ ബണ്ടാര്‍ സ്വദേശിയായ കാമഭ്രാന്തനും കൊടുംകുറ്റവാളിയുമായ കായികാധ്യാപകന്‍ മോഹന്‍കുമാര്‍ പ്രണയം നടിച്ച് വലയിലാക്കി സൈനൈഡ് വിഷം നല്‍കി കൊന്നു തള്ളിയത് പത്തൊമ്പത് യുവതികളെയാണ്. തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തിയ ഇയാളുടെ വലയില്‍ അകപ്പെട്ട സ്ത്രീകളെ കാണാതാകുമ്പോഴെല്ലാം അതെല്ലാം ലൌജിഹാദിന്റെ കണക്കില്‍ എഴുതി ബഹളമുണ്ടാക്കാന്‍ കര്‍ണാടകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു. മോഹന്‍കുമാറിന്റെ അറസ്റ്റും പോലീസിന്റെ വെളിപ്പെടുത്തലും വന്നതോടെ തല്‍ക്കാലം അടങ്ങിയ അവര്‍ അടുത്ത അവസരത്തില്‍ വേറെ ഏതെങ്കിലും കാരണങ്ങള്‍ കണ്ടെത്തി ബഹളം തുടരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. കാരണം അവരുടെയും ലക്ഷ്യം പ്രശ്നപരിഹാരമല്ല. പ്രശ്നം പ്രശ്നമായി നിലനിര്‍ത്തലാണ്.

കോട്ടയത്തുനിന്നും തിരുവല്ല വരെയുള്ള ഒരു ബസ്യാത്രക്കിടയില്‍ പരിചയപ്പെടാനിടയായ ശുദ്ധഗതിക്കാരനായ ഒരു മുസ്ളീം സുഹൃത്ത് പറഞ്ഞ കമന്റ് ഇവിടെ കുറിക്കുന്നു. "ഇങ്ങിനെയൊരു ബഹളമൊക്കെ നടക്കുന്നതുകൊണ്ട് എന്തായാലും ഒരു ഗുണമുണ്ട്. കുട്ടികളെ ധൈര്യമായിട്ട് ദൂരത്തേക്കൊക്കെ പഠിക്കാന്‍ വിടാം. അവര് വേണ്ടാത്ത ഗുലുമാലിലൊന്നും പോയി കുടുങ്ങാന്‍ ഒരു പേടിയുണ്ടാവും. അത് നല്ലതാ''.

ആ സുഹൃത്തിന്റെ ന്യായീകരണം വ്യക്തമാണ്. ഇനിയൊരു പരീക്കുട്ടിയുടെ മനസ്സിലേക്കും ഒരു കറുത്തമ്മയും കയറി വരാത്ത ഒരു കാലം തന്നെയാണ് ഉണ്ടായിത്തീരുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നത്. ഇനിയൊരു തകഴിക്കും ഒരു ചെമ്മീന്‍ എഴുതാന്‍ തോന്നാത്ത കാലം; പ്രണയം മരിച്ച മരുഭൂമിയായിത്തീര്‍ന്ന ഒരു കേരളം.

മറ്റു വിഷയങ്ങള്‍ സംസാരിച്ചതില്‍നിന്നും ഒരു മതേതരവാദിയാണെന്ന് വ്യക്തമായ ആ സുഹൃത്തിന്റെ മനസ്സില്‍പോലും സമുദായവല്‍ക്കരണത്തിന്റെ വിഷം അറിയാതെ അലിഞ്ഞിറങ്ങുകയാണ്. മതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്ക് പുറത്തേക്കുള്ള എല്ലാ മനുഷ്യബന്ധങ്ങള്‍ക്കും തടസ്സമായി നില്‍ക്കുന്ന ഒരു മനസ്സ് പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാനുള്ള സമര്‍ത്ഥമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ രാത്രി പതിനൊന്ന് മണിയായിരിക്കുന്നു. എന്റെ വീടിന്റെ മുന്‍വശത്തുനിന്നും അല്‍പം മാറി പാര്‍ക്ക് ചെയ്തിരിക്കുന്ന ശബരിമലയിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന സുമോ വാനില്‍നിന്നും പുറപ്പെടുന്ന ശരണംവിളികള്‍ എനിക്ക് വ്യക്തമായി കേള്‍ക്കാം. സംഘത്തിലെ പ്രായമുള്ള സ്ത്രീ വന്ന് തെച്ചിപ്പൂക്കള്‍ ശേഖരിച്ചത് എന്റെ വീട്ടുമുറ്റത്തുനിന്നാണ്. ആ സംഘത്തില്‍ എന്റെ സുഹൃത്തായ ഒരു മുസ്ളീം പേരുള്ള ആളുണ്ട്. ആള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഹിന്ദു സ്ത്രീയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇപ്പോള്‍ ചെറിയ തോതില്‍ ഹിന്ദുമത ആചാരങ്ങളില്‍ താല്‍പര്യം കാണിക്കാറുണ്ട്. അതിന്റെ ഭാഗമാണ് ഈ ശബരിമലയാത്ര. ഇത്തരം കാര്യങ്ങളെ ഇനി ഒരു "ലൌ കുരുക്ഷേത്ര''യാക്കി വ്യാഖ്യാനിച്ച് ആരെങ്കിലും രംഗത്തുവരുമോ എന്നറിയില്ല.

മതനിരപേക്ഷമായ എല്ലാ മനുഷ്യബന്ധങ്ങളും അവസാനിച്ചു കാണണമെന്നാഗ്രഹിക്കുന്ന ഇടുങ്ങിയ മനസ്സുകള്‍ കൊഴുപ്പിക്കുന്ന ഈ വ്യാജ പ്രശ്നത്തെയും വിവാദത്തെയും ചെറുക്കാന്‍ മനുഷ്യനന്മയില്‍ വിശ്വാസമുള്ള മുഴുവന്‍ ജനാധിപത്യവാദികളുടെയും ഒന്നിച്ചു നില്‍പ്പ് അനിവാര്യമാണ്.

ബഷീര്‍ ചുങ്കത്തറ ചിന്ത വാരിക 181209

1 comment:

  1. മതപരിവര്‍ത്തനം ഒരു ജനാധിപത്യ അവകാശമാണെന്ന് ഇപ്പോള്‍ വാദിക്കുന്നവര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു അദ്ധ്യാപകന്റെ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ച പാഠപുസ്തക വിവാദത്തില്‍ എടുത്ത നിലപാട് എന്തായിരുന്നു? ഓരോ കുട്ടിയും ജനിച്ചു വളരുന്ന സാഹചര്യം എന്തു തന്നെയായാലും അയാള്‍ വലുതായി തീരുമ്പോള്‍ അയാള്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണ് ഉചിതം എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു പാഠത്തിനെതിരെ ഏറ്റവും കൂടുതല്‍ കോലാഹലം ഉണ്ടാക്കിയിരുന്നവരും ഇവര്‍ തന്നെ ആയിരുന്നില്ലേ. മതപരിവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെടുന്ന സംഘപരിവാറും മതപരിവര്‍ത്തനം കുറ്റകൃത്യമല്ലെന്ന് വാദിക്കുന്ന മുസ്ളീം മതമൌലികതാവാദികളും അന്ന് ഐക്യമുന്നണിയായാണ് പ്രവര്‍ത്തിച്ചത്.

    ReplyDelete