Friday, December 4, 2009

സിഖ് കൂട്ടക്കൊലയ്ക്ക് ഉത്തരം ലഭിക്കണം

കാല്‍നൂറ്റാണ്ടുമുമ്പ് ഡല്‍ഹിയില്‍ നടന്ന സംഭവം ശിരോമണി അകാലിദള്‍ എംപി ഹര്‍സിം റാട്ട് കൌര്‍ ബാദല്‍ പാര്‍ലമെന്റില്‍ഉന്നയിച്ചപ്പോള്‍ സഭാനേതാവായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഉത്തരമുണ്ടായില്ല. 1984 ഒക്ടോബറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അംഗരക്ഷകര്‍തന്നെ വധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കണ്ണില്‍ക്കണ്ട സിഖുകാരെയാകെ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയുമുണ്ടായി. മൂന്നു ദിവസം തുടര്‍ച്ചയായി നടന്ന ആക്രമണത്തില്‍ 7000 സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധിയെ വധിച്ചത് സിഖ് സമുദായത്തില്‍പ്പെട്ടവരാണ് എന്ന ഏക കാരണത്താലാണ് ആ സമുദായത്തില്‍പ്പെട്ട നിരപരാധികള്‍ കൂട്ടക്കൊലയ്ക്കിരയായത്. കൌര്‍ പറഞ്ഞകാര്യം ശ്രദ്ധേയമാണ്. ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടു. കൊലയാളികളെ തൂക്കിലേറ്റി. മറ്റൊരു പ്രധാനമന്ത്രിയും വധിക്കപ്പെട്ടു. കുറ്റവാളികള്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, 7000 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വല്ല നടപടിയും സ്വീകരിക്കുമോ ഇല്ലയോ എന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്നത് ന്യായമായ ആവശ്യമാണ്. സംഭവം ഖേദകരമാണ്. നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുനല്‍കാന്‍ കഴിയില്ല. കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്കുണ്ടായ വ്യഥയ്ക്കും പരിഹാരമില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്താം എന്നുമാത്രമാണ് പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞത്.

കണ്ണീരടക്കിപ്പിടിക്കാന്‍ വളരെ പ്രയാസപ്പെട്ടാണ് കൌര്‍ വിഷയം സഭയില്‍ അവതരിപ്പിച്ചത്. സിഖുകാര്‍ക്കെതിരെ കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ നിഷ്ഠുരമായ കൂട്ടക്കൊലയെ തുടര്‍ന്ന് ഒന്നിനുപിന്നില്‍ ഒന്നായി 10 അന്വേഷണ കമീഷനുകള്‍ നിയമിക്കപ്പെട്ടു. ജസ്റിസ് നാനാവതി കമീഷന്‍ 2005 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവായ സജ്ജന്‍കുമാറിനെതിരെ നാല് കേസ് ചാര്‍ജ്ചെയ്യണമെന്ന ശുപാര്‍ശയുണ്ടായിരുന്നു. ഒരു ശുപാര്‍ശയും നടപ്പാക്കിയില്ല എന്നകാര്യം അവര്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. അവര്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു. പ്രണബ് കുമാര്‍ മുഖര്‍ജിക്ക് മറുപടി പറയാന്‍ കഴിയാത്തതായിരുന്നു ചോദ്യം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിഖ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളാണെന്ന് കണ്ട ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍ എന്നിവരെ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അതിനുവേണ്ടി ഇരുവരെയും കുറ്റവിമുക്തരാക്കി പ്രഖ്യാപിക്കുകയുംചെയ്തു. എത്ര ലാഘവബുദ്ധിയോടെയാണ് കോണ്‍ഗ്രസ് ഈ വിഷയം കൈകാര്യം ചെയ്തതെന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു അത്. സിഖുകാരില്‍നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ ഇരുവരെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായി. അധികാരം കൈക്കലാക്കാനും നിലനിര്‍ത്താനും എന്തുചെയ്യാനും മടിക്കാത്ത പാര്‍ടിയാണ് കോണ്‍ഗ്രസെന്ന സത്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ സംഭവം സഹായിക്കും. ന്യൂനപക്ഷത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ഒരു പാര്‍ടി ചെറുന്യൂനപക്ഷമായ സിഖ് സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ് ഈ ക്രൂരത കാണിച്ചതെന്ന സത്യം ലോക്സഭയില്‍ ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടുകയായിരുന്നു.

ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഏഴായിരം പേരല്ല, ഏഴുപേര്‍ വധിക്കപ്പെട്ടാല്‍പോലും എന്തെല്ലാം പ്രചാരണങ്ങളാണ് മാധ്യമങ്ങള്‍ നടത്തുകയെന്നും ചിന്തിക്കേണ്ടതാണ്. ഇന്ദിരാഗാന്ധിയുടെ വധം അത്യന്തം ക്രൂരമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അതിന്റെ പേരില്‍ ഇത്രയധികം നിരപരാധികള്‍ വധിക്കപ്പെട്ടിട്ടും 25 വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നോര്‍മിക്കുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകേണ്ടതാണ്. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എല്ലാ പൌരന്മാര്‍ക്കും ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു. കൊലയാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുകയെന്ന സാമാന്യനീതി നടപ്പാക്കിയില്ലെന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അശേഷം കുറ്റബോധമില്ലെന്നതാണ് സവിശേഷത. വര്‍ഷം എത്രകഴിഞ്ഞാലും ജനാധിപത്യബോധമുള്ള ജനത ഇതില്‍ പ്രതികരിച്ചേ മതിയാകൂ. കോണ്‍ഗ്രസിന്റെ തനിനിറം തുറന്നുകാട്ടപ്പെടുകതന്നെ വേണം.

ദേശാഭിമാനി മുഖപ്രസംഗം 051209

1 comment:

  1. കാല്‍നൂറ്റാണ്ടുമുമ്പ് ഡല്‍ഹിയില്‍ നടന്ന സംഭവം ശിരോമണി അകാലിദള്‍ എംപി ഹര്‍സിം റാട്ട് കൌര്‍ ബാദല്‍ പാര്‍ലമെന്റില്‍ഉന്നയിച്ചപ്പോള്‍ സഭാനേതാവായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഉത്തരമുണ്ടായില്ല. 1984 ഒക്ടോബറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അംഗരക്ഷകര്‍തന്നെ വധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കണ്ണില്‍ക്കണ്ട സിഖുകാരെയാകെ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയുമുണ്ടായി. മൂന്നു ദിവസം തുടര്‍ച്ചയായി നടന്ന ആക്രമണത്തില്‍ 7000 സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധിയെ വധിച്ചത് സിഖ് സമുദായത്തില്‍പ്പെട്ടവരാണ് എന്ന ഏക കാരണത്താലാണ് ആ സമുദായത്തില്‍പ്പെട്ട നിരപരാധികള്‍ കൂട്ടക്കൊലയ്ക്കിരയായത്. കൌര്‍ പറഞ്ഞകാര്യം ശ്രദ്ധേയമാണ്. ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടു. കൊലയാളികളെ തൂക്കിലേറ്റി. മറ്റൊരു പ്രധാനമന്ത്രിയും വധിക്കപ്പെട്ടു. കുറ്റവാളികള്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, 7000 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വല്ല നടപടിയും സ്വീകരിക്കുമോ ഇല്ലയോ എന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്നത് ന്യായമായ ആവശ്യമാണ്

    ReplyDelete