Thursday, December 17, 2009

പ്രതിഭയിലെ മലയാളിസ്പര്‍ശം

ശാസ്ത്രമേഖലയില്‍ മികച്ച സംഭാവന നല്‍കിയ പ്രഗത്ഭരായ കേരളീയ ശാസ്ത്രജ്ഞരുണ്ട്. ഇവരില്‍ പലരും വേണ്ടത്ര അറിയപ്പെടുന്നില്ല. സാംസ്കാരികപാരമ്പര്യത്തെക്കുറിച്ച് ഊറ്റംകൊള്ളാറുള്ള മലയാളി സ്വന്തം ശാസ്ത്രപാരമ്പര്യത്തെ അവഗണിക്കയാണ്.

കേരളത്തിന്റെ പൌരാണിക ശാസ്ത്രപാരമ്പര്യം പരിശോധിക്കുമ്പോള്‍ മൌലിക സംഭാവനകൊണ്ട് ലോകശ്രദ്ധയില്‍ വന്നിട്ടുള്ള ശാസ്ത്രശാഖയാണ് ഗണിതം. 17-18 നൂറ്റാണ്ടുകളില്‍ പാശ്ചാത്യര്‍ കണ്ടെത്തിയ പല ഗണിതശാസ്ത്രപ്രമേയങ്ങളും സൂത്രങ്ങളും അതിനുമമ്പേ നമുക്ക് പരിചിതമായിരുന്നു. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, കടപയാദി സംഖ്യാപദ്ധതിക്ക് രൂപകല്‍പ്പന നല്‍കിയ ജ്യോതിശാസ്ത്രജ്ഞന്‍ വരരുചിയും 'ആര്യഭടീയ'ത്തിന്റെ (എഡി 476) കര്‍ത്താവായ ആര്യഭടനും കേരളപ്രദേശത്താണ് ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. സംഗ്രമഗ്രാമമാധവന്‍ (1340-1424), വടശ്ശേരിയില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി (1370-1460), കേളല്ലൂര്‍ നീലകണ്ഠ സോമയാജി (1445- 1545), പുതുമന ചോമയാജി (1660- 1740) തുടങ്ങി 13-16 നൂറ്റാണ്ടുകളിലായി കേരളത്തിലുണ്ടായിരുന്ന ഗണിതശാസ്ത്രജ്ഞര്‍ ജെയിസ് ഗ്രിഗറി (1660-1675), ജി ഡബ്ളിയു ലൈബ്നിറ്റ്സ് (1646-1716) തുടങ്ങിയ പാശ്ചാത്യ ഗണിത വിദഗ്ധര്‍ നൂറ്റാണ്ടുകള്‍ക്കുശേഷംമാത്രം കണ്ടെത്തിയ പൈയുടെ മൂല്യം, അനന്തശ്രേണികളുപയോഗിച്ചുള്ള ഗണനസമ്പ്രദായം തുടങ്ങിയ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗണിതശാസ്ത്രകാരനായ ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് നടത്തിവരുന്ന പഠനങ്ങള്‍ കേരളീയ ഗണിതസംഭാവനകളെ അന്താരാഷ്ട്രശ്രദ്ധയിലേക്കു കൊണ്ടുവന്നിട്ടുണ്ട്.
ആധുനികകാലത്തും കേരളിയശാസ്ത്രജ്ഞര്‍ നിരവധി ശാസ്ത്രശാഖകളെ മൌലിക സംഭാവനകൊണ്ട് സമ്പുഷ്ടമാക്കിയിട്ടുണ്ട്. ശാസ്ത്രപ്രചാരകനായ ജയന്ത് നര്‍ലിക്കര്‍ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശ്രദ്ധേയമായ പത്ത് ശാസ്ത്രസംഭാവനകള്‍ വിശദീകരിച്ച് സമീപകാലത്ത് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മേഘനാദ സാഹ, എസ് എന്‍ ബോസ്, സി വി രാമന്‍ എന്നിവര്‍ക്കൊപ്പം തന്മാത്ര ജൈവഭൌതികശാസ്ത്രശാഖയുടെ പിതാവായ ജി എന്‍ രാമചന്ദ്രന്‍, ഹരിതവിപ്ളവത്തിന് നേതൃത്വംകൊടുത്ത എം എസ് സ്വാമിനാഥന്‍ എന്നീ മലയാളികളുടെ സംഭാവനകളെപ്പറ്റി ഇതില്‍പ്രത്യേകം പരാമര്‍ശിക്കുന്നു.
ഭൌതികശാസ്ത്രത്തില്‍ നോബല്‍സമ്മാനം നേടിയ ഇന്ത്യയുടെ അഭിമാനമായ സി വി രാമന്റെ (1888-1970) ശിക്ഷണത്തില്‍ ജി എന്‍ രാമചന്ദ്രന്‍, ഗോപിനാഥ് കര്‍ത്താ, എം ആര്‍ രാമനാഥന്‍, ആര്‍ എസ് കൃഷ്ണന്‍, അന്ന മാണി എന്നീ മലയാളികള്‍ ഗവേഷണം നത്തിയിരുന്നു. സി വി രാമനുശേഷം ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഭൌതികശാസ്ത്രവിഭാഗത്തിന്റെ തലവനായി ചുമതലയേറ്റത് പിന്നീട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍കൂടിയായിരുന്ന ആര്‍ എസ് കൃഷ്ണന്‍ (1911-1999). സി വിക്ക് നോബല്‍ നേടിക്കൊടുത്ത രാമന്‍ ഇഫക്ടിനെപ്പറ്റി സിഎസ്ഐആര്‍ പ്രസിദ്ധീകരിച്ച മൂന്നു വാല്യങ്ങളിലുള്ള ഗ്രന്ഥം തയ്യാറാക്കിയതും കൃഷ്ണനാണ്.

ഭൌതികശാസ്ത്രത്തില്‍ രാമന്‍ ഇഫക്ടിനു തുല്യമായി വിലമതിക്കുന്ന ശാസ്ത്രതത്ത്വങ്ങളിലൊന്നാണ് ജി എന്‍ രാമചന്ദ്രന്റെ (1922- 2001) പെപ്റ്റൈഡിന്റെ ഘടന വിശദീകരിക്കുന്ന രാമചന്ദ്രന്‍ മാപ്പ്. ജി എന്‍ രാമചന്ദ്രനും സഹപ്രവര്‍ത്തകനായിരുന്ന ഗോപിനാഥ് കര്‍ത്തായും (1927-1984) നടത്തിയ ഗവേഷണങ്ങളെത്തുടര്‍ന്നാണ് മൂന്ന് സമാന്തര പോളിപെപ്റ്റൈഡ് ശൃംഖലകള്‍ ചേര്‍ന്നാണ് കൊളാജന്‍ ഘടന എന്നു കണ്ടെത്തിയത്. ജെയിംസ് വാട്സണും (1928) പ്രാന്‍സിസ് ക്രിക്കും (1916-2004) കണ്ടെത്തിയ ഡിഎന്‍എ ഘടന സംബന്ധിച്ച ഡബിള്‍ ഹെലിക്സ് സിദ്ധാന്തത്തെപ്പറ്റിയുള്ള പഠനം പ്രസിദ്ധീകരിച്ചതിന്റെ അടുത്ത വര്‍ഷമാണ് (1954) രാമചന്ദ്രും കര്‍ത്തായും എഴുതിയ കൊളാജന്‍ ഘടന സംബന്ധിച്ച ലേഖനം നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ചത്. 1962ല്‍ വാട്സനും ക്രിക്കിനും മോറിസ് വില്‍ക്കിന്‍സിനും (1916-2004) നോബല്‍സമ്മാനം ലഭിച്ചെങ്കിലും അവരുടെ ഗവേഷണത്തിനു തുല്യമായ കണ്ടെത്തലുകള്‍ നടത്തിയ രാമചന്ദ്രനും കര്‍ത്തായ്ക്കും നോബല്‍ ലഭിക്കാതെപോയത് ഇപ്പോഴും ചര്‍ച്ചയാണ്. പില്‍ക്കാലത്ത് ജൈവസാങ്കേതികവിദ്യാവിപ്ളവത്തിലേക്കും എംആര്‍ഐ സ്കാന്‍ തുടങ്ങിയ രോഗനിര്‍ണയ ഉപാധികളുടെ കണ്ടെത്തലിലേക്കും നയിച്ചത് രാമചന്ദ്രന്റെയും കര്‍ത്തായുടെയും ഗവേഷണഫലങ്ങളാണ്. റൈബോസോമിന്റെ ഘടന നിര്‍ദ്ധാരണംചെയ്തതിന് 2009ല്‍ രസതന്ത്ര നോബല്‍ ലഭിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞനായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്റെ ഗവേഷണത്തോടു ബന്ധമുള്ളതാണ് റൈബോ ന്യൂക്ളിയസ് എന്‍സൈമിന്റെ ഘടന സംബന്ധിച്ച കര്‍ത്തായുടെ പഠനങ്ങള്‍.

ഇന്ത്യന്‍ ജ്യോതിശാസ്ത്ര ഗവേഷണത്തെയും വാനനിരീക്ഷണ കേന്ദ്രങ്ങളെയും ലോകനിലവാരത്തിലെത്തിച്ചത് മലയാളിയായ എം കെ വൈനു ബാപ്പു (1927-1982). അമേരിക്കയിലെ പലോമര്‍ ഒബ്സര്‍വേറ്ററിയില്‍ ചഡോക്ക് വില്‍സണ്‍ എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്ന് വൈനു ബാപ്പു നക്ഷത്രങ്ങളുടെ പ്രകാശദീപ്തിയും വര്‍ണരാജിയുടെ സവിശേഷതകളും തമ്മിലുള്ള ബന്ധം കണ്ടെത്തി.

ജ്യോതിശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തിയുള്ള നിരീക്ഷണഫലം വില്‍സണ്‍-ബാപ്പു ഇഫക്ട് എന്നാണ് അറിയപ്പെടുന്നത്. കൊടൈക്കനാലിലെ ഒബ്സര്‍വേറ്ററിയെ ആധുനികവല്‍ക്കരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സായി വളര്‍ത്തിയെടുത്തത് ബാപ്പുവാണ്. തമിഴ്നാട്ടില്‍ കലവൂരിലെ ഒബ്സര്‍വേറ്ററിയില്‍ ഏഷ്യയിലെ വലിയ ടെലിസ്കോപ് അദ്ദേഹം സ്ഥാപിച്ചു. 1986ല്‍ രാജീവ്ഗാന്ധി ഒബ്സര്‍വേറ്ററിക്കും ടെലിസ്കോപ്പിനും വൈനു ബാപ്പുവിന്റെ പേരുനല്‍കി ആ സംഭാവനകള്‍ക്ക് ദേശീയാംഗീകാരമേകി.

ഇന്ത്യന്‍ ശാസ്ത്രരംഗത്ത് വനിതകള്‍ കുറവാണെന്നു പറയാം. ഇവിടെയും രണ്ട് മലയാളി ശാസ്ത്രജ്ഞകള്‍ വ്യക്തിമുദ്ര പതിപ്പിച്ചു. എത്നോബോട്ടണി എന്ന സസ്യശാസ്ത്രശാഖയ്ക്ക് തുടക്കം കുറിച്ച ഇ കെ ജാനകിയമ്മാള്‍ (1897-1984) ആണ് ഇവരിലൊരാള്‍. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലും അലഹാബാദിലെയും ജമ്മുവിലെയും ബൊട്ടാണിക്കല്‍ ലാബോറട്ടറികളിലും സേവനമനുഷ്ഠിച്ച അമ്മാളിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍പ്പോലും സസ്യശാസ്ത്ര അവാര്‍ഡ് നല്‍കിവരുന്നു. അന്തരീക്ഷപഠനത്തിലും സൌരോര്‍ജം, പവനോര്‍ജം, ഓസോണ്‍ എന്നീ മേഖലകളിലും ഗവേഷണം നടത്തിയ സ്വാതന്ത്യ്രസമരസേനാനികൂടിയായിരുന്ന അന്ന മാണി (1918-2001)യാണ് മറ്റൊരു പ്രമുഖ. രണ്ടുപേരും ശാസ്ത്രത്തെ ജീവിതപങ്കാളിയാക്കി അവിവാഹിതരായി തുടര്‍ന്നു.

ബഹിരാകാശഗവേഷണത്തിലും ഭൌതികശാസ്ത്രത്തിലും സംഭാന നല്‍കിയ കെ ആര്‍ രാമനാഥന്‍ (1893-1984), ഇന്ത്യന്‍ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവും ശാസ്ത്രപ്രചാരകനുമായിരുന്ന ഡോ. പി ആര്‍ പിഷാരടി (1909-2002), ഗണിതശാസ്ത്രത്തിലെ സങ്കീര്‍ണങ്ങളായ സമകാലീന പ്രശ്നങ്ങള്‍ക്ക് ഉത്തരംകണ്ടെത്തിയ ഡോ. പി കെ മേനോന്‍ (1917-1979), റബര്‍ ഗവേഷണത്തിലെ പ്രതിഭാശാലിയായിരുന്ന ബി സി ശേഖര്‍ (1929- 2006) തുടങ്ങിയവര്‍ മലയാളികള്‍ മറന്ന ശാസ്ത്രകാരന്മാരാണ്.

ഭരണരംഗത്തും ശാസ്ത്രഗവേഷണത്തിലും ഒരുപോലെ ശോഭിച്ച എം ജി കെ മേനോനും ഇന്ത്യയെ ലോകത്തെ ആണവരാജ്യങ്ങളിലൊന്നാക്കുന്നതില്‍ പങ്കുവഹിച്ച പി കെ അയ്യങ്കാറും ഇന്ത്യന്‍ ബഹിരാകാശസംരംഭങ്ങളെ അത്യുന്നതങ്ങളിലെത്തിച്ച കൃഷ്ണസ്വാമി കസ്തൂരിരംഗനും ഇരുണ്ടഊര്‍ജം സംബന്ധിച്ച സിദ്ധാന്തങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച താണു പത്മനാഭനും പലതവണ നോബല്‍സമ്മാനത്തിന് ശുപാര്‍ശചെയ്യപ്പെട്ട കണികാ ഭൌതികശാസ്ത്രജ്ഞന്‍ ഇ സി ജി സുദര്‍ശനും ശാസ്ത്രസപര്യ നടത്തിവരുന്ന മലയാളികളില്‍ പ്രമുഖര്‍തന്നെ.

അടിസ്ഥാന ശാസ്ത്രവിഷയങ്ങളോട് അകലംപുലര്‍ത്തി പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന യുവതലമുറ പഴയ മലയാളിപ്രതിഭകളുടെ പ്രചോദനം ഉള്‍ക്കൊണ്ട് കേരളീയ ശാസ്ത്രപാരമ്പര്യം തിരിച്ചുപിടിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ഡോ. ബി ഇക്ബാല്‍ ദേശാ‍ഭിമാനി

1 comment:

  1. അടിസ്ഥാന ശാസ്ത്രവിഷയങ്ങളോട് അകലംപുലര്‍ത്തി പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന യുവതലമുറ പഴയ മലയാളിപ്രതിഭകളുടെ പ്രചോദനം ഉള്‍ക്കൊണ്ട് കേരളീയ ശാസ്ത്രപാരമ്പര്യം തിരിച്ചുപിടിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

    ReplyDelete