Sunday, December 13, 2009

രാജ്യത്താകെ വിലക്കയറ്റം : പൊറുതിമുട്ടി ജനം

ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം രാജ്യത്ത് ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 28ന് അവസാനിച്ച ആഴ്ച ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 19.05 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 100 രൂപക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് ഇക്കൊല്ലം 119.05 രൂപ കൊടുക്കണം. അരിവിലയില്‍ 12.76 ശതമാനമാണ് ശരാശരി വര്‍ധന. ഗോതമ്പിന് 12.6 ശതമാനവും പയറുവര്‍ഗങ്ങള്‍ക്ക് 41.96 ശതമാനവും വിലകൂടി. തുവരപരിപ്പിന് 100 ശതമാനം വരെയും ചെറുപയര്‍, ഉഴുന്ന് തുടങ്ങിയവക്ക് 50 ശതമാനത്തോളവും വില ഉയര്‍ന്നു. പച്ചക്കറിയുടെ വിലക്കയറ്റമാണ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. 31.03 ശതമാനമാണ് പച്ചക്കറി ഇനങ്ങള്‍ക്കാകെയുള്ള വിലക്കയറ്റം. ഉരുളക്കിഴങ്ങിന് കഴിഞ്ഞവര്‍ഷക്കോള്‍ 102.19 ശതമാനം വില ഉയര്‍ന്നു. സവാളക്ക് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വില 150 ശതമാനം വരെ ഉയര്‍ന്നു. ഒരുവര്‍ഷത്തിനിടയിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 23.46 ശതമാനമാണ്. പഴവര്‍ഗങ്ങള്‍ക്ക് 12.54ഉും പാലിന് 11.36ഉും ഭക്ഷ്യവസ്തുക്കള്‍ക്കാകെ 20ഉം ശതമാനം വിലകൂടി. നവംബറില്‍ ഡല്‍ഹി, ചണ്ഡീഗഢ്, സിംല എന്നീ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 രൂപ വരെയായി വില ഉയര്‍ന്നു. സവാളക്ക് 40 രൂപ വരെയായി. ചെറുപയറിന് 85നും 95നുമിടയിലാണ് വില. പഞ്ചസാരക്ക് 35നും 40നും മധ്യേ. ആട്ടയ്ക്ക് 25 രൂപയായി. രണ്ടുമാസത്തിനിടെ കുടുംബ ബജറ്റില്‍ 3,000 രൂപയുടെ വര്‍ധന.

ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദിവസവും ഉപയോഗിക്കുന്ന സവാള, ഉരുളക്കിഴങ്ങ്, ആട്ട, ഭക്ഷ്യഎണ്ണ, പാല്‍ എന്നിവയുടെ വിലവര്‍ധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. വില കുതിച്ചുകയറുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗതയിലാണ്. രാജ്യത്തിന്റെ ഭക്ഷ്യആവശ്യം നിറവേറ്റാനും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനും നടപടികളെടുക്കാനാണ് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രാലയമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ വിലക്കയറ്റം പത്ത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തിയിട്ടും ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ ചുമലിലിട്ട് വിശ്രമിക്കുകയാണ് കേന്ദ്രമന്ത്രാലയം. ഒരുവശത്ത് അവശ്യവസ്തുക്കളുടെ വില കൂടാനിടയാക്കിയ കാരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നു. വരള്‍ച്ചയടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പോലുള്ള ഇടപെടലിന് കേന്ദ്രം തയ്യാറല്ല. അവശ്യസാധന നിയമത്തില്‍ പഴുതുകളുണ്ടാക്കി ഇടനിലക്കാര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും കൊള്ളലാഭം കൊയ്യാന്‍ വഴിവയ്ക്കുകയാണ്. പൊതുവിതരണ സംവിധാനത്തിലൂടെ പയറുവര്‍ഗങ്ങളും പഞ്ചസാരയും നല്‍കാന്‍ തയ്യാറല്ല. അരിയും ഗോതമ്പും രാജ്യത്തിന്റെ ആവശ്യം നേരിടാന്‍ പാകത്തില്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭിക്കാനുള്ള ഏക മാര്‍ഗം പൊതുവിതരണ സംവിധാനത്തിലൂടെ കുറഞ്ഞ വിലയ്ക്ക് എപിഎല്‍ വിഭാഗത്തിനും ഇവ ലഭ്യമാക്കുകയാണ്. ഇതിന് സര്‍ക്കാര്‍ ഒരുക്കമല്ല. പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവക്ക് ഇന്ത്യയില്‍ ലഭ്യത കുറവുണ്ട്. ഇവ ഇറക്കുമതിചെയ്ത് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാന്‍ കേന്ദ്രം തയ്യാറല്ല. എല്ലാം പൊതുവിപണിയുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തിരിക്കയാണ്.

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്കാണ് പൊതുവിതരണ സംവിധാനം നിലനിര്‍ത്തുന്നത്. ബജറ്റില്‍ തുക വകയിരുത്തിയാണ് പരിമിതമായ സാമ്പത്തികശേഷിയില്‍നിന്ന് ഇത് സാധിക്കുന്നത്. ഇതിന് അധികസഹായം കേന്ദ്രം നിഷേധിക്കുകയാണ്.
(വി ജയിന്‍)

വില കയറ്റുന്നത് കേന്ദ്രനയങ്ങള്‍

രാജ്യം വിലക്കയറ്റത്തിന്റെ പിടിയിലായതിന് കാരണം മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പിന്തുടരുന്ന നവഉദാരവല്‍ക്കരണനയങ്ങളാണ്. കാര്‍ഷികമേഖലയെ അവഗണിക്കുന്നതിന്റെ ഫലമായി ഉല്‍പ്പാദനത്തിലെ മുന്നേറ്റം തടസ്സപ്പെട്ടു. ഏറുന്ന ഭക്ഷ്യആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം ഇല്ലാതായി. കാലവര്‍ഷത്തിന്റെ അനിശ്ചിതത്വത്തിനൊപ്പം വരള്‍ച്ചയും വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും കൃഷിയെ ബാധിക്കുകയും ചെയ്തു. പെട്രോളിയം വിലവര്‍ധന കൂനിന്മേല്‍ കുരുവായി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. കടത്തുകൂലിയുടെ വര്‍ധന സ്വാഭാവികമായും സാധന വില വര്‍ധിക്കാന്‍ കാരണമായി. അവധി വ്യാപാരം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും വിലക്കയറ്റത്തിന് വഴിവച്ചു. വിത്തിറക്കുന്നതിനുമുമ്പ് തന്നെ വിളകള്‍ പണം കൊടുത്ത് വാങ്ങുന്ന രീതി പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും വഴിവച്ചു. കമ്പോളത്തിലെ സാധനങ്ങളുടെ നല്ലൊരു ശതമാനം ഇന്ന് നിയന്ത്രിക്കുന്നത് ഈ സംഘമാണ്.

2008 ഏപ്രിലിനും ജൂണിനുമിടയില്‍ 11,15,327 കോടി രൂപയായിരുന്നു അവധിവ്യാപാരം. ഈ വര്‍ഷം അതേ കാലയളവില്‍ 15,64,115 രൂപയുടെ അവധി വ്യാപാരമാണ് നടന്നത്. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കയറ്റുന്നത് ഈ വിഭാഗമാണ്. അവശ്യവസ്തു നിയമത്തില്‍ വെള്ളം ചേര്‍ത്തത് പൂഴ്ത്തിവെപ്പുകാര്‍ക്കെതിരായ നടപടിയുടെ മുനയൊടിച്ചു. നിയമം ശക്തിപ്പെടുത്താനോ അവധിവ്യാപാരം നിയന്ത്രിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. വിലക്കയറ്റം തടയാനുള്ള പ്രധാന മാര്‍ഗം പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തലാണ്. എന്നാല്‍, ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഈ സമ്പ്രദായത്തെ മാറിമാറിവന്ന സര്‍ക്കാരുകള്‍ തകര്‍ത്തു. ബിപിഎല്‍, എപിഎല്‍ എന്നിങ്ങനെ റേഷന്‍കാര്‍ഡുടമകളെ വിഭജിച്ചതോടെ റേഷന്‍ സമ്പ്രദായത്തിന്റെ സാര്‍വത്രികത ഇല്ലായായി.

സര്‍ക്കാര്‍ നിയമിച്ച അര്‍ജുന്‍സെന്‍ ഗുപ്ത കമ്മിറ്റി റിപ്പോര്‍ടനുസരിച്ച് രാജ്യത്തെ 77 ശതമാനം ജനങ്ങളും ദിവസം 20 രൂപ ചെലവഴിക്കാനില്ലാത്തവരാണെങ്കില്‍ എപിഎല്‍-ബിപിഎല്‍ വിഭജനത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏകദേശം 24 കോടി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ 6.52 കോടി കുടംബങ്ങള്‍ക്കാണ് ബിപിഎല്‍ കാര്‍ഡുള്ളത്. അത് 5.91 കോടിയായി കുറക്കണമെന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റേഷന്‍ ലഭിക്കുന്നവരുടെ എണ്ണം ഇനിയും കുറയുമെന്നര്‍ഥം. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍ ബിപിഎല്‍-എപിഎല്‍ വിഭജനമില്ലാതെ റേഷന്‍ സമ്പ്രദായം സാര്‍വത്രികമാക്കാനും ശൃംഖല വ്യാപിക്കാനും തയ്യാറാകണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 24 കോടി കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കാന്‍ പ്രതിവര്‍ഷം 1,46,909 കോടി രൂപ സബ്സിഡി നല്‍കിയാല്‍ മതി. നിലവില്‍ 52,490 കോടി രൂപ കേന്ദ്രം ഭക്ഷ്യസബ്സിഡി നല്‍കുന്നുണ്ട്. 94,419 കോടി രൂപ കൂടി നല്‍കിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ നല്‍കാമെന്നര്‍ഥം. നടപ്പ് സാമ്പത്തികവര്‍ഷം ബജറ്റില്‍ നാല് ലക്ഷം കോടി രൂപ കോര്‍പറേറ്റുകള്‍ക്ക് നികുതി സൌജന്യം അനുവദിച്ച സാഹചര്യത്തില്‍ റേഷന്‍ സമ്പ്രദായം ശക്തമാക്കാന്‍ ലക്ഷം കോടിരൂപ ചെലവാക്കാന്‍ പ്രയാസമുണ്ടാകില്ല. പാശ്ചാത്യരാഷ്ട്രങ്ങളിലേതുപോലെ കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. സംസ്ഥാനങ്ങളുടെ വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനഃസ്ഥാപിക്കുകയും വേണം.
(വി ബി പരമേശ്വരന്‍)

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 19.05 %

രാജ്യത്താകെ പച്ചക്കറിവില കുതിച്ചുകയറുന്നതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 19.05 ശതമാനമായി വര്‍ധിച്ചു. നവംബര്‍ 28ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. നവംബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ 17.47 ശതമാനമായിരുന്നു. രണ്ടുമാസമായി ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ഉരുളക്കിഴങ്ങിന്റെ വില കഴിഞ്ഞവര്‍ഷത്തേതിന്റെ ഇരട്ടിയായെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. സവാളയ്ക്ക് 23 ശതമാനവും അരിക്ക് 11.75 ശതമാനവും ഗോതമ്പിന് 12.60 ശതമാനവും വില കയറി. പയറുവര്‍ഗങ്ങള്‍ക്ക് 42 ശതമാനമാണ് വിലക്കയറ്റം. പഴവര്‍ഗങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 13 ശതമാനം വില കൂടിയപ്പോള്‍ പാലിന് 11.36 ശതമാനം വിലവര്‍ധിച്ചു.

deshabhimani news 13 december 2009

1 comment:

  1. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം രാജ്യത്ത് ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 28ന് അവസാനിച്ച ആഴ്ച ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 19.05 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 100 രൂപക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് ഇക്കൊല്ലം 119.05 രൂപ കൊടുക്കണം. അരിവിലയില്‍ 12.76 ശതമാനമാണ് ശരാശരി വര്‍ധന. ഗോതമ്പിന് 12.6 ശതമാനവും പയറുവര്‍ഗങ്ങള്‍ക്ക് 41.96 ശതമാനവും വിലകൂടി. തുവരപരിപ്പിന് 100 ശതമാനം വരെയും ചെറുപയര്‍, ഉഴുന്ന് തുടങ്ങിയവക്ക് 50 ശതമാനത്തോളവും വില ഉയര്‍ന്നു. പച്ചക്കറിയുടെ വിലക്കയറ്റമാണ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. 31.03 ശതമാനമാണ് പച്ചക്കറി ഇനങ്ങള്‍ക്കാകെയുള്ള വിലക്കയറ്റം.

    ReplyDelete