Tuesday, December 22, 2009

കോച്ച് ഫാക്ടറി അട്ടിമറിക്കാന്‍ ആസൂത്രിത നുണപ്രചാരണം

പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് തുക ബജറ്റില്‍ വകയിരുത്താമെന്ന് റെയില്‍മന്ത്രി മമത ബാനര്‍ജി ഉറപ്പുനല്‍കിയതോടെ പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നുണപ്രചാരണം വീണ്ടും സജീവമായി. പദ്ധതിക്കായി 300 കുടുംബത്തെ കുടിയൊഴിപ്പിക്കാമെന്ന് പാലക്കാട് എംപി എം ബി രാജേഷ് പറഞ്ഞെന്നും അതില്‍ മമത പ്രകോപിതയായെന്നുമാണ് പുതിയ കെട്ടുകഥ.

കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം റെയില്‍മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് നുണ പ്രചരിപ്പിച്ച് പദ്ധതി അട്ടിമറിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. പാലക്കാട് എംപി ഒറ്റയ്ക്കല്ല, കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘമാണ് വെള്ളിയാഴ്ച മമതയെ കണ്ടത്. തുടര്‍ന്ന് കേരളഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെയില്‍ സഹമന്ത്രി ഇ അഹമ്മദും സംസ്ഥാന റെയില്‍വേയുടെ ചുമതലയുള്ള നിയമമന്ത്രി എം വിജയകുമാറുമാണ് കൂടിക്കാഴ്ചയുടെ വിശദാംശം നല്‍കിയത്. ഒരു കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കേണ്ടാത്ത ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയതെന്ന് എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കിയിരുന്നു. മമതയോട് 300 കുടുംബത്തെ കുടിയൊഴിപ്പിക്കാമെന്ന് എംപി പറഞ്ഞിരുന്നുവെങ്കില്‍ ഈ പരാമര്‍ശത്തെ യുഡിഎഫ് എംപിമാരും ഇ അഹമ്മദും എതിര്‍ക്കുമായിരുന്നു. കോച്ച് ഫാക്ടറിക്കായി കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുമെന്ന് മേധ പട്കറും മറ്റും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഒഴിപ്പിക്കല്‍ ആവശ്യമുള്ള പദ്ധതിക്ക് അനുമതി നല്‍കില്ലെന്നും ചര്‍ച്ചയുടെ തുടക്കത്തില്‍ മമത അറിയിച്ചു. തുടര്‍ന്ന് കുടിയൊഴിപ്പിക്കേണ്ടാത്ത ഭൂമിയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എം ബി രാജേഷ് അറിയിച്ചു. ഇക്കാര്യം ബോധ്യമായതിനെതുടര്‍ന്ന് ബജറ്റില്‍ തുക വകയിരുത്തുമെന്ന് മമത സര്‍വകക്ഷിസംഘത്തെ അറിയിച്ചു. കുടിയൊഴിപ്പിക്കല്‍ ഒരു പ്രശ്നമാക്കി വളര്‍ത്തിയെടുത്ത് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിക്കാമെന്നും അതിലൂടെ കോച്ച് ഫാക്ടറി അട്ടിമറിക്കാമെന്നും സര്‍വകക്ഷിസംഘത്തിലുള്ള ആര്‍ക്കെങ്കിലും അപ്പോള്‍ത്തന്നെ തോന്നിയിട്ടുണ്ടാകും. അവരായിരിക്കാം ഈ നുണപ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നത്.

മുമ്പ് 900 ഏക്കര്‍ ഭൂമി വേണമെന്നു പറഞ്ഞിരുന്ന കോച്ച് ഫാക്ടറിക്ക് ഏറ്റവുമൊടുവില്‍ 'റൈറ്റ്സ്' നടത്തിയ പഠനത്തില്‍ 450 ഏക്കര്‍ മതിയെന്നു കണ്ടെത്തിയിരുന്നു. റൈറ്റ്സ് പാലക്കാട് സന്ദര്‍ശിച്ചപ്പോള്‍ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ അളവ് കുറയ്ക്കണമെന്ന് എംപി ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കല്‍ ഇല്ലാതെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് എംപിയും സംസ്ഥാന സര്‍ക്കാരും ശ്രമിച്ചത്. വ്യവസായവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭൂമിയും ഇന്‍സ്ട്രുമെന്റേഷനുവേണ്ടി മുമ്പ് ഏറ്റെടുത്ത ഭൂമിയും ചേര്‍ത്ത് കുടിയൊഴിപ്പിക്കാതെതന്നെ ഭൂമി കൈമാറാന്‍ കഴിയുമെന്ന് മന്ത്രി വിജയകുമാര്‍ അറിയിച്ചിട്ടുണ്ട്്. എന്നാല്‍, ഇതെല്ലാം മറച്ചുവച്ച് പദ്ധതി അട്ടിമറിക്കാനാണ് ചിലരുടെ ശ്രമം. യുഡിഎഫിനുവേണ്ടി ഏതാനും മാധ്യമങ്ങളാണ് നുണപ്രചാരവേല നടത്തുന്നത്.
(വി ജയിന്‍)

കുടിയൊഴിപ്പിക്കല്‍ വാര്‍ത്ത പച്ചക്കള്ളം: എം ബി രാജേഷ്

പാലക്കാട് കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 300 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് താന്‍ പറഞ്ഞതായും അതിനെ റെയില്‍മന്ത്രി മമത ബാനര്‍ജി എതിര്‍ത്തതായും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധവും ദൌര്‍ഭാഗ്യകരവുമാണെന്ന് എം ബി രാജേഷ് എംപി പ്രസ്താവനയില്‍ പറഞ്ഞു. മമതയുമായി നടന്ന ചര്‍ച്ചയില്‍ വാദപ്രതിവാദമോ തര്‍ക്കങ്ങളോ ഉണ്ടായിട്ടില്ല. ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ സ്ഥലം കണ്ടെത്താന്‍ കഴിയുമെന്നാണ് മന്ത്രിയോട് പറഞ്ഞത്. നേരത്തേയുണ്ടായിരുന്ന ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചെന്നും റൈറ്റ്സിന്റെ പുതിയ സര്‍വേ അനുസരിച്ച് കുടിയൊഴിപ്പിക്കല്‍ ആവശ്യമില്ലെന്നും മന്ത്രിയോട് വിശദീകരിച്ചു. 'എംപി പറഞ്ഞതനുസരിച്ചാണെങ്കില്‍ താന്‍ സന്തുഷ്ടയാണ്' എന്നാണ് മമത അപ്പോള്‍ പ്രതികരിച്ചത്. മന്ത്രി എം വിജയകുമാറും കോച്ച് ഫാക്ടറി നോഡല്‍ ഓഫീസര്‍ ഉഷാ ടൈറ്റസും ഇതുതന്നെയാണ് വസ്തുതയെന്ന് മന്ത്രിയോട് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത വന്നത് ദുരൂഹമാണ്. പരാമര്‍ശവിധേയനായ വ്യക്തിയോട് വിശദീകരണം തേടിയശേഷം വാര്‍ത്ത പ്രസിദ്ധീകരിക്കുകയെന്ന സ്വാഭാവികനീതി പോലും ഇവിടെയുണ്ടായില്ല. രാഷ്ട്രീയവിരോധത്തിന്റെ തിമിരം ബാധിച്ച ഏതോ അസൂയാലുക്കളാണ് ഈ വാര്‍ത്തയുടെ ഉറവിടം. കോച്ച് ഫാക്ടറി കേരളത്തിനും പാലക്കാടിനും സ്വന്തമാകുമെന്ന ഘട്ടത്തില്‍ പദ്ധതി അട്ടിമറിക്കാനുള്ള കുബുദ്ധി ഇതിനു പിന്നിലുണ്ടാകാം. മൂന്ന് പതിറ്റാണ്ട് മുമ്പ് കോച്ച് ഫാക്ടറി നഷ്ടപ്പെട്ടതുപോലെ വീണ്ടും ഇല്ലാതാക്കാന്‍ അനുവദിക്കില്ല. കുടിയൊഴിപ്പിക്കലിന്റെ വക്താവായി തന്നെ ചിത്രീകരിക്കാനുള്ള ചിലരുടെ ദുഷ്ടലാക്ക് വിജയിക്കില്ലെന്ന് രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 221209

No comments:

Post a Comment