Sunday, December 13, 2009

പ്രവാസികള്‍ക്ക് അമൂല്യ സമ്മാനം

മറുനാടന്‍ മലയാളികളുടെ നെടുനാളത്തെ ആവശ്യവും ആഗ്രഹവുമാണ് ടി കെ ഹംസയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നിലവില്‍ വന്ന പ്രവാസി ക്ഷേമനിധി ബോര്‍ഡ്. കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനുതന്നെ താങ്ങായി നില്‍ക്കുന്നത് ഇന്നാട്ടില്‍നിന്ന് വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പോയി തൊഴിലെടുത്തു ജീവിക്കുന്ന മലയാളികളാണ്. ലോകത്തിന്റെ മനുഷ്യവാസമുള്ള ഏതു കോണിലും മലയാളിസാന്നിധ്യമുണ്ട്. ദുരിതപൂര്‍ണമായ സാഹചര്യങ്ങളോട് മല്ലിട്ട് അധ്വാനിക്കുന്ന മലയാളികള്‍ അയക്കുന്ന പണം ഇന്നാട്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം മാത്രമല്ല, നാടിന്റെ അഭിവൃദ്ധിയെയും മുന്നോട്ടു നയിക്കുന്നു. മണല്‍ക്കാടുകളിലെ ലേബര്‍ ക്യാമ്പുകളിലും ഉള്‍ക്കടലിലെ എണ്ണക്കപ്പലുകളിലും കൂറ്റന്‍ കെട്ടിടങ്ങളുടെ വെയില്‍ തിളയ്ക്കുന്ന ഉത്തുംഗങ്ങളിലും വിയര്‍പ്പുവീഴ്ത്തുന്ന പ്രവാസികളോട് നാടിന് തീര്‍ക്കാനാവാത്ത കടപ്പാടുകളുണ്ട്. ആ കടപ്പാടാണ്, പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമബോര്‍ഡ് രൂപീകരണത്തിലൂടെ പ്രവൃത്തിയില്‍ കൊണ്ടുവന്നത്.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. പെന്‍ഷനും ചികിത്സാസഹായവും സ്വയംതൊഴില്‍വായ്പയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് വിപുലമായ ആനുകൂല്യങ്ങളുള്ള പദ്ധതി 2010 ജനുവരിയിലാണ് പ്രവര്‍ത്തനക്ഷമമാവുക. അംഗത്വകാര്‍ഡ് വിതരണവും പദ്ധതിപ്രവര്‍ത്തനവും ജനുവരിയില്‍ ആരംഭിക്കും. അഞ്ചുവര്‍ഷത്തില്‍ കുറയാതെ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും. അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍ നല്‍കും. ശാരീരിക വൈകല്യം നേരിടാന്‍ പ്രത്യേക സാമ്പത്തികസഹായവും ക്ഷേമനിധിയിലുണ്ട്. പ്രത്യേക ചികിത്സാസഹായം, വനിതാ അംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹസഹായം, വസ്തു വാങ്ങാനും വീട് പണിയാനും അറ്റകുറ്റപ്പണിക്കും സാമ്പത്തികസഹായവും വായ്പയും, മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായവും വായ്പയും, സ്വയംതൊഴില്‍ വായ്പ തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ട്.

പ്രവാസി മലയാളികളുടെ പ്രയാസങ്ങള്‍ക്കാകെ ഇത് പരിഹാരമാണെന്നല്ല. എന്നാല്‍, തങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആകുന്നത്ര ഇടപെടലിന് സന്നദ്ധമായ സര്‍ക്കാരാണ് നാട്ടിലുള്ളതെന്നുമുള്ള ധാരണയും സുരക്ഷിതബോധവും പ്രവാസികളിലുണ്ടാക്കാന്‍ ഈ പദ്ധതി കാരണമാകും. തൊഴില്‍ സുരക്ഷയുടെയും അസുഖത്തിന്റെയും മറ്റും പ്രശ്നമനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരമായ ഒന്നാണിത്. പദ്ധതി ആവിഷ്കരിച്ച് സാര്‍ഥകമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രവാസിമലയാളികളോടൊപ്പം ഞങ്ങളും അഭിനന്ദിക്കുന്നു.

എന്‍ഡോസള്‍ഫാന്‍മൂലം ദുരിതം അനുഭവിക്കുന്നവരുടെ സംരക്ഷകര്‍ക്ക് പ്രതിമാസം 250 രൂപ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ്. എന്‍ഡോസള്‍ഫാന്‍ നിരോധനം ശക്തമായി തുടരും, ദുരിതബാധിതര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറക്കും, രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന കാര്യം പരിഗണിക്കും, പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ സൌജന്യമാക്കും, ദുരിതബാധിത മേഖലയില്‍ ആരോഗ്യവകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ വാന്‍ പ്രവര്‍ത്തനം തുടങ്ങും എന്നിങ്ങനെയുള്ള തീരുമാനങ്ങളും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരിന്റേതാണ്. ജനപക്ഷത്തുള്ള എല്‍ഡിഎഫിനു മാത്രം കഴിയുന്ന തീരുമാനങ്ങള്‍.

ദേശാഭിമാനി മുഖപ്രസംഗം 141209

2 comments:

  1. മറുനാടന്‍ മലയാളികളുടെ നെടുനാളത്തെ ആവശ്യവും ആഗ്രഹവുമാണ് ടി കെ ഹംസയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നിലവില്‍ വന്ന പ്രവാസി ക്ഷേമനിധി ബോര്‍ഡ്. കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനുതന്നെ താങ്ങായി നില്‍ക്കുന്നത് ഇന്നാട്ടില്‍നിന്ന് വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പോയി തൊഴിലെടുത്തു ജീവിക്കുന്ന മലയാളികളാണ്. ലോകത്തിന്റെ മനുഷ്യവാസമുള്ള ഏതു കോണിലും മലയാളിസാന്നിധ്യമുണ്ട്. ദുരിതപൂര്‍ണമായ സാഹചര്യങ്ങളോട് മല്ലിട്ട് അധ്വാനിക്കുന്ന മലയാളികള്‍ അയക്കുന്ന പണം ഇന്നാട്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം മാത്രമല്ല, നാടിന്റെ അഭിവൃദ്ധിയെയും മുന്നോട്ടു നയിക്കുന്നു. മണല്‍ക്കാടുകളിലെ ലേബര്‍ ക്യാമ്പുകളിലും ഉള്‍ക്കടലിലെ എണ്ണക്കപ്പലുകളിലും കൂറ്റന്‍ കെട്ടിടങ്ങളുടെ വെയില്‍ തിളയ്ക്കുന്ന ഉത്തുംഗങ്ങളിലും വിയര്‍പ്പുവീഴ്ത്തുന്ന പ്രവാസികളോട് നാടിന് തീര്‍ക്കാനാവാത്ത കടപ്പാടുകളുണ്ട്. ആ കടപ്പാടാണ്, പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമബോര്‍ഡ് രൂപീകരണത്തിലൂടെ പ്രവൃത്തിയില്‍ കൊണ്ടുവന്നത്.

    ReplyDelete
  2. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നടപടി സ്വീകരിച്ചതെന്ന് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് പ്രവാസി വകുപ്പ് രൂപീകരിച്ചത്. വി എസ് സര്‍ക്കാരാണ് ക്ഷേമനിധി ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ പ്രവാസി ക്ഷേമനിധിയിലെ അംഗങ്ങളുടെ മരണാനന്തര ധനസഹായവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ള അറുപത് വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷനും അംഗത്തിന് മരണം സംഭവിച്ചാല്‍ കുടുംബ പെന്‍ഷനും നല്‍കും. വിദേശത്ത് മരണം സംഭവിക്കുന്ന പ്രവാസിമലയാളികള്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായവും അപകടം, രോഗം എന്നിവമൂലം അംഗം മരിക്കാനിടയായാല്‍ ആശ്രിതര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

    ReplyDelete