Sunday, April 11, 2010

ക്ഷീരമേഖലയും ക്ഷേമനിധിയും

വികസിത രാഷ്ട്രങ്ങള്‍ വര്‍ധിച്ച സബ്സിഡി നല്‍കി പാല്‍ ഉല്‍പ്പന്നങ്ങള്‍ വികസ്വരരാഷ്ട്രങ്ങളില്‍ വിതരണംചെയ്യുന്നതിലൂടെ ദരിദ്രരാഷ്ട്രങ്ങളിലെ ക്ഷീരമേഖല തകരുന്നു. ഇതുമൂലം പതിനായിരക്കണക്കിന് പാവപ്പെട്ട ക്ഷീരകര്‍ഷകരാണ് ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നത്. മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് പാലും പാല്‍ ഉല്‍പ്പന്നങ്ങളും. വളരെ പെട്ടെന്ന് ചീത്തയാകുന്ന സ്വഭാവമുള്ളതിനാല്‍ ഇവ സൂക്ഷിക്കുന്നതിന് വിലയേറിയ സംവിധാനങ്ങള്‍ ഒരുക്കേണ്ടതായുണ്ട്. ഇത്തരം സംവിധാനങ്ങളുടെ സജ്ജീകരണത്തിനായി വന്‍തുക ആവശ്യമായതുകൊണ്ട് ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സഹകരണ സംഘങ്ങളുടെ ചുമതലയിലാണ് കൂടുതലായും നടക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ക്ഷീരകര്‍ഷകരുടെ സംഘങ്ങള്‍ അവരുടെ സ്വന്തം സംസ്കരണശാലകള്‍തന്നെ നടത്തുന്നുണ്ട്.

2021-22ല്‍ 180 ദശലക്ഷം ടണ്‍ പാലുല്‍പ്പാദിപ്പിക്കാനാണ് നാം ലക്ഷ്യമിടുന്നത്. ഇന്നത്തെ വാര്‍ഷിക ഉല്‍പ്പാദന വര്‍ധന 2.5 ദശലക്ഷം ടണ്‍ മാത്രമാണ്. ലക്ഷ്യം നേടുന്നതിന് എന്‍ഡിഡിബി ഒരു ദേശീയ ക്ഷീര പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഈ പദ്ധതിയിലൂടെ 15 വര്‍ഷത്തിനുള്ളില്‍ പാലുല്‍പ്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഏറ്റവും നൂതനമായ രീതിയില്‍ കറവപ്പശുക്കളുടെ ഉല്‍പ്പാദനശേഷി ജനിതകമാറ്റത്തിലൂടെ വര്‍ധിപ്പിക്കുകയും സഹകരണ/സ്വകാര്യമേഖലകളില്‍ വര്‍ധിച്ച പങ്കാളിത്തത്തോടുകൂടി പാലുല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടാക്കാനാകുമെന്നുമാണ് കരുതുന്നത്. ക്ഷീരോല്‍പ്പാദനത്തില്‍ കേരളത്തിന് 13-ാം സ്ഥാനമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ക്രമമായി വളര്‍ച്ചയുടെ പടവ് കയറുന്ന കേരളത്തിന്റെ 2009 ലെ വാര്‍ഷിക പാലുല്‍പ്പാദനം 24 ലക്ഷം ടണ്‍ എന്നാണ് കണക്ക്. 2005ല്‍ ഇത് 20 ലക്ഷം ടണ്ണായിരുന്നു. നമ്മുടെ ആവശ്യത്തിനുള്ള അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗസാധനങ്ങളുടെ 50 ശതമാനത്തില്‍ അധികവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുമ്പോള്‍, വര്‍ധിച്ചുവരുന്ന ആവശ്യകതയ്ക്കിടയിലും നമുക്ക് ആവശ്യമായ പാലിന്റെ 90 ശതമാനവും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷവും മറ്റേതൊരു കാര്‍ഷിക ഉല്‍പ്പന്നത്തേക്കാളും വളര്‍ച്ചനിരക്ക് പാലിന്റെ കാര്യത്തില്‍ സംസ്ഥാനം നേടുകയുണ്ടായി.

കന്നുകാലി പ്രജനനവും പരിപാലനവും കൂടുതല്‍ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് അതിനൂതന ഹൈടെക് ഫാമുകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. പാലുല്‍പ്പാദനവര്‍ധനയുടെ നൂതന സാങ്കേതികവിദ്യകളായ ബൈപാസ് പ്രോട്ടീന്‍, ബൈപാസ് ഫാറ്റ്, മിനറല്‍ മിക്സ്ചര്‍ എന്നിവയിലൂടെ പാലുല്‍പ്പാദനം വര്‍ധിപ്പിക്കാം. ഇത് ഗ്രാമങ്ങളില്‍ എത്തിക്കുന്നത് ശ്രമകരമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷീരമേഖലയ്ക്ക് ആവശ്യമായ നിയമനിര്‍മാണം വളരെ പെട്ടെന്ന് നടപ്പില്‍വരുത്തുകയും മറ്റ് സഹായങ്ങള്‍ ചെയ്യുകയും വേണം. അതില്‍ ഏറ്റവും പ്രധാനമാണ് ക്ഷീരകര്‍ഷകക്ഷേമനിധി.

ക്ഷീരമേഖല ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരുടെ ജീവനോപാധിയായതുകൊണ്ട് മൃഗസംരക്ഷണവകുപ്പിന് ദേശീയതലത്തില്‍ ഒരു പ്രജനനനയം രൂപീകരിക്കാനും അതിനാവശ്യമായ നിയമനിര്‍മാണം നടത്താനും കഴിയണം. കുറയുന്ന കൃഷിഭൂമി, ഉല്‍പ്പാദനോപാധികളുടെ വിലവര്‍ധന, കന്നുകാലി രോഗങ്ങള്‍, വര്‍ധിച്ച കൂലി തുടങ്ങിയ അനവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ക്ഷീരോല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലമാണ്. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പാലിന്റെ വാര്‍ഷിക ഉല്‍പ്പാദനം 20.63 ലക്ഷം ടണ്ണായിരുന്നു. വേനല്‍ക്കാലത്ത് ക്ഷാമവും മഴക്കാലത്ത് ധാരാളിത്തവും എന്ന പ്രതിഭാസം വര്‍ഷങ്ങളായി തുടരുന്നു. കാലികളുടെ ജനിതകമേന്മ വര്‍ധിപ്പിക്കാനുള്ള ക്ഷീരധാര പദ്ധതി, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയമുള്ള ഗോസുരക്ഷാപദ്ധതി, മികച്ച കറവയുള്ള കാലിക്കൂട്ടത്തെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പശുഗ്രാമം, മില്‍ക്ക് ഷെഡ് പദ്ധതി, തീറ്റപ്പുല്‍ വികസനപദ്ധതി തുടങ്ങി എണ്ണമറ്റ പ്രോജക്ടുകളാണ് ഈ രംഗത്ത് ആസൂത്രണംചെയ്തത്. അതിന്റെ വിജയം കണ്ടുതുടങ്ങിയിട്ടേയുള്ളൂ. പശുഗ്രാമം, മില്‍ക്ക്ഷെഡ് വികസന പദ്ധതി എന്നിവയിലൂടെ 20.90 കോടി രൂപ മുടക്കി ഉല്‍പ്പാദനശേഷി കൂടിയ 25,000 പശുക്കളെ സംസ്ഥാനത്തിന് പുറത്തുനിന്നു കൊണ്ടുവന്ന് കര്‍ഷകര്‍ക്ക് നല്‍കിയത് ഉല്‍പ്പാദന വര്‍ധനയ്ക്ക് സഹായിച്ചു. ഇതേ കാലയളവില്‍ 7.8 കോടി രൂപ ചെലവില്‍ ഏകദേശം 10,000 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് തീറ്റച്ചെലവ് കുറയ്ക്കാന്‍ കര്‍ഷകരെ സഹായിച്ചു. കേരളത്തിലെ ആവശ്യത്തിനുള്ള പാലിന്റെ 90 ശതമാനത്തില്‍ അധികം സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

കറവമാടുകളെ വളര്‍ത്തുന്നത് കേരളത്തിലെ 14 ലക്ഷം വരുന്ന സാധാരണ കര്‍ഷകരാണ്. ഇതില്‍ നാലുലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ സഹകരണശൃംഖലയില്‍ അംഗങ്ങളാണ്. ഇവര്‍ പ്രാഥമിക ക്ഷീരസഹകരണസംഘം മുഖേന പാല്‍ വിപണനം ചെയ്യുന്നു. ഇത്തരം ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി ക്ഷേമനിധി ആവശ്യമായിവന്നു. കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ഓര്‍ഡിനന്‍സ് 2005 ആഗസ്ത് 24ന് നിലവില്‍വന്നു. പരിഷ്കാരങ്ങളോടെ 2007 ഏപ്രില്‍ 13ന് നിയമമായി. ശാരീരികമായ അവശതമൂലം കഷ്ടപ്പെടുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് നിയമവ്യവസ്ഥ പ്രകാരം 10 വര്‍ഷം പാല്‍ നല്‍കേണ്ടിയിരുന്നു. ഈ കാലയളവ് അഞ്ചുവര്‍ഷമായി കുറയ്ക്കുന്നതിന് ഇപ്പോള്‍ ഭേദഗതിയും പാസാക്കി. 1000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2005ലെ ഓര്‍ഡിനന്‍സ് പ്രകാരം 10 വര്‍ഷം പാല് അളക്കുകയും പ്രാഥമിക ക്ഷീരസംഘത്തില്‍ അംഗമാകുകയും 65 വയസ്സ് (പിന്നീട് അത് 60 വയസ്സായി ഭേദഗതിചെയ്തു) പൂര്‍ത്തിയാകുകയും ചെയ്തവര്‍ക്കായിരുന്നു പെന്‍ഷന് അര്‍ഹത. എന്നാല്‍, 2007ലെ നിയമപ്രകാരം ക്ഷേമനിധിയില്‍ അംഗമായി അഞ്ചുവര്‍ഷം പ്രതിവര്‍ഷം 500 ലിറ്റര്‍ നിരക്കില്‍ പാല് നല്‍കിയ കര്‍ഷകര്‍ക്ക് 60 വയസ്സ് പൂര്‍ത്തീകരിക്കുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നു. എന്നാല്‍, 2005ലെ ഓര്‍ഡിനന്‍സ് കാലയളവില്‍ അംഗമാകുകയും 2007ല്‍ നിയമം വന്നപ്പോള്‍ 10 വര്‍ഷമോ 60 വയസ്സോ എന്ന വ്യവസ്ഥ പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്ത ഒരു വിഭാഗം കര്‍ഷകര്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിയമതടസ്സം നേരിട്ടു. ആ വിഭാഗം കര്‍ഷകരെക്കൂടി ക്ഷേമനിധി ആനുകൂല്യം ലഭിക്കാന്‍ പ്രാപ്തരാക്കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇതുമൂലം ഉദ്ദേശം 30,000പേരെ പുതുതായി ക്ഷേമനിധി ആനുകൂല്യങ്ങളുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഈ വിഭാഗത്തിന് പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം 108 ലക്ഷം രൂപ വേണ്ടിവരും. ഒരു ക്ഷേമനിധി അംഗം മരണപ്പെട്ടുപോകുന്ന സാഹചര്യത്തില്‍ ആ അംഗത്തിന്റെ അവകാശിക്ക് മരിച്ച അംഗം പാല്‍ നല്‍കിയ കാലയളവുകൂടി ഉള്‍പ്പെടുത്തി യോഗ്യതാനിര്‍ണയം നടത്തി ആനുകൂല്യം നല്‍കുന്നതിന് ഇപ്പോഴത്തെ ഭേദഗതി വഴിയൊരുക്കി.

കേരള കര്‍ഷക ക്ഷേമനിധിയില്‍ ഇതുവരെ 1,89,127പേര്‍ അംഗങ്ങളാകുകയും 23,535 പേര്‍ക്ക് പ്രതിമാസം 300 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുകയുംചെയ്യുന്നു. ഇതിന് എട്ടരക്കോടി രൂപ പ്രതിവര്‍ഷം ചെലവുവരുന്നു. കൂടാതെ 150 രൂപ കുടുംബപെന്‍ഷന്‍, പെമക്കളുടെ വിവാഹത്തിന് സഹായം, ചികിത്സാ സഹായം, സൌജന്യ ഇന്‍ഷുറന്‍സ് എന്നീ ആനുകൂല്യങ്ങളും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ലഭിക്കുന്നുണ്ട്. ക്ഷീരകര്‍ഷകരുടെ സര്‍വതോമുഖമായ വളര്‍ച്ചയും ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് നടപ്പാക്കേണ്ട പദ്ധതികള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ 'ഹേലി കമ്മിറ്റി' റിപ്പോര്‍ട്ടുകൂടി നടപ്പാക്കുന്നതോടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളം പാലിന്റെ പര്യായമായി മാറും.

സി ദിവാകരന്‍ ദേശാഭിമാനി

2 comments:

  1. 2021-22ല്‍ 180 ദശലക്ഷം ടണ്‍ പാലുല്‍പ്പാദിപ്പിക്കാനാണ് നാം ലക്ഷ്യമിടുന്നത്. ഇന്നത്തെ വാര്‍ഷിക ഉല്‍പ്പാദന വര്‍ധന 2.5 ദശലക്ഷം ടണ്‍ മാത്രമാണ്. ലക്ഷ്യം നേടുന്നതിന് എന്‍ഡിഡിബി ഒരു ദേശീയ ക്ഷീര പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഈ പദ്ധതിയിലൂടെ 15 വര്‍ഷത്തിനുള്ളില്‍ പാലുല്‍പ്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഏറ്റവും നൂതനമായ രീതിയില്‍ കറവപ്പശുക്കളുടെ ഉല്‍പ്പാദനശേഷി ജനിതകമാറ്റത്തിലൂടെ വര്‍ധിപ്പിക്കുകയും സഹകരണ/സ്വകാര്യമേഖലകളില്‍ വര്‍ധിച്ച പങ്കാളിത്തത്തോടുകൂടി പാലുല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടാക്കാനാകുമെന്നുമാണ് കരുതുന്നത്. ക്ഷീരോല്‍പ്പാദനത്തില്‍ കേരളത്തിന് 13-ാം സ്ഥാനമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ക്രമമായി വളര്‍ച്ചയുടെ പടവ് കയറുന്ന കേരളത്തിന്റെ 2009 ലെ വാര്‍ഷിക പാലുല്‍പ്പാദനം 24 ലക്ഷം ടണ്‍ എന്നാണ് കണക്ക്. 2005ല്‍ ഇത് 20 ലക്ഷം ടണ്ണായിരുന്നു. നമ്മുടെ ആവശ്യത്തിനുള്ള അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗസാധനങ്ങളുടെ 50 ശതമാനത്തില്‍ അധികവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുമ്പോള്‍, വര്‍ധിച്ചുവരുന്ന ആവശ്യകതയ്ക്കിടയിലും നമുക്ക് ആവശ്യമായ പാലിന്റെ 90 ശതമാനവും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷവും മറ്റേതൊരു കാര്‍ഷിക ഉല്‍പ്പന്നത്തേക്കാളും വളര്‍ച്ചനിരക്ക് പാലിന്റെ കാര്യത്തില്‍ സംസ്ഥാനം നേടുകയുണ്ടായി.

    ReplyDelete
  2. "വികസിത രാഷ്ട്രങ്ങള്‍ വര്‍ധിച്ച സബ്സിഡി നല്‍കി പാല്‍ ഉല്‍പ്പന്നങ്ങള്‍ വികസ്വരരാഷ്ട്രങ്ങളില്‍ വിതരണംചെയ്യുന്നതിലൂടെ ദരിദ്രരാഷ്ട്രങ്ങളിലെ ക്ഷീരമേഖല തകരുന്നു"
    ---
    ഇത്‌ എഴുതിയ മന്ത്രി തന്നെയല്ലെ 2500 ടൺ പാൽപൊടി ഇറക്കുമതിയ്‌ക്ക് ശ്രമിക്കുന്നത്‌?

    ReplyDelete