Sunday, April 25, 2010

സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഇടതു മാതൃകകകള്‍

പാലക്കാടന്‍ മാതൃക

കാട്ടാനയെ പേടിച്ച് ഉറങ്ങാതിരുന്ന നാളുകള്‍ പഴങ്കഥയാക്കിയ ആഹ്ളാദത്തിലാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖല. നൂറ്റാണ്ടുകളായി ഇരുട്ടില്‍ കഴിഞ്ഞിരുന്ന വീടും വെളിച്ചവുമില്ലാത്ത ഊരുകളില്‍ ഗൃഹസന്ദര്‍ശനത്തിനായി വൈദ്യുതിമന്ത്രി എ കെ ബാലന്‍ എത്തിയപ്പോള്‍ ആദിവാസികള്‍ സങ്കടങ്ങളെല്ലാം പങ്കുവെച്ചിരുന്നു. എല്ലാം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് കണ്‍മുന്നില്‍ സത്യമായപ്പോള്‍ മലയിറങ്ങി ആഹ്ളാദത്തിന്റെ തപ്പും തുടിയുമായി കാടിന്റെ മക്കള്‍ നാടിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് രാജ്യത്തിലാദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ ജില്ലയായി പാലക്കാട് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും ഉദാഹരണമായി അത് മാറി. വൈദ്യുതി ഒരു സൌകര്യം മാത്രമല്ല അനിവാര്യത കൂടിയാണ് എന്ന് പ്രഖ്യാപിച്ച് കേരളത്തിന്റെ നെല്ലറയും വികസനപന്ഥാവില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു.

ജില്ലയിലെ 11 അസംബ്ളി മണ്ഡലങ്ങളിലായി 1,80,000 പുതിയ കണക്ഷനുകള്‍, 964 കിലോമീറ്റര്‍ 11 കെ.വി ലൈന്‍, 1112 ട്രാന്‍സ്ഫോമറുകള്‍, 4350 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ലൈന്‍, നാല് സബ്സ്റ്റേഷനുകള്‍, മൊത്തം 520 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വനമേഖലയിലും കോടതിയില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളിലും ഒഴികെ എല്ലായിടത്തും അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. പറമ്പിക്കുളം അട്ടപ്പാടിയിലെ മൂലംഗംഗല്‍ ആദിവാസി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ തമിഴ്നാട് വൈദ്യുതി വകുപ്പില്‍ പണം കെട്ടിവച്ചു. ജില്ലയിലെ 15,969 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 502 ആദിവാസി കുടുംബങ്ങളും 2,907 പട്ടികജാതി കുടുംബങ്ങളും 12,560 പിന്നോക്കവിഭാഗ കുടുംബങ്ങളും ഉള്‍പ്പെടും.

ഒന്നരവര്‍ഷം മുമ്പാണ് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മന്ത്രി എ കെ ബാലന്‍ പ്രത്യേക താല്‍പര്യമെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയ്ക്ക് ഈ മികച്ച നേട്ടം സമ്മാനിച്ചത്. മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. എംഎല്‍എ ഫണ്ട്, എം പി ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ളാന്‍ ഫണ്ട്, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇതിന്റെ ചിലവ് കണ്ടെത്തിയത്. ഇങ്ങനെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ളാനില്‍ പകുതി സംഖ്യ പരമാവധി ഒരു കോടി രൂപവരെ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നോര്‍മല്‍ ഡവലപ്മെന്റ് ഫണ്ടില്‍നിന്നും നല്‍കി. ത്രിതല പഞ്ചായത്തുകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണവും വൈദ്യുതിവകുപ്പിന്റെ ഇച്ഛാശക്തിയും റവന്യു, വനംവകുപ്പുകളുടെ പിന്‍തുണയുമാണ് ഈ നേട്ടത്തെ സാധ്യമാക്കിയത്. കെഎസ്ഇബിയുടെ ഓഫീസര്‍മാരുടെയും തൊഴിലാളികളുടെയും നിസ്വാര്‍ത്ഥ സേവനം ഏറെ സഹായിച്ചു.

വൈദ്യുതിവകുപ്പ് മന്ത്രി എ കെ ബാലന്റെ ആദിവാസി ഊര് സന്ദര്‍ശനവേളയില്‍ അട്ടപ്പാടിയിലെ ദുരിതം നേരില്‍ കണ്ടറിഞ്ഞിരുന്നു. കോട്ടമല, ഭൂതിവഴി, പുതൂര്, നെല്ലിപ്പതി, വെള്ളംകുളം എന്നീ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി മാത്രം വലിയ പരിശ്രമമാണ് നടത്തിയത്. അട്ടപ്പാടി മേഖലയില്‍ മാത്രം 4 കോടി രൂപ ഇതിനായി ചെലവഴിച്ചു. ഫെബ്രുവരി 16ന് ഒറ്റപ്പാലത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി. ചടങ്ങില്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി കാല്‍ ലക്ഷത്തോളംപേര്‍ പങ്കെടുത്തു. ആറുദിവസം നീണ്ടുനിന്ന വിനോദ വിജ്ഞാന പ്രദര്‍ശനം (സിനര്‍ജി) ബഹുജനശ്രദ്ധ പിടിച്ചുപറ്റി. വൈദ്യുതിരംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നിരവധി സെമിനാറുകള്‍ സംഘടിപ്പിക്കപ്പെട്ടു. ഐഎസ്ആര്‍ഒ, കെഎസ്ഇബി, വിവിധ മെഡിക്കല്‍ കോളേജുകള്‍, അനര്‍ട്ട്, കിര്‍ത്താര്‍ഡ്സ്, ഗിരിവര്‍ഗ്ഗ കരകൌശല സഹകരണസംഘം, എന്‍ജിനീയറിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന് അണിനിരന്നു. ഫോട്ടോ എക്സിബിഷനും കലാപരിപാടികളും അനുബന്ധമായി ഉണ്ടായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അഞ്ചും ആറും വര്‍ഷമായി വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്ന അവസ്ഥയായിരുന്നു പല സ്ഥലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ ഇരുപത്തെട്ട് നിയോജക മണ്ഡലങ്ങള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിച്ചു. ഇരിഞ്ഞാലക്കുടയാണ് ആദ്യമായി വൈദ്യുതീകരിച്ച നിയോജക മണ്ഡലം. പാലക്കാടിനുപിന്നാലെ തൃശൂര്‍, കോഴിക്കോട് ജില്ലകളും സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് കടക്കുകയാണ്. ഒരു വര്‍ഷത്തിനകം നൂറ് മണ്ഡലങ്ങള്‍ പൂര്‍ണമായും വൈദ്യുതീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആറ് സബ്സ്റ്റേഷനുകളുടെ പണി അവസാന ഘട്ടത്തിലാണ്. 2011ഓടെ സംസ്ഥാനത്തെ എല്ലാ കുടുംബത്തിനും സ്ഥലം, വീട്, വൈദ്യുതി, വെള്ളം എന്നിവ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ട് 26 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നരവര്‍ഷംകൊണ്ട് 90 മെഗാവാട്ട് വൈദ്യുതി അധികം ഉല്‍പാദിപ്പിച്ചു. രാജ്യത്ത് പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി. 10 വര്‍ഷത്തിനകം വൈദ്യുത ഉല്‍പാദനത്തില്‍ മിച്ച സംസ്ഥാനമായി മാറാനാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് എല്ലാവര്‍ക്കും വൈദ്യുതിയെന്ന പാലക്കാടന്‍ വിജയഗാഥയെ സാധ്യമാക്കിയത്.

എന്‍ ദിനേശ് ബാബു ചിന്ത വാരിക 23042010

ചവറയും കൊട്ടാരക്കരയും സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലങ്ങള്‍

കൊല്ലം: ചവറയെയും കൊട്ടാരക്കരയെയും സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി വൈദ്യുതി മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു. ചവറ ബസ്സ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ചവറ 110 കെവി സബ്സ്റേഷനും മന്ത്രി ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അധ്യക്ഷനായി. 944 ബിപിഎല്‍ വീടുകള്‍ ഉള്‍പ്പെടെ 1425 ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കിയാണ് ചവറയെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചത്. എംഎല്‍എ ഫണ്ടില്‍നിന്ന് 35,56,050 രൂപ വിനിയോഗിച്ചു. കൊട്ടാരക്കര ചന്തമുക്കില്‍ നടന്ന യോഗത്തില്‍ അഡ്വ. പി അയിഷാപോറ്റി എംഎല്‍എ അധ്യക്ഷയായി. എംഎല്‍എ ഫണ്ടില്‍നിന്ന് 65,48594 രൂപ ചെലവാക്കിയാണ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയത്.

കേന്ദ്രം ചതിച്ചാലും കേരളത്തെ രക്ഷിക്കും: മന്ത്രി എ കെ ബാലന്‍

ചവറ: കേന്ദ്രം ചതിച്ചാലും കേരളത്തെ ഊര്‍ജപ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുമെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ചവറ നിയമസഭാ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും ചവറ 110 കെവി സബ്സ്റേഷന്‍ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിരപ്പള്ളി ജല-വൈദ്യുതിപദ്ധതിയില്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കും യുപിഎ അധ്യക്ഷയ്ക്കും കത്തയച്ചു. കേന്ദ്രമന്ത്രിയുടെ സമീപനമാണ് കേന്ദ്രമന്ത്രിസഭയ്ക്കുള്ളതെങ്കില്‍ കേരളം ഇരുട്ടിലാകും. ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ സഹകരണമുണ്ടാകണം. മാധ്യമപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് വൈദ്യുതിരംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.
കേരളത്തില്‍ ഇനി വോള്‍ട്ടേജ് ക്ഷാമമില്ല. 20 വര്‍ഷത്തേക്ക് വോള്‍ട്ടേജ്ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. ജില്ലയില്‍ 15 സബ്സ്റേഷന്‍ നിര്‍മാണം ആരംഭിച്ച് പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. പുതിയ ആറെണ്ണത്തിന് അനുമതി നല്‍കി. ജില്ലയില്‍ രണ്ടു മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചു. ഈ സര്‍ക്കാര്‍ കേരളത്തെ വൈദ്യുത സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. തുടര്‍ന്നുവരുന്ന സര്‍ക്കാരുകള്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയാല്‍ മാത്രം മതി. പ്രസരണനഷ്ടം 33 ശതമാനത്തില്‍നിന്ന് 18 ആയി കുറച്ചു. 3800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വലുതും ചെറുതുമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. 55 വര്‍ഷംകൊണ്ട് കേരളത്തില്‍ സ്ഥാപിച്ചതിന്റെ പകുതിയിലധികം ട്രാന്‍സ്ഫോര്‍മറാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചത്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 1800 കോടി രൂപ ചെലവഴിച്ച് 200 സബ്സ്റേഷനുകളും 20000 ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാര്‍ത്തകള്‍

1 comment:

  1. കാട്ടാനയെ പേടിച്ച് ഉറങ്ങാതിരുന്ന നാളുകള്‍ പഴങ്കഥയാക്കിയ ആഹ്ളാദത്തിലാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖല. നൂറ്റാണ്ടുകളായി ഇരുട്ടില്‍ കഴിഞ്ഞിരുന്ന വീടും വെളിച്ചവുമില്ലാത്ത ഊരുകളില്‍ ഗൃഹസന്ദര്‍ശനത്തിനായി വൈദ്യുതിമന്ത്രി എ കെ ബാലന്‍ എത്തിയപ്പോള്‍ ആദിവാസികള്‍ സങ്കടങ്ങളെല്ലാം പങ്കുവെച്ചിരുന്നു. എല്ലാം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് കണ്‍മുന്നില്‍ സത്യമായപ്പോള്‍ മലയിറങ്ങി ആഹ്ളാദത്തിന്റെ തപ്പും തുടിയുമായി കാടിന്റെ മക്കള്‍ നാടിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് രാജ്യത്തിലാദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ ജില്ലയായി പാലക്കാട് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും ഉദാഹരണമായി അത് മാറി. വൈദ്യുതി ഒരു സൌകര്യം മാത്രമല്ല അനിവാര്യത കൂടിയാണ് എന്ന് പ്രഖ്യാപിച്ച് കേരളത്തിന്റെ നെല്ലറയും വികസനപന്ഥാവില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു.

    ReplyDelete