Sunday, April 4, 2010

പ്ലാച്ചിമടയില്‍ നിന്നും ചില വാര്‍ത്തകള്‍

വിമത ജനതാദള്‍ അക്രമത്തില്‍ പ്രതിഷേധിക്കുക: സിപിഐ എം

ആദിവാസികളെ ആക്രമിക്കുകയും കൊടിയ അഴിമതിവാഴ്ച നടത്തുകയും ചെയ്യുന്ന പെരുമാട്ടി പഞ്ചായത്തിലെ വിമത ജനതാദളിന്റെ വഴിവിട്ട പ്രവര്‍ത്തനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പെരുമാട്ടി പഞ്ചായത്തിലെ പ്ളാച്ചിമട ആദിവാസികോളനിയില്‍ എം പി വീരേന്ദ്രകുമാറും കെ കൃഷ്ണന്‍കുട്ടിയും നേതൃത്വംനല്‍കുന്ന വിമത ജനതാദളുകാര്‍ 13 ആദിവാസികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും രണ്ടു വീട് പൂര്‍ണമായി തകര്‍ക്കുകയും ചെയ്തതില്‍ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. പെരുമാട്ടി പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയും സിപിഐ എം പ്രവര്‍ത്തകരെയും മാസങ്ങളായി ഇക്കൂട്ടര്‍ ആക്രമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ആദിവാസികള്‍ക്കുനേരെ നടന്ന ഗുണ്ടാ വിളയാട്ടം. പഞ്ചായത്തുഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യംചെയ്യുന്നവരെ അക്രമത്തിലൂടെ കീഴ്പെടുത്താമെന്ന തെറ്റിദ്ധാരണയിലാണ് വിമത ദള്‍. കുടിവെള്ളക്ഷാമം രൂക്ഷമായ പ്ളാച്ചിമടയില്‍ തുള്ളി വെള്ളംപോലും എത്തിക്കാന്‍ പെരുമാട്ടി പഞ്ചായത്തുഭരണം നടപടി സ്വീകരിച്ചിട്ടില്ല. കോളക്കമ്പനിക്കെതിരെ ആദിവാസികള്‍ ഉള്‍പ്പെടെ സമരംചെയ്യുമ്പോള്‍ കോളക്കമ്പനിക്ക് വെള്ളംവിറ്റ് പണം വാങ്ങിയ നേതൃത്വമാണ് വിമത ദളിന്റേത്. പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ അംഗമാകണമെങ്കിലും കൃഷിഭവന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍നിന്ന് ആനുകൂല്യം ലഭിക്കണമെങ്കിലും ഇവരുടെ ക്രമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അരുനില്‍ക്കണമെന്ന അവസ്ഥയാണുള്ളത്. ഇതിനെതിരായി ശബ്ദിക്കുന്നത് ആദിവാസികളായാല്‍പ്പോലും വെറുതെവിടില്ല എന്നതാണ് ഇപ്പോഴത്തെ അക്രമസംഭവം വ്യക്തമാക്കുന്നത്.

പഞ്ചായത്ത് ഭരണത്തിലെ അഴിമതികള്‍ വിവരിച്ച ആദിവാസിനേതാവ് വിളയോടി വേണുഗോപാലിനെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ പഞ്ചായത്ത് അംഗം സുരേഷിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ആദിവാസികളെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ചു. വീടുകള്‍ തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ് ആദിവാസി മൂപ്പന്‍ ഉള്‍പ്പെടെ 13 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊക്കകോളയ്ക്കെതിരായ ഐതിഹാസിക സമരത്തിന്റെ നേര്‍സാക്ഷ്യമായ കോളവിരുദ്ധ സമരപ്പന്തല്‍ വിമത ദള്‍ ഗുണ്ടകള്‍ തീയിട്ട് നശിപ്പിച്ചു. ഇതേ അക്രമിസംഘം മീനാക്ഷിപുരം എക്സൈസ് ചെക്ക് പോസ്റ്റില്‍ല്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച് പ്രതികളെ മോചിപ്പിച്ചു. സെയില്‍ടാക്സ് ഓഫീസും ആക്രമിച്ചു. പെരുമാട്ടിയിലെ സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തു. ഈ ക്രിമിനലുകളെ പുതുനഗരം പൊലീസ് കസ്റഡിയില്‍ എടുത്തപ്പോള്‍ വിമത ദള്‍ സെക്രട്ടറി ജനറല്‍ കെ കൃഷ്ണന്‍കുട്ടി, കോണ്‍ഗ്രസ് നേതാക്കളോടൊപ്പം സ്റേഷനില്‍ എത്തി പ്രതികളെ മോചിപ്പിച്ചു. സാധാരണ ജനങ്ങളുടെ സൈരജീവിതത്തിന് ഭീഷണിയായി മാറിയ പെരുമാട്ടിയിലെ വിമത ജനതാദള്‍ ഗുണ്ടാ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിക്കാന്‍ സെക്രട്ടറിയറ്റ് എല്ലാ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ഥിച്ചു.

വീരേന്ദ്രകുമാര്‍ മറുപടി പറയണം: എ കെ ബാലന്‍

പാലക്കാട്: പ്ളാച്ചിമടയില്‍ കോളവിരുദ്ധസമരം നടത്തിയ ആദിവാസികളെ ആക്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ എം പി വീരേന്ദ്രകുമാര്‍ മറുപടി പറയണമെന്ന് മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. വിമതജനതാദള്‍ പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ച സമരപ്പന്തലും വീടുകളും, പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ളാച്ചിമടയില്‍ അതിഭീകരമായ ആക്രമണമാണുണ്ടായത്. വിമതജനതാദളുകാര്‍ കുറെക്കാലമായി പെരുമാട്ടി പഞ്ചായത്തില്‍ നടത്തുന്ന ക്രിമിനല്‍പ്രവര്‍ത്തനങ്ങളുടെയും ആക്രമണങ്ങളുടെയും തുടര്‍ച്ചയാണിത്. ഇതുവരെ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു ആക്രമണം. ഇപ്പോള്‍ ആദിവാസികള്‍ക്കുനേരേയും തിരിഞ്ഞു. മുരുകേശന്‍, കറുപ്പസ്വാമി എന്നിവരുടെ വീടുകള്‍ തകര്‍ത്തു. സ്ത്രീകളും കുട്ടികളുമടക്കം 13 പേരാണ് മര്‍ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്നത്. പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാന്‍പാടില്ലാത്ത ക്രൂരതയാണ് അരങ്ങേറിയത്. കലക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് സുരേഷ് പഞ്ചായത്തംഗമായി തുടരാന്‍ അര്‍ഹനല്ല. ഇയാളെയും സംഘത്തിലെ മറ്റുള്ളവരെയും വീരേന്ദ്രകുമാര്‍ ന്യായീകരിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണം.

പെരുമാട്ടി പഞ്ചായത്തില്‍ സ്ഥിരമായി ആക്രമണം നടത്തുന്നത് സുരേഷിന്റെ നേതൃത്വത്തിലാണ്. എക്സൈസ് ഉദ്യോഗസ്ഥര്‍, വില്‍പ്പന നികുതി ചെക്ക് പോസ്റ്റ് അധികൃതര്‍, പ്ളാച്ചിമടയില്‍ കുടിവെള്ളം നല്‍കാന്‍ എത്തിയ ഓവര്‍സിയര്‍, പുതുനഗരം എസ്ഐ എന്നിവരെ തല്ലിയതും ഇയാളുടെ നേതൃത്വത്തിലാണ്. പഞ്ചായത്തില്‍ നടക്കുന്ന അഴിമതി ചോദ്യം ചെയ്താലും കുടിവെള്ളം ചോദിച്ചാലും മര്‍ദനമാണ്. ആദിവാസികള്‍ക്ക് കുടിവെള്ളം നല്‍കണമെന്ന് പറഞ്ഞിതിനാണ് വിളയോടി വേണുഗോപാലനെ മര്‍ദിച്ചത്. ക്രിമിനല്‍പ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ സമാധാനജീവിതം ഇല്ലാതാക്കുന്ന വിമതജനതാദളിന്റെ ആക്രമണത്തെ വീരേന്ദ്രകുമാര്‍ ന്യായീകരിക്കുന്നുണ്ടോ എന്നു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൊക്കകോള വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരെ വീരന്‍വിഭാഗം ജനതാദളുകാര്‍ നടത്തുന്ന അക്രമം നിര്‍ത്തണമെന്ന് സ്വദേശി ജാഗര മഞ്ച് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദളിന്റെ കപടരാഷ്ട്രീയം സ്വദേശി ജാഗര മഞ്ച് തുറന്നുകാണിക്കും. അക്രമങ്ങളെ എന്തു വിലകൊടുത്തും നേരിടുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ബിജു, കൃഷ്ണന്‍കുട്ടി, രഞ്ജിത് എന്നിവര്‍ പറഞ്ഞു.

പ്ളാച്ചിമടയില്‍ ആദിവാസികളുടെ വീടുകള്‍ തകര്‍ത്തത് പുനര്‍നിര്‍മിക്കും: മന്ത്രി ബാലന്‍

ചിറ്റൂര്‍: പ്ളാച്ചിമടയില്‍ വിമതജനതാദള്‍ക്രിമിനലുകള്‍ തകര്‍ത്ത ആദിവാസികളുടെ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പട്ടികജാതി-വര്‍ഗക്ഷേമ വൈദ്യുതി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. പ്ളാച്ചിമടയില്‍ വിമതജനതാദളുകാര്‍ തകര്‍ത്ത കോളവിരുദ്ധസമരസമിതിയുടെ പന്തലും ആദിവാസികളുടെ വീടുകളും വെള്ളിയാഴ്ച സന്ദര്‍ശിച്ചശേഷം മാധ്യമപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു മന്ത്രി. വളരെയധികം ക്രൂരതയാണ് പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കു നേരെ നടന്നത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം ഉണരണം. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹം ഒന്നടങ്കം അപലപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ ആക്രമണത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിച്ചു.

പ്ളാച്ചിമടയില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ക്രിമിനലുകളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പട്ടികജാതി പ്രൊമോട്ടറെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെട്ടു. കോളവിരുദ്ധസമിതി കണ്‍വീനര്‍ വിളയോടി വേണുഗോപാല്‍, രാമസ്വാമിമൂപ്പന്‍ തുടങ്ങിയവര്‍ മന്ത്രിക്ക് പരാതി നല്‍കി. മന്ദബുദ്ധിയായ ആദിവാസിപെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെതിരെ കേസെടുക്കണമെന്ന നിവേദനവും നല്‍കി. മന്ത്രിയോടൊപ്പം എഡിഎം വി സുരേന്ദ്രനാഥന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍, സിപിഐ എം ചിറ്റൂര്‍ ഏരിയ (ചാര്‍ജ്)സെക്രട്ടറി എ കണ്ണന്‍കുട്ടി, ലോക്കല്‍ സെക്രട്ടറിമാരായ ഇ എന്‍ സുരേഷ്ബാബു, ആര്‍ ശിവപ്രകാശ്, ഏരിയകമ്മിറ്റി അംഗങ്ങളായ ആര്‍ എ ഉണ്ണിത്താന്‍, സ്വാമിനാഥന്‍, ഇ എന്‍ രവീന്ദ്രന്‍, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് ബാബു, ആദിവാസി ക്ഷേമസമിതി എരിയ സെക്രട്ടറി എന്‍ ചെല്ലന്‍കുട്ടി എന്നിവരുമുണ്ടായി

ദേശാഭിമാനി വാര്‍ത്ത 030410

3 comments:

  1. ആദിവാസികളെ ആക്രമിക്കുകയും കൊടിയ അഴിമതിവാഴ്ച നടത്തുകയും ചെയ്യുന്ന പെരുമാട്ടി പഞ്ചായത്തിലെ വിമത ജനതാദളിന്റെ വഴിവിട്ട പ്രവര്‍ത്തനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പെരുമാട്ടി പഞ്ചായത്തിലെ പ്ളാച്ചിമട ആദിവാസികോളനിയില്‍ എം പി വീരേന്ദ്രകുമാറും കെ കൃഷ്ണന്‍കുട്ടിയും നേതൃത്വംനല്‍കുന്ന വിമത ജനതാദളുകാര്‍ 13 ആദിവാസികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും രണ്ടു വീട് പൂര്‍ണമായി തകര്‍ക്കുകയും ചെയ്തതില്‍ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു.

    ReplyDelete
  2. പ്ളാച്ചിമടയില്‍ ആദിവാസികള്‍ക്കു നേരെ നടത്തിയ അക്രമത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടനുള്ള വിമതജനതാദള്‍ ശ്രമം ഫലത്തില്‍ കുറ്റസമ്മതമായി. വിമത ജനതാദള്‍ ഭരിക്കുന്ന പെരുമാട്ടി പഞ്ചായത്ത് ഭരണസമിതിയാണ് പരസ്പരവിരുദ്ധ പരാമര്‍ശങ്ങളിലൂടെ അക്രമത്തിലുള്ള പങ്ക് വെളിപ്പെടുത്തിയത്.

    --contd

    ReplyDelete
  3. തിങ്കളാഴ്ച പാലക്കാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വസ്തുതകള്‍ നിരത്തി മാധ്യമ പ്രവര്‍ത്തകരുന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപറയാന്‍ ഇവര്‍ക്കായില്ല. പ്ളാച്ചിമടയിലെ 13 ആദിവാസികളെ മര്‍ദിച്ചതും രണ്ട് ആദിവസികളുടെ വീട് ആക്രമിച്ചതും പുറമേനിന്നെത്തിയവരാണെന്നായിരുന്നു പഞ്ചായത്തംഗങ്ങളുടെ വിശദീകരണം. ക്രിമിനല്‍പശ്ചാത്തലവും വിമതജനതാദളിന് കൂടുതല്‍ സ്വാധീനവുമുള്ള ഇവിടെ, പുറമേനിന്ന് എങ്ങനെ കൂട്ടത്തോടെ ആളുകളെത്തിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. ആദിവാസിയായ വിനുവിനെ ആക്രമിച്ചതില്‍ വിമതജനതാദളിലെ പഞ്ചായത്തംഗമായ വിനോദ്ബാബുവിനെതിരെ പുതുനഗരം പൊലീസില്‍ കേസുണ്ട്. അത് ചോദച്ചപ്പോള്‍ അറിയില്ലെന്ന് മറുപടി. ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ പേരിലുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു വിമതദള്‍. സമരപ്പന്തല്‍ ആക്രമിച്ചത് മുന്‍പരിചയമില്ലാത്തവരാണെന്ന് ഇവര്‍ വാദിച്ചു. ഫര്‍ണിച്ചറും മറ്റ് രേഖകളും എടുത്തുമാറ്റിയ ശേഷമാണ് സമരപ്പന്തല്‍ അഗ്നിക്കിരയാക്കിയത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കൃത്യമായ ഉത്തരമുണ്ടായില്ല. ആദിവാസികള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള കൊച്ചിക്കാട് കുടിവെള്ളപദ്ധതി അനിശ്ചിതമായി വൈകുന്നതിന് കൃത്യമായ കാരണം പറഞ്ഞില്ല. ഇവിടെ കുടിവെള്ളവിതരണമില്ലെന്ന് സമ്മതിക്കുകയും ചെയ്തു.

    ReplyDelete