Tuesday, April 27, 2010

റാട്ടിന്റെ സംഗീതത്തിന് പ്രതീക്ഷയുടെ താളം

കൊല്ലം: റാട്ടില്‍നിന്ന് ഉയരുന്ന സംഗീതത്തിന് ഇപ്പോള്‍ പട്ടിണിയുടെ ഈണമല്ല; ആഹ്ളാദത്തിന്റെ താളമാണ്. ഇല്ലായ്മകളുടെ കഥ മാത്രം പറഞ്ഞിരുന്ന കയര്‍ത്തൊഴിലാളികള്‍ക്കിന്ന് ജീവിതത്തെക്കുറിച്ച് നിറമുള്ള പ്രതീക്ഷയാണ്. പെന്‍ഷനും കൂലിയുമൊക്കെ മുടങ്ങാതെ കിട്ടുന്നു. ആരോഗ്യം അനുവദിച്ചാല്‍ എല്ലാ ദിവസവും പണിയുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുനല്‍കി. പെന്‍ഷന്‍ ഇരുനൂറും പിന്നെ 250 രൂപയുമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കും അവരുടെ മക്കള്‍ക്കുമുള്ള വിവാഹധനസഹായം ആയിരത്തില്‍നിന്ന് രണ്ടായിരമാക്കി വര്‍ധിപ്പിച്ചു. ചികിത്സാസഹായം 350 ആയിരുന്നത് ആയിരമാക്കി.

പുതിയ പദ്ധതിപ്രകാരം മാരകരോഗങ്ങള്‍ക്ക് ചികിത്സച്ചെലവ് 10,000 രൂപ വരെ ലഭിക്കും. സ്ഥിരമായ അസ്വാധീനത്തിന് മെഡിക്കല്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ഹാജരാക്കിയാല്‍ 2500 രൂപ ലഭിക്കും. താല്‍ക്കാലികമായ അസ്വാധീനമുള്ളവര്‍ക്ക് മൂന്നു മാസത്തേക്ക് 300 രൂപയാണ് നല്‍കിയിരുന്നത്. ഇപ്പോഴത് 600 രൂപയായി വര്‍ധിപ്പിച്ചു. പ്രസവാനുകൂല്യം നേരത്തെ 200 രൂപയായിരുന്നു. ഇപ്പോഴത് ആയിരമാണ്. ക്ഷേമനിധിയില്‍ അംഗമായ കയര്‍ത്തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് 10,000 രൂപ ലഭിക്കും. മുമ്പ് 5000 രൂപ മാത്രമാണ് കിട്ടിയിരുന്നത്. കയര്‍ത്തൊഴിലാളിയുടെ അച്ഛന്‍, അമ്മ, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, മക്കള്‍ എന്നിവരിലാരെങ്കിലും അപകടത്തില്‍ മരിച്ചാലും 1000 രൂപ അടിയന്തര സഹായം ലഭിക്കും. മുമ്പ് 200 രൂപയാണ് നല്‍കിയിരുന്നത്. ക്ഷേമനിധി അംഗം മരിച്ചാല്‍ കുടുംബ പെന്‍ഷന്‍ 75 രൂപയായിരുന്നത് നൂറാക്കി ഉയര്‍ത്തി. കയര്‍ത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം അഞ്ഞൂറില്‍നിന്ന് 750 ആയും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള സഹായം 1500ല്‍നിന്ന് 3000 ആയും കൂട്ടി.

നഷ്ടത്തിലായി അടഞ്ഞുകിടന്ന സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് നടപടിയുണ്ടായത്. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും കാലത്തിനനുസരിച്ച് വ്യവസായത്തില്‍ ആധുനികവല്‍ക്കരണം നടപ്പാക്കാനും ആനത്തലവട്ടം ആനന്ദന്‍ ചെയര്‍മാനായ കമീഷന്റെ പഠനറിപ്പോര്‍ട്ടിന് ആസൂത്രണബോര്‍ഡും സര്‍ക്കാരും അംഗീകാരം നല്‍കി. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. റാട്ടില്‍നിന്ന് ഉയരുന്ന സംഗീതത്തിന് ഇപ്പോള്‍ പട്ടിണിയുടെ ഈണമല്ല; ആഹ്ളാദത്തിന്റെ താളമാണ്. ഇല്ലായ്മകളുടെ കഥ മാത്രം പറഞ്ഞിരുന്ന കയര്‍ത്തൊഴിലാളികള്‍ക്കിന്ന് ജീവിതത്തെക്കുറിച്ച് നിറമുള്ള പ്രതീക്ഷയാണ്. പെന്‍ഷനും കൂലിയുമൊക്കെ മുടങ്ങാതെ കിട്ടുന്നു. ആരോഗ്യം അനുവദിച്ചാല്‍ എല്ലാ ദിവസവും പണിയുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുനല്‍കി. പെന്‍ഷന്‍ ഇരുനൂറും പിന്നെ 250 രൂപയുമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കും അവരുടെ മക്കള്‍ക്കുമുള്ള വിവാഹധനസഹായം ആയിരത്തില്‍നിന്ന് രണ്ടായിരമാക്കി വര്‍ധിപ്പിച്ചു. ചികിത്സാസഹായം 350 ആയിരുന്നത് ആയിരമാക്കി.

    ReplyDelete