Monday, April 19, 2010

തരൂര്‍ പുറത്ത്, വിവാദച്ചെളിയില്‍ രാജി

തരൂര്‍ പുറത്ത്

ഡെല്‍ഹി: ഐപിഎല്‍ വിവാദത്തില്‍പെട്ട വിദേശസഹമന്ത്രി ശശിതരൂര്‍ ഒടുവില്‍ രാജിവച്ചു. തരൂരിന്റെ രാജി അംഗീകരിച്ച പ്രധാനമന്ത്രി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടു. പ്രതിപക്ഷസമ്മര്‍ദ്ദത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ കോണ്‍ഗ്രസ് തരൂരിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗശേഷം പ്രധാനമന്ത്രി ശശി തരൂരിനെ സ്വവസതിയിലേക്ക് വിളിപ്പിച്ചാണ്— രാജി ആവശ്യപ്പെട്ടത്. രാത്രി ഒമ്പതേമുക്കാലിന് തരൂര്‍ പ്രധാനമന്തിക്ക് രാജി സമര്‍പ്പിച്ചു. തരൂരിനെ പ്രതിരോധിക്കാന്‍ ഒരുതരത്തിലും കഴിയില്ലെന്ന തീരുമാനത്തിലാണ് രണ്ടുമണിക്കുര്‍ നീണ്ട കോണ്‍ഗ്രസ് കോര്‍കമ്മിറ്റിയോഗം എത്തിയത്. തുടര്‍ന്ന്— അന്തിമതീരുമാനം കൈക്കൊള്ളാന്‍ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. തരൂരിനെ പിന്തുണക്കേണ്ടതില്ലെന്നും ഈ വിഷയത്തില്‍ പാര്‍ലമെന്റ് വീണ്ടും തടസ്സപ്പെടുന്നത് ഭൂഷണമല്ലെന്നും ഐപിഎല്‍ വിവാദത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ പ്രണബ്മുഖര്‍ജി- എ കെ ആന്റണി സമിതി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുകയുംചെയ്തു.

പ്രതിപക്ഷത്തിന്റെ ആദ്യവിജയമായി തരൂരിന്റെ രാജി. തരൂരിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് കോണ്‍ഗ്രസിന്റെ കോര്‍കമ്മിറ്റി യോഗം ആരംഭിച്ചത്. കോര്‍കമ്മിറ്റിയുടെ അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ധനമന്ത്രി പ്രണബ്മുഖര്‍ജി, പ്രതിരോധമന്ത്രി എ കെ ആന്റണി, ആഭ്യന്തരമന്ത്രി പി ചിദംബരം, സോണിയാഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് ആദ്യം എത്തിയ സോണിയാഗാന്ധി പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഐപിഎല്‍ വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. ഒരാഴ്ചയായി വിദേശത്തായിരുന്ന പ്രധാനമന്ത്രിയെ കണ്ട തരൂര്‍ രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഐപിഎല്‍ വിവാദം മന്ത്രിസഭയുടെ പ്രതിഛായയ്ക്ക് പോറലേല്‍പിച്ചിട്ടുണ്ടെങ്കില്‍ രാജിവക്കാമെന്നായിരുന്നു തരൂര്‍ പറഞ്ഞത്. പിന്നീട് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജിവയ്ക്കുന്നതിന് കാരണമൊന്നുമില്ലെന്ന് തരൂര്‍ വിശദീകരിച്ചു. സാമ്പത്തികമായി ഒരു പൈസപോലും താന്‍ ലാഭം ഉണ്ടാക്കിയില്ലെന്നായിരുന്നു വാദം. രാജിസന്നദ്ധത സംബന്ധിച്ച വാര്‍ത്ത തരൂരിന്റെ ഓഫീസ് പിന്നീട് നിഷേധിക്കുകയും ചെയ്തു.

തരൂര്‍ പ്രധാനമന്ത്രിയെ കണ്ട വേളയില്‍തന്നെ സുനന്ദ പുഷ്കര്‍ അവര്‍ക്ക് സൌജന്യമായി ലഭിച്ച കേരള ഐപിഎല്‍ ക്രിക്കറ്റ് ഓഹരി തിരിച്ചുനല്‍കാനും തീരുമാനിച്ചു. മന്ത്രിസഭയില്‍ തുടരാനുള്ള തരൂരിന്റെ അവസാനശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. സുനന്ദയുടെ ഈ നടപടി കുറ്റസമ്മതത്തിന് സമാനമാണെന്ന് ബിജെപി ആരോപിച്ചു. തരൂര്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ഭൂഷണമല്ലെന്ന് ഇടതുപക്ഷവും അഭിപ്രായപ്പെട്ടു. ഐപിഎല്‍ വിവാദത്തിന്റെ സത്യാവസ്ഥ അറിയാനുള്ള അവകാശം രാഷ്ട്രത്തിന് ഉണ്ടെന്ന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയും പറഞ്ഞു. വെള്ളിയാഴ്ച തരൂരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിച്ചിരുന്നു. തരൂര്‍ അധികാരത്തില്‍ തുടരുന്നത് കോണ്‍ഗ്രസിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. അവര്‍ തരൂരില്‍നിന്ന് വിശദീകരണവും തേടി. തരൂരിന്റെ അടുത്ത സുഹൃത്ത് സുനന്ദ പുഷ്കറിന് 70 കോടി രൂപയുടെ “വിയര്‍പ്പ് ഓഹരി’ സൌജന്യമായി ലഭിച്ചെന്ന ഐപിഎല്‍ കമീഷണര്‍ ലളിത് മോഡിയുടെ ആരോപണത്തോടെയാണ് ഇപ്പോഴത്തെ വിവാദത്തിന് തുടക്കം.
(വി ബി പരമേശ്വരന്‍)

വിവാദച്ചെളിയില്‍ രാജി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ത്തും പുതുമുഖമായ ശശി തരൂര്‍ മന്ത്രിപദത്തിലേറിയ നാള്‍ മുതല്‍ തിരികൊളുത്തിയത് വിവാദങ്ങളുടെ പരമ്പരയ്ക്ക്. കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിരന്തരം തലവേദന സൃഷ്ടിച്ച ഈ മുന്‍ നയതന്ത്രവിദഗ്ധന്റെ പ്രവര്‍ത്തനശൈലി വരുത്തിവച്ച നാണക്കേട് രാജികൊണ്ടും തീരുന്നതല്ല. കോണ്‍ഗ്രസ് അവകാശപ്പെടുന്ന രാഷ്ട്രീയ സംസ്കാരത്തിനും ധാര്‍മികതയ്ക്കും തരൂര്‍ ഉയര്‍ത്തിയ ആഘാതം തീരാകളങ്കമായി നിലനില്‍ക്കും.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും പിന്തുണയോടെയാണ് തരൂര്‍ കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നതും പിന്നീട് മന്ത്രിയായതും. പഞ്ചനക്ഷത്രവാസവുമായി ബന്ധപ്പെട്ടായിരുന്നു തരൂരിന്റെ വിവാദങ്ങളുടെ തുടക്കം. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുപിഎ സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടിയുമായി മുന്നോട്ട് വന്നപ്പോഴാണ് മന്ത്രിമാരായ തരൂരും എസ് എം കൃഷ്ണയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതെന്ന വാര്‍ത്ത പുറത്തായത്. കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ കേരളഹൌസില്‍ താമസിക്കാന്‍ തരൂരിന് സൌകര്യമുണ്ടായിരുന്നു. കേരളത്തില്‍നിന്നുള്ള മറ്റ് എംപിമാര്‍ താമസസൌകര്യം ലഭിക്കുന്നതുവരെ കേരളഹൌസില്‍ താമസിച്ചപ്പോഴാണ് ജിംനേഷ്യമില്ലെന്നും സ്വകാര്യതയില്ലെന്നും മറ്റും പറഞ്ഞ് തരൂര്‍ ലക്ഷങ്ങള്‍ വാടക നല്‍കി ഹോട്ടല്‍ താജില്‍ താമസിച്ചത്. അവസാനം ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് താമസം മാറ്റിയത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനയാത്ര ഇക്കോണമി ക്ളാസിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ അതിനെയും എതിര്‍ത്തും വാര്‍ത്തകളില്‍ നിറഞ്ഞു. അന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതിയ “കന്നുകാലിക്ളാസ്, “വിശുദ്ധ പശുക്കള്‍’ എന്നീ പ്രയോഗങ്ങള്‍ വന്‍ വിവാദം സൃഷ്ടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ഈ പ്രസ്താവനയില്‍ കടുത്ത നീരസം പ്രകടിപ്പിച്ചു. കശ്മീര്‍ പ്രശ്നത്തില്‍ സൌദി അറേബ്യയുടെ മൂന്നാംകക്ഷി ഇടപെടല്‍ സ്വാഗതം ചെയ്ത് നടത്തിയ പ്രസ്താവനയാണ് ഇടവേളയ്ക്കുശേഷം വീണ്ടും വിവാദനായകനാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സൌദിയില്‍ സന്ദര്‍ശനം നടത്തവെയായിരുന്നു ഈ അഭിപ്രായപ്രകടനം. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മൂന്നാംകക്ഷി ഇടപെടലിനായി ഇന്ത്യയെ നിര്‍ബന്ധിക്കുമ്പോഴായിരുന്നു ഇത്. കശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി അടിസ്ഥാനത്തില്‍ പരിഹരിക്കേണ്ട പ്രശ്നമാണെന്നായിരുന്നു ഇന്ത്യയുടെ എന്നത്തെയും നിലപാട്.

പാസ്പോര്‍ട് നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ വിദേശമന്ത്രാലയം ആലോചിച്ചപ്പോള്‍ അതിനെതിരെ ട്വിറ്ററില്‍ എഴുതി വിവാദം സൃഷ്ടിക്കാനും തയ്യാറായി. അവസാനമായാണ് കൊച്ചി ഐപിഎല്‍ വിവാദം. കേന്ദ്ര മന്ത്രിസഭയിലെ അംഗമെന്ന പദവി ദുരുപയോഗം ചെയ്താണ് സുഹൃത്തായ സുനന്ദ പുഷ്കറിന് 70 കോടി രൂപയുടെ 19 ശതമാനം “വിയര്‍പ്പ് ഓഹരി’ നല്‍കിയതെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. ഇവരുമായുള്ള വിവാഹവാര്‍ത്ത പുറത്തുവന്നതും തരൂരിനെ കൂടുതല്‍ കുരുക്കിലാക്കി.

മുഖംനഷ്ടപ്പെട്ട്— കേന്ദ്രസര്‍ക്കാര്‍

വിവാദങ്ങളുടെ ദുര്‍ഗന്ധത്തില്‍ ശശി തരൂര്‍ പുറത്തായപ്പോള്‍ കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നഷ്ടമായത് തേച്ചുമിനുക്കാന്‍ ശ്രമിച്ച സ്വന്തം മുഖം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കണ്ടെത്തലായി അറിയപ്പെടുന്ന തരൂരിന്റെ രാജി സോണിയക്കും പാര്‍ടിനേതൃത്വത്തിനും കനത്ത തിരിച്ചടിയായി. തരൂരിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പങ്കുവഹിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ആഘാതമാണിത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് സുഗമമായിരിക്കില്ലെന്ന് തരൂരിന്റെ രാജി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയുംമുമ്പ് വിദേശ സഹമന്ത്രിയെ കൈവിടേണ്ടി വന്നത് വരാനിരിക്കുന്ന വിഷമഘട്ടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞയാഴ്ച 76 സിആര്‍പിഎഫുകാരുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയ ദന്തേവാഡ സംഭവം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവച്ചെങ്കിലും സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ശക്തനായ ആഭ്യന്തരമന്ത്രിയെന്ന സ്ഥാനം ദന്തേവാഡ സംഭവത്തോടെതന്നെ ചിദംബരത്തിന് കൈമോശം വന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ മുന്നില്‍ കീഴടങ്ങേണ്ടി വന്നിരുന്നു. ആണവബാധ്യതാ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയത് ഉദാഹരണം. പ്രതിപക്ഷവുമായി ഈ ബില്ലിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിനു പറയേണ്ടി വന്നു. മൂന്ന് യാദവ നേതാക്കളുടെ എതിര്‍പ്പ് കാരണം രാജ്യസഭയില്‍ പാസാക്കിയ വനിതാ സംവരണബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതുമില്ല. വിലക്കയറ്റത്തിനെതിരെ ശക്തമാകുന്ന ജനകീയപ്രക്ഷോഭവും സര്‍ക്കാരിനെ തളര്‍ത്തുകയാണ്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള 13 പാര്‍ടികളുടെ സഖ്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഖണ്ഡനോപക്ഷേപത്തെ അതിജീവിക്കലാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന അടുത്ത അഗ്നിപരീക്ഷ.

സുനന്ദയ്ക്ക് 'വിയര്‍പ്പ് ഓഹരി' നല്‍കിയതും നിയമവിരുദ്ധം

കമ്പനിനിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കേന്ദ്രസഹമന്ത്രി ശശിതരൂര്‍ സുനന്ദ പുഷ്കറിന് ഐപിഎല്‍ ടീമില്‍ 'വിയര്‍പ്പ് ഓഹരി' നേടിക്കൊടുത്തതെന്ന് തെളിഞ്ഞു. ദുബായിലെ ബ്യൂട്ടീഷ്യനും സുഹൃത്തുമായ സുനന്ദയ്ക്ക് കൊച്ചി ഐപിഎല്‍ ടീമില്‍ വിയര്‍പ്പ് ഓഹരി വാങ്ങിക്കൊടുത്തത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കോര്‍പറേറ്റ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷമെങ്കിലും പഴക്കമുള്ള കമ്പനിക്ക് മാത്രമേ വിയര്‍പ്പ് ഓഹരി നല്‍കാന്‍ അധികാരമുള്ളൂവെന്ന് കമ്പനിനിയമത്തിലെ 79(എ) വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. റൊന്ദേവൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന കമ്പനി ഈ വര്‍ഷം മാര്‍ച്ചില്‍ നിലവില്‍ വന്നതാണ്. ജീവനക്കാര്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന ഓഹരിയാണ് വിയര്‍പ്പ് ഓഹരിയെന്ന് കമ്പനിനിയമത്തില്‍ പറയുന്നുണ്ട്. സുനന്ദയാവട്ടെ റൊന്ദേവൂവിന്റെ ഡയറക്ടറോ ജീവനക്കാരിയോ അല്ല. കമ്പനിയുടെ പങ്കാളികളിലൊരാളാണ്. വിയര്‍പ്പ് ഓഹരി ഒരു കാരണവശാലും മൊത്തം അടച്ചുതീര്‍ത്ത മൂലധനത്തിന്റെ 15 ശതമാനത്തില്‍ കൂടരുതെന്ന് കമ്പനികാര്യ വകുപ്പ് 2003 ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലുണ്ട്. സര്‍ക്കാര്‍ ഓഹരി കൂടാതെ അഞ്ചുകോടിയിലധികം രൂപ വിയര്‍പ്പ് ഓഹരിയായി നല്‍കരുതെന്നും പറയുന്നു.

എന്നാല്‍, സുനന്ദയ്ക്കും മറ്റ് വിയര്‍പ്പ് ഓഹരിക്കാര്‍ക്കും കിട്ടിയതാവട്ടെ 25 ശതമാനം ഓഹരിയാണ്. തുക കണക്കാക്കിയാല്‍ ഏതാണ്ട് 380 കോടിയോളം വരുമിത്. ചുരുക്കത്തില്‍ സുനന്ദയുടെ ഓഹരി നിയമപരമായും തരൂരിനെ കുടുക്കിലാക്കുന്നതാണ്. റൊന്ദേവൂ സ്പോര്‍ട്സിന് ലഭിച്ച 25 ശതമാനം സൌജന്യ ഓഹരിയില്‍ 19 ശതമാനമാണ് (70 കോടി) സുനന്ദയ്ക്ക് വിയര്‍പ്പ് ഓഹരിയായി തരൂര്‍ വാങ്ങികൊടുത്തത്. സുനന്ദയുടെ ഓഹരിയില്‍ ഒരു കുറവും വരില്ലെന്ന് ആദ്യാവസാനം ഉറപ്പുവരുത്തുന്നതിലും തരൂര്‍ ബദ്ധശ്രദ്ധനായിരുന്നു. ഇതിന്റെ ഭാഗമായി ഐപിഎല്‍ കമീഷണര്‍ ലളിത് മോഡിയുമായി നിരന്തരം എസ്എംഎസുകളിലൂടെ ബന്ധപ്പെട്ടിരുന്നു. മാത്രമല്ല ചെന്നൈയില്‍ നടന്ന ലേലച്ചടങ്ങില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് വിശ്വസ്തനായ ഒഎസ്ഡി ജേക്കബ് ജോസഫിനെ തരൂര്‍ അയക്കുകയും ചെയ്തു. റൊന്ദേവൂ സ്പോര്‍ട്സിന്റെ ഓഹരിഉടമകളുടെ കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ ലളിത് മോഡി ചോദ്യംചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞ ഉടന്‍ തരൂര്‍ മോഡിയെ ഫോണില്‍ ബന്ധപ്പെട്ട് സുനന്ദയെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് താക്കീത് ചെയ്തു. ഇത് മോഡി പരസ്യപ്പെടുത്തിയപ്പോള്‍ സുനന്ദയുടെ കാര്യമല്ല പറഞ്ഞതെന്ന വിശദീകരണവുമായി തരൂര്‍ രംഗത്തുവന്നു. എന്നാല്‍, മോഡിയെ വിളിച്ചെന്ന കാര്യം തരൂരിന് സമ്മതിക്കേണ്ടി വന്നു. ലേല ഇടപാടുകള്‍ക്കിടയില്‍ തരൂര്‍ അയച്ച എസ്എംഎസുകള്‍ പരസ്യപ്പെടുത്തുമെന്നും ലളിത്മോഡി പ്രഖ്യാപിച്ചിട്ടുണ്ട്.

ഐപിഎല്‍: ഗെയ്ക്ക്വാദിന്റെ കോടികളിലും ദുരൂഹത

'ഈ ലോകത്ത് എന്തുംനടക്കും'- ഗെയ്ക്ക്വാദ് കുടുംബം കൊച്ചി ഐപിഎല്‍ ടീമിനെ കോടികള്‍ മുടക്കി സ്വന്തമാക്കിയെന്ന വാര്‍ത്തകളോട് മഹാരാഷ്ട്രയിലെ സോലാപുര്‍ നിവാസികളുടെ പ്രതികരണമാണിത്. സോലാപുരിലെ സാധാരണ കുടുംബം മാത്രമായ ഗെയ്ക്ക്വാദുമാര്‍ കോടികള്‍ മറിയുന്ന ഐപിഎല്‍ കമ്പോളത്തില്‍ ഇടംനേടിയത് എങ്ങനെയെന്ന കാര്യത്തില്‍ സോലാപുരുകാര്‍ക്ക് ഇപ്പോഴും നിശ്ചയം പോര. റൊന്ദേവൂ സ്പോര്‍ട്സിന്റെ ഉടമ ശൈലേന്ദ്ര ഗെയ്ക്ക്വാദിന്റെ അച്ഛന്‍ കിഷന്റാവു സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ക്രിക്കറ്റ് പ്രേമിയായ ശൈലേന്ദ്ര മെക്കാനിക്കല്‍ എന്‍ജിനിയറാണ്. ഓട്ടോമൊബൈല്‍ സര്‍വീസ് രംഗത്ത് ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചുവര്‍ഷംമുമ്പ് സഹോദരിയുടെ വിവാഹത്തിന് സച്ചിന്‍ടെണ്ടുല്‍ക്കറെ ക്ഷണിച്ചുവരുത്തിയാണ് ശൈലേന്ദ്ര സോലാപുരുകാരെ ആദ്യം വിസ്മയിപ്പിച്ചത്. പിന്നീട് സോലാപുരില്‍ മിനി ഐപിഎല്‍ എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ശൈലേന്ദ്രയുടെ സഹോദരന്‍ രവി മഹാരാഷ്ട്രയില്‍ അസിസ്റ്റന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ്. വിദേശത്തുനിന്ന് മോട്ടോര്‍ ബൈക്കുകള്‍ ഇറക്കുമതി ചെയ്തതില്‍ 10 കോടിയുടെ തിരിമറി കാട്ടിയെന്ന കേസില്‍ അന്വേഷണം നേരിടുകയാണ് രവിയിപ്പോള്‍. കൊച്ചി ഐപിഎല്‍ ടീമില്‍ 25 ശതമാനം സൌജന്യ ഓഹരിയടക്കം 26 ശതമാനം ഓഹരിയാണ് ശൈലേന്ദ്രയുടെ സ്ഥാപനമായ റൊന്ദേവൂ സ്പോര്‍ട്സിനുള്ളത്. ഇതില്‍ 70 ശതമാനത്തോളം ശൈലേന്ദ്രയുടെ അച്ഛന്റെയും അമ്മയുടെയും പേരിലാണ്. ഗെയ്ക്ക്വാദ് കുടുംബത്തിനാകെ ഏതാണ്ട് 300 കോടിയുടെ ഓഹരിയാണ് കൊച്ചി ടീമിലുള്ളത്.

ദേശാഭിമാനി വാര്‍ത്തകള്‍

4 comments:

  1. "ചുരുക്കത്തില്‍ സുനന്ദയുടെ ഓഹരി നിയമപരമായും തരൂരിനെ കുടുക്കിലാക്കുന്നതാണ്. റൊന്ദേവൂ സ്പോര്‍ട്സിന് ലഭിച്ച 25 ശതമാനം സൌജന്യ ഓഹരിയില്‍ 19 ശതമാനമാണ് (70 കോടി) സുനന്ദയ്ക്ക് വിയര്‍പ്പ് ഓഹരിയായി തരൂര്‍ വാങ്ങികൊടുത്തത്. സുനന്ദയുടെ ഓഹരിയില്‍ ഒരു കുറവും വരില്ലെന്ന് ആദ്യാവസാനം ഉറപ്പുവരുത്തുന്നതിലും തരൂര്‍ ബദ്ധശ്രദ്ധനായിരുന്നു."

    i hope u have some valid evidence for all these. if u have, please publish the same. people shud know the truth

    ReplyDelete
  2. സുനന്ദ എന്നൊരാള്‍ ഉണ്ട് എന്നതിന് തെളിവ് ഉണ്ടോ ജയാ,അല്ല ഉണ്ടോ?
    ആ ഓഹരി അല്ലെ മാഷേ സുനന്ദ തിരിച്ചു കൊടുത്തത്. പത്രം വായന കമ്മി ആണ് അല്ലെ. ഒന്നുമില്ലെങ്കിലും വീരഭൂമി,അച്ചായന്‍ പത്രം ഇവയിലേതെങ്കിലും വായിച്ചൂടെ കുഞ്ഞാ. ഇതൊക്കെ പറഞ്ഞത് തരൂരും, മോഡിയും സുനണ്ടയുമൊക്കെ തന്നെ അല്ലെ.ഏതൊക്കെ ടൈപ് കൊണോത്തില്‍ പണിക്കന്മാരാണ് തമ്പുരാനെ, തെളിവും ചോദിച്ചു രാവിലെ തന്നെ ഇറങ്ങിയിരിക്കുന്നു.

    ReplyDelete
  3. @ kangaroo

    so there is one called Pinarayi. there was loss to the State to the tune of at least Rs 80 odd crores. so that means Pinarayi is corrupted. using ur logic, lavlin case shud be correct then. in tht u have said tht "സുനന്ദയ്ക്ക് വിയര്‍പ്പ് ഓഹരിയായി തരൂര്‍ വാങ്ങികൊടുത്തത്. സുനന്ദയുടെ ഓഹരിയില്‍ ഒരു കുറവും വരില്ലെന്ന് ആദ്യാവസാനം ഉറപ്പുവരുത്തുന്നതിലും തരൂര്‍ ബദ്ധശ്രദ്ധനായിരുന്നു" if u r making such an allegation, u shud have proof to validate tht. just coz sunanda and tharoor are frnds and she got sweat equity doesnt mean Tharoor has any hands in it.

    MIND UR LANGUAGE by the way. it shows ur culture. hiding behind fake profiles and using foul language. shows which party u r in.

    ReplyDelete
  4. ഞാനായിരുന്നെങ്കില്‍ രാജിവെക്കുമായിരുന്നു എന്ന് പറഞ്ഞത് മറ്റാരുമല്ല പ്രണബ് മുഖര്‍ജി.

    ReplyDelete