Tuesday, April 20, 2010

കേരളസര്‍ക്കാരിന്റെ നയങ്ങള്‍ ലോകത്തിന് മാതൃക

തൃശൂര്‍: നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തികബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ ലോകത്തിനാകെ മാതൃകയാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. 30 ലക്ഷം കുടുംബങ്ങളിലായി 15 ദശലക്ഷത്തോളംപേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയേര്‍പ്പെടുത്തിയതിലൂടെ ലോകത്തില്‍ ഏറ്റവുമധികം ആളുകളെ ഇന്‍ഷുര്‍ ചെയ്ത സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിന് ലഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കെ ടി സ്മാരക തിയറ്ററില്‍ 'കേരളത്തിന്റെ വികസനവും ബാങ്കുകളുടെ പങ്കും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊതുവിതരണ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ പടിപടിയായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഓഹരിക്കമ്പോളത്തിന്റെയും വന്‍കിടമുതലാളിമാരുടെയും താല്‍പ്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. കാര്‍ഷികമേഖലയെ തകര്‍ക്കുന്ന സമീപനങ്ങളുമായാണ് മന്‍മോഹന്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കാര്‍ഷിക -വളം സബ്സിഡികളും വെട്ടിക്കുറയ്ക്കുന്നു. സംഭരണവിലയാകട്ടെ വളരെ താഴ്ന്നതും. പൊതുമേഖലാ ബാങ്കുകള്‍പോലും കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ഇന്ത്യയുടെ സാമ്പത്തികനില വളരെ ഭദ്രമാണെന്ന് പറയുന്ന ധനമന്ത്രി ഓഹരിക്കമ്പോളത്തെയും കുത്തകകളെയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. ധാന്യകൃഷിയില്‍നിന്ന് പലരും നാണ്യവിളകൃഷിയിലേക്ക് മാറി. ഇപ്പോള്‍ ലോകമാര്‍ക്കറ്റില്‍ നാണ്യവിളകള്‍ക്ക് തകര്‍ച്ച നേരിട്ടപ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത വിധം ഇന്തോ- ആസിയന്‍ കരാര്‍ നമ്മുടെ കൈകള്‍ ബന്ധിച്ചു കഴിഞ്ഞു. ലോകമാകെ സാമ്പത്തികമാന്ദ്യം വീശിയടിച്ചപ്പോള്‍ ഉലയാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കായത് ദേശസാല്‍കൃത ബാങ്കുകളുടെ ശക്തിയിലാണ്. ബാങ്കിങ് മേഖലയിലെ ജീവനക്കാരും തൊഴിലാളി സംഘടനകളും ഇടതുപക്ഷ കക്ഷികളും ശക്തമായി ചെറുത്തതുകൊണ്ടാണ് ബാങ്കിങ് രംഗത്തെ സ്വകാര്യവല്‍ക്കരണം പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാതിരുന്നത്.

ഈ ചെറുത്തുനില്‍പ്പിന് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ ബദല്‍ സാമ്പത്തിക നയങ്ങളിലൂടെ നല്‍കുന്ന പിന്തുണ രാജ്യത്തിനാകെ മാതൃകയാണ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ വലിയ സാമ്പത്തികാശ്വാസ നടപടികളാണ് സംസ്ഥാനം കൈക്കൊണ്ടത്. നെല്ല് സംഭരണവില ഉയര്‍ത്തിയതും 2010-2011 സാമ്പത്തികവര്‍ഷം സഹകരണമേഖലയുമായി ചേര്‍ന്ന് പച്ചത്തേങ്ങ സംഭരിക്കാന്‍ തീരുമാനിച്ചതുമെല്ലാം ജനകീയ നടപടികളാണ്. കേരളത്തിന്റെ പാരിസ്ഥിതിക പ്രാധാന്യംകൂടി കണക്കിലെടുത്ത് ഐടി, ടൂറിസം തുടങ്ങിയ വികസനസാധ്യതയുള്ള ആധുനിക സംരംഭങ്ങളെക്കൂടി കൂട്ടിയിണക്കിക്കൊണ്ടുള്ള വികസനമാണ് നമുക്കാവശ്യം. താഴേത്തട്ടില്‍നിന്നു തുടങ്ങുന്ന വികസനത്തിനേ വിജയം കൈവരിക്കാനാവൂ. അതിന് ബാങ്കിങ് മേഖലയുടെ ശക്തമായ പിന്തുണകൂടിയുണ്ടാകണമെന്നും പ്രഭാത് പട്നായിക് പറഞ്ഞു.

deshabhimani 20042010

No comments:

Post a Comment