Thursday, April 22, 2010

പിണറായിക്കെതിരെ വീണ്ടും നിഴല്‍യുദ്ധം

ലാവലിനിലെ ഓരോ നുണക്കഥയും പൊളിയുമ്പോള്‍ പുതിയ നുണകളുമായി പുതിയ അവതാരങ്ങള്‍ രൂപമെടുക്കുന്നത് ഇത് എത്രാമത്തെ തവണയാണ് നാം കാണുന്നത്? ക്രൈം നന്ദകുമാറിനെതിരെ സി.ബി.ഐ നിശിതമായ വിമര്‍ശനം ഉന്നയിച്ചു, പിണറായിക്കെതിരെ തെളിവില്ലെന്ന കാര്യം കോടതിയില്‍ സി.ബി.ഐ ആവര്‍ത്തിച്ചു എന്നീ പ്രധാന പോയിന്റുകള്‍ വിഴുങ്ങിയാണ് പല പത്രങ്ങളും വാര്‍ത്ത നല്‍കിയിരിക്കുന്നത്. ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന പ്രയോഗത്തിനു ഊന്നല്‍ നല്‍കിയ വാര്‍ത്തകള്‍. ‘ക്ലീന്‍ ചിറ്റ് നല്‍കി‘ എന്ന് കോടതി മുന്‍പാകെ സി.ബി.ഐക്ക് പറയാന്‍ കഴിയുമോ/അവര്‍ പറയുമോ എന്നെങ്കിലും ആലോചിച്ചാല്‍ വാ‍ര്‍ത്തകളുടെ പൊള്ളത്തരം പിടി കിട്ടും.

http://malayal.am എന്ന വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ‘പിണറായിക്കെതിരെ വീണ്ടും നിഴല്‍യുദ്ധം‘ എന്ന കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു.

കൊച്ചി: ലാവലിന്‍ ഇടപാടില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോഴ സ്വീകരിക്കുന്നത് നേരിട്ടുകണ്ടുവെന്ന് സാക്ഷിമൊഴി. ഒരു പ്രമുഖ ന്യൂസ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത തൊട്ടുപിന്നാലെ മലയാളത്തിലെ ഒരു പ്രമുഖ പത്രവും അതേപടി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ തന്നെയാണ് പുതിയ സാക്ഷിമൊഴിയിലുമുള്ളത്.

ദുരൂഹമാംവിധം നീണ്ടുപോകുന്ന സിബിഐ അന്വേഷണത്തില്‍ ഓരോ ആരോപണവും പൊളിയുമ്പോള്‍ പൊടുന്നനെ ഒരു പുതിയ ആരോപണവുമായി ആരെങ്കിലും അവതരിക്കുന്ന മായാവിദ്യയാണ് ലാവലിന്‍ കേസന്വേഷണത്തിന്റെ പ്രത്യേകത. ഒരു കാലത്തും ഈ കേസ് തീരരുതെന്നും പിണറായി വിജയന്‍ ഇതില്‍ തന്നെ കുടുങ്ങിക്കിടക്കണമെന്നുമുള്ള നിര്‍ബന്ധം ആര്‍ക്കൊക്കെയോ ഉള്ളതായി സംശയം ജനിപ്പിക്കുന്നവിധമാണ് ഈ ആവര്‍ത്തനങ്ങള്‍.

പിണറായി വിജയന്‍ ദിലീപ് രാഹുലനില്‍ നിന്നും രണ്ടുകോടി രൂപ കൈപ്പറ്റുന്നതിന് താന്‍ ദൃക്‍സാക്ഷിയാണെന്ന അവകാശവാദവുമായി തിരുവനന്തപുരം സ്വദേശി ദീപക് കുമാറാണ് സിബിഐയുടെ ചെന്നൈ ഓഫിസിലെത്തിയത്. എഴുതിത്തയ്യാറാക്കിയ 60 പേജ് വരുന്ന സാക്ഷിമൊഴി ദീപക്‍ സിബിഐക്കു കൈമാറി.

കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സല്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ് രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്ത കാലത്താണു ലാവലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നാണ് ദീപക്‍ കുമാര്‍ പറയുന്നത്. ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ താന്‍ ഒപ്പമുണ്ടായിരുന്നതായും ദീപക്കിന്റെ മൊഴിയില്‍ പറയുന്നു.

എന്നാല്‍ ഈ മൊഴിയില്‍ തന്നെ വൈരുദ്ധ്യമുണ്ടെന്ന് സൂക്ഷ്മ വായനയില്‍ മനസ്സിലാകും. ലാവലിന്‍ കമ്പനിയുടെ പ്രതിനിധിയായിരുന്നു, കരാര്‍ കാലയളവില്‍ ദിലീപ് രാഹുലന്‍. നാസറാകട്ടെ കമ്പനിയുടെ ഇടനിലക്കാരനായി എന്നാണ് സിബിഐ മതം. ടെക്നിക്കാലിയയ്ക്ക് ലാവലിന്‍ ക്യാനഡയില്‍ നിന്നു പിരിച്ചുനല്‍കിയത് 8 കോടിയോളം രൂപയാണ്. ഈ കാശിന് കണക്ക് ലഭ്യമാണെന്ന് സിഏജി റിപ്പോട്ട് പോലും പറയുന്നുണ്ട്. ലാവലിന്‍ തന്നെ തിരഞ്ഞെടുത്ത് പണികള്‍ നടത്താനേല്‍പ്പിച്ച കണ്‍സ്റ്റ്രക്ഷന്‍ കണ്‍സള്‍ട്ടന്റാണ് ടെക്നിക്കാലിയ. ലാവലിന്റെ ഏഷ്യാപസഫിക്‍ ഓപ്പറേഷന്‍സ് ചുമതലക്കാരനായിരുന്ന ദിലീപ് രാഹുലന്‍ ടെക്നിക്കാലിയയുടെ ജീവനക്കാരനാണെന്ന് പറയുന്നിടത്തു തന്നെ മൊഴി പാളംതെറ്റുന്നു.

ടെക്നിക്കാലിയക്കാര്‍ പിണറായി വിജയന് കോഴകൊടുത്തു എന്ന് പറയുന്നതും വിശ്വസനീയമല്ല. കാരണം, ആശുപത്രി പണിക്കായി ടെക്നിക്കാലിയയെ തെരഞ്ഞെടുത്തതു് സംസ്ഥാനസര്‍ക്കാരല്ല, ലാവലിനാണ് എന്നിരിക്കെ, സര്‍ക്കാര്‍ പ്രതിനിധിയെ സ്വാധീനിക്കേണ്ട കാര്യം ടെക്നിക്കാലിയയ്ക്ക് ഉണ്ടാവുന്നില്ല. ലാവലിനാണ് കോഴനല്‍കിയത് എന്നു പറഞ്ഞിരുന്നുവെങ്കില്‍ കൂടി കൂടുതല്‍ വിശ്വാസ്യത അതിനുണ്ടാവുമായിരുന്നു. ലാവലിനുവേണ്ടി കോഴ നല്‍കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കാന്‍ മാത്രം പ്രവര്‍ത്തനപാരമ്പര്യമില്ലാത്ത തട്ടിക്കൂട്ട് കമ്പനിയുമല്ല, ടെക്നിക്കാലിയ.

ലാവലിന്‍ വിവാദത്തിലെ ആദ്യ ആരോപണങ്ങളിലൊന്ന് ടെക്നിക്കാലിയ പുതുതായി തട്ടിക്കൂട്ടിയ കടലാസുകമ്പനിയാണെന്നും പിണറായി വിജയന്റെ ഭാര്യക്ക് അതില്‍ ഓഹരിപങ്കാളിത്തമുണ്ടെന്നുമായിരുന്നു. എന്നാല്‍ ടെക്നിക്കാലിയ ആദ്യം കേരളത്തിലെത്തുന്നത് പരിയാരം സഹകരണ മെഡിക്കല്‍ കോളജ് പണിക്കാണെന്നും അന്ന് സഹകരണമന്ത്രിയായിരുന്ന എംവി രാഘവനും മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും ചേര്‍ന്നാണ് ടെക്നിക്കാലിയയെ പണി ഏല്‍പ്പിക്കുന്നത് എന്നും വെളിപ്പെട്ടതിനെ തുടര്‍ന്ന് ഈ ആരോപണം പൊളി‍ഞ്ഞിരുന്നു. കൂടാതെ മറ്റ് രാജ്യങ്ങളിലുള്‍പ്പടെ ആശുപത്രി നിര്‍മ്മാണ രംഗത്ത് ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള കമ്പനിയാണ് ടെക്നിക്കാലിയ എന്ന വിവരവും പുറത്തുവന്നിരുന്നു.

തിരുവനന്തപുരം, കൊച്ചി, ഡല്‍ഹി, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വച്ചും പിണറായി അടക്കമുള്ള പല പ്രതികള്‍ക്കും ദിലീപ് രാഹുലന്‍ കോഴപ്പണം കൈമാറിയിട്ടുണ്ടെന്ന് ദീപക്‍ അവകാശപ്പെടുന്നുണ്ട്. കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന്‍ കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക്‍ കുമാര്‍ സിബിഐക്കു കൈമാറിയതായാണ് വാര്‍ത്തയില്‍ പറയുന്നത്.

ലാവലിന്‍ കോഴപ്പണം ഉപയോഗിച്ച് ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്നും ദീപക്‍ ആരോപിക്കുന്നു. പിണറായി വിജയന് കോഴ നല്‍കി എന്നു പറയുന്ന ദിലീപ് രാഹുലന്‍ തന്നെ കോഴപ്പണം ഉപയോഗിച്ച് പസഫിക്‍ കണ്‍ട്രോള്‍സ് എന്ന സ്ഥാപനം കെട്ടിപ്പൊക്കി എന്നു പറയുന്നിടത്താണ് അടുത്ത അബദ്ധം. കോഴകൊടുത്തയാള്‍ക്കാണോ കോഴ നല്‍കിയ ആള്‍ക്കാണോ പണം ലഭിക്കുക എന്ന വസ്തുതപോലും പക്ഷെ പിണറായി വിരുദ്ധതയില്‍ പത്രങ്ങള്‍ കാണുന്നില്ല.

ബിസിനസില്‍ വിശ്വാസവഞ്ചന കാട്ടിയതിനെ തുടര്‍ന്നാണു ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞതെന്ന് ദീപക് സിബിഐയോട് സമ്മതിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഏതോ ബിസിനസുമായി ബന്ധപ്പെട്ട് ദിലീപുമായുണ്ടായ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വീണ്ടും ലാവലിന്‍ കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ദീപക്‍ തയ്യാറായിരിക്കുന്നത്. തക്കം നോക്കി ദീപക്കിനെ ഉപയോഗിക്കാന്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള പിണറായി വിരുദ്ധ ഉപജാപക സംഘം തയ്യാറായി എന്നുമാത്രം.

ലാവലിന്റെ ഏഷ്യാ റീജ്യണല്‍ ഓപ്പറേറ്റിങ് ഓഫീസറും ലാവലിന്റെ പ്രതിനിധിയായി, ക്യാന്‍സര്‍ സെന്ററിന്റെ പണി നടത്തിക്കാന്‍ ബാധ്യതപ്പെട്ടവയാളും എന്ന നിലയിലാണ് ദിലീപ് രാഹുലന്‍ എന്നയാള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. അയാള്‍ മാത്രമല്ല, കെഎസ്ഇബിയിലെ എഞ്ചിനിയര്‍മാരടക്കം പലരും പലകാലത്തായി നീണ്ട അവധിയെടുത്ത് ലാവലിന്‍ പോലുള്ള കമ്പനികളില്‍ ജോലിനോക്കിയിട്ടുണ്ട്, ജോലി ഉപേക്ഷിച്ച് സ്വന്തം കണസള്‍ട്ടന്‍സിയും തുടങ്ങിയിട്ടുണ്ട്. ഒരു ബന്ധവുമില്ലാത്ത കുറേ കാര്യങ്ങളെ വക്രീകരിച്ച് ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുക എന്ന രീതിയാണ് മൊഴി സ്വീകരിച്ചിരിക്കുന്നത്. പസഫിക് കണ്ട്രോള്‍സ്, കമലാ ഇന്റര്‍നാഷണല്‍, ടെക്നിക്കാലിയ എന്നൊക്കെ തുടരെ കേള്‍ക്കുമ്പോള്‍ രണ്‍ജിപ്പണിക്കരുടെ സ്ക്രിപ്റ്റിലെപ്പോലെ എല്ലാം വന്‍ ഗൂഢാലോചനയാണെന്ന് തോന്നലുളവാകും എന്നതുമാത്രമാണ് ഇതിലെ കാര്യം. അപ്പോള്‍ തെളിവിനേക്കാളേറെ അപവാദ പ്രചാരണം തുടരുക എന്ന ലക്ഷ്യം മാത്രമേ പുതിയ മൊഴിക്കും ഉള്ളൂവെന്ന് വരുന്നു.

നിലവില്‍ പിണറായി വിജയന്‍ കോഴ വാങ്ങിയതായുള്ള ആരോപണം സിബിഐ അന്വേഷിക്കുന്നില്ലെന്നും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ സിബിഐ ഇതേവരെ ശേഖരിച്ചിട്ടില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വാര്‍ത്തയിലെ ഈ അവകാശവാദം പാടെ തെറ്റാണ്. സിബിഐ ഇക്കാര്യം അന്വേഷിച്ചിരുന്നു എന്നുമാത്രമല്ല, ഇല്ലാത്ത തെളിവ് കിട്ടാതെ നിരാശ്ശരാവുകയും ചെയ്തു. പിണറായി സ്ഥാനമൊഴിയുമ്പോള്‍ ക്യാന്‍സര്‍ സെന്ററില്‍ ആകെ നടന്ന പണി തലശ്ശേരിയിലെ ആ കുന്നുമ്പ്രദേശത്ത് സ്ഥലമെടുപ്പും, ലാന്റ് പൈലിങ്ങും മാത്രമാണ്. സ്ഥലമെടുപ്പുപണിക്കും റോഡ് നിര്‍മ്മാണത്തിനും വേഗത പോരാ എന്ന് പലതവണ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സമിതിയുടെ യോഗങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു. ആരോപണമുയര്‍ത്തിയത് സര്‍ക്കാര്‍ ഭാഗത്തുനിന്നല്ല, ലാവലിന്റെയും ടെക്നിക്കാലിയയുടെയും പ്രതിനിധികളാണ് എന്നതും കാണണം. ഇത് ക്യാന്‍സര്‍ സമിതിയോഗങ്ങളുടെ മിനിറ്റ്സില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പണം വന്ന മുറയ്ക്ക് ടെക്നിക്കാലിയ കൃത്യമായിത്തന്നെ പണികള്‍ നടത്തിയിരുന്നു. 103 കോടിയുടെ പ്രോജക്റ്റില്‍ 12 കോടികൊണ്ടുതന്നെ ആദ്യഘട്ടം ഭംഗിയായി പൂര്‍ത്തീകരിച്ചു.

മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ച ഡി ബാബു പോളിന്റെ മധ്യരേഖ എന്ന പംക്തിയില്‍ അദ്ദേഹം കുറിച്ച ഒരു ഖണ്ഡിക കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. "പതിനഞ്ച് വര്‍ഷം മുമ്പ് പിണറായിക്കുണ്ടായിരുന്ന പദവി ഇന്ന് എകെ ബാലന്‍ എന്ന മന്ത്രിക്കുള്ള പദവിയാണ്. അത് ഒട്ടും മോശമല്ലെന്ന് നമുക്കറിയാം. എന്നാല്‍, ഇന്ന് പിണറായി വിജയനെയും അച്യുതാനന്ദനെയും വൈക്കം വിശ്വനെയും വെട്ടിച്ച് രായ്ക്കുരാമാനം കനഡയിലോ ടിംബക്ടുവിലൊ എത്തി ഒരു കരാര്‍ ഉണ്ടാക്കുവാനോ കൈക്കൂലി പോക്കറ്റിലാക്കുവാനോ ബാലന് കഴിയില്ല. പതിനഞ്ച് വര്‍ഷംമുമ്പ് വിജയനും കഴിയുമായിരുന്നില്ല. ഈ ലളിതയുക്തി കേരളത്തിലെ പത്രവായനക്കാരില്‍ നിന്ന് വിദഗ്ധമായി മറച്ചുവെക്കാന്‍ കഴിഞ്ഞു എന്നത് നമ്മുടെ മാധ്യമലോകത്തിന്റെ കരുത്ത് തെളിയിക്കുന്നുണ്ട്," ബാബു പോള്‍ മാധ്യമത്തില്‍ എഴുതുന്നു.

കടപ്പാട്: http://malayal.am

2 comments:

  1. ലാവലിനിലെ ഓരോ നുണക്കഥയും പൊളിയുമ്പോള്‍ പുതിയ നുണകളുമായി പുതിയ അവതാരങ്ങള്‍ രൂപമെടുക്കുന്നത് ഇത് എത്രാമത്തെ തവണയാണ് നാം കാണുന്നത്? ക്രൈം നന്ദകുമാറിനെതിരെ സി.ബി.ഐ നിശിതമായ വിമര്‍ശനം ഉന്നയിച്ചു, പിണറായിക്കെതിരെ തെളിവില്ലെന്ന കാര്യം കോടതിയില്‍ സി.ബി.ഐ ആവര്‍ത്തിച്ചു എന്നീ പ്രധാന പോയിന്റുകള്‍ വിഴുങ്ങിയാണ് പല പത്രങ്ങളും വാര്‍ത്ത നല്‍കിയിരിക്കുന്നത്. ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന പ്രയോഗത്തിനു ഊന്നല്‍ നല്‍കിയ വാര്‍ത്തകള്‍. ‘ക്ലീന്‍ ചിറ്റ് നല്‍കി‘ എന്ന് കോടതി മുന്‍പാകെ സി.ബി.ഐക്ക് പറയാന്‍ കഴിയുമോ/അവര്‍ പറയുമോ എന്നെങ്കിലും ആലോചിച്ചാല്‍ വാ‍ര്‍ത്തകളുടെ പൊള്ളത്തരം പിടി കിട്ടും.

    ReplyDelete
  2. ഹര്‍ത്താലു വേണം മാഷേ....
    കേരളം മുഴുവന്‍ സ്ത്ംഭിപ്പിക്കട്ടെ ഒരു ദിവസം

    ReplyDelete