Tuesday, April 20, 2010

ഇത്തിരിക്കൂടി ലാവ്ലിന്‍ വാര്‍ത്തകള്‍

ലാവ്ലിന്‍: സിബിഐ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ ഒതുക്കി- കോടിയേരി

കിളിമാനൂര്‍: ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വ്യാജപ്രചാരണം അഴിച്ചുവിട്ട മാധ്യമങ്ങള്‍ കരാറില്‍ അഴിമതി നടന്നിട്ടില്ലെന്നു വ്യക്തമാക്കി സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് മറച്ചുപിടിച്ചതായി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രണ്ടുവര്‍ഷമായി മാധ്യമങ്ങള്‍ ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം അഴിച്ചുവിടുകയായിരുന്നു. ഇതുവഴി കെട്ടിപ്പൊക്കിയതാണ് എസ്എന്‍സി ലാവ്ലിന്‍ കേസ്. എന്നാല്‍, ലാവ്ലിന്‍ കരാറില്‍ അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് മിക്ക മാധ്യമങ്ങളും അവഗണിച്ചു. റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തകള്‍ കുത്തകപത്രങ്ങള്‍ ഉള്‍പ്പേജിലൊതുക്കിയെന്നും കോടിയേരി പറഞ്ഞു.

രാഷ്ട്രീയനാടകത്തിന് തിരശ്ശീല: ഡോ. ജോര്‍ജ് ഓണക്കൂര്‍

പിണറായി വിജയനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്ന് രാജ്യത്തെ ഏറ്റവും പ്രധാന കുറ്റാന്വേഷണ ഏജന്‍സി വെളിപ്പെടുത്തുകവഴി മാധ്യമങ്ങള്‍ ആഘോഷിച്ച രാഷ്ട്രീയനാടകത്തിന് തിരശ്ശീല വീണു. അത്രയും നല്ലത്. വ്യക്തിഹത്യയില്‍ താല്‍പ്പര്യമുള്ളവരെ നിരുത്സാഹപ്പെടുത്തുന്ന അനുഭവപാഠം ആയിരിക്കട്ടെ 'പിണറായി- ലാവ്ലിന്‍ നാടകം' എന്നാണ് ആഗ്രഹിക്കുന്നത്. പൊതുജീവിതത്തില്‍ ശ്രദ്ധേയമായ ഒരു വ്യക്തിത്വം വൈദ്യുതി-സഹകരണമന്ത്രി എന്ന നിലയില്‍ അര്‍പ്പിച്ച സേവനം പ്രശംസാര്‍ഹമാണെന്ന് ഓര്‍ക്കുന്നു. നമ്മുടെ മാധ്യമങ്ങള്‍ പലപ്പോഴും നേര്‍വഴി വിട്ട് വക്രദൃഷ്ടിയോടെ വസ്തുതകള്‍ നിരീക്ഷിക്കുന്നെന്ന തോന്നല്‍ ഇടയ്ക്കിടെ സംഭവിക്കുന്നു. വ്യക്തികളെ വേട്ടയാടുകയും ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയും പര്‍വതീകരിക്കുകയും ചെയ്യുന്നത് അനാരോഗ്യകരമായ രാഷ്ട്രീയ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

കുരിശിലേറ്റിയാല്‍ ഉയിര്‍പ്പ്: ഡോ. ഡി ബാബുപോള്‍

ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നോ അഴിമതി കാണിച്ചെന്നോ ഒരു കാലത്തും വിശ്വസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ അത്ഭുതമില്ല. സിബിഐ ഇപ്പോഴെടുത്ത നിലപാട് ശരിയാണ്. ഈ സിബിഐ റിപ്പോര്‍ട്ടില്‍ ഈശ്വരന്റെ കൈയും ഞാന്‍ കാണുന്നു. എല്ലാവരും ചേര്‍ന്ന് ഒരാളെ കുരിശിലേറ്റിയാല്‍ മൂന്നാംദിവസം ദൈവം അയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. പിണറായി വ്യക്തിപരമായി നേട്ടമുണ്ടാക്കിയെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. 15 വര്‍ഷംമുമ്പ് ആരും അറിയാതെ അഴിമതി കാണിക്കാന്‍ വൈദ്യുതിമന്ത്രിയായ പിണറായി കനഡയില്‍ പോയി കരാര്‍ ഒപ്പിടുമെന്നും ആരും വിശ്വസിക്കില്ല. വടക്കന്‍ കേരളത്തില്‍ ആരോഗ്യമേഖലയുടെ പുരോഗതിക്ക് അത്യുത്സാഹം കാണിക്കുന്നത് സ്വന്തം ഭാര്യയെയും മക്കളെയും സഹായിക്കാനാണെന്നു പറയുന്നതിന് എന്തടിസ്ഥാനമാണുള്ളത്. അങ്ങനെയെങ്കില്‍ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെല്ലാം അഴിമതിയുടെ പട്ടികയില്‍ വരും.

സത്യം തെളിഞ്ഞു എല്‍ഡിഎഫ് നേതാക്കള്‍

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയതോടെ കേസ് തന്നെ അപ്രസക്തമായിരിക്കയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയഹത്യക്കുവേണ്ടി സിബിഐയെ കോണ്‍ഗ്രസ് ദുരുപയോഗിക്കുകയായിരുന്നുവെന്നും തെളിഞ്ഞു.

വെളിയം

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞത് സന്തോഷകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അത് അന്വേഷണത്തിന് വിടുകയും ചെയ്യുന്ന നടപടി നിര്‍ഭാഗ്യകരമാണ്.

ചന്ദ്രചൂഡന്‍

ലാവ്ലിന്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. ലാവ്ലിന്‍ കേസിലൂടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കള്ളനെന്നും കൊള്ളക്കാരനെന്നും ആക്ഷേപിച്ചു. അന്വേഷണം നടത്തിയ സിബിഐ ഇപ്പോള്‍ പറയുന്നത് തെളിവൊന്നും കിട്ടിയില്ല എന്നാണ്. കേരളത്തെ സ്നേഹിക്കുന്ന നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് പിണറായിയെ കൈക്കൂലിക്കാരന്‍ എന്ന് വിളിച്ചത്. സ്വകാര്യമായോ പാര്‍ടിക്കുവേണ്ടിയോ അദ്ദേഹം സമ്പാദ്യമുണ്ടാക്കിയില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായത്. നേതാവിനെ ആക്രമിച്ച് വകവരുത്തിയാല്‍ പ്രസ്ഥാനത്തെയും തകര്‍ക്കാം. നേതാവിന് പ്രാപ്തികൂടിയാല്‍ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകും. സിബിഐയെക്കൊണ്ട് സിപിഐ എമ്മിന്റെ പൊക്കിളിനുകീഴില്‍ ചവിട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നിട്ടും തകര്‍ക്കാനായില്ല- ചന്ദ്രചൂഡന്‍ പറഞ്ഞു.

പി ജെ ജോസഫ്

ലാവ്ലിന്‍ കേസുമായി ഇനിയും മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. പിണറായി കുറ്റക്കാരനല്ലെന്ന സിബിഐ വെളിപ്പെടുത്തലോടെ വിവാദങ്ങളും അവസാനിപ്പിക്കാം. തെറ്റിദ്ധാരണയുണ്ടായിരുന്നവര്‍ ഇനിയെങ്കിലും അതു മാറ്റണം.

കടന്നപ്പള്ളി

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നീതിയുക്തമായിരുന്നു എന്നതിന്റെ തെളിവാണ് സിബിഐയുടെ പുതിയ നിലപാടെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നെന്നും ഇതോടെ തെളിഞ്ഞു. രാഷ്ട്രീയഹത്യക്കുവേണ്ടി സിബിഐപോലുള്ള ഏജന്‍സികളെ ആയുധമാക്കുന്ന ഹീനശ്രമങ്ങള്‍ അധികാരികള്‍ ഉപേക്ഷിക്കണം. ലാവ്ലിന്‍ കേസിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കി നടന്ന പ്രതിപക്ഷം സിബിഐയുടെ ഇപ്പോഴത്തെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ എന്തുപറയുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

പ്രൊഫ. എന്‍ എം ജോസഫ്

ഒടുവില്‍ സിബിഐ സത്യം വെളിപ്പെടുത്തിയിരിക്കുന്നുവെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എന്‍ എം ജോസഫ് പറഞ്ഞു. പിണറായി കുറ്റക്കാരനല്ലെന്നും പണമിടപാട് നടന്നിട്ടില്ലെന്നും സിബിഐ കണ്ടെത്തി.

ലാവ്ലിന്‍: ഉമ്മന്‍ചാണ്ടി പ്രതികരിക്കണം - മന്ത്രി ബാലന്‍

ലാവലിന്‍ കേസിലെ സിബിഐ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ്രതികരിക്കണമെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിലിക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. ലാവലിന്‍ സംഭവത്തില്‍ ഇല്ലാത്തകാര്യങ്ങള്‍ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും കാണിച്ച താല്‍പര്യം ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ യഥാര്‍ഥ വസ്തുത അംഗീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിഷുവിന് മുമ്പ് 22,100പേര്‍ക്ക് സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി. ഈ വര്‍ഷം ലോഡ് ഷെഡ്ഡിങ്ങും പവര്‍ക്കട്ടും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 20042010

No comments:

Post a Comment