Wednesday, November 17, 2010

ബ്രസീല്‍: നവ ഉദാരവല്‍ക്കരണത്തിനെതിരായ ജനവിധി

പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ തന്നെ ബ്രസീലില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ദില്‍മ വാന റൂസേഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടുതവണ പ്രസിഡന്റായിരുന്ന തന്റെ മുന്‍ഗാമി ലുല ഡ സില്‍വയെപ്പോലെ തന്നെ ദില്‍മ റൂസേഫും രണ്ടാംവട്ട വോട്ടെടുപ്പിലാണ് നിര്‍ണായകമായ വിജയം കൈവരിച്ചത്. ഒക്ടോബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ഒക്ടോബര്‍ 31ന് ഏറ്റവും അധികം വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരം നടന്നത്. ഇതില്‍ വര്‍ക്കേഴ്സ് പാര്‍ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ദില്‍മ റൂസേഫിന് 56 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബ്രസീലിയന്‍ സോഷ്യല്‍ ഡെമോക്രസി പാര്‍ടി സ്ഥാനാര്‍ത്ഥി ജോസ് സെറയ്ക്ക് 44 ശതമാനം വോട്ടും ലഭിച്ചു. ബ്രസീലില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് ദില്‍മ റൂസേഫ്.

        തികച്ചും തിളക്കമാര്‍ന്ന ഒരു വിജയമാണ് ദില്‍മ റൂസേഫ് നേടിയത്. ലോകത്തില്‍ ഏറ്റവും വലിയ കത്തോലിക്ക രാഷ്ട്രത്തില്‍ (ഏറ്റവും അധികം കത്തോലിക്ക മതവിശ്വാസികളുള്ള രാഷ്ട്രം) സഭയുടെ ശക്തമായ എതിര്‍പ്പ് നേരിട്ടുകൊണ്ടാണ് അവര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സഭയുടെ മാത്രമല്ല ബ്രസീലിലെ പ്രമുഖമായ മാധ്യമങ്ങളും ദില്‍മയ്ക്കെതിരെ വിമര്‍ശനത്തിനുപരി അപവാദ പ്രചരണങ്ങള്‍ വരെ നടത്തിയിട്ടും അതിനെയും അതിജീവിക്കാനും വമ്പിച്ച ജനപിന്തുണ നേടിയെടുക്കാനും ആയി എന്നതാണ് ദില്‍മയുടെ വിജയത്തിന്റെ സവിശേഷത. ബ്രസീലിലെ ഏറ്റവും പ്രചാരമുള്ള, ബ്രസീലുകാര്‍ "കണി കണ്ടുണരുന്ന'' പത്രം - "വെജ'' (ഢലഷമ) തന്നെ ആയിരുന്നു ദില്‍മയ്ക്കെതിരായ പ്രചരണത്തിന്റെ മുന്‍നിരയില്‍. ക്രിസ്ത്യന്‍ വിരുദ്ധയും നിരീശ്വരവാദിയുമാണ് അവര്‍ എന്നായിരുന്നു ഒരാരോപണം. ഗര്‍ഭഛിദ്രത്തെ നിയമവിധേയമാക്കലാണ് അവരുടെ ലക്ഷ്യമെന്നും അവര്‍ ഭീകര പ്രവര്‍ത്തകയാണെന്നും വരെ പ്രചരിപ്പിക്കപ്പെട്ടു. ബ്രസീലില്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയിരുന്ന സൈനിക സ്വേഛാധിപത്യത്തിനെതിരെ തന്റെ യൌവനാരംഭത്തില്‍ സായുധ ചെറുത്തുനില്‍പ്പ് സംഘത്തില്‍ ചേര്‍ന്ന് അടരാടിയ, അതിന്റെ പേരില്‍ ജയില്‍വാസവും അതിക്രൂരമായ പീഡനങ്ങളും - ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെ - അനുഭവിച്ച ദില്‍മ റൂസേഫ്, അന്ന് സ്വേഛാധിപത്യത്തിന് പിന്തുണ നല്‍കിയിരുന്ന വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം "ഭീകരപ്രവര്‍ത്തക'' തന്നെയായിരിക്കുമല്ലോ.

        2007ല്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് ദില്‍മ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ ചികഞ്ഞെടുത്ത് അവര്‍ക്കെതിരായ പ്രചരണായുധമായി വലതുപക്ഷം ഉപയോഗിച്ചത്. മാതാവിന്റെ ജീവന്‍ അപകടപ്പെടാന്‍ ഇടയാകുന്ന സാഹചര്യത്തിലോ ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ ഫലമായുണ്ടാകുന്ന ഗര്‍ഭധാരണത്തിലോ ഗര്‍ഭഛിദ്രം ആകാം എന്ന നിലപാടാണ് ദില്‍മ റൂസേഫ് പ്രകടിപ്പിച്ചത്. ഇത് ബ്രസീലില്‍ നിലവിലുള്ള നിയമം അനുവദിക്കുന്നുമുണ്ട്. ഈ അഭിപ്രായ പ്രകടനത്തെ വക്രീകരിച്ച് അവര്‍ക്കെതിരായ പ്രചരണായുധമാക്കുകയായിരുന്നു റോമന്‍ കത്തോലിക്കാ സഭയും മറ്റു ചില മതവിഭാഗങ്ങളും ചെയ്തത്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തന്നെ ബ്രസീലിയന്‍ ബിഷപ്പുമാര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് രംഗത്ത് വന്നിരുന്നുവെന്നാണ് ബ്രസീല്‍ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തന്നെ ജനാധിപത്യത്തിന്റെ "കടയ്ക്കല്‍ കത്തിവെയ്ക്കലാണ്'' എന്നാണ് പോപ്പ് ബ്രസീലിയന്‍ ബിഷപ്പുമാരെ ഓര്‍മ്മിപ്പിച്ചത്.

        വലതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ജോസ് സെറ ഈ അവസരം മുതലെടുക്കാന്‍ തന്നെ രംഗത്തിറങ്ങി. 1990കളില്‍ ഫെര്‍നാന്‍ഡോ കാര്‍ദോസയുടെ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരിക്കെ ഇതേ സെറ തന്നെ ഗര്‍ഭനിരോധന നിയമത്തില്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുകയും ഗര്‍ഭനിരോധന സംവിധാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ "ജീവന്റെ സ്ഥാനാര്‍ത്ഥി''യാണ് താന്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും തെരഞ്ഞെടുപ്പ് ലഘുലേഖകളില്‍ "യേശുവാണ് സത്യവും നീതിയും'' എന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. "കുഞ്ഞുങ്ങളെ കൊല്ലുന്നവളാണ്'' റൂസേഫ് എന്ന് പറഞ്ഞുകൊണ്ട് സെറയുടെ ഭാര്യയും പ്രചരണരംഗത്തിറങ്ങി. എന്നാല്‍ ബ്രസീലില്‍ 40 വയസ്സില്‍ താഴെയുള്ള 5 സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭഛിദ്രം നടത്താറുണ്ട് എന്നാണ് കണക്ക്. നിയമവിരുദ്ധമായ ഗര്‍ഭഛിദ്രം നടത്തുന്നവരില്‍ ദരിദ്രരായ സ്ത്രീകള്‍ പലപ്പോഴും അപകടത്തിലാവുകയും ജീവഹാനി സംഭവിക്കുകയും ചെയ്യാറുണ്ട് എന്നതാണ് വാസ്തവം.

        അതേസമയം, ബ്രസീലുകാര്‍ പൊതുവെ കടുത്ത മതവിശ്വാസികളുമാണ്. 1985ല്‍ സാവോപോളോ മേയര്‍ സ്ഥാനത്തേക്ക് ഫെര്‍ഡിനാന്‍ഡ് കാര്‍ദോസ മല്‍സരിച്ചപ്പോള്‍, അദ്ദേഹം ദൈവവിശ്വാസിയാണോ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി. ആ തെരഞ്ഞെടുപ്പില്‍ കാര്‍ദോസ പരാജിതനായി. 1994ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചപ്പോള്‍ കാര്‍ദോസ മുന്‍കൂട്ടി തന്നെ താന്‍ വിശ്വാസിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ബ്രസീലില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 67 ശതമാനംപേരും ഒരു വനിത പ്രസിഡന്റാകുന്നതിന് എതിരായിരുന്നില്ല. എന്നാല്‍ മതവിശ്വാസി അല്ലാത്ത ഒരാള്‍ പ്രസിഡന്റാകുന്നതിനെ അംഗീകരിക്കാന്‍ 47 ശതമാനം പേരേ ഉള്ളൂ.

        അത്തരം ഒരു സമൂഹത്തിലാണ് പ്രമുഖ മാധ്യമങ്ങളുടെയും പള്ളിയുടെയും പ്രചണ്ഡമായ പ്രചരണത്തെ അതിജീവിച്ച് ദില്‍മ റൂസേഫ് വിജയിച്ചത്. ബ്രസീലിയന്‍ ഭരണഘടന പ്രകാരം ഗര്‍ഭഛിദ്രം പോലുള്ള ഒരു വിഷയത്തില്‍ നിയമ ഭേദഗതി ചെയ്യാന്‍ പ്രസിഡന്റിന് അധികാരമില്ല. ഈ വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ട്, നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തല്‍ ഇപ്പോള്‍ തന്റെ അജണ്ട അല്ലെന്ന് പരസ്യമായി പ്രസ്താവിച്ചുകൊണ്ടുമാണ് റൂസേഫ് അവസാനവട്ട പ്രചരണം നടത്തിയത്. ഈ തെരഞ്ഞെടുപ്പിലെ വിഷയം സ്വകാര്യവല്‍ക്കരണവും സാമ്പത്തിക കാര്യങ്ങളിലുള്ള സര്‍ക്കാരിന്റെ പിന്‍വാങ്ങലും എന്ന നവലിബറല്‍ നയങ്ങളിലേക്ക് തിരിച്ചുപോകണമോ എന്നതാണ് എന്നും ആ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുന്നതിനാണ് വലതുപക്ഷം ഇല്ലാ വിഷയങ്ങള്‍ വലിച്ചിടുന്നതെന്നും റൂസേഫും ഇടതുപക്ഷവും ശക്തമായി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. അതാണ് ഇപ്പോള്‍ ബ്രസീലിയന്‍ ജനത അംഗീകരിച്ചത്.

        ബ്രസീലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും ഔദ്യോഗിക മാധ്യമങ്ങളില്‍ നിശ്ചിത സമയം സൌജന്യമായി അനുവദിക്കാറുണ്ട്. വര്‍ക്കേഴ്സ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യത്തില്‍ 10 പാര്‍ടികളാണുള്ളത്. വലതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റ് സഖ്യത്തില്‍ 6 പാര്‍ടികളും. ഇത് ഔദ്യോഗിക മാധ്യമങ്ങളില്‍ ദില്‍മ റൂസേഫിന് അനുകൂലമായി പ്രചരണത്തിന് കൂടുതല്‍ സമയം ലഭിക്കുന്നതിന് സഹായകമായി. വലതുപക്ഷത്തിനായി വാതോരാതെ പ്രചരണത്തിനിറങ്ങിയ സ്വകാര്യ മാധ്യമങ്ങളുടെ പ്രചരണങ്ങളെ ചെറുക്കാന്‍ ഈ അനുകൂല ഘടകത്തെ ഇടതുപക്ഷം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.

        ഇത്ര കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് വിജയം വരിക്കാന്‍ ദില്‍മ റൂസേഫിന് കഴിഞ്ഞത് അധികാരം ഒഴിയുന്ന പ്രസിഡന്റ് ലുല ഡ സില്‍വയുടെ ഉറച്ച പിന്തുണയാണ്. ലുലയുടെ ജനപിന്തുണ 80 ശതമാനത്തിലധികമാണ്. അവസാനത്തെ നാല് വര്‍ഷത്തെ ഭരണമാണ് അദ്ദേഹത്തിന് ജനപിന്തുണ ഏറ്റവും അധികം വര്‍ദ്ധിപ്പിച്ചത്. ഈ കാലഘട്ടത്തിലാകട്ടെ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫായി (പ്രധാനമന്ത്രിക്കു പകരമുള്ള പദവിയാണിത്) പ്രവര്‍ത്തിച്ചതും ഭരണം നിയന്ത്രിച്ചിരുന്നതും ദില്‍മ റൂസേഫായിരുന്നു. തന്റെ ഭരണകാലത്ത് നടപ്പാക്കിയ സാമ്പത്തിക നയത്തിന്റെയും ജനപ്രിയ പദ്ധതികളുടെയും പിന്നിലുള്ള യഥാര്‍ത്ഥ ശക്തി റൂസേഫ് ആണെന്നും അവര്‍ ബ്രസീലിന്റെ "നെല്‍സണ്‍ മണ്ടേല''യാണെന്നും "ജോന്‍ ഓഫ് ആര്‍ക്ക്'' ആണെന്നും വരെ ലുല വിശേഷിപ്പിക്കുകയുണ്ടായി.

        ലുലയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയതിനുള്ള ജനകീയ അംഗീകാരമാണ് ബ്രസീലിലെ ഇപ്പോഴത്തെ ജനവിധിയില്‍ പ്രതിഫലിക്കുന്നത്. 2002ല്‍ അധികാരത്തിലെത്തിയ ലുല ഡ സില്‍വ തുടക്കത്തില്‍ മുന്‍ സര്‍ക്കാര്‍ തുടര്‍ന്നു വന്ന നയങ്ങള്‍ തന്നെ പിന്തുടര്‍ന്നെങ്കിലും വര്‍ക്കേഴ്സ് പാര്‍ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയരുകയും സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇടതുപക്ഷ കക്ഷികള്‍ ശക്തമായ നിലപാട് എടുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നവലിബറല്‍ നയങ്ങളില്‍നിന്ന് അകന്നത്.

        2002ല്‍ ലുല അധികാരമേല്‍ക്കുമ്പോള്‍ 27 ശതമാനം ആളുകള്‍ ദാരിദ്യ്രരേഖയ്ക്ക് താഴെ ആയിരുന്നത് 2009 ആയപ്പോള്‍ 15 ശതമാനമായി കുറഞ്ഞു. ഇതുതന്നെ പ്രതിദിന വരുമാനം 2.50 ഡോളറില്‍ താഴെ ഉള്ളവരെ ദാരിദ്യ്രരേഖയ്ക്ക് താഴെയായി കണക്കാക്കുമ്പോഴത്തെ അവസ്ഥയാണ്. 2 കോടി ആളുകളെയാണ് കടുത്ത ദാരിദ്ര്യത്തില്‍നിന്നും കരകയറ്റിയത്. മൂന്ന് കോടി ആളുകളെ ഇടത്തരം വരുമാന പരിധിയിലേക്ക് ഉയര്‍ത്തി. ശരാശരി പ്രതിശീര്‍ഷ പ്രതിമാസ വരുമാനം 2002ല്‍ 507 റിയാല്‍ ആയിരുന്നത് 2009ല്‍ 630 റിയാലായി വര്‍ദ്ധിച്ചു. വരുമാനത്തിലെ അന്തരം ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. ഇന്ന് ബ്രസീല്‍ പൊതുവില്‍ ഇടത്തരം വരുമാനക്കാര്‍ ഏറെയുള്ള സമൂഹമായി ഉയര്‍ന്നു. തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി കുറഞ്ഞു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സാധാരണക്കാരുടെ വരുമാനം വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന രാജ്യമായി ബ്രസീല്‍ മാറി. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിലും കഴിഞ്ഞ 8 വര്‍ഷം ബ്രസീലിനെ സംബന്ധിച്ച് മുന്നേറ്റത്തിന്റെ വര്‍ഷങ്ങളായിരുന്നു. ബ്രസീലിന്റെ ചരിത്രത്തില്‍ സര്‍വകലാശാലാ ബിരുദമില്ലാത്ത ആദ്യത്തെ പ്രസിഡന്റാണ് ലുല. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബ്രസീലില്‍ ഏറ്റവും അധികം സര്‍വകലാശാലകളും ടെക്നിക്കല്‍ സ്കൂളുകളും കോളേജുകളും ആരംഭിച്ചത് എന്നാണ് 'ഇക്കണോമിസ്റ്റ്' വാരിക (2010 ഒക്ടോബര്‍ 2) റിപ്പോര്‍ട്ട് ചെയ്യുന്നത്. മിനിമം വേതനത്തിലും പെന്‍ഷനിലും വരുത്തിയ വലിയ വര്‍ദ്ധനവ് ലുലയുടെ ഭരണത്തെ തികച്ചും വേറിട്ടതാക്കുന്നു. കുട്ടികളെ സ്കൂളില്‍ അയപ്പിക്കുന്നതിനും പ്രതിരോധ കുത്തിവെയ്പുകള്‍ എടുപ്പിക്കുന്നതിനും വേണ്ടി ദരിദ്രരായ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ബോള്‍സ ഫാമിലിയ പദ്ധതിയുടെ നേട്ടം 120 ലക്ഷം കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്. സാധാരണക്കാരുടെ വരുമാനം ചെറുതായെങ്കിലും വര്‍ദ്ധിപ്പിക്കുന്ന ഇത്തരം പദ്ധതികള്‍ ആഭ്യന്തര ചോദനം വര്‍ദ്ധിപ്പിക്കുകയും അത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് 2008 കാലത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതത്തെ ബ്രസീല്‍ ചെറുത്തത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഊന്നല്‍ - നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയും പൊതുമേഖലയില്‍ പുതിയ 8 സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തത് - ബ്രസീലിലെ ലുല സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്. ബ്രസീലിലെ പൊതുമേഖലയിലുള്ള എണ്ണക്കമ്പനി - പെട്രോബ്രാസ് - ആഴക്കടല്‍ എണ്ണ ഖനനം നടത്താന്‍ മൂലധനം സ്വരൂപിക്കാന്‍ 2010 സെപ്തംബറില്‍ ഓഹരികള്‍ വിപണിയില്‍ ഇറക്കി. എങ്കിലും അതില്‍ 60 ശതമാനത്തിലേറെയും നാഷണല്‍ ഡെവലപ്മെന്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയത്. സ്വകാര്യമേഖലയ്ക്കുമേലും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നു.

        ഈ നയങ്ങളുടെ ഫലമായി ഗ്രാമീണ ദരിദ്രരും വന്‍നഗരങ്ങളിലെ തൊഴിലാളികളും ഇടത്തരക്കാരും ഇടതുപക്ഷത്തിനനുകൂലമായി മാറിയിരിക്കുന്നു. ഇതിന്റെ ഫലമായാണ് ഒക്ടോബര്‍ മൂന്നിന് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനടക്കം കഴിയത്തക്ക വിധം ഇടതുപക്ഷത്തിന് 60 ശതമാനത്തിലധികം സീറ്റ് കരസ്ഥമാക്കാനായത്. 513 അംഗ ജനപ്രതിനിധി സഭയില്‍ 2006ല്‍ ഇടതുപക്ഷത്തിന് 295 സീറ്റ് ഉണ്ടായിരുന്നത് ഇപ്പോള്‍ 311 ആയി (60.6%) വര്‍ദ്ധിച്ചു. 81 അംഗ സെനറ്റില്‍ 2006ല്‍ 41 സീറ്റായിരുന്നത് ഇപ്പോള്‍ 50 സീറ്റായി (62%) വര്‍ദ്ധിച്ചു. ആദ്യ വോട്ടെടുപ്പില്‍ തന്നെ 50 ശതമാനത്തിലേറെ വോട്ടു നേടി ദില്‍മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും മുമ്പ് ഇടതുപക്ഷ സഖ്യത്തില്‍ ഉണ്ടായിരുന്ന ഗ്രീന്‍ പാര്‍ടി പ്രതിനിധിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്ന മറീന സില്‍വയ്ക്ക് പ്രതീക്ഷിക്കപ്പെട്ടിരുന്നതിനേക്കാള്‍ അധികം (19 ശതമാനം) വോട്ട് ലഭിച്ചതാണ് ആദ്യ വോട്ടെടുപ്പില്‍ തന്നെ വിജയിക്കാന്‍ ദില്‍മയ്ക്ക് കഴിയാതിരുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ പരിസ്ഥിതി മൌലികവാദം പ്രസംഗിക്കുന്ന ഗ്രീന്‍ പാര്‍ടി പ്രത്യക്ഷത്തില്‍ നിഷ്പക്ഷ നാട്യമാണ് പ്രകടിപ്പിച്ചതെങ്കിലും പരോക്ഷമായി വലതുപക്ഷത്തിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷ തീവ്രവാദികളും പരിസ്ഥിതി മൌലികവാദികളും ആത്യന്തികമായി വലതുപക്ഷത്തിന്റെ ചട്ടുകങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ബ്രസീലിന്റെ ഈ അനുഭവം.

        13.6 കോടി വോട്ടര്‍മാരില്‍ 79 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അതില്‍ 56 ശതമാനമാണ് ദില്‍മയ്ക്ക് - ഇടതുപക്ഷത്തിന് - അനുകൂലമായി രേഖപ്പെടുത്തപ്പെട്ടത്. നവലിബറല്‍ നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനും എതിരെ കൂടുതല്‍ ശക്തമായ നിലപാടുകളുള്ള ദില്‍മ റൂസേഫിന്റെ വിജയം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റത്തിന് കരുത്തുപകരുന്നതാണ്. വെനസ്വേലയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ അംഗബലത്തില്‍ നേരിയ കുറവ് ഉണ്ടായപ്പോള്‍ ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷത്തിന്റെ അസ്തമയം പ്രവചിച്ചവര്‍ക്കുള്ള തിരിച്ചടിയുമാണ് ബ്രസീലിലെ ജനവിധി.

ജി വിജയകുമാര്‍  ചിന്ത വാരിക 191110

1 comment:

  1. പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ തന്നെ ബ്രസീലില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ദില്‍മ വാന റൂസേഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടുതവണ പ്രസിഡന്റായിരുന്ന തന്റെ മുന്‍ഗാമി ലുല ഡ സില്‍വയെപ്പോലെ തന്നെ ദില്‍മ റൂസേഫും രണ്ടാംവട്ട വോട്ടെടുപ്പിലാണ് നിര്‍ണായകമായ വിജയം കൈവരിച്ചത്. ഒക്ടോബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ഒക്ടോബര്‍ 31ന് ഏറ്റവും അധികം വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരം നടന്നത്. ഇതില്‍ വര്‍ക്കേഴ്സ് പാര്‍ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ദില്‍മ റൂസേഫിന് 56 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബ്രസീലിയന്‍ സോഷ്യല്‍ ഡെമോക്രസി പാര്‍ടി സ്ഥാനാര്‍ത്ഥി ജോസ് സെറയ്ക്ക് 44 ശതമാനം വോട്ടും ലഭിച്ചു. ബ്രസീലില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് ദില്‍മ റൂസേഫ്.

    ReplyDelete