Friday, August 12, 2011

ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശ നാട്യവും ചില വിചിത്രരംഗങ്ങളും

പാമോലിന്‍ കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് വന്നതിനുശേഷം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഒന്നാംതരം നാടകമാണ് അരങ്ങേറിയത്. അല്ല, ഒരു ചലച്ചിത്ര നിര്‍മാണത്തിന്റെ വേദി തന്നെയായിരുന്നൂ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റിന്റെ അകത്തളവും. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നൂവെന്ന് ഇന്നേവരെ തിരനാടകം കണ്ടിട്ടില്ലാത്തവര്‍ക്കുപോലും മനസിലാകുന്ന വിധത്തിലായിരുന്നൂ സംഭവഗതികള്‍ പുരോഗമിച്ചത്.

അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ അഴിമതിക്കേസില്‍പ്പെടുന്ന വിചിത്ര സംഭവത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. തന്റെ ഓഫീസുപോലും സുതാര്യവല്‍കരണത്തിന്റെ പേരില്‍ ഏവര്‍ക്കും പ്രദര്‍ശിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച്, ഒന്നോ രണ്ടോ മുറികള്‍ ക്യാമറകളിലൂടെ മാലോകര്‍ക്ക് പ്രത്യക്ഷപ്പെടുത്തിയ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ തന്നെയായിരുന്നൂ വിജിലന്‍സ് കോടതി ഉത്തരവു വന്നപ്പോള്‍ രമേശ് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കെ എം മാണിയുടെയും ഉമ്മന്‍ചാണ്ടിയുമായുള്ള രഹസ്യ ചര്‍ച്ചകള്‍. ആര്‍ക്കും കാണാവുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ആ സമയം ഒഴിഞ്ഞു കിടക്കുകയായിരുന്നൂ കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍. പക്ഷേ ചര്‍ച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയായിരുന്നുതാനും. മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ മാധ്യമങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും രമേശ് ചെന്നിത്തലയും പാഞ്ഞ് എത്തിച്ചേരുന്നത് സംപ്രേഷണം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുതാര്യത ഇത്തരുണത്തില്‍ ഏത് വിധത്തിലാണെന്ന് മാലോകര്‍ക്കാകെ ബോധ്യപ്പെട്ടു.

അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത ഉമ്മന്‍ചാണ്ടിക്ക് ചുറ്റുമിരിക്കുന്നത് എത്രയോ അഴിമതി ആക്ഷേപങ്ങള്‍ക്ക് വിധേയമായവരും വിജിലന്‍സ് അന്വേഷണം നേരിടുന്നവരുമാണ്. അടൂര്‍പ്രകാശ്, എം കെ മുനീര്‍, ടി എം ജേക്കബ് എന്നിങ്ങനെ നിയമവ്യവഹാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പി കെ കുഞ്ഞാലിക്കുട്ടിയെ പോലെ ആരോപണവിധേയരായവരും പി ജെ ജോസഫിനെപോലെ അന്വേഷണവിധേയമായവരും. ചുറ്റിലുമിരിക്കുന്ന സംഘത്തെ മുന്‍നിര്‍ത്തി അഴിമതിരഹിതഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രിതന്നെ അന്വേഷണവിധേയനാവണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുമ്പ് പാമോലിന്‍ കുംഭകോണത്തില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരാണ് വിധിയെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലുമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് ഗീര്‍വാണം മുഴക്കിയിരുന്ന ഉമ്മന്‍ചാണ്ടി, ഇപ്പോഴത്തെ വിജിലന്‍സ് കോടതി ഉത്തരവിനെ നോക്കി കൊഞ്ഞണം കുത്തുകയാണ്. ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ കാരണം കാണുന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നഘട്ടത്തില്‍ വിജിലന്‍സ് അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടിലെ അസാംഗത്യവും പൊരുത്തമില്ലായ്മയും വിജിലന്‍സ് കോടതി തിരിച്ചറിയുകയും വീണ്ടും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും ഉണ്ടായിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ലെന്നുമാണ് കോടതിയുടെ നിഗമനം. അതുകൊണ്ടുതന്നെ പാമോലിന്‍ ഇടപാടു നടന്ന കാലത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് വീണ്ടും അന്വേഷിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. 'അഴിമതി രഹിത ഭരണ'ത്തിന് നേതൃത്വം നല്‍കുമെന്ന് അഴിമതിക്കാരെ ഒപ്പമിരുത്തി പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിക്ക് തെല്ലെങ്കിലും തന്റെ വാക്കില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ വിധി പ്രസ്താവം വന്നയുടന്‍ രാജിവച്ചൊഴിഞ്ഞ് തന്റെ പ്രസ്താവനയിലെ ആത്മാര്‍ഥത തെളിയിക്കേണ്ടതാണ്. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഒന്നരമാസക്കാലം പാമോലിന്‍ ഇറക്കുമതി സംബന്ധമായ ഫയല്‍ ഉണ്ടായിരുന്നുവെന്നും പതിനഞ്ചു ശതമാനം സര്‍വീസ് നികുതി ഏര്‍പ്പെടുത്തുന്നകാര്യം ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. പാമോലിന്‍ കുംഭകോണത്തിലെ രണ്ടാം പ്രതിയും അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ നിര്യാണത്തോടെ ഒന്നാം പ്രതിയുമായി തീര്‍ന്ന കോണ്‍ഗ്‌സ് നേതാവും അക്കാലത്തെ ഭക്ഷ്യ മന്ത്രിയുമായ ടി എച്ച് മുസ്തഫ നല്‍കിയ വീടുതല്‍ ഹര്‍ജി പരിഗണിക്കവേയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടതെന്ന് വിസ്മരിച്ചുകൂട. അന്നത്തെ ധനസെക്രട്ടറി സഖറിയാ മാത്യുവും മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥനായ ജിജി തോംസണും വിടുതല്‍ ഹര്‍ജിയില്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാല്‍, അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍സമയം രാജിവച്ചൊഴിയണം. അതാണ് സാമാന്യമര്യാദയും രാഷ്ട്രീയ ധാര്‍മികതയും. തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം നടത്തിയത് വാചാടോപം അല്ലെന്ന് തെളിയിക്കുവാനും അത് അത്യന്താപേക്ഷിതമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി നാടകം അരങ്ങേറ്റുകയാണ് ചെയ്തത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഘടകകക്ഷി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയെയും കെ എം മാണിയെയും സ്വന്തം ചേംബറില്‍ വിളിച്ചുവരുത്തി സുതാര്യമായ തന്റെ ഓഫീസില്‍ ആരും കാണാതെ ചര്‍ച്ച നടത്തിയശേഷം പുറത്തിറക്കി താന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് അവരെക്കൊണ്ട് പറയിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.

മനോരമപോലെ ഉമ്മന്‍ചാണ്ടിയുടെ ഉറ്റ മാധ്യമങ്ങളില്‍ 'മുഖ്യമന്ത്രി രാജിക്കൊരുങ്ങി, പക്ഷേ പാര്‍ട്ടിയും ഘടകകക്ഷികളും അനുവദിച്ചില്ല' എന്ന കഥകളും ഉപകഥകളും അവതരിപ്പിക്കുകയും ചെയ്തു അദ്ദേഹം. പറഞ്ഞ വാക്കിന് തൃണവില എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും നയം എന്ന് വ്യക്തമാക്കുന്നതാണ് ഈ അനുഭവം. സ്വന്തം പാര്‍ട്ടി നേതാവു തന്നെ നല്‍കിയ വിടുതല്‍ ഹര്‍ജിയുടെ പേരില്‍ അന്വേഷണ വിധേയനായിരിക്കുന്ന ഒരാള്‍ തെല്ലെങ്കിലും ആദര്‍ശം തുന്നിക്കീറിയ ഖദറിനുള്ളിലെ ശരീരത്തില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചൊഴിയേണ്ടതാണ്. പകരം തിരനാടകം ആവിഷ്‌കരിച്ചും പ്രസ്താവനകള്‍ നടത്തിച്ചും അധികാരത്തില്‍ കടിച്ചുതൂങ്ങുമ്പോള്‍ മലീമസമാകുന്നത് ജനാധിപത്യത്തിലെ നന്മയും വിശുദ്ധിയുമാണെന്നത് തീര്‍ച്ച. അഴിഞ്ഞുവീഴുന്നത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശ പൊയ്മുഖവും.

വിജിലന്‍സ് വകുപ്പ് തനിക്ക് ഏറ്റവും വിശ്വസ്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി മേനി നടിക്കുവാനുള്ള ഉമ്മന്‍ചാണ്ടിയുടെ പാഴ്‌വേല തിരിച്ചറിയുവാനുള്ള വിവേകം കേരളീയ ജനതയ്ക്കുണ്ടെന്നത് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുകാരും മറന്നൂകൂട.

വി പി ഉണ്ണികൃഷ്ണന്‍ janayugom 110811

1 comment:

  1. പാമോലിന്‍ കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് വന്നതിനുശേഷം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഒന്നാംതരം നാടകമാണ് അരങ്ങേറിയത്. അല്ല, ഒരു ചലച്ചിത്ര നിര്‍മാണത്തിന്റെ വേദി തന്നെയായിരുന്നൂ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റിന്റെ അകത്തളവും. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നൂവെന്ന് ഇന്നേവരെ തിരനാടകം കണ്ടിട്ടില്ലാത്തവര്‍ക്കുപോലും മനസിലാകുന്ന വിധത്തിലായിരുന്നൂ സംഭവഗതികള്‍ പുരോഗമിച്ചത്.

    ReplyDelete