Friday, August 12, 2011

ഉമ്മന്‍ചാണ്ടി രാജിവച്ചേ തീരൂ

പാമൊലിന്‍ കേസില്‍ പ്രത്യേക കോടതി ഉത്തരവിനെത്തുടര്‍ന്ന് വിജിലന്‍സ് വകുപ്പില്‍നിന്ന് ഒഴിവായത് ജനാധിപത്യത്തിന്റെയും ധാര്‍മികതയുടെയും മൂല്യം ഉയര്‍ത്തിപ്പിടിക്കലാണെന്നു പ്രചരിപ്പിച്ച് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കോടതി ഉത്തരവ് വന്ന സന്ദര്‍ഭത്തില്‍ മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ഞാന്‍ നടത്തിയ ചില പ്രതികരണങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും അവരുടെ സ്തുതിപാഠകരായ ചില മാധ്യമങ്ങളും ബോധപൂര്‍വം ശ്രമിക്കുകയാണ്. വിജിലന്‍സ് കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡയറക്ടറെ നീക്കുക. തുടരന്വേഷണത്തിന്റെ മേല്‍നോട്ടം കോടതി നേരിട്ട് വഹിക്കുക, മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുന്നതിനാല്‍ അന്വേഷണം പ്രഹസനമാകും, മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ടാണോ അന്വേഷണത്തെ നേരിടാന്‍ പോകുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം എന്നീ കാര്യങ്ങളാണ് കോടതി വിധി വന്ന ഉടന്‍ ഞാന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചതിനുശേഷം തുടര്‍ന്നുള്ള അഭിപ്രായങ്ങളും നിലപാടും അറിയിക്കുമെന്നും പറഞ്ഞു. എന്നാല്‍ , മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം പുറത്തുവന്ന ഉടന്‍ വിജിലന്‍സ് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയായി തുടരുന്നതെന്നും രാജിവയ്ക്കാതെ നടത്തുന്ന അന്വേഷണം പ്രഹസനമായിരിക്കുമെന്നും ഞാന്‍ വ്യക്തമാക്കി. അന്ന് വൈകിട്ട് നടന്ന ടെലിവിഷന്‍ ചര്‍ച്ചയിലും ആഗസ്ത് ഒമ്പതിന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും ഇത് വ്യക്തമാക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളും ആഗസ്ത് എട്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രിക്കുവേണ്ടി പ്രചാരണം നടത്തുന്നത്. വിജിലന്‍സ് വകുപ്പില്‍നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി വര്‍ധിച്ചെന്നതാണ് യാഥാര്‍ഥ്യം. പൊതുഭരണവകുപ്പും ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയാണ് കൈകാര്യംചെയ്യുന്നത്. ഐപിഎസുകാരനായ വിജിലന്‍സ് ഡയറക്ടറും ഐഎഎസുകാരനായ വിജിലന്‍സ് വകുപ്പ് സെക്രട്ടറിയും പൊതുഭരണവകുപ്പിനു കീഴിലാണ്. വിജിലന്‍സ് വകുപ്പിലെ അന്വേഷണ ഉദ്യോഗസ്ഥരും പൊലീസ് വകുപ്പിലുള്ളവരാണ്. ഈ രണ്ടുവകുപ്പും കൈയില്‍വച്ചാല്‍ ഉമ്മന്‍ചാണ്ടി ഉദ്ദേശിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ എസ്പി, ഐപിഎസ് സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടു പ്രതിനിധികളും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണ് ഈ സെലക്ഷന്‍ കമ്മിറ്റി. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മുഖ്യമന്ത്രിക്ക് സെലക്ഷന്‍ കമ്മിറ്റിയെ ഉപയോഗിച്ച് ഈ എസ്പിയെ ഐപിഎസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഈ മോഹം മനസ്സില്‍വച്ചാണ് വിജിലന്‍സ് എസ്പി, യുഡിഎഫിന് അനുകൂലമായി തെരഞ്ഞെടുപ്പു ഫലം വന്ന മെയ് 13ന് വൈകിട്ടുതന്നെ കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രീതി പിടിച്ചുപറ്റാനാണ് വിജിലന്‍സ് ഡയറക്ടര്‍സ്ഥാനം ആഗ്രഹിച്ച അഡീഷണല്‍ എഡിജിപി ഇത്തരമൊരു റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി അന്നുതന്നെ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം കൊടുത്തത്.

കേസില്‍ രണ്ടുമുതല്‍ അഞ്ചുവരെ പ്രതികള്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് പാമൊലിന്‍ കേസ് വഴിത്തിരിവിലെത്തിയത്. ഹര്‍ജി നല്‍കിയ രണ്ടാംപ്രതി ടി എച്ച് മുസ്തഫ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയിലെ പ്രധാനിയാണെന്ന കാര്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പാമൊലിന്‍ ഇടപാടില്‍ തന്നെപ്പോലെ ഉത്തരവാദിത്തമുള്ള ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ട് തന്നെയും ഒഴിവാക്കണമെന്ന ആവശ്യമാണ് മുസ്തഫ ഉന്നയിച്ചത്. ഇതേതുടര്‍ന്നാണ് തുടരന്വേഷണത്തിനുള്ള ഹര്‍ജി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിക്ക് സമര്‍പ്പിച്ചത്. ഈ ഹര്‍ജിയെ പിന്തുണച്ചുകൊണ്ട് വിജിലന്‍സ് എസ്പി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ പാമൊലിന്‍ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയുടെ പങ്കിനെ സംബന്ധിച്ച് പുതിയ ചില കാര്യങ്ങള്‍ വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. 2005 ജനുവരി 20ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പാമൊലിന്‍ കേസ് പിന്‍വലിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിലെ "പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച എല്ലാ വിവരവും തനിക്കറിയാമെന്ന പ്രസ്താവന" ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടത്. ഇവ പരിശോധിച്ചുകൊണ്ടാണ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2011 മാര്‍ച്ച് അഞ്ചിന് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത വിജിലന്‍സ് എസ്പി 2011 മെയ് 13 ആയപ്പോള്‍ ആദ്യം ലഭിച്ചെന്നു പറയുന്ന തെളിവുകളെല്ലാം മൂടിവയ്ക്കാനുള്ള കാരണമെന്തെന്നാണ് കോടതി ഉന്നയിച്ച പ്രധാനചോദ്യം. 1991ല്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത് സര്‍ക്കാര്‍നയമാണെന്നും സ്റ്റോര്‍ പര്‍ച്ചേസ് നിയമം ലംഘിക്കപ്പെട്ടിട്ടില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചില്ല. മാത്രമല്ല നയപരമായ കാര്യങ്ങള്‍ക്ക് സര്‍ക്കാരിന് കോടതിയോട് ബാധ്യതയില്ലെങ്കിലും നയപരമായ തീരുമാനത്തിലെ തെറ്റായതും ക്രമക്കേടുള്ളതുമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പങ്കുവഹിച്ച വ്യക്തികള്‍ക്ക് കോടതിയോട് മറുപടി പറയാന്‍ ബാധ്യതയുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാണിച്ചു.

1991 നവംബര്‍ 27ന് പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള നിര്‍ദേശം മന്ത്രിസഭയില്‍ അജന്‍ഡയ്ക്കു പുറത്ത് ചര്‍ച്ചചെയ്യണമെന്ന് കുറിപ്പ് നല്‍കിയ അന്നത്തെ ഭക്ഷ്യമന്ത്രിക്കും ധനമന്ത്രിക്കും ഈ കാര്യത്തിലുള്ള ഉത്തരവാദിത്തത്തെയാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതില്‍ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതിയാകുമ്പോള്‍ അതേ ബാധ്യതയുള്ള ഉമ്മന്‍ചാണ്ടി എങ്ങനെ പ്രതിയല്ലാതാകും? 15 ശതമാനം സര്‍വീസ് ചാര്‍ജ് കൊടുക്കാന്‍ എടുത്ത തീരുമാനവും പാമൊലിന്‍ ഇറക്കുമതിക്ക് അംഗീകാരം ചോദിച്ചുകൊണ്ടുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പിട്ട കാര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും കോടതി പ്രത്യേകം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ധനവകുപ്പിന് ഇതില്‍ പങ്കില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത വിജിലന്‍സിനോട് ധനമന്ത്രിക്കുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ധനമന്ത്രിക്ക് പാമൊലിന്‍ ഇടപാടിലുള്ള പങ്ക് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടെന്നാണ് ഇത് വ്യക്തമാകുന്നത്.

ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണ് കേരളത്തില്‍ വലിയ ആഘോഷമല്ലാത്ത ദസറയുടെയും ദീപാവലിയുടെയും പേര് പറഞ്ഞ് 15,000 മെട്രിക്ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തത്. ധനവകുപ്പില്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ 1992 ജനുവരി 10 മുതല്‍ 1992 ഫിബ്രുവരി 22 വരെ ഉണ്ടായിരുന്നു എന്ന കാര്യം ധനവകുപ്പ് സെക്രട്ടറിയുടെ മൊഴി ഉദ്ധരിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നു. പാമൊലിന്‍ ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഈ ഫയല്‍ ഇത്രയും ദിവസം വകുപ്പിനു കീഴില്‍ ഉണ്ടായിട്ടും അതില്‍ ഒരു നടപടിയും സ്വീകരിക്കാത്ത ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഇറക്കുമതിക്ക് കൂട്ടുനിന്നു. മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തുവരുന്നതിനുമുമ്പുതന്നെ ഇറക്കുമതി കരാറില്‍ ഒപ്പുവച്ചു. അതിനുള്ള സൗകര്യം അന്ന് ഉമ്മന്‍ചാണ്ടി ചെയ്തുകൊടുത്തില്ലെങ്കില്‍ സാമ്പത്തികബാധ്യത വരുന്ന തീരുമാനം ഭക്ഷ്യവകുപ്പിന് എടുക്കാനാകുമായിരുന്നില്ല. ക്യാബിനറ്റിനു മുന്നില്‍ പുറത്തുനിന്നുള്ള അജന്‍ഡയായി തീരുമാനമെടുക്കണമെന്ന ടി എച്ച് മുസ്തഫയുടെ നോട്ടിനോട് ഉമ്മന്‍ചാണ്ടിക്ക് എന്തെങ്കിലും വിയോജിപ്പുണ്ടായിരുന്നെങ്കില്‍ അത് ക്യാബിനറ്റ് നോട്ടില്‍ കുറിക്കാമായിരുന്നു. അതല്ലെങ്കില്‍ ധനവകുപ്പിന് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കാമായിരുന്നു. അങ്ങനെയൊന്നും ചെയ്യാതെ ധനവകുപ്പിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും മന്ത്രിതന്നെ ഏറ്റെടുത്തു. ക്യാബിനറ്റ് തീരുമാനമെടുക്കാന്‍ കൂട്ടുനിന്നു. ഈ ഒരു പശ്ചാത്തലത്തില്‍ വേണം ഇപ്പോഴത്തെ സംഭവങ്ങളെ കാണാന്‍ .

എല്ലാവകുപ്പിലും ഇടപെടാന്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കും. ഫലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം ഉമ്മന്‍ചാണ്ടിതന്നെ നടത്തുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാതെ നടത്തുന്ന അന്വേഷണം നിഷ്പക്ഷമാകില്ലെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞുകൊണ്ട് ആഗസ്ത് 10ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ അനുകൂലമായ വിധി വരുമ്പോള്‍ ജഡ്ജിമാര്‍ നല്ലവരും പ്രതികൂലമായ വിധി വരുമ്പോള്‍ മോശക്കാരുമാണെന്ന നിലപാട് തനിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വന്ന വിധി തനിക്ക് എതിരാണെന്ന് മുഖ്യമന്ത്രിതന്നെ അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ നൂറുദിന പരിപാടി അവതരിപ്പിക്കുമ്പോള്‍ അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു.

വിജിലന്‍സ് കോടതി അഴിമതി ചൂണ്ടിക്കാണിച്ചിട്ടും അത് മുഖവിലയ്ക്കെടുക്കാത്ത ഉമ്മന്‍ചാണ്ടി തന്റെ അനുയായികളെ ഇറക്കിവിട്ട് കോടതിക്കെതിരെ പ്രചാരണം നടത്തുന്നത് വിരോധാഭാസമല്ലേ? കോടതിയുടെ പരാമര്‍ശം വന്ന സന്ദര്‍ഭങ്ങളില്‍ മന്ത്രിമാര്‍ രാജിവച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. രാജന്‍ കേസില്‍ കെ കരുണാകരനെതിരായ പരാമര്‍ശം വന്നപ്പോള്‍ അദ്ദേഹം ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയുകയല്ല ചെയ്തത്, മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ്. 2005ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന വനംമന്ത്രി കെ പി വിശ്വനാഥനെതിരെ കോടതി പരാമര്‍ശം വന്ന ദിവസംതന്നെ അദ്ദേഹം നിയമസഭയില്‍ രാജി പ്രഖ്യാപിച്ചു. പഞ്ചസാര ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന എ കെ ആന്റണി രാജിവച്ചു. കെ കരുണാകരനില്‍നിന്നും എ കെ ആന്റണിയില്‍നിന്നും വ്യത്യസ്തനായ മുഖ്യമന്ത്രിയാണ് താനെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിട്ടാല്‍ പ്രതിയായി വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി രാജിവയ്ക്കാതെ കടിച്ചുതൂങ്ങുന്നത്. വിചാരണ നേരിടാന്‍ തന്റേടമുണ്ടെങ്കില്‍ , ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ എന്തിനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത്?

കോടിയേരി ബാലകൃഷ്ണന്‍ deshabhimani 120811

1 comment:

  1. പാമൊലിന്‍ കേസില്‍ പ്രത്യേക കോടതി ഉത്തരവിനെത്തുടര്‍ന്ന് വിജിലന്‍സ് വകുപ്പില്‍നിന്ന് ഒഴിവായത് ജനാധിപത്യത്തിന്റെയും ധാര്‍മികതയുടെയും മൂല്യം ഉയര്‍ത്തിപ്പിടിക്കലാണെന്നു പ്രചരിപ്പിച്ച് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കോടതി ഉത്തരവ് വന്ന സന്ദര്‍ഭത്തില്‍ മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ഞാന്‍ നടത്തിയ ചില പ്രതികരണങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും അവരുടെ സ്തുതിപാഠകരായ ചില മാധ്യമങ്ങളും ബോധപൂര്‍വം ശ്രമിക്കുകയാണ്. വിജിലന്‍സ് കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡയറക്ടറെ നീക്കുക. തുടരന്വേഷണത്തിന്റെ മേല്‍നോട്ടം കോടതി നേരിട്ട് വഹിക്കുക, മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുന്നതിനാല്‍ അന്വേഷണം പ്രഹസനമാകും, മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ടാണോ അന്വേഷണത്തെ നേരിടാന്‍ പോകുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം എന്നീ കാര്യങ്ങളാണ് കോടതി വിധി വന്ന ഉടന്‍ ഞാന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചതിനുശേഷം തുടര്‍ന്നുള്ള അഭിപ്രായങ്ങളും നിലപാടും അറിയിക്കുമെന്നും പറഞ്ഞു.

    ReplyDelete