Friday, August 12, 2011

ചെങ്കോട്ട ആക്രമണ കേസില്‍ അഷ്ഫഖിന്റെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: ചെങ്കോട്ട ആക്രമണ കേസിലെ പ്രതി ലഷ്‌കറെ ത്വയിബ തീവ്രവാദി മുഹമ്മദ് ആരിഫെന്ന അഷ്ഫഖിന്റെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ വി എസ് സിര്‍പുകര്‍, ടി എസ് താക്കൂര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വധശിക്ഷ ചോദ്യം ചെയ്ത് അഷ്ഫഖ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ട 2000 ഡിസംബര്‍ 22ന് നടന്ന ചെങ്കോട്ട ആക്രമണത്തില്‍ ഡല്‍ഹി ഹൈക്കോടതിയാണ് അഷ്ഫഖിന് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. അപ്പീലില്‍ വിധിപറയുന്നത് 2011 ഏപ്രില്‍ 20നാണ്് സുപ്രിം കോടതി മാറ്റിവച്ചത്. 2007 സെപ്റ്റംബര്‍ 13നാണ് ഹൈക്കോടതി വിധിക്കെതിരെ അഷ്ഫഖ് സുപ്രിംകോടതിയ സമീപിച്ചത്.

ഇത് ചെങ്കോട്ടയ്ക്കുനേരെയൊ മറ്റേതെങ്കിലും കേന്ദ്രത്തിനു നേരെയോ നടന്നൊരു ആക്രമണമല്ലെന്ന് സുപ്രിം കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. മഹത്തായ ഈ രാജ്യത്തിന്റെ പരമാധികാരത്തെ വിദേശികള്‍ അപമാനിക്കുന്ന സംഭവമാണിത്. അതുകൊണ്ടുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കാനാകുമെന്നും കേസ് പരിഗണിച്ച ബഞ്ച് നിരീക്ഷിച്ചു. സാമ്പത്തികമായ നേട്ടത്തിനുവേണ്ടി പരാതിക്കാരനും കൂട്ടുപ്രതിയായ അബു ഷമല്‍ ഉള്‍പ്പെടെ കൊല്ലപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്ത ചിലര്‍ നടത്തുന്ന അപ്രഖ്യാപിത യുദ്ധമാണ് നടത്തുന്നതെന്ന് ജസ്റ്റിസ് സിര്‍പുര്‍കര്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഷ്ഫഖ് പാകിസ്ഥാന്‍കാരനാണെന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന പ്രതിഭാഗം അഭിഭാഷകന്‍ കാമിനി ജിസ്വാളിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. വളരെ ശ്രദ്ധയോടെയും വ്യക്തമായും ശാസ്ത്രീയമായുമാണ് അന്വേഷണ ഏജന്‍സി ഈ കേസ് കൈകാര്യം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് വാദം തള്ളിയത്. ഗൂഢാലോചന നടത്തി ഇന്ത്യയുടെ പ്രതീകമായ ചെങ്കോട്ടയിലുള്ള സൈനിക പോസ്റ്റിനുനേരെ പ്രകോപനമൊന്നുമില്ലാതെ ഉണ്ടായ ആക്രമണം ഇന്ത്യയ്‌ക്കെതിരെ ഉണ്ടായ നിസാര ആക്രമണമായി കാണാനാവില്ലെന്നും ഇക്കാര്യത്തില്‍ അനുരഞ്ജനത്തിന്റെ പ്രശ്‌നമുദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വധശിക്ഷ നല്‍കാനുള്ള വിചാരണകോടതിയുടെ വിധിക്കെതിരെ അഷ്ഫഖ് സമര്‍പ്പിച്ച അപ്പീല്‍ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പ്രതികളായ ആറുപേര്‍ക്കെതിരായ കണ്ടെത്തലുകള്‍ കോടതി ശരിവച്ചു.

കേസില്‍ പ്രതികളായ ശ്രീനഗറിലുള്ള നാസര്‍സ അഹമ്മദ്, മകന്‍ ഫറൂഖ് അഹമ്മദ് ഖ്വാസിദ് എന്നിവര്‍ക്ക് ജീവപര്യന്തം തടവിനും പാകിസ്ഥാന്‍കാരനായ അഷ്ഫഖിന്റെ ഇന്ത്യക്കാരിയായ ഭാര്യ റഹ്മാന യൂസഫ് ഫറൂഖിക്ക് ഏഴ് വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. മുഹമ്മദ് അഷ്ഫഖിന് യാത്രാസൗകര്യം ഒരുക്കിയെന്ന ആരോപണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അഷ്ഫഖിന് താമസൗകര്യവും വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖ ലഭിക്കുന്നതിനും സഹായം ചെയ്‌തെന്ന കേസില്‍ മറ്റു പ്രതികളായ ബാബര്‍ മുഹസിന്‍ ബഗ്‌വാല, സദാകത് അലി, മത്‌ലൂബ് അലം എന്നിവര്‍ക്ക് ഏഴ് വര്‍ഷം വീതം കഠിനതടവും ഹൈക്കോടതി വിധിച്ചിരുന്നു.

janayugom news

1 comment:

  1. ചെങ്കോട്ട ആക്രമണ കേസിലെ പ്രതി ലഷ്‌കറെ ത്വയിബ തീവ്രവാദി മുഹമ്മദ് ആരിഫെന്ന അഷ്ഫഖിന്റെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ വി എസ് സിര്‍പുകര്‍, ടി എസ് താക്കൂര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വധശിക്ഷ ചോദ്യം ചെയ്ത് അഷ്ഫഖ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ട 2000 ഡിസംബര്‍ 22ന് നടന്ന ചെങ്കോട്ട ആക്രമണത്തില്‍ ഡല്‍ഹി ഹൈക്കോടതിയാണ് അഷ്ഫഖിന് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. അപ്പീലില്‍ വിധിപറയുന്നത് 2011 ഏപ്രില്‍ 20നാണ്് സുപ്രിം കോടതി മാറ്റിവച്ചത്. 2007 സെപ്റ്റംബര്‍ 13നാണ് ഹൈക്കോടതി വിധിക്കെതിരെ അഷ്ഫഖ് സുപ്രിംകോടതിയ സമീപിച്ചത്.

    ReplyDelete