Thursday, August 11, 2011

വിദ്യാഭ്യാസ വായ്പയിലെ വാര്‍ഡ്‌വിഭജനം: സ്വകാര്യ-പുതുതലമുറ ബാങ്കുകള്‍ അമിത പലിശ ഈടാക്കുന്നു

കൊച്ചി:  വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തം വാര്‍ഡ്തലത്തില്‍ വിഭജിച്ചുനല്‍കിയപ്പോള്‍ പുതുതലമുറ ബാങ്കുകളെ ആശ്രയിക്കേണ്ടിവരുന്നവര്‍ അമിത പലിശ നല്‍കേണ്ടിവരുന്നുവെന്ന് ആക്ഷേപമുയരുന്നു. വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനുള്ള ചുമതല സ്വകാര്യ-പുതുമലമുറ-ദേശസാല്‍കൃത ബാങ്കുകള്‍ക്ക് വാര്‍ഡ്തലത്തില്‍ വിഭജിച്ച് നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് തീരുമാനമെടുത്തത്. ഇതുപ്രകാരം പുതുതലമുറ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നതിനായി എത്തുന്നവരില്‍നിന്ന് 14.05 ശതമാനം പലിശയാണ് ഈടാക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളില്‍ 12.75 ശതമാനമാണ് വിദ്യാഭ്യാസ വായ്പ പലിശ. 9.5 ശതമാനത്തില്‍നിന്നാരംഭിച്ച പലിശനിരക്ക് അടുത്തിടെയാണ് ഇത്തരത്തിലേക്ക് ഉയര്‍ന്നത്. എന്നാല്‍ പുതുതലമുറ ബാങ്കുകളില്‍ സേവന ചാര്‍ജ് അടക്കമുള്ള ഒളിഞ്ഞിരിക്കുന്ന തുകകള്‍കൂടി ഈടാക്കുന്നതോടെ വായ്പകള്‍ എന്നടച്ചുതീര്‍ക്കാനാകുമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു.

പുതിയ തീരുമാനപ്രകാരം അപേക്ഷകര്‍ക്ക് തങ്ങള്‍ താമസിക്കുന്ന വാര്‍ഡിനായി ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്ക്ശാഖയില്‍നിന്നുമാത്രമേ വിദ്യാഭ്യാസ വായ്പ എടുക്കാന്‍ കഴിയുകയുള്ളൂ. സംസ്ഥാനത്തെ 19,000 പഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളിലായി 4573 ബാങ്ക്ശാഖകള്‍ക്കാണ് വിദ്യാഭ്യാസ വായ്പ നല്‍കാനുള്ള ചുമതല നല്‍കിയിട്ടുള്ളത്.

വിദ്യാഭ്യാസ വായ്പകള്‍ക്ക് കാര്‍ഷികവായ്പയുടേതുപോലുള്ള മുന്‍ഗണനയും സബ്‌സിഡിയും നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നിരന്തരം നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനിടയിലാണ് പുതിയ നിബന്ധനകള്‍ കടന്നുവന്നത്. ഇപ്പോള്‍ നാലരലക്ഷം രൂപയില്‍താഴെ വരുമാനമുള്ളവരുടെ മക്കള്‍ക്ക് പലിശ സബ്‌സിഡിക്ക് അര്‍ഹതയുണ്ടെങ്കിലും പുതുതലമുറ ബാങ്കുകളും സ്വകാര്യബാങ്കുകളും ഇത്തരത്തിലുള്ള അപേക്ഷകരെ ഏതുതരത്തില്‍ കൈകാര്യംചെയ്യുമെന്ന കാര്യത്തിലും ആശങ്കയുണര്‍ന്നിട്ടുണ്ട്.

വിദ്യാഭ്യാസ വായ്പയ്ക്കുനേരെ മുഖംതിരിച്ചുനില്‍ക്കുന്ന പുതുതലമുറ ബാങ്കുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് പുതിയ നീക്കം നടത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വിദ്യാഭ്യാസ വായ്പ നല്‍കിയിട്ടേയില്ല. 92 ശാഖകളുള്ള ഐസിഐസിഐ ബാങ്ക് അഞ്ച് വായ്പകളിലൂടെ ഒന്‍പതുലക്ഷം രൂപ വിദ്യാര്‍ഥികള്‍ക്കായി നീക്കിവെച്ചു.

നഴ്‌സിംഗ് അടക്കമുള്ള കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കിയതിനുശേഷം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഒരുവര്‍ഷം കഴിഞ്ഞ് തിരിച്ചടവ് നല്‍കണമെന്ന നിബന്ധനയാണ് ഇപ്പോള്‍ ബാങ്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്. കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ആറുമാസത്തിനുള്ളില്‍ പണം തിരിച്ചടവ് തുടങ്ങാനുള്ള സാമ്പത്തികശേഷിയുണ്ടാവാറില്ലെന്ന വസ്തുത  കണക്കിലെടുത്ത് തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ തയ്യാറാകുന്നുണ്ട്. ഇതേസമയം ഫോണ്‍ അനുവദിച്ച തീയതിമുതലുള്ള പലിശ ചില സ്വകാര്യബാങ്കുകള്‍ ഈടാക്കുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

വിദ്യാഭ്യാസവായ്പയുടെ രണ്ടാംഘട്ടം അനുവദിക്കണമെങ്കില്‍ വകുപ്പ് അനുവദിച്ചുനല്‍കിയ അന്നുമുതലുള്ള പലിശ നല്‍കണമെന്ന നിബന്ധന മനസില്ലാമനസോടെയാണെങ്കിലും പല രക്ഷിതാക്കളും അംഗീകരിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ പുത്തന്‍തലമുറ ബാങ്കുകളില്‍നിന്ന് വായ്പയെടുത്താല്‍ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുക്കളോര്‍ത്ത് രക്ഷിതാക്കള്‍ അങ്കലാപ്പിലാണ്.

janayugom 110811

1 comment:

  1. വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തം വാര്‍ഡ്തലത്തില്‍ വിഭജിച്ചുനല്‍കിയപ്പോള്‍ പുതുതലമുറ ബാങ്കുകളെ ആശ്രയിക്കേണ്ടിവരുന്നവര്‍ അമിത പലിശ നല്‍കേണ്ടിവരുന്നുവെന്ന് ആക്ഷേപമുയരുന്നു. വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനുള്ള ചുമതല സ്വകാര്യ-പുതുമലമുറ-ദേശസാല്‍കൃത ബാങ്കുകള്‍ക്ക് വാര്‍ഡ്തലത്തില്‍ വിഭജിച്ച് നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് തീരുമാനമെടുത്തത്. ഇതുപ്രകാരം പുതുതലമുറ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നതിനായി എത്തുന്നവരില്‍നിന്ന് 14.05 ശതമാനം പലിശയാണ് ഈടാക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളില്‍ 12.75 ശതമാനമാണ് വിദ്യാഭ്യാസ വായ്പ പലിശ. 9.5 ശതമാനത്തില്‍നിന്നാരംഭിച്ച പലിശനിരക്ക് അടുത്തിടെയാണ് ഇത്തരത്തിലേക്ക് ഉയര്‍ന്നത്. എന്നാല്‍ പുതുതലമുറ ബാങ്കുകളില്‍ സേവന ചാര്‍ജ് അടക്കമുള്ള ഒളിഞ്ഞിരിക്കുന്ന തുകകള്‍കൂടി ഈടാക്കുന്നതോടെ വായ്പകള്‍ എന്നടച്ചുതീര്‍ക്കാനാകുമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു.

    ReplyDelete