Sunday, December 4, 2011

എജി ശ്രമിച്ചത് തമിഴ്നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ : വി എസ്

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നാലു ജില്ലകളിലെ 35 ലക്ഷത്തോളം പേരുടെ ജീവന്‍ കുരുതികൊടുക്കുന്ന നിലപാട് സ്വീകരിച്ച അഡ്വക്കേറ്റ് ജനറല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിന്റെ വികാരം മാനിക്കാന്‍ തയ്യാറാകാത്ത എജി തിമിഴ്നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വി എസ് പറഞ്ഞു. സിപിഐ എം കുട്ടനാട് ഏരിയ സമ്മേളനത്തിനു സമാപനംകുറിച്ച് പുളിങ്കുന്ന് ജങ്കാര്‍കടവിനു സമീപം ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ നിലപാട് സ്വീകരിച്ച എജിയെ ഉടന്‍ മാറ്റണം. അല്ലെങ്കില്‍ ഇതു സര്‍ക്കാരിന്റെ നിലപാടുതന്നെയാണെന്നു ജനങ്ങള്‍ വിശ്വസിക്കുന്ന സാഹചര്യമുണ്ടാകും. കമ്പത്തുള്ള മുന്തിരിത്തോട്ടങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇതുകാട്ടി എജിയെ തമിഴ്നാട് ഭീഷണിപ്പെടുത്തുകയാണ്. മുന്തിരിത്തോട്ടവും എജിയും തമ്മില്‍ ബന്ധമുണ്ടോ എന്ന് വിഎസ് ചോദിച്ചു. എജിയോ അദ്ദേഹത്തിന്റെ ഭാര്യയോ നേരത്തെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിനു വേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്. കേരളത്തിനു വിരുദ്ധമായ എജിയുടെ നിലപാടിനു പിന്നില്‍ ഇതുമുണ്ടെന്നും വി എസ് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യ വീണ്ടും ഉണ്ടാകുന്നു. 14 കര്‍ഷകര്‍ ഇതിനകം ആത്മഹത്യ ചെയ്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതുതന്നെയായിരുന്നു സ്ഥിതി. അന്നു കര്‍ഷകരെ സഹായിക്കാന്‍ നടപടിയൊന്നും എടുത്തില്ല. പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നതിനു നിരവധി നടപടി സ്വീകരിച്ചു. യുഡിഎഫ് ഇതു തുടരാത്തതാണ് വീണ്ടും കര്‍ഷക ആത്മഹത്യക്കു കാരണമാകുന്നതെന്നും വി എസ് പറഞ്ഞു.

തുടരാന്‍ അര്‍ഹതയില്ല: ടി പി കേളുനമ്പ്യാര്‍

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ സ്വന്തം നിലപാടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്ന് നിയമമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ എജി രാജിവയ്ക്കണമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഭരണഘടനപരമായ സ്ഥാനം വഹിക്കുന്നയാള്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ മാധ്യമങ്ങളെ സമീപിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. എജിയെ പുറത്താക്കണമെന്നതല്ല പ്രശ്നം. ഭരണഘടനപ്രകാരം സര്‍ക്കാരിന് വിശ്വാസമുള്ള കാലത്തോളം മാത്രമേ എജിക്ക് സ്ഥാനത്ത് തുടരാന്‍ അധികാരമുള്ളൂ. സര്‍ക്കാരും എജിയും തമ്മിലുള്ള ബന്ധം തൊഴിലാളി മുതലാളി ബന്ധമല്ല. രണ്ട് ഭരണഘടന സ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. ഇത് സര്‍ക്കാരും എജിയും മറക്കരുത്. എജി രാജിവച്ച് ഭരണഘടന സ്ഥാപനത്തോടുള്ള കടമ നിറവേറ്റണം. അഭിഭാഷക വൃത്തിക്ക് കോട്ടം തട്ടാതെ എജി ജാഗ്രത പാലിക്കണം. എജി സ്ഥാനത്തിരിക്കാന്‍ ദണ്ഡപാണി യോഗ്യനല്ലെന്ന് വി എം സുധീരന്‍ പറഞ്ഞത് ശ്രദ്ധേയമാണെന്നും കേളുനമ്പ്യാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 17 വര്‍ഷം എജിയായി സേവനമനുഷ്ഠിച്ച ഭരണഘടന വിദഗ്ധന്‍ എച്ച് എം സീര്‍വായി രാജിവച്ചത് അദ്ദേഹത്തിന്റെ നിയമോപദേശം തെറ്റാണെന്ന് നിയമമന്ത്രി പറഞ്ഞതുകൊണ്ടാണ്. രാജി പിന്‍വലിക്കാന്‍ അന്നത്തെ മഹാരാഷ്ട്ര ഗവണ്‍മെന്റ് അപേക്ഷിച്ചിട്ടും അദ്ദേഹം തയ്യാറായില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ സര്‍ക്കാരിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും അഡ്വ. കേളുനമ്പ്യാര്‍ പറഞ്ഞു. ഡാം തകരാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതില്‍നിന്ന് സര്‍ക്കാരിനെ വിലക്കാന്‍ ഒരു കരാറിനും കഴിയില്ല. കോണ്‍ഗ്രസ് വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രി പുറംപൂച്ചായാണ് കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നത്. മന്ത്രി തിരുവഞ്ചൂരിന്റെ അഭിപ്രായം ശ്രദ്ധിച്ചാല്‍ ഒളിച്ചുകളി വ്യക്തമാകും. ഡിഎംകെയുടെ സഹായമില്ലാതെ ഭരണത്തിന് നിലനില്‍പ്പില്ലാത്തതുകൊണ്ടാണ് കേന്ദ്രം ഒളിച്ചുകളിക്കുന്നത്. അതിന്റെ ഭാഗമായ കാര്യങ്ങളാണ് കേരളത്തിലും നടക്കുന്നത്- കേളുനമ്പ്യാര്‍ അഭിപ്രായപ്പെട്ടു.

deshabhimani 041211

2 comments:

  1. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നാലു ജില്ലകളിലെ 35 ലക്ഷത്തോളം പേരുടെ ജീവന്‍ കുരുതികൊടുക്കുന്ന നിലപാട് സ്വീകരിച്ച അഡ്വക്കേറ്റ് ജനറല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിന്റെ വികാരം മാനിക്കാന്‍ തയ്യാറാകാത്ത എജി തിമിഴ്നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വി എസ് പറഞ്ഞു. സിപിഐ എം കുട്ടനാട് ഏരിയ സമ്മേളനത്തിനു സമാപനംകുറിച്ച് പുളിങ്കുന്ന് ജങ്കാര്‍കടവിനു സമീപം ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. എ ജിയെ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ വിളിച്ചുവരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എ ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വിവാദമായ സാഹചര്യത്തിലാണ് കാര്യങ്ങള്‍ നേരിട്ട് മന്ത്രിസഭയെ ബോധ്യപ്പെടുത്താനാണ് വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഞായറാഴ്ച രാവിലെ 7ന് പുതുപ്പള്ളിയിലെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയത്. വെള്ളിയാഴ്ച കോടതിയില്‍ നടന്ന സംഭവങ്ങള്‍ എജി മുഖ്യമന്ത്രി വിശദീകരിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ എജിയ്ക്ക് എതിരെ ഉന്നതാധികാരസമിതി നടപടിയെടുക്കുന്നതിന് മുന്നോടിയായാണ് എ ജിയില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയത്. അഡീഷ്ണല്‍ എ ജിമാരായ പി സി ഐപ്പും, കെ എ ജലീലും രേഖകളുടെ പകര്‍പ്പ ്വാങ്ങി. മുഖ്യമന്ത്രിയ്ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും എജി അറിയിച്ചു. എ ജിയെ ഒഴിവാക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. കേരളത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.

    ReplyDelete