ചെകുത്താന്‍ വേദമോതുന്നു എന്ന ചൊല്ല് പഴകിപ്പതിഞ്ഞതെങ്കിലും മലയാള മനോരമ സദാചാരത്തെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ ഓര്‍ക്കാതിരിക്കാനാകില്ല. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഉല്ലാസയാത്രാ വാര്‍ത്തയെയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വേണമെന്ന് കേരളം ശഠിച്ചതായുള്ള വാര്‍ത്തയെയും രാജീവ് ഗാന്ധിയെക്കുറിച്ച് മുഖ്യമന്ത്രി വി എസ് നടത്തിയ വിമര്‍ശത്തെയും ഉദാഹരിച്ചാണ് മനോരമ സദാചാര പ്രസംഗം നടത്തുന്നത്. "രാഷ്ട്രീയ പ്രതിയോഗികളെ സ്വഭാവഹത്യ ചെയ്യുന്നതില്‍ കമ്യൂണിസ്റ് പാര്‍ട്ടിക്ക് യാതൊരുളുപ്പുമുണ്ടായിട്ടില്ല'' എന്ന പ്രസ്താവത്തോടെയാണ് മനോരമ വ്യാഴാഴ്ചത്തെ അവരുടെ മുഖപ്രസംഗം ആരംഭിക്കുന്നതുതന്നെ.
കേരളത്തില്‍ ഏതൊക്കെ രാഷ്ട്രീയനേതാക്കളും മറ്റു വ്യക്തികളും മലയാള മനോരമയുടെ സ്വഭാവഹത്യക്ക് ഇരയായിട്ടുണ്ട്; സര്‍ക്കുലേഷന്‍ കൂട്ടാനുള്ള സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്ര കുടുംബങ്ങളുടെ ശാന്തിയില്‍ ആ പത്രം തീകോരിയിട്ടിട്ടുണ്ട് എന്നതിന്റെ കണക്ക് നിരത്താന്‍ ഞങ്ങള്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നില്ല. ഒരവസരത്തിലും അത് ചര്‍ച്ചചെയ്യാന്‍ പാടില്ലെന്നു കരുതുന്നുമില്ല. ഇവിടെ, കമ്യൂണിസ്റ്റുകാരെ സദാചാരം പഠിപ്പിക്കാനും ശകാരിക്കാനുമായി മനോരമ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങളുടെ സാംഗത്യംമാത്രമാണ് പരിശോധിക്കാനുദ്ദേശിക്കുന്നത്.
എ പി അബ്ദുള്ളക്കുട്ടി സിപിഐ എം പ്രതിനിധിയായി രണ്ടുവട്ടം ലോക്സഭയിലെത്തി, മൂന്നാംവട്ടം മത്സരിപ്പിക്കാന്‍ സാധ്യതയില്ലെന്നതിന്റെ പേരില്‍ കാലുമാറി കോണ്‍ഗ്രസിലേക്ക് പോവുകയും ആ പാര്‍ടിയിലെ പലരെയും പിന്തള്ളി ഉപതെരഞ്ഞെടുപ്പില്‍ സീറ്റുവാങ്ങി നിയമസഭയിലെത്തുകയും ചെയ്ത സദാചാരബോധമുള്ള വ്യക്തിയാണ്. അത്തരക്കാരെ പിന്തുടര്‍ന്ന് പിടികൂടി കൂടുതല്‍ സദാചാരം പഠിപ്പിക്കാനുള്ള സാഹസമൊന്നും സിപിഐ എമ്മിന് കാണിക്കേണ്ടതില്ല.
രാജ്യത്താകെ ഹര്‍ത്താല്‍ നടക്കുന്ന ദിവസം, നിയമസഭയില്‍ ഒപ്പിട്ട് ബത്ത ഉറപ്പാക്കി സഭാ സമ്മേളനത്തില്‍നിന്നിറങ്ങി സുഹൃത്തുക്കളോടൊപ്പം പൊന്മുടിയിലേക്ക് സവാരിക്കിറങ്ങിയപ്പോഴാണ് അബ്ദുള്ളക്കുട്ടിയെ നാട്ടുകാര്‍ തടഞ്ഞത്. ജനങ്ങളെ മുച്ചൂടും ബാധിക്കുന്ന പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടന്നത്. അത്തരം ദിവസങ്ങളില്‍ ആശുപത്രി, പാല്‍-വെള്ളവിതരണം, വിവാഹം, മരണം തുടങ്ങിയ അവശ്യകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് ആരെയും തടയില്ലെന്ന് ഉറപ്പാക്കാറുണ്ട്. എംഎല്‍എയുടെ ഉല്ലാസയാത്ര ആ ഗണത്തിലൊന്നും പെടുന്നതല്ലാത്തതിനാലാകാം, പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. അബ്ദുള്ളക്കുട്ടിയും സംഘവും മാത്രമല്ല, തൊട്ടു പുറകിലത്തെ കാറില്‍ ഒരു സ്ത്രീയടക്കം മൂന്നുപേരുമുണ്ടായിരുന്നു. എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അബ്ദുള്ളക്കുട്ടി ആ സമയംമുതല്‍ പറഞ്ഞത്. ആദ്യം കുടുംബമെന്ന്, പിന്നെ കൂടെ വന്നവരെന്ന്, അതും കഴിഞ്ഞ് എങ്ങും തൊടാതെ. ജീവനുഭീഷണിയുണ്ടെന്ന പേരില്‍ സ്ഥിരം പൊലീസ് സംരക്ഷണമുള്ളയാളാണ് അബ്ദുള്ളക്കുട്ടി. തടയപ്പെടുമ്പോള്‍ ഗണ്‍മാന്മാര്‍ കൂടെ ഉണ്ടായിരുന്നില്ല. ഹര്‍ത്താല്‍ ദിവസം ഗണ്‍മാന്മാരെ ഒഴിവാക്കി നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് ഒരു എംഎല്‍എ ദുരൂഹയാത്ര നടത്തിയാല്‍ അത് കേവലം സദാചാരത്തിന്റെയോ സ്വകാര്യതയുടെയോ പ്രശ്നമല്ല, ലക്ഷണമൊത്ത ദുരാചാരമാണത്. ഇപ്പോള്‍ വക്കാലത്തുമായി ഇറങ്ങുന്ന മനോരമ എന്തുകൊണ്ട് ചോദിക്കുന്നില്ല, എന്തേ ജീവനുഭീഷണിയുള്ളയാള്‍ ഹര്‍ത്താല്‍ദിനത്തില്‍ ഗമാനെ ഒഴിവാക്കി യാത്ര ചെയ്തു എന്ന്? നിയമസഭയ്ക്കകത്തെ ഭക്ഷണശാലകളെയാകെ ഒഴിവാക്കി ഉച്ചയ്ക്കുശേഷം 30ലേറെ കിലോമീറ്റര്‍ അകലെ കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കാന്‍ പോയി? അതും ഹര്‍ത്താല്‍ ദിനത്തില്‍ത്തന്നെ?
സദാചാരബോധമുള്ള മലയാള മനോരമയുടെ വാര്‍ത്തകളില്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമൊന്നുമില്ലതന്നെ. അബ്ദുള്ളക്കുട്ടിയെ രക്ഷിക്കാനും ചൊവ്വുള്ളവനാക്കാനും മനോരമയ്ക്ക് താല്‍പ്പര്യമുണ്ടാകും. അത് സിപിഐ എമ്മിനെ ഭര്‍ത്സിച്ചുകൊണ്ട് വേണ്ട.
വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനത്തിന് വയലാര്‍ രവിയല്ല, പ്രധാനമന്ത്രിതന്നെ വേണമെന്ന് സംസ്ഥാന ഗവമെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എങ്ങനെ സാദാചാര ലംഘനമാകുമെന്ന് മനോരമതന്നെ വിശദീകരിക്കേണ്ടിവരും. വയലാര്‍ രവിയും മന്‍മോഹന്‍സിങ്ങും തമ്മില്‍ ഒരന്തരവും മനോരമ കാണുന്നില്ലെങ്കില്‍ പറഞ്ഞിട്ടു വേറെ കാര്യവുമില്ല. എന്തുകൊണ്ട് വയലാര്‍ രവിയെ പ്രധാനമന്ത്രിയാക്കിയില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ചോദിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇ കെ നായനാര്‍ക്കെതിരെ 'പരസ്യവോട്ടു'ചെയ്തെന്ന് തെരഞ്ഞെടുപ്പു കമീഷന് പരാതി എഴുതിക്കൊടുത്ത് കോണ്‍ഗ്രസിനെ വെല്ലുന്ന രാഷ്ട്രീയം കളിച്ച മനോരമയില്‍നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതാണ്.
ഒരാള്‍ മരണമടഞ്ഞാല്‍ ജീവിതകാലത്ത് അദ്ദേഹം ചെയ്തതൊന്നും പരിശോധിക്കാനും അഭിപ്രായം പറയാനും പാടില്ലെന്നതും മനോരമ താലോലിക്കുന്ന ബോധമാകാം. ഈ ലോകത്ത് ജീവിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് അതിനു സാധിക്കില്ല. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടശേഷം ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച് "വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും'' എന്നു പ്രസംഗിച്ച രാജീവ് ഗാന്ധിയെ പ്രിയപ്പെട്ടവര്‍ പിടഞ്ഞുമരിക്കുന്നതുകണ്ട; എല്ലാം നഷ്ടപ്പെട്ട സിഖ് സഹോദരങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മനുഷ്യത്വമുള്ള ആര്‍ക്കും മറക്കാനാകില്ല.
ബൊഫോഴ്സ് കുംഭകോണം മറന്നുപോയോ മനോരമ? രാജീവ് ഗാന്ധി എല്ലാം തികഞ്ഞവനും വിമര്‍ശത്തിന് അതീതനെന്നുമുള്ള സമീപനം ഒരിക്കലും കമ്യൂണിസ്റ്റുകാര്‍ക്കില്ല. രാജീവിന്റെ നയങ്ങളെ അന്നും വിമര്‍ശിച്ചിട്ടുണ്ട്; ഇന്നും അതാവര്‍ത്തിക്കുന്നുണ്ട്. വി എസ് സഞ്ജയ് ഗാന്ധിക്കു പകരം രാജീവ് എന്നു അബദ്ധത്തില്‍ പറഞ്ഞുപോയതിനെ ആയുധമാക്കി ഉമ്മന്‍ചാണ്ടിക്കൊപ്പം ഉറഞ്ഞുതുള്ളിയ പത്രമാണ് മനോരമ. ഇപ്പോള്‍ രാജീവിനെ വിമര്‍ശിച്ചപ്പോള്‍ അത് സദാചാരപ്രശ്നമാണുപോലും. വി എസ് വസ്തുനിഷ്ഠമായി പറഞ്ഞ വാക്കുകളെപ്പോലും അധിക്ഷേപിക്കുന്ന ഈ പത്രം, പാര്‍ലമെന്റിനെ മച്ചിപ്പശുവെന്നും വേശ്യയെന്നുംവരെ വിളിച്ച മഹാത്മാ ഗാന്ധിയെ എങ്ങനെ വിലയിരുത്തും? ഞങ്ങളുടെ മാന്യ സഹജീവി യുഡിഎഫിന് വിടുപണിചെയ്തുകൊള്ളുക- പക്ഷേ അത് ഇത്രയേറെ തരംതാണുതന്നെ വേണമോ എന്നെങ്കിലും ചിന്തിച്ചുകൂടേ? കമ്യൂണിസ്റ്റുകാര്‍ക്ക് സദാചാരപാഠം പകര്‍ന്നുനല്‍കാനുള്ള സൌജന്യസേവനം അവസാനിപ്പിച്ചുകൂടേ?
ദേശാഭിമാനി മുഖപ്രസംഗം 09072010
>>എ പി അബ്ദുള്ളക്കുട്ടി സിപിഐ എം പ്രതിനിധിയായി രണ്ടുവട്ടം ലോക്സഭയിലെത്തി, മൂന്നാംവട്ടം മത്സരിപ്പിക്കാന്‍ സാധ്യതയില്ലെന്നതിന്റെ പേരില്‍ കാലുമാറി കോണ്‍ഗ്രസിലേക്ക് പോവുകയും ആ പാര്‍ടിയിലെ പലരെയും പിന്തള്ളി ഉപതെരഞ്ഞെടുപ്പില്‍ സീറ്റുവാങ്ങി നിയമസഭയിലെത്തുകയും ചെയ്ത സദാചാരബോധമുള്ള വ്യക്തിയാണ്.<<
ReplyDeleteസഖാവ് ടി കെ ഹംസയുടെ കാര്യം മറന്നതായിരിക്കും
Agree with Deshaabhimaani in other two things except Abdulla kutti Issue.
ReplyDeleteGoogle Transliteration is not working here ...how to solve this issue ????
ReplyDeleteഇന്ദിരാഗാന്ധി അടിയന്തരാവ്സ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ഇന്ത്യയിലെ പത്രങ്ങളെല്ലാം അതിനെതിരെ അതി ശക്തമായി പ്രതിക്കരിച്ചപ്പോൾ “തെങ്ങിന്റെ മണ്ടചീയൽ” രോഗം ഒന്നാം പേജിൽ പ്രധാന വാർത്തയായി കൊടുത്ത മനോരമ ഇത്തരത്തിൽ അല്ലാതെ പിന്നെ എങ്ങനെ പെരുമാറും?
ReplyDeleteമനോരമാക്കെതിരെ മുഖപ്രസങ്ങമെഴുതി ദേശാഭിമാനി.ക്കാരന്റെ ഒരായുസ് തീര്‍ന്നു എന്ന് കരുതുന്നു ...
ReplyDeleteഎ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഉല്ലാസയാത്രാ വാര്‍ത്തയെയും ..
അബ്ദുള്ളക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച സിപിഎം MLA ഏതോ ഒരു ചന്ദ്രന്‍(ഒരു നുണയന്‍ MLA ) ചാനല്‍ ചര്‍ച്ചയില്‍ ഉത്തരമില്ലാതെ വെള്ളം കുടിക്കുന്നത് കണ്ടിരുന്നു ...
അബ്ദുള്ളകുട്ടിയുടെ കാറിൽ (അതും പകൽസമയത്ത്!) ഒരു സ്ത്രീയുണ്ടായാൽ അവിടെയും മഞ്ചേരി ആവർത്തിക്കുമോ? നിയമസഭയുടെ ശ്രീകോവിലിൽ വിളിച്ച്‌കൂവാൻ ഒരു സാമാജികൻ... ഇതാണോ കേരളമോഡൽ സംസ്കാരം?
ReplyDeleteവിമർശിക്കുന്നതും പ്രതിരോധിക്കുന്നതും സ്വത്വകക്ഷിരാഷ്ട്രീയമായി...