Wednesday, February 1, 2012

തെരുവുയുദ്ധം കത്തുന്നു : പൊലീസിലും ഭരണത്തിലും വന്‍ പ്രതിസന്ധി

കണ്ണൂരിലെ ഫ്ളക്സ് വിവാദത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ് ഗ്രൂപ്പുപോര് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തതോടെ പ്രശ്നം പൊട്ടിത്തെറിയുടെ വക്കില്‍ . മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ഭീഷണി ഉയര്‍ത്തിയ സുധാകരന്റെ അഴിഞ്ഞാട്ടം നിര്‍ത്തണമെന്ന് മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതിനിടെ, കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിലേക്ക് പൊലീസ്സേനയെക്കൂടി വലിച്ചിഴച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ കടുത്ത അതൃപ്തിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച വക്കം കമീഷന്‍ റിപ്പോര്‍ട്ട് തടഞ്ഞുവച്ചതിലും ബോര്‍ഡ്- കോര്‍പറേഷന്‍ പുനഃസംഘടനയും സംഘടനാ തെരഞ്ഞെടുപ്പും വൈകുന്നതിലും കോണ്‍ഗ്രസില്‍ അതൃപ്തി പടരുന്നതിനിടയിലാണ് ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി നേതാക്കള്‍ തെരുവില്‍ തല്ലുന്നത്. പോര് മൂര്‍ച്ഛിക്കുന്നതിനിടയില്‍ മൂന്നിന് തലസ്ഥാനത്ത് കെപിസിസി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുമുമ്പായി സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനിരിക്കുകയാണ് എ ഗ്രൂപ്പ് നേതാക്കള്‍ .

മുഖ്യമന്ത്രിയെ പിന്തുണച്ച് എ വിഭാഗം പരസ്യമായി രംഗത്തിറങ്ങിയതോടെ സുധാകരനെ ഒറ്റപ്പെടുത്തരുതെന്ന ചിന്ത ഐ വിഭാഗത്തിലും ശക്തമായി. നാമമാത്ര ഭൂരിപക്ഷം ഓര്‍ക്കാതെ ഗ്രൂപ്പുതാല്‍പ്പര്യവുമായി മുന്നോട്ടുപോയാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് ഐ വിഭാഗം നല്‍കുന്നത്. ഫ്ളക്സ് വിവാദത്തില്‍ പ്രമുഖ നേതാക്കളെല്ലാം പ്രതികരിച്ചിട്ടും കെപിസിസി പ്രസിഡന്റിന്റെ മൗനം ദുരൂഹമാണ്. എംഎല്‍എമാരുടെ എണ്ണത്തില്‍ എ വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടെങ്കിലും ഐ വിഭാഗത്തിലെ പലരും അവസരം നോക്കി കഴിയുകയാണ്. ഭരണവും പാര്‍ടിയും എ ഗ്രൂപ്പ് വിഴുങ്ങുന്നതിനെതിരെ ഏതു നിമിഷവും പൊട്ടിത്തെറി പ്രതീക്ഷിക്കാം. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ ഫ്ളക്സ് വിവാദം സംസ്ഥാനഭരണത്തെ പിടിച്ചുലയ്ക്കുന്ന രീതിയിലേക്ക് വളര്‍ന്നത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം മന്ത്രി കെ സി ജോസഫും ചൊവ്വാഴ്ച സുധാകരനെതിരെ തിരിഞ്ഞു. അതേസമയം, ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ പ്രതികരിച്ചു. സുധാകരനെ അപമാനിച്ച എസ്പിക്കെതിരെ നടപടി വേണമെന്ന് എം അച്യുതന്‍ എംഎല്‍എ പാലക്കാട്ടും പ്രതികരിച്ചു.

മുഖ്യമന്ത്രിയെ അപമാനിച്ച സുധാകരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പ് നേതാക്കളായ എന്‍ രാമകൃഷ്ണന്‍ , കെ പി നൂറുദീന്‍ , എ ഡി മുസ്തഫ, സതീശന്‍ പാച്ചേനി എന്നിവര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. നേരിയ ഭൂരിപക്ഷമുള്ള യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനും മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനുമാണ് സുധാകരന്‍ ശ്രമിക്കുന്നത്. ഇതിനുപിന്നിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണം. പാര്‍ടിയെയും സര്‍ക്കാരിനെയും സംശയത്തിന്റെ നിഴലിലാക്കുകയാണ്് സുധാകരന്‍ . പാര്‍ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ തെരുവില്‍ പറഞ്ഞ് അവമതിപ്പുണ്ടാക്കി. ഇത് കടുത്ത അച്ചടക്കലംഘനമാണ്. സുധാകരനെതിരെയും ഒപ്പം നില്‍ക്കുന്നവര്‍ക്കെതിരെയും കെപിസിസിയും കേന്ദ്രനേതൃത്വവും നടപടിയെടുക്കണം. മസില്‍ പവറും കൈയൂക്കുംകൊണ്ട് കണ്ണൂരില്‍ പാര്‍ടിക്ക് അതീതനാണെന്ന് സുധാകരന്‍ കരുതേണ്ട. കോണ്‍ഗ്രസിന്റെ പേരിലുള്ള അഴിഞ്ഞാട്ടം നിര്‍ത്തണം. ശരീരഭാഷകൊണ്ടും മസില്‍ പവര്‍കൊണ്ടും പണംകൊണ്ടും നേതാവായാല്‍ കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുമെന്നത് വ്യാമോഹമാണ്. കണ്ണൂര്‍ എസ്പി കഴിവുള്ള ഓഫീസറാണ്. പൊലീസിനെ നിയോഗിച്ചത് ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്താനാണ്. അല്ലാതെ സുധാകരനെ പ്രകീര്‍ത്തിക്കാനല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ നശിപ്പിക്കാന്‍ ആഹ്വാനംചെയ്തത്. എതിര്‍പാര്‍ടികള്‍പോലും ചെയ്യാത്ത കാര്യമാണ് കണ്ണൂരില്‍ സുധാകര അനുകൂലികള്‍ ചെയ്തത്. എംപി എന്ന നിലയിലും സുധാകരന്‍ തന്നിഷ്ടമനുസരിച്ചാണ് പെരുമാറുന്നത്. കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുപോലും ലോക്പാല്‍ ബില്ലിന് വോട്ടുചെയ്യാന്‍ പാര്‍ലമെന്റില്‍ എത്തിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.

കണ്ണൂരിലേത് സര്‍ക്കാരിന്റെ പൊതുവായ പൊലീസ്നയമാണെന്ന് ഈ വിഷയത്തില്‍ ഇടപെട്ട മന്ത്രി കെ സി ജോസഫ് പറഞ്ഞു. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് പാര്‍ടിവേദികളിലാണ്. പരസ്യമായി കാര്യങ്ങള്‍ പറയരുതെന്ന നിര്‍ദേശം സുധാകരനടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിനോടുള്ള തന്റെ കൂറ് ആര്‍ക്കും ചോദ്യംചെയ്യാനാകില്ലെന്ന് മുല്ലപ്പള്ളി നീലേശ്വരത്ത് പറഞ്ഞു. ആത്മാഭിമാനമുള്ളവര്‍ക്കേ അഭിമാനക്ഷതം മനസ്സിലാകൂവെന്ന സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ എസ്പിയെ വീണ്ടും ന്യായീകരിച്ച മുല്ലപ്പള്ളി, സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ എസ്പിയെ ഡല്‍ഹിക്ക് കൊണ്ടുപോകുമെന്നും തിരിച്ചടിച്ചു.

deshabhimani 010212

2 comments:

  1. കണ്ണൂരിലെ ഫ്ളക്സ് വിവാദത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ് ഗ്രൂപ്പുപോര് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തതോടെ പ്രശ്നം പൊട്ടിത്തെറിയുടെ വക്കില്‍ . മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ഭീഷണി ഉയര്‍ത്തിയ സുധാകരന്റെ അഴിഞ്ഞാട്ടം നിര്‍ത്തണമെന്ന് മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതിനിടെ, കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിലേക്ക് പൊലീസ്സേനയെക്കൂടി വലിച്ചിഴച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ കടുത്ത അതൃപ്തിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച വക്കം കമീഷന്‍ റിപ്പോര്‍ട്ട് തടഞ്ഞുവച്ചതിലും ബോര്‍ഡ്- കോര്‍പറേഷന്‍ പുനഃസംഘടനയും സംഘടനാ തെരഞ്ഞെടുപ്പും വൈകുന്നതിലും കോണ്‍ഗ്രസില്‍ അതൃപ്തി പടരുന്നതിനിടയിലാണ് ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി നേതാക്കള്‍ തെരുവില്‍ തല്ലുന്നത്. പോര് മൂര്‍ച്ഛിക്കുന്നതിനിടയില്‍ മൂന്നിന് തലസ്ഥാനത്ത് കെപിസിസി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുമുമ്പായി സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനിരിക്കുകയാണ് എ ഗ്രൂപ്പ് നേതാക്കള്‍ .

    ReplyDelete
  2. കണ്ണൂരില്‍ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം വച്ച് അഭിവാദ്യ പോസ്റ്റര്‍ പതിപ്പിച്ചത് വിവാദമായിട്ടും, ജില്ലയില്‍ വിവിധ സ്റ്റേഷന്‍ കോമ്പൗണ്ടുകളില്‍ സ്ഥാപിച്ച സര്‍ക്കാര്‍ പ്രചാരണ പോസ്റ്ററുകള്‍ നീക്കിയിട്ടില്ല.കോണ്‍ഗ്രസ് അനുകൂലികളായ പൊലീസ് അസോസിയേഷന്‍ ഭാരവാഹികളാണ് മുഖ്യമന്ത്രിയുടെ ചിത്രം വച്ച "അതിവേഗം ബഹുദൂരം" എന്നെഴുതിയ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൊലീസ് അസോസിയേഷന്‍ സമ്മേള നവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ബോര്‍ഡും മാത്രമാണ് സ്ഥാപിക്കാറുള്ളത്. അനുവാദം വാങ്ങാതെയാണ് ഇത് സ്ഥാപിച്ചത്. ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപവും എ ആര്‍ ക്യാമ്പിനു സമീപവും പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. റൂറല്‍ പരിധിയില്‍ വടക്കേക്കാട് സ്റ്റേഷനിലും മുഖ്യമന്ത്രി അനുകൂല പോസ്റ്ററുണ്ട്. ഭരണമാറ്റത്തിന് ശേഷം കോണ്‍ഗ്രസ് അനുകൂലികള്‍ പൊലീസ് സേനയില്‍ വഴിവിട്ട ഇടപെടലുകള്‍ ശക്തമാക്കിയിരിക്കയാണെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണിത്. കോണ്‍ഗ്രസ് ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ദൈനംദിന കാര്യങ്ങള്‍പോലും പൊലീസ് തലപ്പത്തും സ്റ്റേഷനുകളിലും നടത്തുന്നത്. സ്ഥലംമാറ്റങ്ങളും ചുമതലകളും നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് ഓഫീസിലാണെന്നും പറയപ്പെടുന്നു. പൊലീസ് അസോസിയേഷന്റെ പൂര്‍ണ പിന്തുണയും ഈ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.

    ReplyDelete