Tuesday, January 31, 2012

എസ് - ബാന്‍ഡ് സ്‌പെക്ട്രം അതിരുകളില്ലാത്ത അഴിമതി

തന്ത്രപ്രധാനമായ എസ് ബാന്‍ഡ് സ്‌പെക്ട്രം പാട്ടക്കരാര്‍ നല്‍കിയതു സംബന്ധിച്ച വിവാദം വീണ്ടും കൊഴുക്കുന്നു. സമീപകാലത്ത് രാജ്യത്ത് ഉയര്‍ന്നുവന്ന മറ്റ്  വന്‍ അഴിമതിക്കഥകളിലുമെന്നപോലെ കേന്ദ്രസര്‍ക്കാരിനെയും അതിനെ നയിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെയും കേന്ദ്രസ്ഥാനത്താക്കിക്കൊണ്ടാണ് വിവാദം കൊഴുക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ എസ് ആര്‍ ഒ) യുടെ വാണിജ്യ ശാഖയായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡും വിലയേറിയ എസ് - ബാന്‍ഡ് സ്‌പെക്ട്രം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് 2005 ല്‍ കരാര്‍ ഒപ്പു വച്ചിരുന്നു. ആ കരാര്‍ നടപ്പായിരുന്നെങ്കില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടിയില്‍പ്പരം രൂപയുടെ നഷ്ടം സംഭവിക്കുമായിരുന്നു. ഇത്രയും വലിയ തുകയുടെ നഷ്ടം പൊതുഖജനാവിനുണ്ടാകുമെന്ന പ്രാഥമിക നിഗമനത്തിലെത്തിച്ചേര്‍ന്നത് രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ്. ആന്‍ട്രിക്‌സും ദേവാസും ഒപ്പുവച്ച കരാര്‍ നടപ്പായിരുന്നെങ്കില്‍ അത് നാളിതുവരെയുള്ള സകല കുംഭകോണങ്ങളെയും കടത്തിവെട്ടി അഴിമതിയെ ബഹിരാകാശത്തോളമെത്തിക്കുമായിരുന്നു.

രാഷ്ട്രത്തിനു വന്‍ നഷ്ടം വരുത്തിവെക്കുന്ന തരത്തില്‍ ബഹിരാകാശ സ്‌പെക്ട്രം സ്വകാര്യ കമ്പനിക്ക് തുച്ഛമായ തുകയ്ക്ക് ഇരുപത് വര്‍ഷത്തെ പാട്ടത്തിനു നല്‍കാന്‍ ഉണ്ടാക്കിയ ഇടപാട് ആരുമറിയാതെ ഏതാനും വ്യക്തികളുണ്ടാക്കിയ രഹസ്യകരാറാണെന്നു കരുതുക മൗഢ്യമാണ്. ഇതു സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അധികാര ശ്രേണിയിലെ അത്യുന്നതരുടെ അറിവുകൂടാതെ ഇത്തരമൊരു ഇടപാട് നടത്തുക അസാധ്യമാണെന്ന് വിവിധ കേന്ദ്രങ്ങള്‍ സംശയം ഉയര്‍ത്തിയിരുന്നു. ആ സംശയങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇടപാടിനു നേതൃത്വം നല്‍കിയ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കൂടിയായ ജി മാധവന്‍ നായര്‍ ഇപ്പോള്‍ നടത്തിവരുന്നത്. മാധവന്‍ നായര്‍ക്ക് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തേണ്ടിവന്നത് വിവാദം തന്റെ അസ്ഥിയില്‍ തന്നെ തുളഞ്ഞുകയറുമെന്ന അവസ്ഥ വന്നപ്പോഴാണെന്നു മാത്രം. ഈ വെളിപ്പെടുത്തലുകളാകട്ടെ താന്‍ നേതൃത്വം നല്‍കിയ പാട്ടക്കരാറിനെ ന്യായീകരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ്. അത്തരമൊരു കരാര്‍ രാജ്യത്തിനുണ്ടാക്കുമായിരുന്ന നഷ്ടത്തെപ്പറ്റി യാതൊരു പരാമര്‍ശത്തിനും അദ്ദേഹം മുതിരുന്നുമില്ല. മാധവന്‍നായരെയും രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയേക്കാവുന്ന കരാറിനു കൂട്ടുനിന്ന മറ്റു മൂന്നു ഉന്നത ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന മൃദു നടപടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

ബഹിരാകാശ സ്‌പെക്ട്രം ഇടപാടുസംബന്ധിച്ച എല്ലാ വിവരവും സമയാ സമയങ്ങളില്‍ സ്‌പേസ്  കമ്മിഷന്റെയും കേന്ദ്ര കാബിനറ്റിന്റെയും അറിവോടെയും അനുമതിയോടെയുമാണ് നടന്നതെന്നാണ് മാധവന്‍ നായരുടെ വെളിപ്പെടുത്തലിന്റെ കാതല്‍. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ (ആ സമയത്ത് മാധവന്‍ നായര്‍ തന്നെ) അധ്യക്ഷനും കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ധനകാര്യ വകുപ്പ് പ്രതിനിധി, സ്‌പേസ് ഡിപ്പാര്‍ട്ടുമെന്റിന്റെ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സ്‌പേസ് കമ്മിഷന്‍. സ്‌പേസ് കമ്മിഷനും ഐ എസ് ആര്‍ ഒ യും കമ്മിഷനിലെ മുഴുവന്‍ അംഗങ്ങളും പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ഉറ്റബന്ധം പുലര്‍ത്തുന്നവരും അദ്ദേഹം നേരിട്ട് നിയന്ത്രിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നിട്ടും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും രാജ്യത്തിനു ഭീമമായ നഷ്ടം വരുത്തിവെച്ചേക്കാവുന്ന ഇത്തരം ഒരിടപാടിനെ കുറിച്ച് അജ്ഞരായിരുന്നുവെന്ന് വിശ്വസിക്കാന്‍ 120 കോടി ജനങ്ങളുടെ ഈ രാജ്യം കേവലം ഒരു വെള്ളരിങ്ങാ പട്ടണമായിരിക്കണം.

വരും ദിവസങ്ങള്‍ ബഹിരാകാശാതിര്‍ത്തികളെയും ഉല്ലംഘിക്കുമായിരുന്ന ഈ കുംഭകോണത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അഴിമതി ഇന്ത്യക്കാര്‍ക്ക് ഒരിക്കലും പുതുമയുള്ള വിഷയമല്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തോടൊപ്പം അഭിരമിച്ചു വളരുക തന്നെയായിരുന്നു. പക്ഷേ അത് ഒരിക്കലും ഈ സമീപകാലത്തെപ്പോലെ, മന്‍മോഹന്‍ സമ്പദ്‌നയ പരിപാടിയിലെന്നപോലെ, അതിന്റെ വൃത്തികെട്ട പത്തിയുയര്‍ത്തി രാജ്യത്തിന്റെയും ജനങ്ങളുടെയും മേല്‍ സര്‍പ്പ നൃത്തമാടി തിമിര്‍ത്തിട്ടില്ല. ഒരു പക്ഷേ അതായിരിക്കാം മന്‍മോഹന്‍ സമ്പദ്‌നയത്തിന്റെ യഥാര്‍ഥ മുഖം. ഇന്ത്യയില്‍ സമീപകാലത്ത് ഉയര്‍ന്നു വന്നിട്ടുള്ള വമ്പന്‍ അഴിമതികളുടെയും കുംഭകോണങ്ങളുടെയും കുരുക്കഴിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അതിന്റെ പ്രഭവകേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫീസിലാണെന്ന് രാജ്യം നടുക്കത്തോടെ തിരിച്ചറിയുന്നു. കോമണ്‍വെല്‍ത്ത് കുംഭകോണത്തിന്റെ അനാവൃതമാകുന്ന കഥ അതാണ് നമുക്ക് കാണിച്ചു തരുന്നത്. 2 ജി സ്‌പെക്ട്രം അഴിമതിയും ദിനംപ്രതി അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. അതാണ് ഉദാരവല്‍ക്കരണമെന്ന ഡോ മന്‍മോഹന്‍സിംഗിന്റെയും ഭരണ വര്‍ഗത്തിന്റെയും സാമ്പത്തിക നയത്തിന്റെ അന്തസത്ത. അഴിമതി, അതിരുകളില്ലാത്ത അഴിമതി. ബഹിരാകാശത്തെയും ക്ഷീരപഥത്തെപ്പോലും ഉല്ലംഘിക്കുന്ന അഴിമതി.

janayugom editorial 010212

1 comment:

  1. ബഹിരാകാശ സ്‌പെക്ട്രം ഇടപാടുസംബന്ധിച്ച എല്ലാ വിവരവും സമയാ സമയങ്ങളില്‍ സ്‌പേസ് കമ്മിഷന്റെയും കേന്ദ്ര കാബിനറ്റിന്റെയും അറിവോടെയും അനുമതിയോടെയുമാണ് നടന്നതെന്നാണ് മാധവന്‍ നായരുടെ വെളിപ്പെടുത്തലിന്റെ കാതല്‍. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ (ആ സമയത്ത് മാധവന്‍ നായര്‍ തന്നെ) അധ്യക്ഷനും കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ധനകാര്യ വകുപ്പ് പ്രതിനിധി, സ്‌പേസ് ഡിപ്പാര്‍ട്ടുമെന്റിന്റെ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സ്‌പേസ് കമ്മിഷന്‍. സ്‌പേസ് കമ്മിഷനും ഐ എസ് ആര്‍ ഒ യും കമ്മിഷനിലെ മുഴുവന്‍ അംഗങ്ങളും പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ഉറ്റബന്ധം പുലര്‍ത്തുന്നവരും അദ്ദേഹം നേരിട്ട് നിയന്ത്രിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നിട്ടും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും രാജ്യത്തിനു ഭീമമായ നഷ്ടം വരുത്തിവെച്ചേക്കാവുന്ന ഇത്തരം ഒരിടപാടിനെ കുറിച്ച് അജ്ഞരായിരുന്നുവെന്ന് വിശ്വസിക്കാന്‍ 120 കോടി ജനങ്ങളുടെ ഈ രാജ്യം കേവലം ഒരു വെള്ളരിങ്ങാ പട്ടണമായിരിക്കണം.

    ReplyDelete