Saturday, February 11, 2012

നിയമത്തിന്റെ ബുള്‍ഡോസര്‍ പ്രഹസനവുമായി റവന്യൂമന്ത്രി വീണ്ടും രംഗത്ത്

മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍ പ്രഹസനവുമായി റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിപ്പിച്ച സ്ഥലങ്ങളില്‍ പോയി നിയമത്തിന്റെ ബുള്‍ഡോസര്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച് മടങ്ങിയതിന് പിന്നാലെയാണ് അടുത്തഘട്ടം ഒഴിപ്പിക്കല്‍ എന്ന പേരില്‍ പ്രഹസനവുമായി റവന്യൂമന്ത്രി രംഗത്തിറങ്ങുന്നത്. ഇന്നലെ കോട്ടയം നാട്ടകം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇതെക്കുറിച്ച് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ഭൂമി കൈയേറിയ വന്‍കിടക്കാര്‍ക്ക് നോട്ടീസ് നല്‍കുകയാണ് ഒഴിപ്പിക്കല്‍ പ്രഹസനത്തിന്റെ അടുത്തപടിയായി മന്ത്രി ചെയ്യുന്നത്. ആയിരക്കണക്കിന് ഏക്കര്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ഏഴ് വന്‍കിടക്കാരെ മാത്രമാണ് മന്ത്രിക്ക് ഇതിനായി കണ്ടെത്താനായത്. സര്‍ക്കാര്‍ ഭൂമിയില്‍ റിസോര്‍ട്ടുകളടക്കം നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഈ ഏഴ് വന്‍കിടക്കാര്‍ക്കും ഒഴിഞ്ഞു പോവാന്‍ നോട്ടീസ് നല്‍കിയെന്നാണ് മന്ത്രിയുടെ വാദം. 15 ദിവസത്തിനകം ഇവര്‍ സ്വയമേ ഒഴിഞ്ഞു പോവുമെന്ന വിശ്വാസവും മന്ത്രിക്കുണ്ടെന്നു പറയുമ്പോള്‍ ഒഴിപ്പിക്കല്‍ നാടകത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച് വ്യക്തം. കയ്യേറ്റ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയ വന്‍കിട മുതലാളിമാര്‍ സ്വയം ഒഴിഞ്ഞുപോവുമെന്ന റവന്യൂമന്ത്രിയുടെ പ്രതീക്ഷ ഒരിക്കലും പാഴാവാനിടയില്ലെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാവും. പൊതുജനം കഴുതകളെന്ന് പറയാതെ പറയുകയാണ് മന്ത്രി.

പതിനഞ്ച് ദിവസത്തിനകം ഇവര്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഭൂമി സ്വാഭാവികമായും സര്‍ക്കാരില്‍ വന്നുചേരുമെന്ന് മാത്രമാണ് ഇത് സംബന്ധിച്ച് മന്ത്രിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ നോട്ടീസ് നല്‍കിയ ഏഴ് വന്‍കിടക്കാരുടെ പേരുകള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞു മാറി.

അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ഒഴിഞ്ഞു പോവാന്‍ ആവശ്യപ്പെട്ട് മൂന്ന് ദിവസം മുമ്പാണ് വന്‍കിടക്കാര്‍ക്ക് നോട്ടീസ് നല്‍കിയതെന്നന്നാണ്  മന്ത്രി പറയുന്നത്.  യുഡിഎഫ് മന്ത്രിസഭയിലെ പ്രധാന വകുപ്പ് കയ്യാളുന്ന മറ്റൊരു മന്ത്രിയുടെ ബന്ധുക്കള്‍ക്ക് മൂന്നാറിലുള്ള കയ്യേറ്റ ഭൂമി ഒഴിയുന്നതിന് വേണ്ട സമയം കൊടുത്തതാണെന്നാണ് അണിയറ സംസാരം. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന ഈ ഘടകക്ഷി മന്ത്രിയെ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഈ ഒഴിപ്പിക്കല്‍ നടപടിയുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നതെന്ന് വ്യക്തം. റവന്യൂവകുപ്പ് നോട്ടീസില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ കയ്യേറ്റം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കയ്യേറ്റക്കാരുടെ പേര് വെളിപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. നോട്ടീസ് നല്‍കി കാലാവധിക്കകം ഒഴിഞ്ഞുപോവാത്ത കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പറയാതെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പേര് വെളിപ്പെടുത്തുമെന്ന തിരുവഞ്ചൂരിന്റെ ഭീഷണി തന്റെ സഹപ്രവര്‍ത്തകനെതിരെയുള്ള ഒളിയമ്പാണെന്നു വ്യക്തം.

വന്‍വില മതിക്കുന്ന ഭൂമിയാണ് നോട്ടീസ് നല്‍കിയിട്ടുള്ളവര്‍ കൈയേറി വച്ചിട്ടുള്ളത്.  തിരിച്ചു പിടിച്ച ഭൂമി സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാര്‍വതിമല കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ നിരീക്ഷണ കാമറ സ്ഥാപിക്കും. കൂടാതെ റവന്യൂ ഭൂമിയുടെ ഡിജിറ്റല്‍ മാപ്പിങ് നടത്തുമെന്നും പിന്നീട് കൈയേറ്റം നടന്നാലും ഡിജിറ്റല്‍ മാപ്പിങിലൂടെ ഭൂമി സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്താനാവുമെന്നും മന്ത്രി പറഞ്ഞു. കൈയേറ്റക്കാരില്‍ നിന്നും തിരിച്ചു പിടിച്ച ഭൂമി സംരക്ഷിക്കാന്‍ 30 അംഗ ലാന്റ് പ്രൊട്ടക്ഷന്‍ സേനയുടെ പ്രവര്‍ത്തനം ഈ മാസം അവസാനം തുടങ്ങുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇതിനുള്ള പണം ഭൂമികേരളം പദ്ധതിയില്‍ നിന്നാണ് കണ്ടെത്തുന്നത്. സേനയിലേയ്ക്ക് കൂടുതല്‍ വിമുക്്ത ഭടന്‍മാരെ നിയമിക്കാന്‍ പണം തടസ്സമാവുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു. വാഗമണിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് വകുപ്പുകള്‍ തമ്മില്‍ ഭൂമി സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കമാണ തടസ്സം. ഇത് പരിഹരിച്ച് നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.

സരിത കൃഷ്ണന്‍ janayugom 120212

1 comment:

  1. മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍ പ്രഹസനവുമായി റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിപ്പിച്ച സ്ഥലങ്ങളില്‍ പോയി നിയമത്തിന്റെ ബുള്‍ഡോസര്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച് മടങ്ങിയതിന് പിന്നാലെയാണ് അടുത്തഘട്ടം ഒഴിപ്പിക്കല്‍ എന്ന പേരില്‍ പ്രഹസനവുമായി റവന്യൂമന്ത്രി രംഗത്തിറങ്ങുന്നത്. ഇന്നലെ കോട്ടയം നാട്ടകം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇതെക്കുറിച്ച് വ്യക്തമാക്കിയത്.

    ReplyDelete